13 October 2019

പ്രഭാത വാർത്തകൾ 2019 ഒക്‌ടോബർ 13 1195 കന്നി 27 ഞായറാഴ്ച (ഉത്രട്ടാതി നാൾ)(വിഷൻ ന്യൂസ്‌ 13/10/2019)
(VISION NEWS 13 October 2019)


🌀ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണത്തിന്റെ പുതിയ അദ്ധ്യായം ചെന്നൈ ഉച്ചകോടിയില്‍ തുറന്നെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാബലിപുരത്ത് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗുമായി നടത്തിയ ഉച്ചകോടിക്കുശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി. വെള്ളിയാഴ്ച മുതല്‍ അഞ്ചര മണിക്കൂറോളമാണ് ഇരുവരും തമ്മില്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയത്.

🌀കുന്നംകുളം തൊഴിയൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുനിലിനെ 25 വര്‍ഷം മുമ്പു വെട്ടിക്കൊന്ന കേസില്‍ പ്രതി പിടിയില്‍. തീവ്രവാദ സംഘടനയായ ജം ഇയ്യത്തുല്‍ ഇഹ്‌സാനിയ പ്രവര്‍ത്തകനും ചാവക്കാട് തിരുവത്ര സ്വദേശിയുമായ മൊയ്നുദ്ദീനാണ് പിടിയിലായത്. കേസില്‍ സിപിഎമ്മുകാരായ നാലു പ്രതികളെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച് മൂന്നു വര്‍ഷം ജയിലിലായിരുന്നു. ഹൈക്കോടതി പിന്നീട് ഈ ശിക്ഷ റദ്ദാക്കി പുനരന്വേഷണത്തിന് ഉത്തരവിട്ടു. 1994 ഡിസംബര്‍ നാലിനാണ് സുനിലിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നത്. 

🌀കേരളത്തില്‍നിന്ന് ഒരു വിശുദ്ധകൂടി. സീറോ മലബാര്‍ സഭയിലെ ഹോളി ഫാമിലി സന്യാസിനീ സമൂഹത്തിന്റെ സ്ഥാപക മറിയം ത്രേസ്യയെ ഇന്നു വിശുദ്ധയായി പ്രഖ്യാപിക്കും. വത്തിക്കാനില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 നു നടക്കുന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണു പ്രഖ്യാപനം നടത്തുക. കേരളത്തില്‍നിന്നു വിശുദ്ധ പദവിയിലെത്തുന്ന നാലാമത്തെയാളാണ് സിസ്റ്റര്‍ മറിയം ത്രേസ്യ. 

🌀കൂടത്തായിയില്‍ പുത്തന്‍ കഥകളുമായി പോലീസ്. സയനൈഡില്‍ കൈവിരല്‍ തൊടീപ്പിച്ച് ബ്രെഡ് കഴിപ്പിച്ചാണ് ആല്‍ഫൈന്‍ എന്ന കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നു പുതിയ കഥ. എല്ലാ കൊലപാതകങ്ങളും താന്‍ തന്നെ ചെയ്‌തെന്ന് ജോളി പറഞ്ഞെന്നും ഓരോ കൊലപാതകത്തിന്റേയും ദൃശ്യാവിഷ്‌കാരം കാണിച്ചുതന്നെന്നുമാണു വാര്‍ത്താ ചാനലുകളിലൂടെ പോലീസിന്റെ അവകാശവാദം.  

🌀കൂടത്തായി കൊലപാതക പരമ്പരക്കേസ് എല്‍ഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.  കേസ് സംബന്ധിച്ച് എല്ലാ വിവരങ്ങളും മാസങ്ങള്‍ക്കു മുമ്പേ കൈയിലുണ്ടായിട്ടും ഉപതെരഞ്ഞെടുപ്പ് സമയത്ത് പുറത്തുവിട്ടത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് മുല്ലപ്പള്ളി വാര്‍ത്താക്കുറിപ്പിലൂടെ ആരോപിച്ചു.

🌀മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോള്‍ തേവര പാലത്തിനു മുകളിലൂടെ ഒരു ലോറി കയറിയാലുണ്ടാവുന്ന പ്രകമ്പനത്തിന്റെ പകുതിയേ ഉണ്ടാകൂവെന്ന് പൊളിക്കല്‍ ചുമതലയുള്ള ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍. സമീപവാസികള്‍ക്കെല്ലാമായി 100 കോടി രൂപയുടെ ഇന്‍ഷൂറന്‍സ് പദ്ധതി ഏര്‍പ്പെടുത്തുന്നുണ്ട്. ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ കമ്പനികള്‍ക്ക് അംഗീകാരം നല്‍കാന്‍ ചേര്‍ന്ന മരട് നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് സബ് കളക്ടറുടെ പ്രഖ്യാപനം.

