27 August 2019

അപകടം പതിയിരിക്കുന്ന താമരശ്ശേരി വട്ടക്കുണ്ട് പാലം(വിഷൻ ന്യൂസ്‌ 27/08/2019)
(VISION NEWS 27 August 2019)
ഇന്ന് വൈകുന്നേരം ,
ചാറ്റൽ മഴ പെയ്യുന്നത് വകവെയ്ക്കാതെ പരപ്പൻപൊയിൽ ഭാഗത്ത് നിന്ന് താമരശ്ശേരിയിലേക്ക് സ്കൂട്ടറിൽ വരികയായിരുന്നു ഞാൻ....

എന്റെ സ്കൂട്ടറിന് മുന്നിലായി ഒരു ഭർത്താവും , ഭാര്യയും കൈക്കുഞ്ഞുമായി
ബൈക്കിൽ യാത്ര തുടരുന്നുണ്ട്..
ഏതാണ്ട്  മഹാരാജ ഫർണിച്ചറിന് മുൻവശത്ത് നിന്നും എന്റെ സ്കൂട്ടറിനെ മറികടന്ന് മുന്നിൽ പോയതാണ് അവരുടെ ബൈക്ക് ..


താമരശ്ശേരിയിലെ വട്ടക്കുണ്ട് പാലത്തിലേക്ക് അവരുടെ ബൈക്ക്  പ്രവേശിച്ചതും താമരശ്ശേരി ഭാഗത്തു നിന്നും ഒരു KSRTC സൂപ്പർഫാസ്റ്റും ഞങ്ങളുടെ പുറകിൽ നിന്നും ഒരു നാഷണൽ പെർമിറ്റ് ലോറിയും പാലത്തിലേക്ക് നല്ല സ്പീഡിൽ തന്നെ ഒരേ സമയം പാഞ്ഞെത്തി ..

ഇരു വാഹനങ്ങളുടെയും അരികിൽപ്പെട്ട അവരുടെ ബൈക്ക് പാലത്തിന്റെ കൈവരിയിലേക്ക് ചരിഞ്ഞു..

ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ പകച്ചു പോയ ബൈക്കോടിച്ച പുരുഷന്
ഒരുവിധത്തിൽ സ്കൂട്ടർ
പാലത്തിന്റെ കൈവരിയോട് അടുപ്പിച്ച് നിർത്താൻ സാധിച്ചത് കൊണ്ടോ , അവരുടെ ഭാഗ്യം കൊണ്ടോ അരുതാത്തതൊന്നും  സംഭവിച്ചില്ല.. 

തലനാരിഴ വ്യത്യാസത്തിൽ ഒരു കുടുംബം അപകടത്തിൽ നിന്നും രക്ഷപ്പെടുന്നത് തൊട്ടു മുന്നിൽ നിന്ന് ഞാൻ നോക്കിക്കണ്ടു .
ഒരു വേള ഞാനും ഭയന്നു പോയി..

ഈ വിവരങ്ങളൊന്നുമറിയാതെ അപകടകരമായി പാലത്തിലേക്ക് കയറി വന്ന ഇരു വാഹനങ്ങളും പാഞ്ഞു പോയി ..
ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിൽ ദൈവത്തിന് നന്ദി പറഞ്ഞ് ബൈക്ക് യാത്രികരും യാത്ര തുടർന്നു ..

ഒരു നിമിഷത്തിലേക്കെങ്കിലും 
കൈകാലുകൾ വിറച്ചു പോയ ഞാനും സ്കൂട്ടറോടിച്ച് പോയി..

നിരവധി വിലപ്പെട്ട ജീവനുകൾ പൊലിഞ്ഞതും, ഒട്ടേറെപ്പേർക്ക് അപകടത്തിൽ പരിക്കുകൾ സംഭവിച്ചതുമാണ്  ദേശീയ പാതയിലെ
താമരശ്ശേരി വട്ടക്കുണ്ട് പാലത്തിൽ ...

പഴയ ബ്രിട്ടീഷ് ഇന്ത്യയിൽ നിർമ്മിച്ച കൊടുംവളവിലെ ഏതു നിമിഷവും അപകടം പതിയിരിക്കുന്ന ഈ പാലം ഇതു വരെ പുനർനിർമ്മിക്കുവാനോ , അല്ലെങ്കിൽ സമാന്തരമായി പുതിയ ഒരു പാലം നിർമ്മിക്കുവാനോ സ്വതന്ത്ര ഇന്ത്യയിലെ ഒരു ഭരണ സംവിധാനത്തിനും നാളിതുവരെ കഴിഞ്ഞിട്ടില്ല എന്നത് എന്തൊരു വിരോധാഭാസമാണ്..

പണ്ട് വല്ലപ്പോഴും കടന്നു പോകാൻ മാത്രം റോഡിൽ വാഹനങ്ങൾ ഉണ്ടായിരുന്ന കാലത്തെ ഉദ്ദേശിച്ച് മാത്രമാണ് ബ്രിട്ടീഷുകാർ ഇങ്ങിനൊരു പാലം നിർമ്മിച്ചിട്ടുണ്ടാവുക.
ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോയിട്ട് ഏഴു പതിറ്റാണ്ട് പിന്നിട്ടിട്ടും ഇവിടെയൊരു പാലം നിർമ്മിക്കാനോ , കൊടുംവളവ് നിവർത്തി മറ്റൊരു പാലം നിർമ്മിക്കാനോ ആർക്കും ഒരു താൽപ്പര്യവുമില്ലാത്ത പോലെ ...

ബ്രിട്ടീഷ് എഞ്ചിനിയറിംഗ്  വിരുതിൽ കരിങ്കൽ പാളികളും , ഇരുമ്പും ഉരുക്കും , കോൺക്രീറ്റും ഉപയോഗിച്ച് നിർമ്മിച്ച ഈ പാലം ഇപ്പോഴും നിത്യയൗവ്വനത്തോടെ തന്നെ നിൽക്കുന്നു ..
കൈവരികൾ വാഹനങ്ങൾ ഇടിച്ചു തകർക്കുന്നു എന്നല്ലാതെ പാലത്തിനൊരു കുലുക്കവുമില്ല...

എങ്കിലും ഇന്നത്തെ തിരക്കിനനുസരിച്ച് വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ഉപരിതല വികാസം  പാലത്തിനില്ല ..

നിലവിലുള്ള പാലത്തിനിരുവശവുമായി
പുതിയൊരു പാലം നിർമ്മിക്കുവാനാവശ്യമായ  സർക്കാർ ഭൂമി വേണ്ടുവോളമുണ്ട് ,  ഇവിടെ പുതിയൊരു പാലം നിർമ്മിച്ച് ഇരു പാലങ്ങളും ഉപയോഗപ്പെടുത്തി  വൺവേ സമ്പ്രദായത്തിൽ വാഹനങ്ങൾ കടത്തിവിടാവുന്നതാണ് ..

താമരശ്ശേരി പട്ടണത്തിന്റെ പ്രവേശന കവാടമായ വട്ടക്കുണ്ട് പാലം ഇനിയൊരു അപകടം വിളിച്ചു വരുത്തുന്നതിന് മുൻപ്
വേണ്ട നടപടികൾ സ്വീകരിച്ചാൽ നന്ന്...

എസ്.വി.സുമേഷ്
താമരശ്ശേരി

Post a comment

Whatsapp Button works on Mobile Device only