Your Image Name

കുഴല്‍ക്കിണറില്‍ വീണ കുട്ടി 100 അടി താഴ്ചയില്‍; 24 മണിക്കൂര്‍ പിന്നിട്ട് രക്ഷാപ്രവര്‍ത്തനം(വിഷൻ ന്യൂസ്‌ 27/10/2019)




തിരുച്ചിറപ്പള്ളി നാടുകാട്ടുപ്പട്ടിയിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസ്സുകാരൻ കൂടുതൽ താഴ്ചയിലേക്ക് പോയതായി റിപ്പോർട്ട്. നിലവിൽ കുട്ടി നൂറ് അടിയോളം താഴ്ചയിലാണുള്ളതെന്ന് ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്തു. കുഴൽക്കിണറിൽ വീണ് 24 മണിക്കൂർ പിന്നിട്ടിട്ടും കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ലക്ഷ്യം കണ്ടില്ല.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് പ്രദേശവാസിയായ ബ്രിട്ടോയുടെ മകൻ സുജിത്ത് വിൽസൺ കുഴൽക്കിണറിനായി എടുത്ത കുഴിയിൽ വീണത്. ആദ്യം 25 അടി താഴ്ചയിൽ തങ്ങിനിന്നിരുന്ന കുട്ടി പിന്നീട് എഴുപതടിയോളം താഴ്ചയിലേക്ക് പോയിരുന്നു. ഇതിനിടെ ദേശീയ ദുരന്തനിവാരണ സേനയടക്കമുള്ളവർ രക്ഷാപ്രവർത്തനത്തിന് എത്തിയെങ്കിലും കുട്ടിയെ പുറത്തെടുക്കാനായില്ല.
കുട്ടി വീണ കുഴൽക്കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്ത് രക്ഷിക്കാനായിരുന്നു ആദ്യനീക്കം. ഇതിൽനിന്ന് സുജിത്ത് തങ്ങിനിൽക്കുന്നിടത്തേക്ക് തുരങ്കം നിർമിച്ച് കുട്ടിയെ പുറത്തെത്തിക്കാമെന്നായിരുന്നു കണക്കുക്കൂട്ടൽ. എന്നാൽ പാറനിറഞ്ഞ പ്രദേശമായതിനാൽ പത്തടിയോളം കുഴിച്ചതിന് ശേഷം ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഇതിനിടെയാണ് കുട്ടി കൂടുതൽ താഴ്ചയിലേക്ക് പോയത്.
നേരത്തെ കുട്ടിയുടെ കരച്ചിൽ കേട്ടിരുന്നതായും എന്നാൽ ഇപ്പോൾ കരച്ചിൽ കേൾക്കുന്നില്ലെന്നും ഒരു രക്ഷാപ്രവർത്തകൻ പറഞ്ഞു. കുട്ടിക്ക് ശ്വസിക്കാനായി കുഴൽക്കിണറിന് അകത്തേക്ക് ഓക്സിജൻ പൈപ്പുകൾ ഇട്ടിട്ടുണ്ട്.
അതിനിടെ, രണ്ടുവയസ്സുകാരനെ എത്രയുംവേഗം രക്ഷിക്കണമെന്നും കുട്ടിയ്ക്കായി പ്രാർഥിക്കണമെന്നും ആവശ്യപ്പെട്ടുള്ള #SaveSujith എന്ന ഹാഷ്ടാഗ് സാമൂഹികമാധ്യമങ്ങളിൽ ട്രെൻഡിങ്ങായി. നിരവധിപേരാണ് ഈ ഹാഷ്ടാഗ് ഉപയോഗിച്ച് സാമൂഹികമാധ്യമങ്ങളിൽ കുറിപ്പുകൾ പങ്കുവെച്ചത്.

Powered by Blogger.
]]>