01 August 2019

മണ്ണിനടിയില്‍ ജീവന്റെ തുടിപ്പ് കണ്ടെത്തി സിആര്‍പിഎഫ് നായ; യുവാവിന് പുതുജന്മം (വിഷൻ ന്യൂസ്‌ 01/08/2019)
(VISION NEWS 01 August 2019)


ശ്രീനഗര്‍∙ ജമ്മു കശ്മീരില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ യുവാവിനെ സിആര്‍പിഎഫ് നായ മണ്ണിനടിയിൽ കണ്ടെത്തി. ലുദ്‍വാൾ ഗ്രാമവാസിയായ പ്രദീപ് കുമാര്‍ എന്നയാളെയാണു രക്ഷിച്ചത്. ദേശീയപാത മൈല്‍കുറ്റി 147ന് സമീപം ഇന്നലെയാണ് ഉരുള്‍പൊട്ടലുണ്ടായത്. രാവിലെ പ്രദേശത്ത് സിആര്‍പിഎഫ് തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. എന്നാല്‍ ഭൂമിക്കടിയില്‍ ഒരാള്‍ ജീവനോടെയുണ്ടെന്നു തിരച്ചിലില്‍ ഒപ്പമുണ്ടായിരുന്ന നായ തിരിച്ചറിഞ്ഞു.


നായ നല്‍കിയ സൂചനയെ തുടര്‍ന്നു സ്ഥലം കുഴിച്ചപ്പോള്‍ മണ്ണിനടിയില്‍ ആളെ കണ്ടെത്തി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാല്‍പതുകാരന്‍റെ ആരോഗ്യനില തൃപ്തികരമാണ്. കമ്പനി കമാന്‍ഡർ ഇൻസ്പെക്ടർ എൻ.എൻ. മുർമുവും സംഘവുമെത്തിയാണു കുടുങ്ങിയ ആളെ പുറത്തെത്തിച്ചത്. പ്രദീപ് കുമാറിന് അടിയന്തര ചികിൽസ നൽകിയെങ്കിലും ഞെട്ടൽ വിട്ടുമാറാത്തതിനാൽ ഇയാൾ ഇപ്പോഴും സംസാരിക്കുന്നില്ലെന്ന് സിആർപിഎഫ് പിആർഒ ആഷിഷ് കുമാർ ഝാ വ്യക്തമാക്കി.


റമ്പാൻ ടൗണിനു സമീപമുള്ള മെഹര്‍ എന്ന സ്ഥലത്തുള്ള ദേശീയ പാതയിലാണ് ഉരുൾപൊട്ടലുണ്ടായത്. രാത്രി പെയ്ത കനത്ത മഴയിൽ റമ്പാൻ, ഉദ്ദംപൂര്‍ ജില്ലകളിലെ നിരവധി സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. ദേശീയപാത അടച്ചതിനാൽ അമർനാഥ് തീർഥാടനത്തെയും അതു ബാധിച്ചു. അറ്റകുറ്റപ്പണികൾ പൂര്‍ത്തിയാക്കി റോഡ് തുറക്കാനുള്ള നടപടികൾ പുരോഗമിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.


Post a comment

Whatsapp Button works on Mobile Device only