Your Image Name

മുത്തങ്ങയില്‍ ലോറി ഇടിച്ച് പരിക്കേറ്റ കാട്ടാന ചരിഞ്ഞു(വിഷൻ ന്യൂസ്‌ 12/07/2019)



കല്‍പ്പറ്റ: കോഴിക്കോട് മൈസൂര്‍ ദേശീയപാതയിലെ വനമേഖലയായ മുത്തങ്ങയില്‍ കഴിഞ്ഞ ദിവസം ലോറി ഇടിച്ച് പരിക്കേറ്റ കാട്ടാന ചരിഞ്ഞു. വൈകുന്നേരം അഞ്ച് മണിയോടെ മുത്തങ്ങ റെയ്ഞ്ചില്‍പ്പെട്ട കൗണ്ടന്‍മൂലയിലാണ് ഏകദേശം 25 വയസുള്ള പിടിയാന ചരിഞ്ഞതായി കണ്ടെത്തിയത്. ആനയെ നിരീക്ഷിക്കുകയായിരുന്ന വനപാലകരാണ് വിവരം ഉദ്യോഗസ്ഥരെ അറിയിച്ചത്. രണ്ട് ദിവസം മുമ്പാണ് മൈസുരുവില്‍ നിന്ന് ചരക്കുമായി വന്ന ലോറി ആനയെ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ പാതയോരത്ത് ഏറെ നേരം വീണുകിടന്ന ആന പിന്നീട് കാട്ടിലേക്ക് മറയുകയായിരുന്നു. ആനയുടെ മുന്‍കാലുകളിലൊന്നിനും വാരിയെല്ലുകള്‍ക്കും ഗുരുതര പരിക്കേറ്റിരുന്നതായി ആനയെ പരിശോധിച്ച ഡോക്ടര്‍ കഴിഞ്ഞ വ്യക്തമാക്കിയിരുന്നു. രക്ഷപ്പെടാനുള്ള സാധ്യത വിരളമാണെന്ന് എ.സി.എഫ് അജിത് കെ. രാമന്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ ആനയെ മയക്കുവെടിവെച്ച് ചികിത്സ നല്‍കിയത്. ചികിത്സക്ക് ശേഷം മയക്കം വിട്ടുണര്‍ന്ന ആന കാട്ടിലേക്ക് പോയെങ്കിലും അവശത കൂടുകയായിരുന്നു. സംഭവത്തില്‍ ലോറിഡ്രൈവര്‍ ബാലുശേരി സ്വദേശി സമീജ് റിമാന്‍ഡിലാണ്. അതേ സമയം വന്യമൃഗങ്ങളെ വാഹനമിടിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ കേരള അതിര്‍ത്തി ആരംഭിക്കുന്നയിടം മുതല്‍ കല്ലൂര്‍ 67 വരെ വനംവകുപ്പിന്റെ നിരീക്ഷണം ശക്തമാക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Powered by Blogger.
]]>