പ്രമുഖ സംവിധായകനും നടനുമായ ജെ. മഹേന്ദ്രന്‍ അന്തരിച്ചു


ചെന്നൈ:(02/04/2019) പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ജെ. മഹേന്ദ്രന്‍(79) അന്തരിച്ചു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മകന്‍ ജോണ്‍ മഹേന്ദ്രയാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.

വാര്‍ധക്യ സഹചമായ അസുഖങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് മാറ്റിയത്. രാവിലെ പത്ത് മണിയോടെ മൃതദേഹം പൊതു ദര്‍ശനത്തിന് വെക്കും. വൈകിട്ട് അഞ്ച് മണിയോടെയാണ് സംസ്‌കാരം നടത്തുമെന്നും ബന്ധുക്കള്‍ അറിയിച്ചു.

ജോസഫ് അലക്‌സാണ്ടര്‍ എന്ന ജെ. മഹേന്ദ്രന്‍ തിരക്കഥാകൃത്തായാണ് സിനിമയില്‍ എത്തുന്നത്. മുള്ളും മലരും എന്ന ചിത്രത്തിലൂടെ 1978 ലാണ് ആദ്യമായി സംവിധാന രംഗത്തേക്ക് കടക്കുന്നത്. ഉത്തിരിപ്പൂക്കള്‍, പൂട്ടാത പൂട്ടുകള്‍, നെഞ്ചത്തൈ കിള്ളാതെ തുടങ്ങിയ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്തു. സംവിധാനം, തിരക്കഥ, സംഭാഷണം അങ്ങനെ മഹേന്ദ്രന്‍ കൈവയ്ക്കാത്ത മേഖലകള്‍ ഉണ്ടായിരുന്നില്ല.

രജനികാന്തിന്റെ കരിയറിലെ ആദ്യ ഘട്ടത്തില്‍ ഒരുപാട് അവസരങ്ങള്‍ നല്‍കിയ സംവിധായകനാണ് മഹേന്ദ്രന്‍. രജനീകാന്തിന് സൂപ്പര്‍സ്റ്റാറാക്കിയത് മഹേന്ദ്രനായിരുന്നു. തന്റെ വിജയങ്ങള്‍ക്ക് പിന്നില്‍ മഹേന്ദ്രന്‍ എന്ന ഇതിഹാസ സംവിധായകനാണെന്ന് രജനി തന്നെ നിരവധി വേദികളില്‍ തുറന്നു പറഞ്ഞിട്ടുണ്ട്.

2006 ല്‍ പുറത്തിറങ്ങിയ സാസനം ആണ് അവസാനം സംവിധാനം ചെയ്ത ചിത്രം. ഏറെ കാലമായി സിനിമയില്‍ നിന്നും വിട്ടു നിന്നിരുന്ന അദ്ദേഹം വിജയ് ചിത്രം തെരിയിലെ വില്ലന്‍ വേഷത്തിലൂടെയാണ് തിരിച്ചു വന്നത്. തെരി സിനിമയിലെ അദ്ദേഹത്തിന്റെ വില്ലന്‍ പ്രകടനം പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിയിരുന്നു. പിന്നീട് മഹേഷിന്റെ പ്രതികാരം തമിഴ് റീമെയ്ക്കിന്റെ നായകന്റെ അച്ഛന്റെ വേഷമായ ചാച്ചനായി തമിഴില്‍ അഭിനയിച്ചതും മഹേന്ദ്രന്‍ ആയിരുന്നു. രജനികാന്ത് ചിത്രം പേട്ട, ബൂമറാങ് എന്നിവയാണ് അവസാനം അഭിനയിച്ച ചിത്രങ്ങള്‍. ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്ന ചില പുതിയ മലയാള സിനിമകളിലും അദ്ദേഹം അഭിനയിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിത വിടവാങ്ങല്‍.
Powered by Blogger.
]]>