🌀തിരുവനന്തപുരം പൂജപ്പുര പോലീസ് സ്‌റ്റേഷനിലെ രണ്ടു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കരാറുകാരില്‍നിന്ന് കോഴ വാങ്ങിയതിന് മന്മദന്‍, പ്രകാശന്‍ എന്നിവരെയാണു സസ്‌പെന്‍ഡു ചെയ്തത്. 

🌀കോഴിക്കോട് പറമ്പില്‍ ബസാറില്‍ ബിജെപി പ്രവര്‍ത്തകന്‍ പട്ടര്‍പാലം സ്വദേശി കെ.കെ. ഷാജിക്കു വെട്ടേറ്റു. 

🌀തൃണമൂല്‍ കോണ്‍ഗ്രസിനും ബിജെപിയ്ക്കുമെതിരെ ഇടതു പാര്‍ട്ടികളോടു ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കു എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദേശം. 

🌀പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനന്തരവളുടെ പണമടങ്ങിയ ബാഗും മൊബൈല്‍ ഫോണുകളും രണ്ടംഗ സംഘം കവര്‍ന്നു. ന്യൂഡല്‍ഹിയിലെ സിവില്‍ ലൈന്‍സിലാണ് സംഭവം. ദമയന്തി ബെന്‍ മോദിയുടെ ബാഗും മൊബൈല്‍ ഫോണുകളുമാണ് സംഘം കവര്‍ച്ച ചെയതത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം ദമയന്തിയുടെ ബാഗും മൊബൈല്‍ ഫോണുകളും തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു.

🌀സര്‍ക്കാര്‍ ഫണ്ടില്‍നിന്ന് 22 ലക്ഷം രൂപ  തട്ടിയെടുത്ത ഗ്രാമത്തലവന്‍ പിടിയില്‍. ഒഡീഷ കിയോഞ്ജറിലെ പിപിലി ഗ്രാമത്തലവന്‍ ഉപേന്ദ്ര നായ്കിനെയാണ് അറസ്റ്റ് ചെയ്തത്. ഗ്രാമത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് എന്ന വ്യാജേന 22 ലക്ഷം രൂപ തട്ടിയെടുത്തെന്നാണു കേസ്. 

🌀ഒക്ടോബര്‍ രണ്ടിന് മൂന്ന് ജനപ്രിയ സിനിമകള്‍ നേടിയത് 120 കോടി രൂപയാണെന്നും ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധിയില്ലെന്നതിന് ഇതു തെളിവാണെന്നും കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്.  മുംബൈയില്‍ വാര്‍ത്താസമ്മേളനത്തിനിടെ ഉയര്‍ന്ന ചോദ്യത്തിനാണ് ഇങ്ങനെ മറുപടി പറഞ്ഞത്.

🌀കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി. പരമേശ്വരയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ബംഗളൂരു സ്വദേശി രമേഷ്‌കുമാര്‍ ആത്മഹത്യ ചെയ്തു. പരമേശ്വരയുടെ വീട്ടിലും സ്ഥാപനങ്ങളിലും കഴിഞ്ഞ ദിവസം റെയ്ഡ് നടത്തി നാലര കോടി രൂപ പിടിച്ചെടുത്തെന്ന് ആദായനികുതി ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. 

🌀ദുര്‍ഗാപൂജയ്ക്കു കണ്ടുമുട്ടിയ ഫെയ്സ്ബുക്ക് സുഹൃത്തുക്കള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വിവാഹിതരായി. മൂന്നു മാസം മുമ്പാണ് പശ്ചിമ ബംഗാള്‍ സ്വദേശികളായ സുദീപും പ്രിതാമയും ഫെയ്സ്ബുക്ക് സുഹൃത്തുക്കളായത്. ഇരുവരും ഒടുവില്‍ അഷ്ടമി ദിനത്തില്‍ ദുര്‍ഗപൂജ ആഘോഷങ്ങള്‍ നടക്കുന്ന ഇടത്താണ് കണ്ടുമുട്ടി വിവാഹിതരായത്.

🌀കര്‍ത്താര്‍പ്പുര്‍ ഇടനാഴി നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. പഞ്ചാബിലെ ഗുര്‍ദാസ്പുരിലെ ഗുരുനാനാക്ക് ദേരയെ പാക്കിസ്ഥാനിലെ കര്‍ത്താര്‍പ്പൂര്‍ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്നതാണ് കര്‍ത്താര്‍പുര്‍ ഇടനാഴി. ഗുരുദ്വാരയിലേക്കുള്ള ആദ്യ സംഘത്തെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് നയിക്കും. മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗും സംഘത്തിലുണ്ടാവും.

