30 August 2019

ഡി.ജി.പി. ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുത്തേക്കും
(VISION NEWS 30 August 2019)



 തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുത്തേക്കും. ഇത് സംബന്ധിച്ച ഫയൽ ആഭ്യന്തര വകുപ്പ് സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കൈമാറി. ജേക്കബ് തോമസിനെ തിരിച്ചെടുക്കാനുള്ള അഡിമിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് നടപ്പാക്കേണ്ടി വരുമെന്നാണ് ഫയലിൽ പറയുന്നത്. ചീഫ് സെക്രട്ടറിയുടെ പരിഗണനയിലുള്ള ഫയലിൽ സർക്കാർ അന്തിമ തീരുമാനം എടുക്കും.


കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ജേക്കബ് തോമസിന്റെ സസ്പെൻഷൻ റദ്ദ് ചെയ്ത് തിരിച്ചെടുക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ ഇതുവരെ ഇതിൽ തുടർ നടപടികൾ ഉണ്ടായിരുന്നില്ല. തുടർന്ന് ജേക്കബ് തോമസ് വീണ്ടും ട്രിബ്യൂണലിനെ സമീപിച്ച് കോടതിയലക്ഷ്യം ചൂണ്ടിക്കാണിക്കുകയായിരുന്നു. ഇതിൽ വാക്കാൽ വിശദീകരണം തേടിയതിന് പിന്നാലെയാണ് ആഭ്യന്തര സെക്രട്ടറി ഫയൽ കൈമാറിയത്.


എന്നാൽ ഇത് കോടതിയലക്ഷ്യത്തെ നേരിടാനുള്ള നീക്കമായും വിലയിരുത്താം. മുഖ്യമന്ത്രിയോ മന്ത്രിസഭയോ ആണ് ഇതിൽ അന്തിമ തീരുമാനം എടുക്കേണ്ടതെന്നാണ് സർക്കാർ നിലപാട്. അപ്പീൽ പോകുന്ന വിഷയത്തിലും അന്തിമ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിലും മുഖ്യമന്ത്രിയാണ് തീരുമാനമെടുക്കേണ്ടത്. ജേക്കബ് തോമസിനെതിരെ അഴിമതി കേസ് നിലനിൽക്കുന്നതും ആഭ്യന്തര സെക്രട്ടറി കൈമാറിയ ഫയലിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.


ഫയൽ ചീഫ് സെക്രട്ടറി തന്റെ ശുപാർശയോടൊപ്പം മുഖ്യമന്ത്രിക്ക് കൈമാറും. വരും ദിവസങ്ങളിൽ സർക്കാർ നിലപാട് ഈ വിഷയത്തിൽ നിർണായകമാവും. നിലവിൽ രണ്ട് വർഷത്തോളമായി ജേക്കബ് തോമസ് സർവീസിന് പുറത്താണ്. വി.ആർ.എസിന് അപേക്ഷിച്ചെങ്കിലും സർക്കാർ അംഗീകരിച്ചിരുന്നില്ല. തിരിച്ചെടുക്കുകയാണെങ്കിൽ എന്ത് തസ്തികയാണ് ജേക്കബ് തോമസിന് നൽകുക എന്നതും ശ്രദ്ധേയമാണ്. തിരിച്ചെടുക്കേണ്ടി വന്നാൽ അപ്രധാനമായ തസ്തിക നൽകാനാവും സർക്കാർ ശ്രമിക്കുക.


Post a comment

Whatsapp Button works on Mobile Device only