29 August 2019

നിങ്ങളുടെ എം.പിയെ നിങ്ങള്‍ക്ക് വിശ്വസിക്കാം; വയനാട്ടുകാര്‍ക്ക് വാക്കുനല്‍കി രാഹുല്‍ ഗാന്ധി(വിഷൻ ന്യൂസ്‌ 29/08/2019)
(VISION NEWS 29 August 2019)



മുക്കം: നിങ്ങളുടെ എം.പിയെ
 നിങ്ങൾക്ക് വിശ്വസിക്കാമെന്നും വെറും എം.പിയായിട്ടല്ല, മറിച്ച് നിങ്ങളുടെ സഹോദരനായും മകനായുമാണ് ഞാൻ വയനാട്ടിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടതെന്നും രാഹുൽഗാന്ധി.

പ്രളയം തകർത്ത വയനാട്ടിലെ രണ്ടാംഘട്ട സന്ദർശനത്തിന് ശേഷം മുക്കത്ത് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
വയനാട്ടിനെ പ്രളയം സമാനതകളില്ലാത്ത ദുരന്തത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാധാരണ മനുഷ്യന്റെ എല്ലാ ജീവിത സാഹചര്യങ്ങളും തകർക്കപ്പെട്ടു. ഇത് തിരിച്ച് കൊണ്ടുവരേണ്ടതുണ്ടെന്നും സർക്കാരിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നുമെല്ലാം അർഹമായതെല്ലാം വാങ്ങിയെടുക്കാൻ ഒപ്പമുണ്ടാകുമെന്നും രാഹുൽ പറഞ്ഞു. എം.പി ഓഫീസ് മുക്കത്ത് ഉദ്ഘാടനം ചെയ്ത ശേഷം രക്ഷാപ്രവർത്തനത്തിലേർപ്പെട്ട സംഘടനകളേയും വ്യക്തികളേയും അദ്ദേഹം ആദരിക്കുകയും ചെയ്തു.
പ്രളയ സഹായം നേടിയെടുക്കാൻ എല്ലാവരും ഒറ്റക്കെട്ടായി സർക്കാരിൽ സമ്മർദം ചെലുത്തണം. ഒരു എം.പി എന്ന നിലയിലും വയനാട്ടകാരുടെ സഹോദരനെന്ന നിലയിലും ആവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

വ്യാഴാഴ്ച തിരുവമ്പാടിയിലെ ദുരിതബാധിതരെ കണ്ടതിനു ശേഷം അദ്ദേഹം കോഴിക്കോട് ജില്ലയിലെ വ്യാപാരികളുമായും ചർച്ച നടത്തി. തുടർന്നായിരുന്നു മുക്കത്തെ എം.പി ഓഫിസ് ഉദ്ഘാടനം.
രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്ന മൽസ്യത്തൊഴിലാളിൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ, എന്നിവരേയും സ്വന്തം കടയിലെ വസ്ത്രങ്ങൾ നൽകി ദുരിതബാധിതരെ സഹായിച്ച കൊച്ചിയിലെ നൗഷാദിനെയും ചടങ്ങിൽ ആദരിച്ചു. 

ഒപ്പം കാസർക്കോട്ടെ കൃപേഷിന്റെയും ശരത്ത് ലാലിന്റെയും കുടുംബത്തിന് കോഴിക്കോട് കോൺഗ്രസ് ജില്ലാ കമ്മിറ്റി സ്വരൂപിച്ച 15 ലക്ഷം രൂപയും ചടങ്ങിൽവച്ച് രാഹുൽ കൈമാറി. വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂർ മണ്ഡലങ്ങളിലെ ദുരിത ബാധിതരേയും അദ്ദേഹം സന്ദർശിക്കുന്നുണ്ട്.
പ്രളയകാലത്ത് ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ട യുവാക്കളുടെ പ്രവർത്തനം വിലമതിക്കാനാവുന്നതിലും അപ്പുറത്താണെന്ന് രാഹുൽ പറഞ്ഞു. എത്ര ആദരം നൽകിയാലും കുറഞ്ഞുപോവും. ഫെയ്സ്ബുക്കിലും വാട്സാപ്പിലും മാത്രമല്ല സാമൂഹിക സേവനത്തിലും യുവജനങ്ങൾ സജീവമാകുന്ന കാഴ്ചയാണ് പ്രളയകാലത്ത് കാണാൻ കഴിഞ്ഞത്. ഇത്തരത്തിലുള്ളവർ നാടിന് എന്നും അഭിമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Post a comment

Whatsapp Button works on Mobile Device only