31 July 2019

കള്ളനോട്ട് വേട്ട: വിതരണം മീൻകടകളിലും തിരക്കുള്ള കടകളിലും(വിഷൻ ന്യൂസ്‌ 31/07/2019)
(VISION NEWS 31 July 2019)



കുന്ദമംഗലം: തിരുവനന്തപുരത്തും കോഴിക്കോട്ടും കള്ളനോട്ടുമായി അഞ്ചുപേർ അറസ്റ്റിലായ കേസിൽ അന്വേഷണം തുടരുന്നു. കഴിഞ്ഞ ദിവസം ഫറോക്കിലും കുന്ദമംഗലത്തും നിർമിച്ച കള്ളനോട്ടുകൾ ഏറെയും വിതരണം ചെയ്തത് വിവിധ മീൻകടകളിലും തിരക്കുള്ള പലചരക്ക് കടകളിലും.

വൈകുന്നേരങ്ങളിൽ കൂടുതൽ ഉപഭോക്താക്കൾ എത്തുന്ന വ്യാപാരകേന്ദ്രങ്ങളിലാണ് കള്ളനോട്ടുകൾ നൽകുന്നതെന്നാണ് അറസ്റ്റിലായ താഴെത്തൊടി അബ്ദുൾ റഷീദ് (70) അന്വേഷണഉദ്യോഗസ്ഥരോട് പറഞ്ഞത്. കള്ളനോട്ടുകൾ എളുപ്പത്തിൽ കൈമാറാനുള്ള സൗകര്യം ഇത്തരം സ്ഥലങ്ങളിലാണുണ്ടാകാറുള്ളതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. വ്യാജനോട്ടുകൾ മാറാനായി ഏജന്റുമാരുമുണ്ടായിരുന്നു.
അഞ്ച് വർഷംമുമ്പ് മഞ്ചേരി കോടതിയിൽ ഇയാൾക്കെതിരെ കള്ളനോട്ട് നിർമാണവും വിതരണവുമായി ബന്ധപ്പെട്ട് കേസുണ്ട്. അബ്ദുൾ റഷീദിന്റെയും തിരുവനന്തപുരത്ത് ആറ്റിങ്ങലിൽ പിടിയിലായ നാല് പേരുടെയും മൊബൈൽ ഫോൺ വിളികൾ അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.
രണ്ടാഴ്ചമുമ്പ് അബ്ദുൾ റഷീദ് തിരുവനന്തപുരത്ത് പോയിരുന്നു.

 അറസ്റ്റിലായവർക്ക് പുറമെ കൂടുതൽ പേർ ഇതിൽ കണ്ണികളാകാനാണ് സാധ്യതയെന്നാണ് പോലീസ് നൽകുന്ന സൂചന. തിരുവനന്തപുരം പോലീസാണ് കോഴിക്കോട് സിറ്റി പോലീസ് മേധാവിക്ക് ബന്ധപ്പെട്ട വിവരങ്ങൾ നൽകിയത്.
ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കുന്ദമംഗലത്തും ഫറോക്കിലും പരിശോധനയും അറസ്റ്റും നടന്നത്. പടനിലം കളരിക്കണ്ടിയിൽ കാക്കാട്ട് വാടകവീട് കേന്ദ്രീകരിച്ചായിരുന്നു കള്ളനോട്ട് നിർമാണം. ആറ്റിങ്ങൽ സി.ഐ.യാണ് കുന്ദമംഗലം സ്വദേശി പുൽപ്പറമ്പിൽ വീട്ടിൽ ഷമീറിനെ പിടികൂടിയത്.
ചോദ്യം ചെയ്തപ്പോഴാണ് ഫറോക്ക് സ്വദേശി അബ്ദുൾ റഷീദിന്റെ കൈവശം കള്ളനോട്ടുള്ള വിവരം അറിയുന്നത്.

Post a comment

Whatsapp Button works on Mobile Device only