30 August 2019

ദുരന്ത മുഖങ്ങളില്‍ രക്ഷകരാവാന്‍ താമരശ്ശേരിയില്‍ ദുരന്തനിവാരണസേന (വിഷൻ ന്യൂസ്‌ 30/08/2019)
(VISION NEWS 30 August 2019)

‍ 

താമരശ്ശേരി :ദുരന്ത മുഖങ്ങളില്‍ രക്ഷകരാവാന്‍ താമരശ്ശേരിയില്‍ ദുരന്ത നിവാരണ സേന. പ്രകൃതി ദുരന്തങ്ങള്‍ പതിവാകുന്ന സാഹചര്യത്തിലാണ് മലയോര മേഖലയുടെ സിരാകേന്ദ്രമായ താമരശ്ശേരി ആസ്ഥാനമായി ദുരന്ത നിവാരണ സേന രൂപീകരിക്കുന്നത്. സുരക്ഷ താമരശ്ശേരി എന്ന പേരില്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ദുരന്ത നിവാരണ സേന രൂപീകരിക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ സന്നദ്ധ സേവനത്തിന് തയ്യാറുള്ളവര്‍ക്ക് വിദഗ്ദ പരിശീലനം നല്‍കും. ഇതിന്റെ ഭാഗമായുള്ള ആദ്യ പരിശീനത്തില്‍ നിരവധി പേര്‍ പങ്കാളികളായി. അപകടങ്ങളില്‍ പരുക്കേറ്റവരെ സുരക്ഷിതമായി രക്ഷപ്പെടുന്നതിന്നും ദുരന്തത്തിന്റെ വ്യാപ്തി കുറക്കുന്നതിനും പരിശീലനം നല്‍കി.

കെട്ടിടത്തിന് മുകളില്‍ അകപ്പെട്ടവരെ കയര്‍ കെട്ടി താഴെ എത്തിക്കുന്നതിനും പരിശീലനം നല്‍കി. പുരുഷന്‍മാരില്‍ പലരും സാഹസിക പ്രകടനത്തിന് തയ്യാറാവാതിരുന്നപ്പോള്‍ ഗ്രാമപഞ്ചായത്ത് അംഗമായ അഡ്വ. ഒ കെ അഞ്ചു കയറില്‍ തൂങ്ങി പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴെയെത്തി. താമരശ്ശേരി താലൂക്ക് ആശുപത്രിക്കു കീഴില്‍ യുവജന ക്ഷേമ ബോര്‍ഡിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ദുരന്ത നിവാരണത്തിനുള്ള ഉപകരങ്ങള്‍, സുരക്ഷാ ഉപകരണങ്ങള്‍, പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്, യൂണിഫോം എന്നിവ ലഭ്യമാക്കും. പരിശീലനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നവാസ് ഈര്‍പ്പോണ അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എം കേശവനുണ്ണി, മിംസ് ഹോസ്പിറ്റലിലെ ഡോ. വീണ, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. സത്യസായി ഡിസാസ്റ്റര്‍ മാനേജ്മെന്റ് ടീം പരിശീലനത്തിന് നേതൃത്വം നല്‍കി.


Post a comment

Whatsapp Button works on Mobile Device only