കൊടുവള്ളി സഹകരണ ബാങ്ക് ഹെഡ്ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു(വിഷൻ ന്യൂസ്‌ 03/09/2019)
കൊടുവള്ളി: കൊടുവള്ളി സര്‍വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് കം ഷോപ്പിങ് കോംപ്ലക്സിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍ നിര്‍വഹിച്ചു. കാരാട്ട് റസാഖ് എംഎല്‍എ. അധ്യക്ഷത വഹിച്ചു. സോവനീര്‍ പ്രകാശനവും ലൈബ്രറി ഉദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു. ബാങ്ക് സെക്രട്ടറി എ ജയശ്രീ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പത്മശ്രീ കെ.കെ.മുഹമ്മദിനുള്ള ഉപഹാരം അദ്ദേഹത്തിന്റെ ഭാര്യ റാബിയ മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് പി.രാമചന്ദ്രന്‍, മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡല്‍ നേടിയ കൊടുവള്ളി സി.ഐ. പി. ചന്ദ്രമോഹന്‍, നിരവധി പ്രമാദമായ മോഷണക്കേസുകള്‍ തെളിയിച്ച് ശ്രദ്ധേയനായ കൊടുവള്ളി എസ്‌ഐ കെ.പ്രജീഷ് എന്നിവരെയും മന്ത്രി ഉപഹാരം നല്‍കി അനുമോദിച്ചു.

കെയര്‍ ഹോം പദ്ധതി പ്രകാരം ബാങ്ക് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം പി.ടി.എ.റഹിം എംഎല്‍എ നിര്‍വഹിച്ചു. ബാങ്ക് ഓഡിറ്റോറിയം ഉദ്ഘാടനം പ്രൊഫ.എ.പി.അബ്ദുല്‍ വഹാബും മിനി ഓഡിറ്റോറിയം സഹകരണ വിഭാഗം ജോയിന്റ് രജിസ്ട്രാര്‍ വി.കെ.രാധാകൃഷ്ണനും ഉദ്ഘാടനം ചെയ്തു. പ്ലസ് ടു ഉന്നത വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ബാബു, കൗണ്‍സിലര്‍മാരായ വായോളി, സി പി നാസര്‍കോയ തങ്ങള്‍ എന്നിവര്‍ വിതരണം ചെയ്തു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ സഹകരണ വിഭാഗം പ്ലാനിംഗ് എആര്‍ അഗസ്റ്റിനും മുതിര്‍ന്ന കര്‍ഷകരെ അസിസ്റ്റന്റ് രജ്‌സ്ട്രാര്‍ ബി.സുധയും ആദരിച്ചു. സോവനീര്‍ പ്രകാശനവും ലൈബ്രറി ഉദ്ഘാടനവും എസ്എസ്എല്‍സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിക്കലും ചടങ്ങിന്റെ ഭാഗമായി നടന്നു.

പ്രൈമറി കോ-ഓപറേറ്റീവ് സൊസൈറ്റി അസോസിയേഷന്‍ താലൂക്ക് പ്രസിഡന്റ് കെ സി വേലായുധന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി സി വേലായുധന്‍ മാസ്റ്റര്‍, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബാങ്ക് പ്രസിഡന്റ് ഒ.പി.റഷീദ് സ്വാഗതവും വൈസ് പ്രസിഡന്റ് കെ.സി.എന്‍ അഹമ്മദ്കുട്ടി നന്ദിയും പറഞ്ഞു
Powered by Blogger.
]]>