Your Image Name

ആർമി റിക്രൂട്ട്‌മെന്റ് റാലി ഓഗസ്റ്റ് 28 മുതൽ തൃശ്ശൂരിൽ (വിഷൻ ന്യൂസ്‌ 30/07/2019)


തൃശ്ശൂർ:തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കാസർകോട് ജില്ലകളിലും ലക്ഷദ്വീപ്, മാഹി പ്രദേശങ്ങളിലുള്ള അർഹരായ ഉദ്യോഗാർഥികൾക്കുള്ള കരസേനാ റിക്രൂട്ട്‌മെന്റ് റാലി ഓഗസ്റ്റ് 28 മുതൽ സെപ്‌റ്റംബർ എട്ടുവരെ മണ്ണുത്തി കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്‌സിറ്റി ഗ്രൗണ്ടിൽ നടക്കും.


 തസ്തികകൾ


സോൾജ്യർ, ജനറൽ ഡ്യൂട്ടി, സോൾജ്യർ ടെക്‌നിക്കൽ, സോൾജ്യർ ടെക് നഴ്‌സിങ് അസിസ്റ്റന്റ് (എ.എം.സി.), നഴ്‌സിങ് അസിസ്റ്റന്റ് വെറ്ററിനറി, സോൾജ്യർ ക്ലാർക്ക്/സ്റ്റോർ കീപ്പർ/ടെക്‌നിക്കൽ/ഇൻവെന്ററി മാനേജ്‌മെന്റ് (ഓൾ ആംസ്), സോൾജിയർ ട്രേഡ്‌സ്മാൻ (ഓൾ ആംസ്) പത്താം ക്ലാസ് വിജയം (ഓൾ ആംസ്), സോൾജിയർ ട്രേഡ്‌സ്മാൻ (ഓൾ ആംസ്) എട്ടാം ക്ലാസ് വിജയം (ഓൾ ആംസ്) എന്നീ തസ്തികളിലാണ് നിയമനം.


 രജിസ്ട്രേഷൻ


ഓൺലൈനിൽ രജിസ്റ്റർ ചെയ്തവർക്കുമാത്രമേ റാലിയിൽ പങ്കെടുക്കാനാവൂ. ഓഗസ്റ്റ് 18 വരെ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം. ഓഗസ്റ്റ് 20 മുതൽ അഡ്മിഷൻ കാർഡ് അയച്ചുതുടങ്ങും. വിദ്യാഭ്യാസ യോഗ്യത, ശാരീരിക ക്ഷമത, പൊതുപ്രവേശനപരീക്ഷ തുടങ്ങിയവ സംബന്ധിച്ച വിശദവിവരങ്ങൾ www.joinindianarmy.nic.in -ൽ ലഭ്യമാണ്. പൊതുപ്രവേശനപരീക്ഷയ്ക്ക് നെഗറ്റീവ് മാർക്കുണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0495-2383953 -ൽ വിളിക്കുക. റിക്രൂട്ട്‌മെന്റ് സമയബന്ധിതമല്ലാത്തതിനാൽ ആവശ്യമുള്ള ഭക്ഷണവും വെള്ളവും കരുതണം.


 ശ്രദ്ധിക്കാൻ


അഡ്മിഷൻ കാർഡ് കൈയിൽ കരുതണം. വ്യാജ അഡ്മിഷൻ കാർഡ്, വിദ്യാഭ്യാസ രേഖകൾ തുടങ്ങിയവ സമർപ്പിച്ചാൽ കർശന നിയമനടപടികൾക്ക് വിധേയമാക്കും. ലഹരിപദാർഥങ്ങൾ ഉപയോഗിക്കരുത്. കൈത്തണ്ടയുടെ ഉൾഭാഗത്തൊഴികെ മറ്റ് ഭാഗങ്ങളിൽ പച്ചകുത്തിയവരെ ഒഴിവാക്കുന്നതാണ്. മൊബൈൽ ഫോൺ അനുവദനീയമല്ല. റാലിക്ക് വരുന്നതിനുമുമ്പ് ചെവിക്കായം ഡോക്ടറുടെ സഹായത്തോടെ വൃത്തിയാക്കണം. ഉദ്യോഗാർഥികൾ മൂന്നുമുതൽ നാലുദിവസംവരെ റാലിസ്ഥലത്ത് ഉണ്ടായിരിക്കണം. താമസസ്ഥലം അവരവർ കണ്ടെത്തണം.


Powered by Blogger.
]]>