01 November 2019

പ്രഭാത വാർത്തകൾ 2019 നവംബർ 1 1195 തുലാം 15 വെള്ളിയാഴ്ച (മൂലം നാൾ)(01/11/2019)
(VISION NEWS 01 November 2019)


 

🌀ഇന്ന്‌ കേരളപ്പിറവി ദിനം.വിഷൻ ന്യൂസിന്റെ  കേരളപ്പിറവി ആശംസകൾ.

🌀കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്തു വന്‍ നാശം. വിവിധഭാഗങ്ങളില്‍ കടല്‍ക്ഷോഭവും വെള്ളപ്പൊക്കവും. എറണാകുളം, മലപ്പുറം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ തീരപ്രദേശങ്ങളിലേക്കു കടല്‍ ഇരച്ചുകയറി. ചിലയിടങ്ങളില്‍ അര കിലോമീറ്ററോളം കടലിനടിയിലായി. വീടുകള്‍ കടല്‍വെള്ളത്തില്‍ മുങ്ങി. കൊച്ചി ചെല്ലാനം, പൊന്നാനി തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. കോട്ടയം ജനറല്‍ ആശുപത്രിക്കു മുകളിലേക്കു മരം വീണ് നിരവധി പേര്‍ക്കു പരിക്ക്. ശക്തമായ കാറ്റും മഴയും ഇന്നും തുടരും. 

🌀തീരപ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി. സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല. പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി താലൂക്കുകളില്‍ പ്രഫഷണല്‍ കോളജ്, അംഗന്‍വാടികള്‍, മദ്രസകള്‍ എന്നിവയ്ക്ക് അവധിയാണ്. കൊച്ചി, കണയന്നൂര്‍, കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലും പ്രഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. എംജി സര്‍വകലാശാലയും കുസാറ്റും ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റിവച്ചു.  

🌀കണ്ണൂര്‍ ആയിക്കരയില്‍നിന്ന്  കടലില്‍പ്പോയ ആറു മത്സ്യത്തൊഴിലാളികളെ കാണാതായി. രണ്ടു ഫൈബര്‍ വള്ളങ്ങളിലായി മൂന്നുപേര്‍ വീതമാണ് കടലില്‍ പോയത്. വടകരയില്‍നിന്ന് മത്സ്യബന്ധനത്തിനു പോയ ബോട്ടു കടലില്‍ കുടുങ്ങി  രണ്ടുപേരെ കാണാതായി.

🌀പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹം തിങ്കളാഴ്ച വരെ സംസ്‌കരിക്കരുതെന്ന് പലക്കാട് ജില്ലാ സെഷന്‍സ് കോടതി. കൊല്ലപ്പെട്ട മാവോവാദികളായ കാര്‍ത്തിക്കിന്റെയും മണിവാസകത്തിന്റെയു ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. ഏറ്റുമുട്ടല്‍ കൊലകളില്‍ സുപ്രീം കോടതി മാനദണ്ഡം പാലിക്കണമെന്ന പരാതിയിലാണ് കോടതി നടപടി.

🌀മാവോവാദികള്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടലിന്റെ മൂന്നു വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. ചൊവ്വാഴ്ച ആദ്യം കൊല്ലപ്പെട്ടവരുടെ ഇന്‍ക്വസ്റ്റ് നടക്കവെയുണ്ടായ ഏറ്റമുട്ടലിന്റെ ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്. വെടിയേല്‍ക്കാതിരിക്കാനായി പോലീസുകാര്‍ നിലത്ത് പതുങ്ങിയരിക്കുന്നതും കിടക്കുന്നതും വെടിവയ്പിന്റെ ശബ്ദവുമുണ്ട്. ഈ വെടിവയ്പിലാണു മാവോവാദി മണിവാസകം കൊല്ലപ്പെട്ടത്.

🌀ശബരിമല തീര്‍ഥാടനത്തിനു തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. കടകളില്‍ ജോലി ചെയ്യുന്നവര്‍ക്കു തിരിച്ചറിയല്‍ കാര്‍ഡും ഹെല്‍ത്ത് കാര്‍ഡും നിര്‍ബന്ധമാണ്. പമ്പയില്‍ സോപ്പും എണ്ണയും ഉപയോഗിച്ചുള്ള കുളി നിരോധിച്ചു. 

