ബത്തേരിയിൽ ഒഴിവായത് വൻ ദുരന്തം(12-04-2019)


ബത്തേരി:വേനൽ മഴയോടൊപ്പമെത്തിയ ശക്തമായ കാറ്റിൽ ബത്തേരി അസംപ്ഷൻ ആശുപത്രിക്ക് സമീപം സെഞ്ച്വറി ഫാഷൻ സിറ്റിയുടെ ബോർഡുകൾ തകർന്ന് വീണപ്പോൾ  ഒഴിവായത് വൻ ദുരന്തം.  പത്ത് കാറുകളും നാല്പതിലധികം ബൈക്കുകളും പൂർണ്ണമായും തകർന്നിട്ടും ഒരാൾക്ക് പോലും പരിക്കേൽക്കാത്തത് ഭാഗ്യം കൊണ്ട് മാത്രമാണ്. കാറ്റും മഴയും ഇടിമിന്നലും ഒരുമിച്ച് ഒരു ഭീകരാന്തരീക്ഷമായതിനാൽ വാഹനങ്ങളിൽ ഉണ്ടായിരുന്നവരെല്ലാം  ഓടി കടയുടെ അകത്തേക്ക് കയറിയതിനാലാണ് ആരും പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ഒരു സ്ത്രീയെയും കൊണ്ടുവന്ന ഓട്ടോറിക്ഷയിൽ മാത്രമാണ് ആളുണ്ടായിരുന്നത്. ഇരുവരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മറ്റ് മുഴുവൻ വാഹനങ്ങളും തകർന്നിട്ടും ഓട്ടോറിക്ഷക്ക് മാത്രം വലിയ കേടുപാടുണ്ടായില്ല.  ഒരാഴ്ച മുമ്പ് മാത്രം ഉദ്ഘാടനം കഴിഞ്ഞ വലിയ വസ്ത്ര ശാലയായതിനാൽ കടക്കുള്ളിൽ രാവിലെ മുതൽ നല്ല തിരക്കായിരുന്നു.  ജീവനക്കാരും ഉപഭോക്താക്കളും അടക്കം ഏകദേശം 1500 പേർ ഉള്ളിലുണ്ടായിരുന്നു. കടക്കും തകർന്ന വാഹനങ്ങൾക്കുമായി കോടികളുടെ നഷ്ടമാണ് കണക്കാക്കുന്നത്. കെട്ടിടത്തിന് ഒരു കേടും സംഭവിച്ചിട്ടില്ല .വസ്ത്രശാലക്ക് ഭംഗി കൂട്ടാൻ ചെയ്ത എ.സി.പി. ഷീറ്റുകൾ മാത്രം തകർന്നു വീണതിനാൽ കട തുറന്ന് പ്രവർത്തിക്കുന്നതിന് തടസ്സമില്ല.തകർന്ന  വാഹനങ്ങളും എ.സി.പി. ഷീറ്റുകളും രാത്രി തന്നെ നീക്കം ചെയ്തു.

Powered by Blogger.
]]>