ഇരുട്ടുമുറിയിലിട്ട് മർദ്ദിച്ചു’; കസബ പൊലീസിനെതിരെ പരാതിയുമായി ഓമശ്ശേരി സ്വദേശി.(വിഷൻ ന്യൂസ്‌ 22/08/2019)
കോഴിക്കോട്: സ്വകാര്യ ബസ് ഡ്രൈവറെ പൊലീസ് സ്റ്റേഷനിലിട്ട് എ.എസ്.ഐയും പൊലീസുകാരനും ചേര്‍ന്ന് മര്‍ദിച്ചുവെന്ന് പരാതി. ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചിരുന്ന ദമ്പതികളുമായുള്ള തര്‍ക്കം ചോദിച്ചറിയുന്നതിനിടെ കോഴിക്കോട് കസബ പൊലീസ് അതിക്രമം കാട്ടിയെന്നാണ് ഓമശ്ശേരി സ്വദേശി സുബൈറിന്റെ പരാതി. മര്‍ദിച്ചുവെന്നത് കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ആരോപണം മാത്രമെന്നാണ് കസബ പൊലീസിന്റെ വിശദീകരണം.

സി.സി.ടി.വിയില്‍ കുടുങ്ങാതിരിക്കാന്‍ ഇരുട്ട് മുറിയിലെത്തിച്ച് മര്‍ദനം. പരാതി നല്‍കാനെത്തിയ ദമ്പതികളുടെ സുഹൃത്തായ പൊലീസുകാരനാണ് അതിക്രമത്തിന് പിന്നിലെന്നാണ് ആരോപണം. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. നഗരത്തില്‍ രണ്ടിടങ്ങളില്‍ വച്ച് വാഹനത്തെ മറികടക്കുന്നതിനെച്ചൊല്ലി സുബൈറും ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചിരുന്ന ദമ്പതികളുമായി വാക്കേറ്റമുണ്ടായി. റോഡിലെ തര്‍ക്കം രണ്ട് കൂട്ടരെയും കസബ സ്റ്റേഷനിലേക്കെത്തിച്ചു. ബസോടിക്കുന്നതിനിടെ സുബൈര്‍ കൈകൊണ്ട് മോശമായ ആംഗ്യം കാണിച്ചുവെന്നായിരുന്നു ബൈക്ക് യാത്രികയുടെ പരാതി.

മൊഴിയെടുക്കുന്നതിനിടയിലാണ് മറ്റൊരു മുറിയിലെത്തിച്ച് പൊലീസ് മര്‍ദിച്ചതെന്ന് സുബൈര്‍ പറയുന്നു. എന്നാല്‍ രാവിലെ എത്താനറിയിച്ച് ഇരുകൂട്ടരെയും മടക്കിവിട്ടുവെന്നാണ് പൊലീസ് പറയുന്നത്. അടുത്തദിവസം ബസ് ജീവനക്കാര്‍ മാത്രമാണ് സ്റ്റേഷനിലെത്തിയത്. സുബൈറിനെതിരെ കേസെടുത്തിട്ടുണ്ട്. മര്‍ദനം നടന്നുവെന്നത് കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമെന്നാണ് കസബ പൊലീസിന്റെ വിശദീകരണം. എന്നാല്‍ സുബൈറും കുടുംബവും നല്‍കിയ പരാതിയില്‍ കോഴിക്കോട് കമ്മിഷണര്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കടപ്പാട് :മനോരമ ന്യൂസ്‌.. 
Powered by Blogger.
]]>