🌀കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ യൂണിയനുകള്‍ തിങ്കളാഴ്ച പണിമുടക്കും. ഞായറാഴ്ച അര്‍ധരാത്രി മുതല്‍ പണിമുടക്കു തുടങ്ങും. മാനേജിംഗ് ഡയറക്ടറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് പണിമുടക്കാന്‍ തീരുമാനിച്ചത്. 

🌀ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയ വാട്‌സ്ആപിനോട് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം തേടി. ഇസ്രായേലി സ്പൈവെയര്‍ ആക്രമണം ഇന്ത്യന്‍ ഉപയോക്താക്കളെ ഏത് രീതിയിലാണ് ബാധിച്ചതെന്ന് വിശദീകരിക്കണം. നിയമം ലംഘിച്ചവര്‍ക്കെതിരെ കര്‍ശനമായ നടപടിയെന്നും സര്‍ക്കാര്‍. 

🌀സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പരിഷ്‌കരിക്കുന്നതിന് റിട്ടയേഡ് ഐഎഎസ് ഓഫീസര്‍ കെ. മോഹന്‍ദാസ് ചെയര്‍മാനായി കമ്മീഷനെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രഫ. എം.കെ. സുകുമാരന്‍ നായര്‍ (ഹോണററി ഡയറക്ടര്‍, സെന്റര്‍ ഫോര്‍ ബജറ്ററി സ്റ്റഡീസ്, കുസാറ്റ്), അഡ്വ. അശോക് മാമന്‍ ചെറിയാന്‍ എന്നിവര്‍ കമ്മീഷന്‍ അംഗങ്ങളാണ്. ആറു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 

🌀കൊല്ലം ജില്ലാ കളക്ടര്‍ ബി. അബ്ദുള്‍ നാസറിനെ വയനാട് ജില്ലാ കളക്ടറായി മാറ്റും.  ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍ എം. അഞ്ജനയാണ് പുതിയ കൊല്ലം ജില്ലാ കളക്ടര്‍. വയനാട് ജില്ലാ കളക്ടര്‍ അജയകുമാറിനെ കൃഷി ഡയറക്ടറാക്കും. 
കെ.എസ്.ടി.പി. പ്രൊജക്ട് ഡയറക്ടര്‍ ആനന്ദ് സിംഗിനെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയാക്കും. ജി.എസ്.ടി. സ്പെഷ്യല്‍ കമ്മീഷണറുടെ അധിക ചുമതലയും അദ്ദേഹത്തിനാകും. അവധിയിലായിരുന്ന രാജമാണിക്യമാണ് പുതിയ കെ.എസ്.ടി.പി. പ്രൊജക്ട് ഡയറക്ടര്‍. 

🌀വ്യവസായിയെ കബളിപ്പിച്ച് പണംതട്ടിയ കേസില്‍ സരിത നായര്‍ക്കു കോയമ്പത്തൂര്‍ കോടതി മൂന്നു വര്‍ഷം തടവു ശിക്ഷ വിധിച്ചു. കാറ്റാടി യന്ത്രം സ്ഥാപിക്കാനെന്ന പേരില്‍ വ്യവസായിയില്‍നിന്ന് 26 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ബിജു രാധാകൃഷ്ണനും മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

🌀കരമന കേസില്‍ ജയമാധവന്‍ നായരുടെ മരണ കാരണം നെറ്റിയിലും മൂക്കിലുമേറ്റ ക്ഷതമാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. സംഭവം നടന്ന് രണ്ടു വര്‍ഷത്തിനു ശേഷമാണ് ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം ലഭിക്കുന്നത്. മരിച്ച ജയമാധവന്‍ നായരെ അബോധാവസ്ഥയില്‍ കണ്ടെന്നാണ് കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ നല്‍കിയ മൊഴി. ഇന്നലെ രവീന്ദ്രന്‍നായരുടെ വസതിയില്‍ പോലീസ് പരിശോധന നടത്തി. 

🌀ധനലക്ഷ്മി ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ടി. ലത രാജിവച്ചു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ജനറല്‍ മാനേജരായിരിക്കേ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ധനലക്ഷ്മി ബാങ്കില്‍ എംഡിയായി നിയമിതയായത്.

