കോഴിക്കോട്: തിരുവമ്പാടിയില്‍ വാര്‍ത്ത ശേഖരിക്കുന്നതിനിടെ ബീവറേജസ് കോര്പ്പറേഷന് ജീവനക്കാര്‍ മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന് കോഴിക്കോട് ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
തോട് മണ്ണിട്ട് നികത്തി സ്വകാര്യ കെട്ടിടത്തിലേക്ക് റോഡ് നിര്‍മിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് മുക്കം സി ടി വി ക്യാമറമാന്മാരായ റഫീഖ് തോട്ടുമുക്കം, രാജേഷ് കാരമൂല എന്നിവര്‍ സ്ഥലത്തെത്തിയത്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ബീവറേജസ് ഔട്ലെറ്റ് ജീവനക്കാര്‍ ഇവരെ കയ്യേറ്റം ചെയ്യുകയും ക്യാമറ തട്ടിവീഴ്ത്തുകയും ചെയ്തത് അംഗീകരിക്കാനാവില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ ഗുണ്ടകളെ പോലെ പെരുമാറുന്നത് കേരള സംസ്കാരത്തിന് യോജിച്ചതല്ല. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് അവസരം ഒരുക്കണമെന്നും അക്രമികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കണമെന്നും ജില്ലാ പ്രസിഡന്റ് ബിജു കക്കയം, ജനറല്‍ സെക്രട്ടറി സിദ്ദീഖ് പന്നൂര് എന്നിവര്‍ പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു.