ഭീതിയായി പതങ്കയം: എട്ടു മാസത്തിനിടെ പുഴയെടുത്തത് നാലുപേരെ(വിഷൻ ന്യൂസ്‌ 13/09/2019)തിരുവമ്പാടി: ആനക്കാംപൊയില്‍ പതങ്കയത്ത് വിനോദ സഞ്ചാരത്തിനെത്തുന്ന യുവാക്കളെ ചേതനയറ്റ ശരീരത്തോടെ തിരിച്ച്‌ കൊണ്ടുപോകുന്നത് അമ്ബരപ്പോടെ കാണേണ്ട ദുരവസ്ഥയിലാണ് നാട്ടുകാര്‍. തിരുവോണ നാളില്‍ ഇവിടെ ഒഴുക്കില്‍പെട്ട് കാണാതായ കൊണ്ടോട്ടി സ്വദേശി ആശിഖിനെ (22) രണ്ടാം ദിവസത്തെ തിരച്ചിലിലും കണ്ടെത്താനായില്ല. കഴിഞ്ഞ ഏപ്രിലില്‍ പതങ്കയത്ത് രണ്ട് അപകടങ്ങളിലായി മൂന്ന് യുവാക്കള്‍ മുങ്ങിമരിച്ചിരുന്നു. ഏപ്രില്‍ 14ന് മര്‍കസ് ഇംഗ്ലീഷ് ക്ലബ് വിദ്യാര്‍ഥിയായ തിരൂരങ്ങാടി സ്വദേശി ഇസ്ഹാഖും (17) പതിനാറിന് താനൂര്‍ കാട്ടുങ്ങല്‍ വാസുദേവന്‍െറ മക്കളായ വിഷ്ണു (20), വിശാഖ് (18) എന്നിവരും പതങ്കയത്ത് ഒഴുക്കില്‍പെട്ട് മരിച്ചിരുന്നു.
അരിപ്പാറ വെള്ളച്ചാട്ടത്തിന്‍െറ ഒന്നര കി.മീറ്റര്‍ മുകളിലാണ് പതങ്കയം. പുഴയിലെ കുത്തൊഴുക്കും പാറക്കെട്ടുകളുമാണ് മരണക്കെണിയൊരുക്കുന്നത്. പുഴയിലെ ആഴമേറിയ കയങ്ങളെക്കുറിച്ച്‌ അറിയാതെ പുഴയിലിറങ്ങുന്നവരാണ് അപകടത്തില്‍പ്പെടുന്നത്. വിദൂരത്ത് നിന്ന് എത്തുന്ന പലര്‍ക്കും പാറക്കെട്ടുകള്‍ക്കിടയിലെ കയങ്ങളെക്കുറിച്ച്‌ അറിയില്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇതാണ് പുഴയിലെ വെള്ളം കുറഞ്ഞ കാലത്തും അപകടമുണ്ടാകാന്‍ കാരണം. ഒട്ടും നീന്തല്‍ അറിയാത്തവരാണ് പലപ്പോഴും ആഴമേറിയ വെള്ളക്കെട്ടിലിറങ്ങുന്നത്. വിനോദസഞ്ചാര കേന്ദ്രമായി ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ രേഖപ്പെടുത്താത്ത സ്ഥലമാണ് പതങ്കയം. ഇതുമൂലം ഇവിടെ ലൈഫ് ഗാര്‍ഡ് ഉള്‍പ്പെടെയുള്ള സുരക്ഷ സംവിധാനങ്ങളൊന്നുമില്ല.

മദ്യപിച്ച്‌ പുഴയിലിറങ്ങുന്നവരുമുണ്ട്. നാട്ടുകാരുടെ മുന്നറിയിപ്പുകള്‍ സഞ്ചാരികള്‍ വകവെക്കാറുമില്ല. ഈ സാഹചര്യമാണ് അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. നിരവധി സഞ്ചാരികളാണ് ദിവസവും പതങ്കയം പുഴയില്‍ കുളിക്കാനെത്തുന്നത്. അവധി ദിവസങ്ങളിലാണ് അപകടങ്ങള്‍ ഏറെയും സംഭവിക്കുന്നത്. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ പുഴയുടെ സൗന്ദര്യമാണ് ഇവിേടക്ക് സഞ്ചാരികളുടെ ഒഴുക്കിന് കാരണം

Powered by Blogger.
]]>