11 October 2019

പ്രഭാത വാർത്തകൾ 2019 ഒക്‌ടോബർ 11 1195 കന്നി 25 വെള്ളിയാഴ്ച (പൂരുരുട്ടാതി നാൾ)(വിഷൻ ന്യൂസ്‌ 11/10/2019)
(VISION NEWS 11 October 2019)


  

🌀രാജ്യത്തെ 150 ട്രെയിനുകളും 50 റെയില്‍വേ സ്റ്റേഷനുകളും സ്വകാര്യ കമ്പനികള്‍ക്കു കൈമാറും. നടപടികള്‍ക്കു രൂപംകൊടുക്കാന്‍ നീതി ആയോഗ് അധ്യക്ഷന്‍ അമിതാഭ് കാന്ത്, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ യാദവിന് കത്തെഴുതി. സമിതിയില്‍ അമിതാഭ് കാന്ത്, വി.കെ യാദവ് എന്നിവരും സാമ്പത്തികകാര്യ, ഹൗസിംഗ്, നഗരകാര്യ സെക്രട്ടറിമാരും അംഗങ്ങളാകും. 

🌀അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനു ഭൂമി വിട്ടുകൊടുക്കാമെന്നു ഇന്ത്യന്‍ മുസ്ലിം ഫോര്‍ പീസ് എന്ന സംഘടന സുപ്രീം കോടതിയില്‍. അയോധ്യ ഭൂമി തര്‍ക്കക്കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍ക്കാമെന്നും അറിയിച്ചു. കേസില്‍ തങ്ങള്‍ക്ക് അനുകൂലമായി വിധിച്ചാല്‍ പോലും രാജ്യത്തെ സ്ഥിതിയനുസരിച്ച് അതു നടപ്പാക്കാനാവില്ലെന്നും സമാധാനത്തിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും അവര്‍ അറിയിച്ചു. 

🌀പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗും തമ്മിലുള്ള ഉച്ചകോടി ചെന്നൈക്കടുത്ത മഹാബലിപുരത്ത് ഇന്നും നാളേയും. ഇന്ത്യയും ചൈനയുമുള്‍പ്പെടെ 15 രാജ്യങ്ങള്‍ പങ്കാളികളായ ആര്‍.സി.ഇ.പി. സ്വതന്ത്രവ്യാപാരക്കരാര്‍ ചര്‍ച്ച ബാങ്കോക്കില്‍ തുടങ്ങിയിരിക്കേയാണ് കൂടിക്കാഴ്ച. ചൈനയില്‍നിന്നുള്ള ഇറക്കുമതി കൂട്ടാനുള്ള സമ്മര്‍ദത്തിന് അതിര്‍ത്തി വിഷയങ്ങളും ചര്‍ച്ചയാക്കിയേക്കാമെന്ന് ആശങ്ക.

🌀മുത്തൂറ്റ് ഫിനാന്‍സിലെ ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പായി. വേതനം വര്‍ദ്ധിപ്പിക്കും. ഇന്നു മുതല്‍ എല്ലാ ശാഖകളും തുറക്കും. 41 പേരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കും. ഹൈക്കോടതി നിയോഗിച്ച നിരീക്ഷകന്റെ സാന്നിദ്ധ്യത്തിലായിരുന്നു ചര്‍ച്ച.

🌀മരടിലെ ഫ്‌ളാറ്റുടമകള്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കാനുള്ള സമയപരിധി നീട്ടി. നഗരസഭയില്‍ ഉടമസ്ഥാവകാശ രേഖയില്ലെങ്കിലും വില്‍പന കരാര്‍ ഹാജരാക്കുന്നവര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്ന് ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റി. 135 ഫ്‌ളാറ്റുടമകള്‍ ഉടമസ്ഥാവകാശ രേഖയും 106 പേര്‍ വില്‍പന കരാറും ഹാജരാക്കിയിരുന്നു. 54 ഫ്‌ളാറ്റുകള്‍ നിര്‍മ്മാതാക്കളുടെ പേരില്‍ തന്നെയാണ്.

