Your Image Name

സീറ്റ്ബെൽറ്റ് പരിശോധിക്കാൻ കൈ കാണിച്ചു മന്ത്രി; ‘പെട്ടത് M.L.A(വിഷൻ ന്യൂസ്‌ 06/08/2019)





കോഴിക്കോട് ∙സീറ്റ്ബെൽറ്റ് ധരിക്കാതെ കാറിലെത്തിയ എംഎൽഎയെ തടഞ്ഞ് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്റെ റോഡ് സുരക്ഷാ ക്ലാസ്. കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖാണ് വാഹന പരിശോധനയ്ക്കിറങ്ങിയ മന്ത്രിക്കു മുന്നിൽ ‘പെട്ടത്’. സംസ്ഥാന റോഡ് സുരക്ഷാ ആക്ഷൻ പ്ലാനിന്റെ ഭാഗമായി വിവിധ വകുപ്പുകളും പൊലീസും ചേർന്നു നടത്തുന്ന പരിശോധന നിരീക്ഷിക്കാൻ കോഴിക്കോട് ബൈപ്പാസിലെ മുണ്ടിക്കൽത്താഴം ജംക്ഷനിൽ എത്തിയതായിരുന്നു മന്ത്രി.

രാവിലെ 11ന് എത്തിയ അദ്ദേഹം 20 മിനിറ്റോളം റോഡിൽ നിന്ന് വാഹനങ്ങൾക്ക് കൈ കാണിച്ചു. ഹെൽമറ്റില്ലാതെയും സീറ്റ് ബെൽറ്റ് ധരിക്കാതെയും എത്തുന്നവർക്ക് താക്കീത് നൽകി വിട്ടയയ്ക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി എംഎൽഎയുടെ വാഹനം വന്നത്. നോക്കുമ്പോൾ മുൻസീറ്റിലിരിക്കുന്ന എംഎൽഎ സീറ്റ്ബെൽറ്റ് ഇട്ടിട്ടില്ല. ക്യാമറകൾക്കു മുന്നിലൂടെ ചമ്മിയ ചിരിയുമായി മന്ത്രിക്ക് അരികിലെത്തിയ എംഎൽഎ കുറച്ചു നേരം കുശലം പറഞ്ഞു. മന്ത്രി കാര്യങ്ങൾ വിശദീകരിച്ചു.
തിരികെ കാറിൽ കയറിയ എംഎൽഎ ഡ്രൈവറുടെ സഹായത്തോടെ സീറ്റ്ബെൽറ്റ് ഇട്ടാണ് യാത്രയായത്. പിൻസീറ്റിലെ യാത്രക്കാർ ഹെൽമറ്റ് ധരിക്കാത്ത ഇരുചക്ര വാഹനങ്ങളും മന്ത്രിയുടെ നേതൃത്വത്തിൽ തടഞ്ഞു. നിയമം കർശനമാണെന്നും പിഴയൊക്കെ പലയിരട്ടി കൂട്ടിയിട്ടുണ്ടെന്നും താക്കീത് നൽകി വിട്ടയച്ചു. ഇങ്ങനെ പിടികൂടിയ ഒരു കുടുംബത്തോട് മന്ത്രിയുടെ ചോദ്യം– ‘‘അതെന്താ നിങ്ങൾക്കു മാത്രം മതിയോ സുരക്ഷ, ഭാര്യയ്ക്കു വേണ്ടേ’’?.
പരിശോധന 31വരെ തുടരും

നാളെവരെ സീറ്റ്ബെൽറ്റ് ധരിക്കാത്തവരെ പിടികൂടാനാണ് പ്രത്യേക ഡ്രൈവുകൾ. 8 മുതൽ 10 വരെ അനധികൃത പാർക്കിങ്, 11 മുതൽ 13 വരെ അമിതവേഗം, 14 മുതൽ 16 വരെ മദ്യപിച്ചുള്ള വാഹനമോടിക്കലും ലെയ്ൻ ട്രാഫിക്കും, 17 മുതൽ 19 വരെ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിങ്, 20 മുതൽ 23 വരെ സീബ്രാ ക്രോസിങ്ങും ചുവപ്പു സിഗ്നൽ മറികടക്കലും 24 മുതൽ 27 വരെ വേഗപ്പൂട്ടും ഓവർലോഡും 28 മുതൽ 31 വരെ കൂളിങ് ഫിലിമും കോൺട്രാക്ട് ക്യാരിജുകളിലെ ലൈറ്റുകളും മ്യൂസിക് സിസ്റ്റവും എന്നിങ്ങനെ തരംതിരിച്ച് പരിശോധന നടത്തും.ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ ടി.സി.വിനേഷ്, കോഴിക്കോട് ആർടിഒ എം.പി.സുഭാഷ് ബാബു, എൻഫോഴ്സ്മെന്റ് ആർടിഒ ഷബീർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
Powered by Blogger.
]]>