🌀കോളേജ് മാറ്റ ഉത്തരവ് വിവാദമായതിനെ തുടര്‍ന്ന് പഠനം നിര്‍ത്തിയ വിദ്യാര്‍ഥിനി വിജിക്ക് സര്‍ക്കാര്‍ സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. ഇപ്പോള്‍ സര്‍ക്കാര്‍ സ്ഥാപനമായ സി - ആപ്റ്റില്‍ ആനിമേഷന്‍ ആന്‍ഡ് വെബ് ഡിസൈനിംഗ് കോഴ്സിനും അടുത്ത വര്‍ഷം ഡിഗ്രിക്കും  പഠിക്കാനുള്ള സൗകര്യം ഒരുക്കും. മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

🌀രാഹുല്‍ഗാന്ധി വയനാട്ടില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ടതിനെ ചോദ്യം ചെയ്ത് സോളാര്‍ പ്രതി സരിത എസ് നായര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സരിതയുടെ പത്രിക തള്ളിയതിനെ ചോദ്യം ചെയ്തുകൊണ്ടാണു ഹര്‍ജി നല്‍കിയിരുന്നത്. 

🌀കണക്കില്‍പ്പെടുത്താത്ത സ്വര്‍ണം പിടിച്ചെടുക്കുമെന്നും സൂക്ഷിക്കാവുന്ന സ്വര്‍ണത്തിനു പരിധി ഏര്‍പ്പെടുത്തുമെന്നുമുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് കേന്ദ്ര സര്‍ക്കാര്‍. 

🌀മഹാരാഷ്ട്രയില്‍ ബിജെപിയുമായി പിണങ്ങിനില്‍ക്കുന്ന ശിവസേനയുടെ നേതാവ് സഞ്ജയ് റാവത്ത് എന്‍സിപി തലവന്‍ ശരദ് പവാറിനെ കണ്ട് ചര്‍ച്ച നടത്തി. ദീപാവലി ആശംസകള്‍ നേരാനാണു പവാറിനെ കണ്ടതെന്ന് സഞ്ജയ് റാവത്ത്.

🌀വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദില്‍ പോകാന്‍ ഇടക്കാല ജാമ്യം വേണമെന്ന പി. ചിദംബരത്തിന്റെ ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി. ഡല്‍ഹിയിലെ എയിംസില്‍ വിദഗ്ധ ചികിത്സയാണ് ലഭിക്കുന്നതെന്ന് ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സുരേഷ് കുമാര്‍ കെയ്ത്ത് ചൂണ്ടിക്കാട്ടി.

🌀മന്ത്രവാദിനിയുടെ ഉപദേശം കേട്ട്‌ മുത്തശ്ശിയെ വെട്ടിക്കൊന്ന യുവാവ് അറസ്റ്റിലായി.  ജാര്‍ഖണ്ഡിലെ സിംഗ്ഭുമില്‍ ബലിബന്ദ് മുണ്ട തോല സ്വദേശിനി നാനിക് ബിറുവയെ   കൊലപ്പെടുത്തിയ ചെറുമകന്‍ വിജയ് ബിറുവയെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ മാസങ്ങളായി സുഖമില്ലാതെ കിടക്കുന്നതിനു കാരണം മുത്തശ്ശിയാണെന്ന്  മന്ത്രവാദിനി പറഞ്ഞിരുന്നെന്നു മൊഴി.

🌀മധ്യപ്രദേശിലെ വിദിഷയില്‍ കൂട്ടുകൂടി മദ്യപിച്ച സുഹൃത്തുക്കള്‍ യുവാവിനെ കൊന്ന് ഭാര്യയെ പീഡിപ്പിച്ചു. ലാതേരി സ്വദേശി നര്‍വദയാണ് കൊല്ലപ്പെട്ടത്. പ്രതികളായ സുനില്‍ ഖുഷ്വാല, മനോജ് ഐര്‍വാര്‍ എന്നിവരെ അറസ്റ്റു ചെയ്തു. മദ്യലഹരിയില്‍ നര്‍വദ തളര്‍ന്നു വീണതോടെ ഭാര്യയെ സുനില്‍ പീഡിപ്പിക്കുകയായിരുന്നു. നിലവിളി കേട്ട് എഴുന്നേറ്റ് ചെറുക്കാന്‍ ശ്രമിച്ച മനോജ് നര്‍വദയെ കൊല്ലുകയായിരുന്നു.

🌀കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ പാക്കിസ്ഥാനെതിരേ അന്താരാഷ്ട്ര നീതിന്യായ കോടതി. വിയന്ന ഉടമ്പടി പാക്കിസ്ഥാന്‍ ലംഘിച്ചെന്ന് കോടതി അധ്യക്ഷന്‍ ജസ്റ്റീസ് അബ്ദുള്‍ഖാവി അഹമ്മദ് യൂസഫ് കുറ്റപ്പെടുത്തി. ഐക്യരാഷ്ട്രസഭയ്ക്കു നല്‍കിയ റിപ്പോര്‍ട്ടിലാണു കുറ്റപ്പെടുത്തല്‍. 