🌀പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍കിന ഫാസോയിലെ മുസ്ലിം പള്ളിയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 16 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

🌀ന്യൂയോര്‍ക്കിലെ ബ്രൂക്ലിനിലുണ്ടായ വെടിവയ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്കു പരിക്കേറ്റു.  

🌀ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കു 326 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 601 നെതിരേ ദക്ഷിണാഫ്രിക്ക 275 റണ്‍സിന് പുറത്തായി.

🌀വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന്റെ മലയാളി താരം സഞ്ജു സാംസണ്‍ ഇരട്ട സെഞ്ചുറിയുമായി ഗോവയെ 104 റണ്‍സിനു തകര്‍ത്തു. കേരളം ഉയര്‍ത്തിയ 378 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗോവ 31 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു. മഴ പെയ്തതോടെ മത്സരം മുടങ്ങി. ഇതോടെ കേരളത്തെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

🌀അട്ടിമറി ജയത്തോടെ ഇന്ത്യയുടെ മഞ്ജു റാണി ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തില്‍ മുന്‍ ലോകചാമ്പ്യന്‍ തായ്ലന്‍ഡിന്റെ ചുതാമത് രക്സാതിനെയാണു മഞ്ജു തോല്‍പിച്ചത്.  

🌀ബംഗ്ലാദേശിനെതിരായ ലോക കപ്പ് യോഗ്യതാ മല്‍സരത്തിനുള്ള 23 അംഗ ഇന്ത്യന്‍ ടീമില്‍ മൂന്നു മലയാളികള്‍. സഹല്‍ അബ്ദുള്‍ സമദ്, ആഷിഖ് കുരുണിയന്‍, അനസ് എടത്തൊടിക എന്നിവരാണു ടീമിലുള്ളത്. ചൊവ്വാഴ്ചയാണ് മല്‍സരം. 

🌀ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ, വനിതാ 400 മീറ്ററിലും പുരുഷ വിഭാഗം ലോംഗജംപിലും മലയാളി താരങ്ങള്‍ക്കു മെഡല്‍. നോഹ് നിര്‍മരൽ ടോം, വി.കെ. വിസ്മയ എന്നിവര്‍ സ്വര്‍ണവും അമോജ് ജേക്കബ് വെള്ളിയും നേടി.  

🌀മാരത്തണിലെ ഇതിഹാസം കെനിയയുടെ എല്യൂഡ് കിപ്ചോജിന് സ്വപ്നതുല്യമായ നേട്ടം. വിയന്ന മാരത്തണില്‍ രണ്ടു മണിക്കൂറില്‍ താഴെയുള്ള സമയത്തില്‍ ഓടിയെത്തുന്ന ആദ്യ താരമായി മുപ്പത്തിനാലുകാരനായ എല്യൂഡ്.

🌀ജൂലൈ - സെപ്റ്റംബര്‍ കാലയളവില്‍ ഇന്‍ഫോസിസ് 4,019 കോടി രൂപ ലാഭം നേടി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 4,110 കോടി രൂപയായിരുന്നു. വരുമാനം 9.8% വര്‍ധിച്ച് 22,629 കോടിയായി. പുതുതായി 7,457 ജീവനക്കാരെ നിയമിച്ചു. ഇതോടെ മൊത്തം ജീവനക്കാരുടെ എണ്ണം 2.36 ലക്ഷമായി.

🌀പുതിയ പ്ലാനുമായി റിലയന്‍സ് ജിയോ. 30 മിനിറ്റ് സൗജന്യ ടോക് ടൈം അനുവദിക്കാനാണ് ജിയോ പദ്ധതിയിടുന്നത്. പുതിയ പ്ലാന്‍ പ്രഖ്യാപിച്ച ശേഷം ആദ്യം റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ഈ ഓഫര്‍ ലഭ്യമാക്കാണ് കമ്പനി ഉദ്ദേശിക്കുന്നത്. ആദ്യ ഏഴുദിവസം വരെയാണ് ഇതിന്റെ കാലാവധി.

🌀മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് തമിഴിലേക്ക്. ഹരിശങ്കര്‍, ഹരീഷ് നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ശ്രീശാന്തിന്റെ തമിഴ് അരങ്ങേറ്റം. ഹന്‍സിക നായികയാവുന്ന ചിത്രത്തില്‍ വില്ലന്‍ വേഷമാണ് ശ്രീശാന്തിനെന്നാണ് റിപ്പോട്ടുകള്‍. ഹൊറര്‍ കോമഡി ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്. 

