02 September 2019

അത്തച്ചമയമൊരുങ്ങി; ഇനി പൂക്കാലം(വിഷൻ ന്യൂസ്‌ 02/09/2019)
(VISION NEWS 02 September 2019)




പൂക്കളത്തിനു നടുവില്‍ മണ്ണ് കുഴച്ചു തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കുന്നതും കുട കുത്തുന്നതും ചിലയിടങ്ങളിലെ ആചാരങ്ങളാണ്
അത്തച്ചമയമൊരുങ്ങി; ഇനി പൂക്കാലം
പ്രളയം നിറം കെടുത്തിയെങ്കിലും ഓണം മലയാളികള്‍ക്ക് എന്നും ആഘോഷത്തിന്റെ പത്ത് ദിനങ്ങള്‍ തന്നെയാണ്. അത്തത്തിന് പൂക്കളമൊരുക്കാനും ഓണത്തപ്പനെ വരവേല്‍ക്കാനുമുള്ള ഓട്ടമാണ് നാടെങ്ങും. പണ്ടുകാലത്തെ പോലെ പറമ്പില്‍ നിന്ന് തുമ്പയും മുക്കുറ്റിയും ചെമ്പരത്തിയുമെല്ലാം ഇറുത്തെടുത്ത് ചാണകം മെഴുകിയ മുറ്റത്തിടാന്‍ ഇന്ന് പറമ്പുമില്ല, ചാണകം മെഴുകിയ മുറ്റങ്ങളുമില്ല, ഇന്റര്‍ലോക്ക് പാകിയ നിലത്തോ, മാര്‍ബിള്‍ തറയിലോ വിരിക്കാനുള്ള ഡിജിറ്റല്‍ ഫ്‌ളോറല്‍ കാര്‍പെറ്റുകള്‍ വരെ ഈ ഓണക്കാലത്ത് ലഭ്യമാണ്. എന്നിരുന്നാലും ഇപ്പോഴും വിപണിയില്‍ നിന്ന് പൂ വാങ്ങി പൂത്തറയിലോ കോലായിലോ ഇടുന്നവര്‍ തന്നെയാണ് ഭൂരിഭാഗവും എന്നത് ആശ്വാസം.


പൂക്കളമിടുന്നതില്‍ വൈവിധ്യങ്ങള്‍ ഏറെയാണ്. ചിലയിടങ്ങളില്‍ അത്തം മുതല്‍ തിരുവോണം വരെ ഇഷ്ടമുള്ളപോലെ കണ്ണിന് ഉത്സവമൊരുക്കി വിശദമായി തന്നെ പൂക്കളമൊരുക്കും, എന്നാല്‍ അത്തം മുതല്‍ തിരുവോണത്തിന് മുന്‍പ് വരെ പറമ്പില്‍ നിന്ന് പറിച്ച തുമ്പ മാത്രം പൂക്കളത്തിലിടുന്നവരുമുണ്ട്. തിരുവോണത്തിനായിരിക്കും ഇക്കൂട്ടര്‍ മനോഹരമായ പൂക്കളം തീര്‍ക്കുന്നത്.

പരമ്പരാഗത തീതികള്‍ പ്രകാരം തുമ്പപ്പൂവാണ് പൂക്കളത്തില്‍ ആദ്യം വയ്ക്കുന്നത്. കൂടാതെ കാക്കപ്പൂവ്, തെച്ചിപ്പൂവ്, മുക്കുറ്റി, ചെത്തി, ചെമ്പരത്തി, കൊങ്ങിണിപ്പൂവ്, കൃഷ്ണകിരീടം തുടങ്ങിയവയും ഉപയോഗിക്കുന്നു. ഇവ തൊടികളില്‍ നിന്നു ശേഖരിക്കുന്നതു ബുദ്ധിമുട്ടായതോടെയാണ് പൂക്കളവിപണിയെ ആശ്രയിക്കാന്‍ തുടങ്ങിയത്.


പൂക്കളമിടലിന്റെ രീതി ഇങ്ങനെയാണ്. അത്തത്തിന് ഒരു കളത്തില്‍ തുടങ്ങും, ചിത്തിരയില്‍ രണ്ടു കളമാകും പൂക്കള്‍. അങ്ങനെ തിരുവോണദിനത്തില്‍ പത്ത് കളത്തിന്റെ വലിയൊരു പൂക്കളം. ഒരോ ദിനവും ഒരോ നിറത്തിലുളള പൂക്കളിടുന്നവരുമുണ്ട്.

പത്ത് കളങ്ങളും പത്ത് ദൈവങ്ങളെ പ്രതിനിധാനം ചെയ്യുന്നതായി കരുതുന്നവരുമുണ്ട്. ആദ്യ കളം ഗണപതി, തുടര്‍ന്നു ശിവപാര്‍വതി, ശിവന്‍, ബ്രഹ്മാവ്, പഞ്ചഭൂതങ്ങള്‍, മുരുകന്‍, ഗുരു, അഷ്ടദിക്ക്പാലകര്‍, ഇന്ദ്രന്‍, മഹാവിഷ്ണു എന്നതാണ് സങ്കല്‍പങ്ങള്‍. പൂക്കളത്തിനു നടുവില്‍ മണ്ണ് കുഴച്ചു തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കുന്നതും കുട കുത്തുന്നതും ചിലയിടങ്ങളിലെ ആചാരങ്ങളാണ്.

Post a comment

Whatsapp Button works on Mobile Device only