🌀ജമ്മു കാഷ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അതില്‍ ചൈന ഇടപെടേണ്ടതില്ലെന്നും വിദേശകാര്യമന്ത്രാലയം. ജമ്മു കാഷ്മീരും ലഡാക്കും വ്യത്യസ്ത കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതിനെതിരായ ചൈനയുടെ പ്രസ്താവനയ്ക്കു മറുപടിയായാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

🌀കൊല്ലപ്പെട്ട ഐഎസ് മേധാവി ബാഗ്ദാദിയുടെ പിന്‍ഗാമിയായി അബു ഇബ്രാഹിം അല്‍ ഹാഷിമി അല്‍ ഖുറേഷിയെ ഖലീഫയാക്കിയെന്ന് ഐഎസ് ശബ്ദസന്ദേശം. 
'വിശ്വാസികളുടെ നേതാവേ, അങ്ങയുടെ  വിയോഗത്തില്‍ ഞങ്ങള്‍ വിലപിക്കുന്നു' എന്നാണ് ശബ്ദസന്ദേശം ആരംഭിക്കുന്നത്. ഡൊണാള്‍ഡ് ട്രംപിനെ കിഴവനെന്ന് വിശേഷിപ്പിക്കുന്ന സന്ദേശത്തില്‍, ബാഗ്ദാദിയുടെ കാലത്തേക്കാള്‍ വലിയ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന ഭീഷണിയും ഉണ്ട്.   

🌀ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ട്വന്റി-20 മല്‍സരം ന്യൂഡല്‍ഹിയില്‍തന്നെ യെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന്  കോട്ലയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണു മത്സരം. ദീപാവലിക്കുശേഷം ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം വര്‍ധിച്ചതിനാല്‍ വേദി മാറ്റണമെന്ന ആവശ്യം ഗാംഗുലി തള്ളി. സ്റ്റേഡിയത്തില്‍ കളിക്കാര്‍ പരിശീലനവും തുടങ്ങി.

🌀ഐഎസ്എല്ലില്‍ ഒഡീഷ എഫ്‌സി രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക് മുംബൈ സിറ്റി എഫ്‌സിയെ തോല്‍പ്പിച്ചു. മുംബൈയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഒഡീഷയ്ക്കായി സ്പാനിഷ് താരം അരിഡെയ്ന്‍ സന്റാന ഇരട്ടഗോള്‍ നേടി.

🌀ദേവ്ധര്‍ ട്രോഫി ഏകദിന ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തില്‍ മലയാളി താരങ്ങള്‍ ഉള്‍പ്പെട്ട ഇന്ത്യ എ ടീം ഇന്ത്യ ബി ടീമിനോടു പരാജയപ്പെട്ടു. 108 റണ്‍സിനാണ് എ ടീമിനെ തകര്‍ത്തത്. ബി ടീം ആറു വിക്കറ്റിന് 302 റണ്‍സ് നേടിയപ്പോള്‍ എ ടീം 194 റണ്‍സോടെ എല്ലാവരും പുറത്തായി. 

🌀ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഭാര്യ അനുഷ്‌ക ശര്‍മയ്ക്ക് ചായ കൊണ്ടുകൊടുക്കലാണ് ഇന്ത്യയുടെ ക്രിക്കറ്റ് ടീം സെലക്ഷന്‍ ചില അംഗങ്ങളുടെ ജോലിയെന്ന് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഫാറൂഖ് എഞ്ചിനീയര്‍. ഒരു യോഗ്യതയുമില്ലാത്തവരാണ് ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കുന്നതെന്നും ഫാറൂഖ് എഞ്ചിനീയര്‍ പറയുന്നു. മുന്‍ താരം എം.എസ്.കെ പ്രസാദ് ചെയര്‍മാനായ കമ്മിറ്റിയെ മിക്കി മൗസ് സെലക്ഷന്‍ കമ്മിറ്റി എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

🌀സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസകത്തില്‍ ധനലക്ഷ്മി ബാങ്കിന് 22.07 കോടി രൂപയുടെ അറ്റാദായം. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലത്ത് 12.15 കോടി രൂപയായിരുന്നു അറ്റാദായം. ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 47.45 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രണ്ടാം ത്രൈമാസികത്തില്‍ 60 ലക്ഷം രൂപയുടെ നഷ്ടത്തിലായിരുന്നു.

