22 August 2019

ക്വാറി മാഫിയയ്ക്ക് സര്‍ക്കാര്‍ കീഴടങ്ങി: മുല്ലപ്പള്ളി(വിഷൻ ന്യൂസ്‌ 22/08/2019)
(VISION NEWS 22 August 2019)

പത്രക്കുറിപ്പ് :
കേരളത്തില്‍ ഉരുള്‍പൊട്ടലും പ്രളയവും രൂക്ഷമായ പശ്ചാത്തലത്തില്‍  ഖനനത്തിന്  ഏര്‍പ്പെടുത്തിയ നിരോധം വെറും 12 ദിവസത്തിനുള്ളില്‍ പിന്‍വലിച്ചത് സര്‍ക്കാര്‍ ക്വാറി മാഫിയയ്ക്ക് കീഴടങ്ങിയതുകൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കഴിഞ്ഞ ഒന്‍പതാം തീയതിയാണ്  എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ച് ഉത്തരവായത്. 21നു പുനസ്ഥാപിച്ചു.  
ക്വാറിമാഫിയയ്ക്ക് പശ്ചിമഘട്ടം ഉള്‍പ്പെടെയുള്ള പരിസ്ഥിതിലോല പ്രദേശങ്ങള്‍ തുരക്കാനുള്ള അവസരമാണ് വീണ്ടും ലഭിച്ചിരിക്കുന്നത്. ഈ ഉത്തരവ് കേരളത്തോടുള്ള വെല്ലുവിളിയാണെന്നും ഇതു കേരളത്തെ നശിപ്പിക്കാനുള്ള ഉത്തരവാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. 
സംസ്ഥാനത്ത് 5924 ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പീച്ചിയിലെ ഫോറസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്ക്. സംസ്ഥാന സര്‍ക്കാരിന്റെ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കണക്കില്‍ വെറും 750 ക്വാറികളേയുള്ളു. ബാക്കിയുള്ളവയെല്ലാം അനധികൃതമാണ്. യഥാര്‍ത്ഥത്തില്‍ കേരത്തിലെത്ര ക്വാറികളുണ്ടെന്ന് അധികൃതര്‍ക്കു കണക്കില്ല. കാട്ടിലെ തടി തേവരുടെ ആന എന്ന മട്ടില്‍ ആര്‍ക്കും എവിടെയും ക്വാറികള്‍ അനുവദിക്കുകയാണ് ഇടതു സര്‍ക്കാര്‍ ചെയ്യുന്നതെന്നു മുല്ലപ്പള്ളി പറഞ്ഞു. 
പ്രളയത്തിന്റെ തനിയാവര്‍ത്തനം ഉണ്ടായത് പരിസ്ഥിതി ലോലപ്രദേശമായ പശ്ചിമഘട്ടത്ത് നടക്കുന്ന വ്യാപകമായ ഖനനം മൂലമാണെന്ന് പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗിലും മറ്റു ശാസ്ത്രജ്ഞരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 
ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയശേഷം പരിസ്ഥിതിയെ നശിപ്പിക്കുന്ന നിരവധി നടപടികളുടെ തുടര്‍ച്ചയാണ് ഖനനാനുമതി. 
* പരിസ്ഥിതിയെക്കുറിച്ച് ധവളപത്രം വരെ  ഇറക്കിയ പിണറായി സര്‍ക്കാര്‍ അതില്‍ ക്വാറികളെക്കുറിച്ച് ഒരക്ഷരം പറഞ്ഞില്ല. 
* റോഡ്, തോട്, നദികള്‍, വീടുകള്‍ തുടങ്ങിയവയില്‍ നിന്ന് ക്വാറി 100 മീറ്റര്‍ അകലമെങ്കിലും പാലിക്കണമെന്ന നിബന്ധന എടുത്തുമാറ്റി അതുവെറും 50 മീറ്ററാക്കി.
* ക്വാറിക്കു നല്കുന്ന അനുമതിയുടെ കാലാവധി മൂന്നു വര്‍ഷത്തില്‍ നിന്ന് അഞ്ചു വര്‍ഷമാക്കി.
* വനത്തില്‍ നിന്നുള്ള ക്വാറിയുടെ  ദൂരപരിധി 100 മീറ്ററില്‍ നിന്ന് 50 മീറ്ററായി വെട്ടിക്കുറച്ചു. 
* ഭൂപതിവ് ചട്ടങ്ങള്‍ ദേദഗതി ചെയ്ത് പട്ടയഭൂമിയില്‍ പോലും വ്യാപകമായ ഖനനത്തിനു വഴിയൊരുക്കി. 
* കേരള നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തി നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്താന്‍ അവസരമൊരുക്കി. 
********************

അഞ്ചു കോടിയുടെ ഹോര്‍ഡിംഗ് വന്‍ ധൂര്‍ത്ത്: മുല്ലപ്പള്ളി

പ്രളയത്തിന്റെ നടുവില്‍ കഴിയുന്ന കേരളത്തിന് ഓരോ ചില്ലിക്കാശും ആവശ്യമായ സന്ദര്‍ഭത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം പ്രദര്‍ശിപ്പിക്കാന്‍ 5 കോടി രൂപ ചെലവില്‍ സ്ഥിരം ഹോര്‍ഡിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നത് വന്‍ ധൂര്‍ത്താണെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. 
12 കൂറ്റന്‍ ഹോര്‍ഡിംഗുകളാണു തിരുവനന്തപുരത്തു വയ്ക്കുന്നത്. സിഡ്‌കോയ്ക്കാണു നിര്‍മാണച്ചുമതല. അവര്‍ക്ക് ഒരു കോടി രൂപ നല്കിക്കഴിഞ്ഞു. വഴുതക്കാട്, കേശവദാസപുരം, ആനയറ വേള്‍ഡ് മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയായി. 9 സ്ഥലങ്ങളില്‍ നിര്‍മാണം പുരോഗമിക്കുന്നു. തിരുവനന്തപുരത്തിനുശേഷം മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും.

Post a comment

Whatsapp Button works on Mobile Device only