🌀ജോളി ആദ്യ ഭര്‍ത്താവ് റോയിയെ കൊലപ്പെടുത്താന്‍ നാലു കാരണങ്ങളുണ്ടെന്നു പോലീസ്. അമിതമായ മദ്യപാനം, ജോളിയുടെ പരപുരുഷബന്ധത്തെ എതിര്‍ത്തത്, അന്ധവിശ്വാസം, കൂടാതെ സ്ഥിരവരുമാനമുള്ള ആളെ വിവാഹം കഴിക്കാനുള്ള ആഗ്രഹം ഇവയാണ് കാരണങ്ങളായി കസ്റ്റഡി അപേക്ഷയില്‍ പോലീസ് പറഞ്ഞിരിക്കുന്നത്.

🌀കൂടത്തായിയിലെ മരണങ്ങള്‍ ആത്മഹത്യകളാണെന്ന് ജോളിക്കുവേണ്ടി കോടതിയില്‍ ഹാജരാകുന്ന അഡ്വ. ബി.എ. ആളൂര്‍. സയനൈഡ് സ്വയം കഴിച്ചതാണോ പ്രതി കഴിപ്പിച്ചതാണോയെന്ന് തെളിയിക്കപ്പെടേണ്ട കാര്യമാണ്. സാഹചര്യത്തെളിവുകള്‍ മാത്രം കൂട്ടിയിണക്കിയാല്‍ തെളിവാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

🌀കാസര്‍കോട് കളക്ടറേറ്റിലെ താത്ക്കാലിക ജീവനക്കാരിയെ കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് ചാക്കില്‍ കല്ലിനൊപ്പം കെട്ടി പുഴയിലിട്ടെന്നു ഭര്‍ത്താവ്. കാസര്‍കോട് പന്നിപ്പാറയിലെ പ്രമീളയെ കൊന്ന് ദേശീയ പാതയിലെ തെക്കില്‍ പാലത്തില്‍നിന്നു പുഴയിലേക്കിട്ടെന്നാണ് ഭര്‍ത്താവ് സെല്‍ജോ പൊലീസിനു മൊഴി നല്‍കിയത്. കഴിഞ്ഞ മാസം ഇരുപതിനാണ് പ്രമീളയെ കാണാനില്ലെന്ന് സെല്‍ജോ പൊലീസില്‍ പരാതി നല്‍കിയത്. ചോദ്യം ചെയ്തപ്പോഴാണ് കൊലപ്പെടുത്തിയെന്ന വിവരം പുറത്തുവന്നത്. 

🌀അപകടം നടന്നപ്പോള്‍ കാര്‍ ഓടിച്ചിരുന്നത് താനല്ലെന്നു ശ്രീറാം വെങ്കിട്ടരാമന്‍ പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നു വഫ ഫിറോസ്. അപകടത്തിന് ആറോ ഏഴോ ദൃക്‌സാക്ഷികളുണ്ടായിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ടുമുണ്ട്. നാളെ തനിക്ക് എന്തു സംഭവിക്കുമെന്ന് അറിയില്ല. അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തും ചെയ്യാമെന്നും വഫ. 

🌀കര്‍ണാടകയില്‍ മുന്‍ ഉപമുഖ്യമന്ത്രി ജി. പരമേശ്വര അടക്കം കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ ആദായ നികുതി റെയ്ഡ്. പരമേശ്വരയുടെ വീട്ടിലും അദ്ദേഹത്തിന്റെ മെഡിക്കല്‍ കോളജിലും അടക്കം മുപ്പതു കേന്ദ്രങ്ങളിലാണു റെയ്ഡ്. മുന്‍ കേന്ദ്രമന്ത്രി ആര്‍ എല്‍ ജ്വാലപ്പയുടെ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ കോളജിലും നിരവധി കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു.

🌀ഔഷധ നിര്‍മാണ കമ്പനിയായ റാന്‍ബാക്സിയുടെ മുന്‍ ഉടമകളിലൊരാളായ ശിവിന്ദര്‍ സിംഗ് അറസ്റ്റില്‍. 740 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലാണ് അറസ്റ്റ്. കേസില്‍ പ്രതിയായ സഹോദരന്‍ മല്‍വിന്ദര്‍ സിംഗിനെയും എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കുന്നുണ്ട്.

