Your Image Name

വിദഗ്ധസംഘം പ്രാഥമിക പരിശോധന നടത്തി(വിഷൻ ന്യൂസ്‌ 22/08/2019)




ഓമശ്ശേരി:കണ്ണങ്കോട് മലയിലെ അനധികൃത ചെങ്കൽഖനനകേന്ദ്രത്തിൽ ബുധനാഴ്ച വിദഗ്‌ധസംഘം പ്രാഥമിക പരിശോധന നടത്തി. അസി. ജിയോളജിസ്റ്റ് പി.സി രശ്മി, സോയിൽ കൺസർവേഷൻ ഓഫീസർ ഷറീന എന്നിവരാണ് പരിശോധനനടത്തിയത്. ഉച്ചയോടെ കണ്ണങ്കോട് മലയിലെത്തിയ സംഘം പ്രദേശവാസികളിൽനിന്ന് തെളിവെടുത്തു. ചെങ്കൽഖനനംചെയ്ത കുഴികളും മലയുടെ ചെരിഞ്ഞഭാഗങ്ങളിലും സംഘം പരിശോധന നടത്തി.
ജില്ലയിലെ ദുരന്തസാധ്യതാസ്ഥലങ്ങൾ സന്ദർശിച്ച് ദുരന്തനിവാരണവിഭാഗത്തിന് വിശദമായ റിപ്പോർട്ട് നൽകുമെന്നും സംഘം അറിയിച്ചു. പ്രദേശത്തെ മണ്ണിടിയാൻ സാധ്യതയുള്ള സ്ഥലങ്ങൾ നാട്ടുകാർ സംഘത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. വിശദമായ പരിശോധനയ്ക്കോ പ്രദേശവാസികളുടെ സംശയങ്ങൾക്ക് മറുപടിനൽകാനോ സംഘം തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. തിടുക്കത്തിൽ നടപടികൾ പൂർത്തിയാക്കി സ്ഥലംവിടാനാണ് സംഘം ശ്രമിച്ചതെന്നും നാട്ടുകാർ ആരോപിച്ചു. കണ്ണങ്കോട് മലയിലെ എട്ട് അനധികൃത ചെങ്കൽക്വാറികളെക്കുറിച്ച് കഴിഞ്ഞദിവസം പല മാധ്യമങ്ങളും  റിപ്പോർട്ട് ചെയ്തിരുന്നു. അതിനെത്തുടർന്ന് താമരശ്ശേരി തഹസിൽദാറും വില്ലേജ് ഓഫീസറും സ്ഥലം സന്ദർശിച്ചിരുന്നു. കല്ലെടുത്ത കുഴികൾ മണ്ണിട്ടുനികത്താനുള്ള ക്വാറി ഉടമകളുടെ ശ്രമം നാട്ടുകാർ തടഞ്ഞതിനെത്തുടർന്നായിരുന്നു ഇവരുടെ ഇടപെടൽ.



സന്ദർശനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനെന്ന് കർമസമിതി

ഓമശ്ശേരി കണ്ണങ്കോട് മലയിലെ അനധികൃത ചെങ്കൽഖനനകേന്ദ്രത്തിൽ ബുധനാഴ്ച വിദഗ്‌ധസംഘം നടത്തിയ പരിശോധന ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയാണെന്ന് കണ്ണങ്കോട് കർമസമിതി
ആരോപിച്ചു. മലയിലെത്തിയ സംഘം ചെങ്കൽ ഖനനംചെയ്ത മുഴുവൻ കുഴികളും കാണാൻ കൂട്ടാക്കിയില്ല.
ഒടുവിൽ നാട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് സംഘം മുഴുവൻ സ്ഥലങ്ങളും കണ്ടത്. ശക്തമായ പ്രതിഷേധത്തെത്തുടർന്ന് നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ ക്വാറി ഉടമകളും അധികൃതരും ശ്രമിക്കുകയാണെന്നും സമിതി ആരോപിച്ചു. ചെങ്കൽ ഖനനംചെയ്ത കുഴികൾ അളക്കാനോ അനധികൃതമായി ക്വാറി നടത്തിയവർക്കെതിരേ നടപടിയെടുക്കാനോ അധികൃതർ തയ്യാറായിട്ടില്ലെന്നും ഇവർ ആരോപിച്ചു. കളക്ടർ സ്ഥലം സന്ദർശിക്കണമെന്നും കുറ്റക്കാർക്കെതിരേ കർശനനടപടി സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
Powered by Blogger.
]]>