29 July 2019

ആസിമിന് പിന്തുണയുമായി റാപ്പിഡ് രാജ ഇവാൻ കോസ്‌ലെക്കോവ്(വിഷൻ ന്യൂസ്‌ 29/07/2019)
(VISION NEWS 29 July 2019)



ഓമശ്ശേരി : ആസിം വെളിമണ്ണയുടെ പോരാട്ടത്തിന് ഐക്യദാർഢ്യവുമായി  അന്താരാഷ്ട്ര കയാക്കിങ് മത്സരത്തിൽ കൂടുതൽ പോയന്റ് നേടി റാപ്പിഡ് രാജയായി തിരഞ്ഞെടുക്കപ്പെട്ട റഷ്യയുടെ ഇവാൻ കോസ്ലോക്കോവ്. ഓമശ്ശേരി വാദിഹുദാ ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികൾ കയാക്കിങ് കാണാനെത്തിയപ്പോൾ ഇവാനോടൊപ്പമുള്ള ഫോട്ടോ പിതാവിന്റെ ഫേസ്‌ബുക്കിലൂടെ കണ്ട ആസിമിന് കയാക്കിങ് കാണാനും അദ്ദേഹത്തെ കാണാനും അതിയായ ആഗ്രഹം. പിതാവ് തന്റെ  സുഹൃത്തും വാദിഹുദാ  പ്രിൻസിപ്പാളുമായ സുൽഫിക്കർ അമ്പലക്കണ്ടിയോട് വിളിച്ച് കാര്യങ്ങൾ തിരക്കി. ഇന്നലെ രാവിലെ ആസിമിനെയുമായി മത്സരം നടക്കുന്ന  അരിപ്പാറയിൽ  എത്തിയപ്പോൾ മത്സരം ആരംഭിക്കുന്ന സ്ഥലത്തെത്താൻ ദുർഘടമായ വഴികളിലൂടെ സഞ്ചരിക്കണം. "മോനേ നമുക്ക്‌ തിരിച്ചു പോയാലോ?" എന്ന പിതാവിന്റെ ചോദ്യത്തിന് മറുപടിയില്ലാതെ ആസിമിന്റെ മുഖത്ത്‌ മ്ലാനത.  


പിതാവ് അവനെയും എടുത്ത് എങ്ങിനെയോ സ്ഥലത്തെത്തി. ഫയർ ആൻറ് റെസ്ക്യൂ ടീമും കർമ്മ ഓമശ്ശേരിയുടെ പ്രവർത്തകരും  കയറുകൾ കെട്ടി സുരക്ഷയൊരുക്കിയിരിക്കുന്നു.  ഇവാൻ മത്സരത്തിനുള്ള തയ്യാറെടുപ്പിലും. ആസിമിന്റെ  ആഗ്രഹം അറിഞ്ഞ  മുക്കം ഫയർ ആൻഡ് റെസ്ക്യൂ അസിസ്റ്റന്റ് സ്റ്റേഷൻ  ഓഫീസർ വിജയൻ നടുത്തൊടികയിൽ  ഇവാനെ കാര്യങ്ങൾ ധരിപ്പിച്ചു. അദ്ദേഹം  ആസിമിനെ കാണാനായി മത്സര സ്ഥലത്തുനിന്നും തിരിച്ചു വന്നു. ഇരുപത് മിനുട്ടോളം സംസാരിച്ചു. "നീ മിടുക്കനാണ്... ധൈര്യശാലിയും. നിന്റെ സ്വപ്നം ഒരുനാൾ പൂവണിയും." മാധ്യമപ്രവർത്തകരടക്കം ചുറ്റും തടിച്ചുകൂടിനിന്നവരോടായി അദ്ദേഹം പറഞ്ഞു "നിങ്ങളെല്ലാവരും  ഇവന്റെ പോരാട്ടത്തിന് പിന്തുണ നൽകണം." നിറഞ്ഞ സംതൃപ്തിയോടെ  പോരാട്ടവീര്യവുമായി ആസിം തിരിച്ചു പോന്നു.

Post a comment

Whatsapp Button works on Mobile Device only