🌀ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ നടക്കുന്ന കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനു കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. സംഘാടകരുടെ നിര്‍ബന്ധംമൂലം കേജരിവാള്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉച്ചകോടിയെ അഭിസംബോധന ചെയ്യും. 

🌀സര്‍ക്കാര്‍ വാഹനത്തില്‍ ബ്യൂട്ടി പാര്‍ലറില്‍ പോയ ഹിമാചല്‍ പ്രദേശിലെ ബിജെപി മന്ത്രി ഗോവിന്ദ് സിംഗ് ഠാക്കൂറിന്റെ ഭാര്യ രജനി ഠാക്കൂറിന്റെ രണ്ടരലക്ഷം രൂപ മോഷണംപോയി. സര്‍ക്കാര്‍ വാഹനത്തില്‍നിന്നു പണം നഷ്ടപ്പെട്ടന്നെു പോലീസില്‍ പരാതിപ്പെട്ടതോടെ സംഭവം വിവാദമായി. വന്‍തുക കൊണ്ടുനടന്നതിനും സര്‍ക്കാര്‍ വാഹനം ദുരുപയോഗിച്ചതിനും എതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ച.  

🌀പശുക്കടത്തുകാരെന്നു സംശയിച്ച് വാഹനം പിന്തുടര്‍ന്ന ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കു നേരെ വാഹനത്തിലുള്ളവരുടെ വെടിവയ്പ്. വെടിയേറ്റ് ഒരാള്‍ക്കു ഗുരുതരമായി പരിക്കേറ്റു. ഡല്‍ഹിക്കു സമീപം ഗുരുഗ്രാമിലാണ് സംഭവം.

🌀റെയില്‍വേയിലെ 35,000 ഒഴിവുകളിലേക്ക് അപേക്ഷിച്ചു കാത്തിരിക്കുന്നത് 1.26 കോടി തൊഴിലന്വേഷകര്‍. സ്റ്റേഷന്‍ മാസ്റ്റര്‍, ഗുഡ്സ് ഗാര്‍ഡ് തുടങ്ങിയ തസ്തികകളിലേക്കുള്ളവരെ തെരഞ്ഞെടുക്കാനുള്ള എഴുത്തു പരീക്ഷ സ്വകാര്യ ഏജന്‍സിക്കു വിട്ടുകൊടുക്കാനാണു റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ നീക്കം. ഇതുമൂലമാണു നടപടിക്രമങ്ങളെല്ലാം മാസങ്ങളായി വൈകുന്നത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ നടത്തുമെന്നു പ്രഖ്യാപിച്ചിരുന്ന പരീക്ഷകളാണ് അനിശ്ചിതമായി നീളുന്നത്.  

🌀ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍ നാഥുറാം രാജാണെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. അനധികൃത മണല്‍ ഖനനം ആരോപിച്ച് പോലീസ് ഏറ്റുമുട്ടലില്‍ കൊന്ന പുഷ്പേന്ദ്ര യാദവിന്റെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷമാണ് ഇങ്ങനെ പ്രതികരിച്ചത്. പോലീസ് ഉദ്യോഗസ്ഥനു കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചതിനാലാണ് വ്യാജ ഏറ്റുമുട്ടല്‍ നടത്തി പുഷ്‌പേന്ദ്രനെ കൊന്നതെന്ന് ബന്ധുക്കള്‍.

🌀എയര്‍സെല്‍ മാക്‌സിസ് കേസില്‍ മുന്‍ധനമന്ത്രി പി ചിദംബരത്തിന് ഡല്‍ഹിയിലെ റോസ് അവന്യൂ പ്രത്യേക കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഈ ഉത്തരവു ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേറ്റ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. 

🌀പശ്ചിമബംഗാളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെയും ഗര്‍ഭിണിയായ ഭാര്യയെയും ആറുവയസുകാരനായ മകനും കൊല്ലപ്പെട്ടു. മുര്‍ഷിദാബാദ് ജില്ലയിലെ കുനൈഗഞ്ചില്‍ അധ്യാപകനായ പ്രകാശ് പാല്‍ (35), ഭാര്യ ബ്യൂട്ടി പാല്‍ (28), മകന്‍ അംഗന്‍ പാല്‍ (6) എന്നിവരാണ് കൊല്ലപ്പെട്ടത്. പോലീസ് ബന്ധുക്കളെയും സമീപവാസികളെയും ചോദ്യംചെയ്തു.