🌀മോദി സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന ഗോള്‍ഡ് ആംനെസ്റ്റി സ്‌കീം പ്രകാരം നിലവിലുളള ഗോള്‍ഡ് ബോണ്ട് സ്‌കീം നവീകരിക്കും. ഗോള്‍ഡ് ബോണ്ടുകളില്‍ നിക്ഷേപിക്കുകയും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ വിപണി മൂല്യത്തില്‍ സ്വര്‍ണം വീണ്ടെടുക്കുകയും ചെയ്യുന്നതാണ് സോവറിന്‍ ബോണ്ട് സ്‌കീം. 

🌀വാട്‌സാപ്പ് ഉപയോക്താക്കള്‍ക്ക് ഇനി ഒരു അക്കൗണ്ട് ഒന്നിലധികം ഉപകരണങ്ങളില്‍ ഒരേസമയം ഉപയോഗിക്കാന്‍ സാധിക്കും. ഇതിനായുള്ള സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് കമ്പനി. നിലവില്‍  മറ്റൊന്നില്‍ ലോഗിന്‍ ചെയ്താല്‍ പഴയതില്‍ നിന്ന് താനെ ലോഗ് ഔട്ട് ചെയ്യപ്പെടും. കൂടാതെ മറ്റ് നിരവധി പുതിയ ഫീച്ചറുകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. മ്യൂട്ടഡ് സ്റ്റാറ്റസ് ഹൈഡ് ചെയ്യുക, സ്പ്ലാഷ് സ്‌ക്രീന്‍, ആപ്പ് ബാഡ്ജ് തുടങ്ങിയവ ഇക്കൂട്ടത്തിലുണ്ട്.

🌀സുകുമാര്‍ സംവിധാനം ചെയ്യുന്ന അല്ലു അര്‍ജുന്‍ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ് വിജയ് സേതുപതി. 'എഎ20' എന്ന് പേരിട്ട ചിത്രത്തില്‍ അഭിനയിക്കാനായി 1.5 കോടിയാണ് പ്രതിഫലത്തുകയായ് സേതുപതി ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

🌀നാഗേഷ് കുകുനൂര്‍ ഒരുക്കുന്ന 'ഗുഡ് ലക്ക് സഖി' എന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ്ഷാര്‍പ് ഷൂട്ടറായി എത്തുന്നു. കീര്‍ത്തിയുടെ ലുക്ക് പോസ്റ്റര്‍ സംവിധായകന്‍ പുറത്തുവിട്ടു. ചെറിയൊരു ഗ്രാമത്തില്‍ നിന്നുള്ള ഷാര്‍പ് ഷൂട്ടറായ പെണ്‍കുട്ടി നല്ല ആളുകളുടെ സഹായത്തോടെ നേട്ടം കൊയ്യുന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കം. 

🌀ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിന്റെ പുതിയ എസ്‌യുവി നവംബര്‍ 17-ന് പുറത്തിറങ്ങും. ഫോര്‍ഡിന്റെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് മോഡലാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. മസ്താങിനെ ഓര്‍മ്മപ്പെടുത്തുന്ന ചില ബോഡി ഡിസൈന്‍ ഇലക്ട്രിക് എസ്.യു.വിയെ വ്യത്യസ്തമാക്കും.

🌀ജാല്‍ പയ്ക്ക് ഈ ലോകത്ത് ഏറ്റവുമധികം സ്‌നേഹമുള്ളത് ആഭരണങ്ങളോടാണ് . കുഞ്ഞായിരിക്കുമ്പോള്‍ തന്നെ അവള്‍ക്ക് കളിപ്പാട്ടങ്ങള്‍ക്ക് പകരം കിട്ടിയത് ആഭരണങ്ങളാണ്. 'ഗബന്‍'. പ്രേംചന്ദ്. പുനരാഖ്യാനം - എം. കുമാരന്‍. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 50 രൂപ.

🌀ദിവസവും ഓരോ വെണ്ണപ്പഴം (അവക്കാഡോ) കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനം. പെന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ധമനികളില്‍ കട്ടപിടിക്കുകയും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുമെന്നും പഠനത്തില്‍ പറയുന്നു. അഞ്ച് ആഴ്ച തുടര്‍ച്ചയായി  വെണ്ണപ്പഴം കഴിച്ചവരില്‍ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയും. വെണ്ണപ്പഴത്തില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍, കരോട്ടിനോയിഡുകള്‍ അടങ്ങിയിരിക്കുന്നതില്‍ കണ്ണിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്.  വെണ്ണപ്പഴത്തില്‍ നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു. ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാനും നിരവധി രോഗങ്ങളെ തടയാനും വെണ്ണപ്പഴത്തിനു കഴിവുണ്ട്. 100 ഗ്രാം വെണ്ണപ്പഴത്തില്‍ 7 ഗ്രാം നാരുകള്‍ അടങ്ങിയിട്ടുണ്ട്.

