25 July 2019

മുത്തലാഖ് ബില്‍ ലോക്‌സഭ പാസാക്കി(വിഷൻ ന്യൂസ്‌ 25/07/2019)
(VISION NEWS 25 July 2019)


മുത്തലാഖ് ബിൽ ലോക്സഭ പാസാക്കി. 78നെതിരെ 302വോട്ടുകൾക്കാണ് ബിൽ പാസായത്. ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തുന്നത് ക്രിമിനൽ കുറ്റമാക്കുന്നതാണ് ബിൽ.

മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്നുവർഷം വരെ ജയിൽശിക്ഷയും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് സർക്കാർ ബിൽ കൊണ്ടുവന്നത്.

ബിൽ പാസാക്കുന്നതിനെതിരെ വിവിധ പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരുന്നു. ബിൽ അംഗീകരിക്കാനാവാത്തതാണെന്നും കൂടുതൽ സൂക്ഷ്മ നിരീക്ഷണത്തിനായി സെലക്ട് കമ്മിറ്റിക്കു വിടണമെന്നും പ്രതിപക്ഷം ആവശ്യമുന്നയിച്ചിരുന്നു.

കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. ലിംഗനീതിക്കു വേണ്ടിയുള്ളതാണ് ബിൽ എന്ന് അദ്ദേഹം അവതരണവേളയിൽ പറഞ്ഞു. പാകിസ്താനും മലേഷ്യയും ഉൾപ്പെടെ ലോകത്തെ ഇരുപത് മുസ്ലിം രാജ്യങ്ങളിൽ മുത്തലാഖ് നിരോധിച്ചിട്ടുണ്ട്. പിന്നെന്തുകൊണ്ട് മതേതര രാജ്യമായ ഇന്ത്യയിൽ മുത്തലാഖ് നിരോധിച്ചു കൂടായെന്നും രവിശങ്കർ പ്രസാദ് ആരാഞ്ഞു.

ബില്ലിനെതിരെ പ്രതിഷേധിച്ച് കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ജനതാദൾ യുണൈറ്റഡ് എം പിമാർ സഭയിൽനിന്ന് ഇറങ്ങിപ്പോയി. ബില്ലിനെ രാജ്യസഭയിൽ എതിർക്കുമെന്ന് ബിജു ജനതാദളും വൈ എസ് ആർ കോൺഗ്രസും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ബിൽ നിയമമാകുന്നതിന് രാജ്യസഭ പാസാക്കുകയും രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുകയും വേണം.

Post a comment

Whatsapp Button works on Mobile Device only