🌀ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി. നദ്ദയ്ക്ക് ഇസെഡ് കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. 35 സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിക്കും. 

🌀പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ദേശീയ സുരക്ഷ ശക്തിപ്പെടുത്തിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രക്തസാക്ഷിത്വം വഹിച്ച ഓരോ സൈനികന്റെയും ജീവന് പകരം പത്ത് ശത്രുക്കളുടെ ജീവനെടുക്കാന്‍ നമുക്കാവുമെന്ന് ഇപ്പോള്‍ ലോകത്തിനറിയാം. മഹാരാഷ്ട്രയിലെ സംഗ്ലിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

🌀സാഹിത്യ നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2018 ലെ പുരസ്‌കാരത്തിന് പോളിഷ് എഴുത്തുകാരി ഓള്‍ഗ ടോകാര്‍ചുക്കും 2019 ലെ പുരസ്‌കാരത്തിന് ഓസ്ട്രിയന്‍ എഴുത്തുകാരന്‍ പീറ്റര്‍ ഹന്‍ഡ്കെയും അര്‍ഹരായി. ലൈംഗികാരോപണങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചിരുന്നില്ല. 

🌀ഫ്രാന്‍സിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിനു പുറത്ത് ജപ്പാന്‍കാരന്റെ ആറു കോടി രൂപ വിലവരുന്ന റിച്ചാര്‍ഡ് മില്‍ വാച്ച് മോഷ്ടിക്കപ്പെട്ടു. സിഗരറ്റു വലിക്കാനായി ഹോട്ടലിനു പുറത്തിറങ്ങിയ ജപ്പാന്‍കാരനോടു സിഗരറ്റ് ചോദിച്ച് അരികിലെത്തിയയാളാണ് കൈയ്യിലെ വാച്ച് തട്ടിപ്പറിച്ചെടുത്ത് കടന്നുകളഞ്ഞത്. രത്നങ്ങള്‍ പതിപ്പിച്ച അപൂര്‍വമായ വാച്ചായിരുന്നു ഇത്. 

🌀ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. അര്‍ധ സെഞ്ചുറിയുമായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും (63) അജിങ്ക്യ രാഹാനെയുമാണ് (18) ക്രീസില്‍. തുടർച്ചയായി രണ്ടാം സെഞ്ച്വറി നേടിയ മായങ്ക്‌ അഗർവാളിന്റെ 108 റൺസും ചേതേശ്വർ പൂജാരയുടെ 58 റൺസുമാണ്‌ ഇന്ത്യക്ക്‌ മികച്ച തുടക്കം സമ്മാനിച്ചത്‌.  കാഗിസോ റബാദയാണ് ഇന്ത്യയുടെ മൂന്നു വിക്കറ്റും വീഴ്ത്തിയത്. 

🌀ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ ഉറപ്പിച്ച് ഇന്ത്യയുടെ മഞ്ജു റാണിയും. 48 കിലോഗ്രാം വിഭാഗത്തില്‍ മഞ്ജു സെമിഫൈനലിലെത്തി. ക്വാര്‍ട്ടറില്‍ ഉത്തരകൊറിയയുടെ കിം ഹ്യാംഗ് മിയെ അട്ടിമറിച്ചു. 

🌀ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മുന്നേറ്റവുമായി റെയില്‍വേയ്‌സ്. ആദ്യദിനമായ ഇന്നലെ നടന്ന അഞ്ചു ഫൈനലുകളില്‍ മൂന്നിലും റെയില്‍വേ താരങ്ങള്‍ സ്വര്‍ണം നേടി. വനിതകളുടെ ആയിരം മീറ്ററില്‍ എല്‍. സൂര്യ സ്വര്‍ണം നേടി. 

