05 August 2019

ട്രാഫിക് ബോധല്‍ക്കരണം: റോഡിലിറങ്ങി വാഹനങ്ങള്‍ പരിശോധിച്ച് ഗതാഗത മന്ത്രി (വിഷൻ ന്യൂസ്‌ 05/08/2019)
(VISION NEWS 05 August 2019)


ഹെൽമറ്റില്ലാതെയും, സീറ്റ് ബെൽറ്റ് ഇല്ലാതെയും വാഹനങ്ങളുമായി തിങ്കളാഴ്ച റോഡിലിറങ്ങിയവർ പരിശോധനയ്ക്കെത്തിയ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനെ കണ്ട് ഒന്നു പകച്ചു. കൈയിൽ കിട്ടിയവരെ അൽപനേരം ക്ലാസെടുത്ത് വിട്ടു. മറ്റുചിലരോട് പുതിയ ഗതാഗത നിയമത്തെ കുറിച്ച് അറിയില്ലേ എന്ന ചോദ്യം. ഇങ്ങനെ പതിവില്ലാത്ത വാഹന പരിശോധനയ്ക്കായിരുന്നു തിങ്കളാഴ്ച രാവിലെ കോഴിക്കോട് മുണ്ടിക്കൽ താഴം ജംഗ്ഷനിൽ വാഹനവുമായി എത്തിയവർ സാക്ഷിയാകേണ്ടി വന്നത്.


റോഡ് സുരക്ഷാ വാരാചാരണത്തിന്റെ ഭാഗമായിട്ടായിരുന്നു പോലീസുകാർക്കും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കുമൊപ്പം മന്ത്രി എ.കെ ശശീന്ദ്രനും വാഹന പരിശോധനയ്ക്ക് ഇറങ്ങിയത്. മന്ത്രി തന്നെ പരിശോധനയ്ക്കെത്തിയതോടെ എല്ലാവരും നല്ല പുള്ളികളായി. നിയമലംഘനം ഇനി ആവർത്തിക്കില്ലെന്ന് വാക്ക് കൊടുത്ത് വീണ്ടും മുന്നോട്ട്. സീറ്റ് ബെൽറ്റ് ധരിക്കാത്തവരേയും, ഹെൽമെറ്റ് ധരിക്കാത്തവരേയുമാണ് പ്രധാനമായും പരിശോധിച്ചത്. കൃത്യമായി നിയമം പാലിച്ച് വാഹനമോടിച്ചവരെ അഭിനന്ദിക്കാനും മന്ത്രി മറന്നില്ല.


നടപടികൾ കർശനമാക്കുക മാത്രമാണ് അപകടങ്ങൾ വർധിക്കാതിരിക്കാൻ ഏക മാർഗമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. നിയമങ്ങൾ കർശമാക്കുകയാണെന്ന് പലർക്കും അറിയാമായിരുന്നിട്ടും ലംഘിക്കുന്ന പ്രവണതയിൽ മന്ത്രി ആശങ്ക രേഖപ്പെടുത്തി. ശിക്ഷിക്കുക മാത്രമല്ല ബോധവൽക്കരണം കൂടി സജീവമായി കൊണ്ടുപോയാൽ മാത്രമേ അപകടങ്ങൾ കുറയ്ക്കാൻ കഴിയുകയുള്ളൂനെന്ന് മന്ത്രി പറഞ്ഞു. രാവിലെ പത്ത് മണിക്ക് തുടങ്ങിയ പരിശോധന ഒരു മണിക്കൂറോളം നീണ്ടു. പരിശോധനയും ബോധവൽക്കരണവും ഈ മാസം 31 വരെ തുടരും.


മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്റെ മരണം എല്ലാവരുടേയും കണ്ണ് തുറപ്പിക്കേണ്ടതാണ്. നിയമങ്ങൾ പാലിക്കേണ്ട ഉദ്യോഗസ്ഥൻ തന്നെ നിയമങ്ങൾ ലംഘിച്ചത് ഏറെ ഗൗരവതരമായ വസ്തുതയാണ്. ഇതിനൊപ്പം സുപ്രീംകോടതി വിധിയും, കേന്ദ്രസർക്കാരിന്റെ ഗതാഗത നിയമ ഭേദഗതിയും എത്തി. അതുകൊണ്ടാണ് ഇക്കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തക എന്ന ലക്ഷ്യത്തോടെ റോഡിലിറങ്ങിയതെന്ന് മന്ത്രി പറഞ്ഞു. സിറ്റിപോലീസ് കമ്മീഷണർ എ.വി ജോർജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.


ഓഗസ്റ്റ് അഞ്ച് മുതൽ ഏഴ് വരെ സീറ്റ്ബെൽട്ട് , 8 മുതൽ 10 വരെ അനധികൃത പാർക്കിംഗ്, 11 മുതൽ 13 വരെ അമിതവേഗം, 14 മുതൽ 16 വരെ മദ്യപിച്ചുള്ള വാഹനമോടിക്കലും ലെയ്ൻ ട്രാഫിക്കും, 17 മുതൽ 19 വരെ ഡ്രൈവിങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം, 20 മുതൽ 23 വരെ സീബ്രാ ക്രോസിംഗും റെഡ് സിഗ്നൽ ജമ്പിങും, 24 മുതൽ 27 വരെ സ്പീഡ് ഗവർണറും ഓവർലോഡും, 28 മുതൽ 31 വരെ കൂളിംഗ് ഫിലിമും കോൺട്രാക്ട് ക്യാരിജുകളിലെ ലൈറ്റുകളും മ്യൂസിക് സിസ്റ്റവും എന്നിങ്ങനെ തരംതിരിച്ചാണ് പരിശോധന നടത്തുന്നത്.


ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ടി.സി വിനേഷ്, ആർ.ടി.ഒ കോഴിക്കോട് എം.പി സുഭാഷ് ബാബു, കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഷബീർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.


Post a comment

Whatsapp Button works on Mobile Device only