ഓമശ്ശേരി : വൃക്കക്ക് അസുഖം ബാധിച്ചു ചികിത്സയിലായ രോഗിയെ സഹായിക്കാൻ തന്റെ കൊച്ചു സമ്പാദ്യം മുഴുവൻ നൽകിയ ഓമശ്ശേരി അൽ ഇർശാദ് സെൻട്രൽ സ്കൂളിലെ അയ്ഷ സനക്ക് സ്കൂൾ പ്രിൻസിപ്പാൾ ഡോ. സെബാസ്റ്റ്യൻ ജേക്കബ് ഉപഹാരം നൽകി ആദരിച്ചു .
പാഠ പാഠ്യേതര വിഷയങ്ങളിൽ മിടുക്കിയായ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന അയ്ഷ സന സ്കൂൾ മൂന്നാം തലം മുതൽക്കാണ് സമ്പാദ്യ ശീലം തുടങ്ങിയത്. ഉമ്മയിൽ നിന്നും ഉപ്പയിൽ നിന്നും കുടുംബത്തിലെ മറ്റു പ്രിപ്പെട്ടവരിൽ നിന്നുമായി ലഭിക്കുന്ന സ്നേഹത്തിന്റെ ചില്ലറ തുട്ടുകൾ അടുക്കി ഒരു കുടുക്കയിൽ ഇട്ടു വെച്ചായിരുന്നു തുടക്കം.
കുടുക്ക നിറഞ്ഞു തുടങ്ങിയപ്പോൾ ഉമ്മാക്കും ഉപ്പാക്കും ഒരു നല്ല വിവാഹ വാർഷിക സർപ്രൈസ് കൊടുക്കാനായിരുന്നു ഉദ്ദേശം. പെട്ടെന്നാണ് തന്റെ സ്കൂൾ വൃക്കരോഗിയായ ഒരു മനുഷ്യനെ സഹായിക്കാൻ ഒരുങ്ങുന്ന വിവരം ക്ലാസ്സ് അധ്യാപികയിലൂടെ സന അറിയുന്നത്. ആന്ന് തന്നെ വീട്ടിൽ ചെന്ന് ഉമ്മയോട് തന്റെ കൊച്ചു സമ്പാദ്യമായ കുടുക്ക മുഴുവൻ നൽകുന്ന കാര്യം അവതരിപ്പിച്ചപ്പോൾ രോഗികളെ സഹായിക്കണം എന്ന് പറഞ്ഞ് ഉമ്മ പൂർണ്ണ സമ്മതം കൊടുക്കുകയായിരുന്നു. എണ്ണി നോക്കാതെ തന്നെ കുടുക്ക നിറയെ തന്റെ പണം സ്കൂൾ പ്രിൻസിപ്പാളിനെ ഏൽപ്പിച്ച സന അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. ഉമ്മക്കും ഉപ്പാക്കും അവരുടെ വിവാഹ വാർഷികത്തിന് സമ്മാനം നൽകുന്ന അതെ സന്തോഷം തനിക്കിപ്പോൾ അനുഭവിക്കാൻ കഴിയുന്നുണ്ടെന്നാണ് സന പറയുന്നത്.
സ്കൂൾ ക്യാപ്റ്റൻ മുഹമ്മദ് ശുഐബ് അധ്യക്ഷത വഹിച്ച പരിപാടിയിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രൈനെർ അബ്ദുൽ മാജിദ് നന്ദി പറഞ്ഞു.