🌀സൗഹൃദ മത്സരത്തില്‍ ബ്രസീലിനെ ഓരോ ഗോള്‍ വീതമുള്ള സമനിലയില്‍ തളച്ച് സെനഗല്‍. നെയ്മര്‍, റോബര്‍ട്ടോ ഫിര്‍മിനോ, ഫിലിപ്പെ കുടീഞ്ഞ്യോ, ഗബ്രിയേല്‍ ജീസസ്, ഡാനി ആല്‍വസ് എന്നിവര്‍ അണിനിരന്ന കരുത്തരായ ബ്രസീല്‍ നിരയെയാണ് സെനഗല്‍ സമനിലയില്‍ പിടിച്ചത്.

🌀ഇന്ത്യയുടെ 2019- 20 വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് പ്രവചനത്തില്‍ മാറ്റം വരുത്തി മൂഡീസ്. നേരത്തെ 6.2 ശതമാനമായിരിക്കും ഇന്ത്യയുടെ വളര്‍ച്ചാ നിരക്കെന്നാണ് മൂഡീസ് പ്രവചിച്ചിരുന്നത്. ഇപ്പോഴത് മൂഡിസ് 5.8 ശതമാനത്തിലേക്ക് മൂഡീസ് കുറച്ചു. നിക്ഷേപത്തിലുണ്ടായ കുറവിനെ തുടര്‍ന്നുണ്ടായ വളര്‍ച്ചാ മുരടിപ്പ്, ഉപഭോഗത്തിലുണ്ടായ ഇടിവ് എന്നിവയാണ് പ്രതീക്ഷാ വളര്‍ച്ചാ നിരക്ക് കുറയ്ക്കാനുണ്ടായ കാരണങ്ങളായി മൂഡീസ് പറയുന്നത്. 

🌀ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 76,600 കോടി രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളി. 220 പേരുടെ വായ്പകളാണ് ഇത്തരത്തില്‍ എഴുതിത്തള്ളിയത്. 100 കോടി രൂപയില്‍ കൂടുതല്‍ കുടിശ്ശിക വരുത്തിയ വായ്പകളാണ് ഇവ ഓരോന്നും. 2019 മാര്‍ച്ച് 31 വരെ 37,700 കോടി രൂപയുടെ വായ്പകളെ തിരിച്ചുപിടിക്കാനാകാത്തവയായി എസ്ബിഐ പ്രഖ്യാപിച്ചു. 

🌀ഒരു അഡാറ് ലവിനു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ധമാക്കയുടെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഒരു കളര്‍ഫുള്‍ ബാക്ക് ടു ബാക്ക് കോമഡി ചിത്രമാണ് ധമാക്കയെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. ചിത്രം നവംബര്‍ 15 ന് തിയേറ്ററുകളിലെത്തും.

🌀രമേശ് അമാനത്ത് സംവിധാനം ചെയ്ത ചൂളം എന്ന ചിത്രം ഈ മാസം 18 -ന് പ്രദര്‍ശനത്തിനെത്തും. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സംവിധായകന്‍ എം.എ നിഷാദാണ്. ചിത്രത്തില്‍ കണ്ണന്‍ നായര്‍ എന്ന പൊലീസ് കഥാപാത്രത്തെയാണ് നിഷാദ് അവതരിപ്പിക്കുക. നാല് സംവിധായകര്‍ ചെയ്ത 'ലെസ്സന്‍സ്' എന്ന് നാമകരണം ചെയ്ത ആന്തോളജി സിനിമയിലെ ചിത്രമാണ് 'ചൂളം'. 

🌀ഒറ്റത്തവണ ചാര്‍ജ്ജ് ചെയ്താല്‍ 213 കിലോമീറ്റര്‍ വരെ ഓടാവുന്ന ടിഗോര്‍ ഇലക്ട്രിക്ക് പതിപ്പുമായി ടാറ്റ മോട്ടോഴ്‌സ്. 9.44 ലക്ഷം രൂപയിലാണ് മൂന്ന് വകഭേദങ്ങളിലായെത്തുന്ന വാഹനത്തിന്റെ ഷോറൂം വില തുടങ്ങുന്നത്. ബ്ലാക്ക്- ഗ്രേ നിറങ്ങളിലാണ് ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. 