*ജീവിതപാഠം*
കവിത കണ്ണൻ

എന്തും നന്നായി ആരംഭിച്ചാൽ നന്നായി പര്യവസാനിക്കും എന്നാണ് വിശ്വാസം.  പ്ലേറ്റൊ യുടെ റിപ്പബ്ലിക്കിൽ പറയുന്നു 'ഒരു പ്രവർത്തിയുടെ ഏറ്റവും പ്രധാനപെട്ട ഭാഗം അതിന്റെ ആരംഭമാണ് '. ഒന്നോർത്താൽ ഇത് ശരിയല്ലേ.  കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ്‌ നേടിയ ശിഷ്യൻ തന്റെ ബ്ലാക്ക് ബെൽറ്റ്‌ സ്വീകരിക്കാനായി ഗുരുവിന്റെ അടുക്കൽ ചെന്നപ്പോൾ ഗുരു പറഞ്ഞു : " നീ ഈ ബ്ലാക്ക് ബെൽറ്റ്‌ കരസ്ഥമാക്കാനുള്ള ആയോധനകല പരീക്ഷയിൽ ജയിച്ചു.  എന്നാൽ ഇനി ഒരു പരീക്ഷയിൽ കൂടി വിജയിച്ചാലേ നിനക്ക് ബെൽറ്റ്‌ സ്വന്തമാക്കാൻ സാധിക്കൂ ".  എന്ത് പരീക്ഷയാണ് ഗുരോ : ശിഷ്യൻ ചോദിച്ചു.  ഗുരു ചോദിച്ചു : ഈ ബ്ലാക്ക് ബെൽറ്റ്‌ നേടുന്നതിന്റെ അർത്ഥം എന്താണെന്നാണ് നീ മനസ്സിലാക്കിയിരിക്കുന്നത്? " ഇത്രയും നാളത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ ബ്ലാക്ക് ബെൽറ്റ്‌ " - ശിഷ്യൻ പറഞ്ഞു.  "അല്ല ! പോയി അടുത്ത വർഷം തിരിച്ചു വരൂ ".  വീണ്ടും ഗുരുവിന്റെ മുന്നിലെത്തിയ ശിഷ്യൻ പറഞ്ഞു : "എന്റെ ഗുരുത്വത്തിനു അർഹതപ്പെട്ട സമ്മാനമാണ് ഈ ബെൽറ്റ്‌ ".  വീണ്ടും ഉത്തരം തെറ്റാണെന്നു പറഞ്ഞു ശിഷ്യനെ മടക്കി അയച്ചു.  അടുത്ത വർഷം തിരിച്ചെത്തിയ ശിഷ്യനോട്‌ അതെ ചോദ്യം ഗുരു വീണ്ടും ചോദിച്ചു. " ഈ ബ്ലാക്ക് ബെൽറ്റ്‌ എനിക്ക് ഒരു പുതിയ ആരംഭമാണ്.  ഉത്തരവാദിത്വത്തിന്റെയും കൃത്യനിഷ്ഠയുടെയും പുതിയ മാനങ്ങൾ സൃഷ്ടിച്ചുകൊണ്ടുള്ള ഒരു പുതിയ ആരംഭം ".   ഗുരു മറുത്തൊന്നും പറയാതെ ബ്ലാക്ക് ബെൽറ്റ്‌ നൽകി.   തോൽവിയെ അഭിമുഖീകരിച്ച ശേഷം വീണ്ടും ആരംഭിക്കാനുള്ള ധൈര്യം അതാണ് വിജയികളെ വേറിട്ടു നിർത്തുന്നത്.  ചെറിയ നേട്ടങ്ങൾ കൊണ്ട് തൃപ്തിപ്പെടാതെ, ആ നേട്ടം പുതിയ ബ്രഹത്തായ ലക്ഷ്യത്തിലേക്കുള്ള ആരംഭമായികാണാൻ  സാധിക്കട്ടെ - ശുഭദിനം

🌀➖🌀➖🌀➖🌀➖🌀

Post a comment

Whatsapp Button works on Mobile Device only