02 September 2019

സെപ്റ്റംബര്‍ 02ലോക നാളികേര ദിനം(വിഷൻ ന്യൂസ്‌ 02/09/2019)
(VISION NEWS 02 September 2019)
സെപ്റ്റംബര്‍ 2 - ലോക നാളികേര ദിനമായി ആചരിക്കുന്നു. കേര ഉല്പന്നങ്ങളുടെ വര്‍ദ്ധന, ഉല്പന്നവൈവിധ്യവല്‍ക്കരണം, മൂല്യവര്‍ദ്ധന എന്നിങ്ങനെ കൃഷിക്കാരുടെ സാമ്പത്തികാടിത്തറ വികസിപ്പിക്കുന്നതിനുള്ള പരിപാടികള്‍ക്ക് ഊന്നല്‍ നല്‍കാനാണ് ലോക നാളികേരദിനാഘോഷം. 

കല്പവൃക്ഷം

കേരവൃക്ഷം കല്പവൃക്ഷമാണ്. അടി മുതല്‍ മുടിവരെ ഉപയോഗയോഗ്യമായ ശ്രേഷ്ഠവൃക്ഷം. തെങ്ങ് ഒരു മംഗളവൃക്ഷം കൂടിയാണ്. 

ഇന്ത്യയിലെങ്ങും പൂജാകര്‍മ്മങ്ങള്‍ക്ക് ഒഴുച്ചുകൂടാനാവാത്ത ദ്രവ്യമാണ് നാളികേരം. ക്ഷേത്രങ്ങളിലും വിവാഹം തുടങ്ങിയ മംഗളകര്‍മ്മങ്ങളിലും നാളികേരം ഉണ്ടായേപറ്റൂ. 

വ്യക്തിയുടെ ജീവിതത്തെ നാളികേരത്തോട് സങ്കല്പിക്കാറുണ്ട്. മംഗളകര്‍മ്മങ്ങള്‍ തുടങ്ങുന്നതിനുമുമ്പ് ഗണപതിക്ക് നാളീകേരമുടയ്ക്കുന്നു. കാടാമ്പുഴ തുടങ്ങിയ ദേവീക്ഷേത്രങ്ങളില്‍ നാളികേരം ചുട്ടറുക്കല്‍ പ്രധാനവഴിപാടാണ്. 

ചില ക്ഷേത്രങ്ങളില്‍ നാളികേരമുടക്കല്‍ പ്രധാന അനുഷ്ഠാനമായി തുടരുന്നു. ഒരാള്‍ ഒറ്റയ്ക്ക് തുടര്‍ച്ചയായി 12000 തേങ്ങ ഉടക്കുക തുടങ്ങിയ ചടങ്ങുകള്‍ ചില ക്ഷേത്രങ്ങളില്‍ ഇപ്പോഴുമുണ്ട്. 

തെങ്ങിന്‍ പൂക്കല, കുരുത്തോല, ഇളനീര്‍ എന്നിവയും മംഗള കര്‍മ്മങ്ങള്‍ക്ക് ഒഴിച്ചു കൂടാനാവില്ല. ഓശാനപ്പെരുന്നാളിന് കേരളത്തിലെ ക്രിസ്ത്യാനികള്‍ ഒലിവ് ഇലക്ക് പകരം കുരുത്തോലയാണ് ഉപയോഗിക്കുന്നത്. തെങ്ങിന്‍ പൂക്കുല ആയൂര്‍വേദ ചികിത്സയിലും പ്രധാനമാണ്. 

കരിക്ക് ദാഹശമിനിയാണ്, ഊര്‍ജ്ജദായകമാണ്. ശരീരത്തിന് പെട്ടെന്ന് ഗ്ളുക്കോസ് നല്‍കാന്‍ ഇതുപോലെ വിശ്വസ്തമായ വഴിയില്ല. കാരണം കരിക്കിന്‍ വെള്ളം തീര്‍ത്തും ശുദ്ധമാണ്. 

തെങ്ങിന്‍ തടി വീണു പണിക്കു ഉത്തമം. മുറ്റിയ തെങ്ങിന്‍റെ തടി രാസപ്രവര്‍ത്തനത്തിലൂടെ പാകപ്പെടുത്തിയെടുത്താല്‍ എത്രകാലവും കേടുകൂടാതെയിരിക്കും. 

തെങ്ങോല കേരളീയ ഗൃഹങ്ങളുടെ മേല്‍ക്കൂരയായിരുന്നു ഏതാണ്ട് അമ്പതുകൊല്ലം മുമ്പുവരെ. വീടുമേയാനും വീടുണ്ടാക്കാനും ഓല കൊളളാം. 

തെങ്ങിന്‍റെ ഇളം കൂമ്പുവെട്ടി നീരെടുത്ത് കള്ളുണ്ടാക്കുന്നു. മധുരക്കള്ള്, അന്തിക്കള്ള് തുടങ്ങിയ ഓമനപ്പേരിലറിയുന്ന തെങ്ങന്‍ നീര് ആരോഗ്യദായകമാണ്; സുഖദമായ ലഹരിയും അതു തരുന്നു. 

തേങ്ങ കേരള പാചകത്തിന്‍റെ തനിമയാണ്. തേങ്ങയരച്ച കറികള്‍ തേങ്ങാപ്പാലും ചേര്‍ത്ത കറികള്‍ കേരളത്തിലും ശ്രീലങ്കയിലുമാണ് ഏറെ കാണുക. തേങ്ങ സമ്പൂര്‍ണ ഭക്‍‌ഷ്യവസ്തുവാണ്. തേങ്ങയും വാഴപ്പഴവും മാത്രം ഉപയോഗിക്കുന്ന ഒരാശ്രമം തമിഴ്നാട്ടിലുണ്ട്. 

ചിരട്ടയില്‍ നിന്ന് കരിയും എണ്ണയും ലഭിക്കും, തൊണ്ട്കത്തിക്കാനുപയോഗിക്കുന്നു. കയറുണ്ടാക്കുന്നത് തൊണ്ടഴുക്കി ചകിരിയെടുത്ത് പിരിച്ചാണ്. കയര്‍ വെളിച്ചെണ്ണപോലെ കേരളത്തിന്‍റെ സമ്പദ്ഘടനയുടെ പ്രധാന ഘടകമാണ്. 

ഓലയും മടലും ചിരട്ടയും കൊതുമ്പും കുലച്ചില്ലയും തെങ്ങില്‍ തടിയുമെല്ലാം ഒന്നാം തരം ഇന്ധനങ്ങളാണ്.

Post a comment

Whatsapp Button works on Mobile Device only