🌀മലയാളത്തിലെ സ്ത്രീ ആത്മകഥയെഴുത്തിന്റെ ചരിത്രവും രേഖപ്പെടുത്താതെപോയ സാമൂഹിക ചരിത്രവും വിശകലനവും ചെയ്യുന്ന കൃതി. 'സ്ത്രീ ആത്മകഥ ജീവിതം എഴുത്ത് ചരിത്രം'. ഡോ. രമാദേവി പി. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്. വില 161 രൂപ.

🌀ദിവസത്തില്‍ കുറവ് സിഗരറ്റ് വലിക്കുന്നവരും രണ്ട് പാക്കറ്റ് വലിക്കുന്നവരുമെല്ലാം ഒരുപോലെ രോഗസാധ്യതയിലും അപകടസാധ്യതയിലുമാണെന്ന് കണ്ടെത്തല്‍. കൊളംബിയ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒരുകൂട്ടം ഡോക്ടര്‍മാരാണ് ഈ പഠനത്തിന് പിന്നില്‍. 25,000 പേരെ പങ്കെടുപ്പിച്ചാണ് ഇവര്‍ പഠനം നടത്തിയത്. കുറവ് എണ്ണം മാത്രം വലിച്ചത് കൊണ്ട് ശ്വാസകോശവുമായി ബന്ധപ്പെട്ട് പിടിപെടുന്ന അസുഖങ്ങളില്‍ നിന്ന് ആരും രക്ഷ നേടില്ലെന്നും, ഓരോ വ്യക്തിയുടേയും പൊതുവിലുള്ള ആരോഗ്യാവസ്ഥ, ലിംഗവ്യത്യാസം, പ്രായം എന്നിങ്ങനെയുള്ള ഘടകങ്ങളേ ഇതില്‍ സ്വാധീനം ചെലുത്തുന്നുള്ളൂവെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. ഇനി, സിഗരറ്റ് വലി പൂര്‍ണ്ണമായും ഉപേക്ഷിച്ചവരുടെ കാര്യത്തില്‍ അവര്‍ വലി തുടങ്ങുന്നതിന് മുമ്പുള്ള ആരോഗ്യാവസ്ഥയിലേക്ക് അത്ര പെട്ടെന്നൊന്നും എത്തുന്നില്ലെന്നും പഠനം നിരീക്ഷിക്കുന്നു. പത്തും മുപ്പതും വര്‍ഷം വരെ ഇതിന് സമയമെടുക്കുമത്രേ. ചിലര്‍ക്ക് ഒരിക്കലും പഴയ ആരോഗ്യത്തിലേക്ക് മടങ്ങിവരാന്‍ സാധിക്കില്ല. അത്രമാത്രം അപകടം പിടിച്ച ഒന്നാണ് പുകവലിയെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.

ജീവിതപാഠം
കവിത കണ്ണൻ

ദിവസവും 25 രൂപമാത്രം വരുമാനമുള്ള ആ വീട്ടില്‍ വിക്കി അടക്കം 7 മക്കളെ പോറ്റാന്‍ ആ അച്ഛനും അമ്മയും നന്നേ കഷ്ടപ്പെട്ടു.  അങ്ങനെയാണ് അവര്‍ വിക്കിയെ മുത്തച്ഛന്റെയും മുത്തശ്ശിയുടേയും അടുത്താക്കിയത്.  പക്ഷെ, ചെറിയ തെറ്റുകള്‍ക്കുപോലും വലിയ ശിക്ഷകളായിരുന്നു വിക്കിക്ക് അവിടെനിന്നും അനുഭവിക്കേണ്ടിവന്നത്.  ഒരു ദിവസം അവന്‍ ആ വീട്ടില്‍ നിന്നും ഡല്‍ഹിയിലേക്ക് ഒളിച്ചോടി.  തിരക്കേറിയ ഡല്‍ഹി റെയില്‍വേസ്‌റ്റേഷനില്‍ ആ 11 വയസ്സുകാരന്‍ കരഞ്ഞ കണ്ണുകളോടെ നിന്നു.  ആദ്യം ആക്രി പെറുക്കുന്ന ഒരു സംഘത്തോടൊപ്പമാണ് അവന്‍ തന്റെ ഡല്‍ഹി ജീവിതം ആരംഭിച്ചത്.  ആക്രി സംഘത്തോടൊപ്പം താന്‍ സുരക്ഷിതനല്ലെന്ന് തിരിച്ചറിഞ്ഞ വിക്കി ഒരു ഹോട്ടലില്‍ പാത്രം കഴുകുന്ന ജോലിക്ക് കയറി.  അവിടെ വെച്ച് പരിചയപ്പെട്ട സഞ്ജയ് ശ്രീവാസ്തവ എന്നയാള്‍ വിക്കിയെ ബാലക് ട്രസ്റ്റ് എന്ന ഒരു NGO യില്‍ എത്തിച്ചു.  അവര്‍ അവനെ അവിടെ താമസിപ്പിക്കുകയും സ്‌ക്കൂളില്‍ ചേര്‍ക്കുകയും ചെയ്തു.  10 ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഫോട്ടോഗ്രാഫിയില്‍ അവന് ഒരിഷ്ടം തോന്നുന്നത്. ഈ ഇഷ്ടം തിരിച്ചറിഞ്ഞ് ട്രസ്റ്റ് അവന് ഒരു ക്യാമറയും പ്രതിമാസം 3 റോള്‍ ഫിലിമും നല്‍കി. ഒപ്പം ട്രസ്റ്റ് തന്നെ അവനെ ഫോട്ടോഗ്രാഫി പഠിക്കാനയച്ചു.  18 വയസ്സായപ്പോഴേക്കും അനയ് മാന്‍ എന്നൊരു ഫോട്ടോഗ്രാഫറുടെ അപ്രന്റീസായി അവന്‍ ജോലിയില്‍ പ്രവേശിച്ചു.  മികച്ച ക്യാമറ വാങ്ങാന്‍ കാറ്ററിങ്ങ് പോലുള്ള അധിക ജോലികളും അവന്‍ ചെയ്തു.  2007 ല്‍ വിക്കിയുടെ സ്ട്രീ ഡ്രീം എന്ന ആദ്യ സോളോ എക്‌സിബിഷന്‍ ലോക ശ്രദ്ധ പിടിച്ചുപറ്റി.  UK, US, സിംഗപ്പൂര്‍, ജര്‍മ്മനി, ശ്രീലങ്ക, റക്ഷ്യ, ബഹറൈന്‍ എന്നിങ്ങനെ നിരവധി രാജ്യങ്ങളില്‍ വിക്കിയുടെ ഫോട്ടോപ്രദര്‍ശനം അവതരിപ്പിക്കപ്പെട്ടു.  2014 ല്‍ മസാച്ചുസൈറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മീഡിയയുടെ ഫെല്ലോഷിപ്പ് തേടിയെത്തി.  ഫോബ്‌സ് ലിസ്റ്റിലും വോഗ് ഇന്ത്യ ലിസ്‌ററിലും എഡ്വേര്‍ഡ് രാജകുമാരന്റെ അതിഥിയായി ബക്കിംങ്ഹാം പാലസിലും വരെ വിക്കി റോയ് എത്തി.  തനിക്ക് ജീവിതം നല്‍കിയ കഷ്ടപ്പാടുകളാണ് എന്നും തന്റെ ഫ്രെയിമുകളെ വേറിട്ടതാക്കി മാറ്റിയതെന്ന് വിക്കി റോയ് പറയുന്നു.  ചില ജീവിതങ്ങള്‍ അങ്ങിനെയാണ്, സിനിമയെ വെല്ലുന്ന കഥകള്‍ നിറഞ്ഞത്.  ഇത്തരം കഥകൾ നമുക്കും പ്രോചോദനങ്ങളാണ്.  അനുഭവിച്ചുകൊണ്ടിരിക്കുന്ന ഇരുട്ടുനിറഞ്ഞ കാലത്തിനപ്പുറം ഒരു വെളിച്ചമുണ്ടെന്നും, കഷ്ടപ്പാടുകള്‍ നിറഞ്ഞ ഈ കയറ്റങ്ങള്‍ക്കപ്പുറം ഒരു ഇറക്കമുണ്ടാകുമെന്നും പ്രതീക്ഷകള്‍ നല്‍കുന്ന പ്രചോദകകഥകള്‍ - ശുഭദിനം  

🌀➖🌀➖🌀➖🌀➖🌀

Post a comment

Whatsapp Button works on Mobile Device only