🌀 ടൊവീനോ തോമസും സംയുക്ത മേനോനും വീണ്ടും ഒന്നിക്കുന്ന 'എടക്കാട് ബറ്റാലിയന്‍ 06'ലെ 'നീ ഹിമമഴയായ്..' ഗാനം 30 ലക്ഷം വ്യൂസ് പിന്നിട്ട് കുതിക്കുന്നു. സെപ്റ്റംബര്‍ 20 ന് റിലീസ് ചെയ്ത വീഡിയോ ഗാനം ഇതിനോടകം തന്നെ ഈ വര്‍ഷത്തെ ഹിറ്റ്‌ പാട്ടുകളുടെ നിരയില്‍ സ്ഥാനം നേടി. മഞ്ഞുമലകളില്‍ ചിത്രീകരിച്ച ഗാനത്തിന്റെ സംഗീത സംവിധാനം കൈലാസ് മേനോനാണ്. കെ.എസ്. ഹരിശങ്കറും നിത്യ മാമ്മനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണന്റേതാണ് വരികള്‍. ഈ മാസം 18 ന് ചിത്രം തിയേറ്ററുകളിലെത്തും.

🌀മാരുതി സുസുക്കിയുടെ പുതിയ മിനി എസ്.യു.വി മോഡലായ എസ്-പ്രെസോയുടെ ബുക്കിങ് 10,000 യൂണിറ്റ് പിന്നിട്ടതായി കമ്പനി അറിയിച്ചു. സെപ്തംബര്‍ 30ന് വിപണിയിലെത്തി ദിവസങ്ങള്‍ക്കകമാണ്  ഉപഭോക്താക്കള്‍ എസ്-പ്രെസോയെ തേടിയെത്തിയത്. 3.69 ലക്ഷം രൂപ മുതല്‍ 4.91 ലക്ഷം വരെയാണ് വില.

🌀പ്രതിസന്ധികളോട് പടവെട്ടി ജീവിക്കുന്ന ഒരു കൂട്ടം ആളുകളുടെ ആകുലതകളുടെയും ധര്‍മ്മസങ്കടങ്ങളുടെയും നേര്‍കാഴ്ചകളുടോപ്പം സ്ത്രീമനസ്സുകളുടെ തേങ്ങളുകലൂം വൈകാരിക ഭാവങ്ങളും ഹൃദ്യമായി ആവിഷ്‌കരിക്കുന്ന  നോവല്‍. 'തിങ്കള്‍ക്കലമാന്‍'. കെ. രാധിക. മാതൃഭൂമി ബുക്‌സ്. വില 250 രൂപ.

🌀ടോയ്ലറ്റില്‍ ഫോണ്‍ കൊണ്ട് പോകുന്നത് പൈല്‍സ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മെയില്‍ ചെക്ക് ചെയ്യാനും വാട്‌സാപ്പ് നോക്കാനുമെല്ലാം ടോയ്ലറ്റില്‍ പോകുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ചെലവഴിക്കുന്നത് മലദ്വാരത്തിലെ ഞരമ്പുകളുടെ പ്രഷര്‍ കൂടാന്‍ കാരണമാകും. മൊബൈല്‍ ഫോണ്‍ ടോയ്ലറ്റില്‍ ഉപയോഗിക്കുമ്പോള്‍ മലദ്വാരത്തിന്റെ ഭിത്തികളില്‍ കൂടുതല്‍ സമ്മര്‍ദം ഏല്‍പ്പിക്കുകയും ഇത് പൈല്‍സ്, ഫിഷേഴ്‌സ് എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ബ്രിട്ടനിലെ 57 ശതമാനം ആളുകളും ടോയ്‌ലറ്റില്‍ ഫോണ്‍ ഉപയോഗിച്ചിരുന്നു എന്നാണ് അടുത്തിടെ നടന്ന സര്‍വേയില്‍ പറയുന്നത്. 

*ജീവിതപാഠം*
കവിത കണ്ണൻ

1983 - അരിസോണയില്‍ ആയിരുന്നു ജെസീക്ക കോക്‌സിന്റെ ജനനം.  കുട്ടിക്കാലം അതവള്‍ക്ക് നൃത്തത്തിന്റെ കാലം ആയിരുന്നു.  അതുകഴിഞ്ഞപ്പോള്‍ ആയോധന കലയിലായി കമ്പം.  14 വയസ്സായപ്പോള്‍ ഇന്റര്‍നാഷ്ണല്‍ തൈക്വാണ്ട ഫെഡറേഷനില്‍ നിന്ന് ബ്ലാക്ക് ബെല്‍റ്റ് നേടി.  സൈക്കോളജിയില്‍ ബിരുദവും ജെസീക്ക നേടി.  നേട്ടങ്ങളുടെ ആ പട്ടിക പിന്നെയും നീണ്ടു.  വിമാനം പറത്തണം എന്നായായി ജെസീക്കയുടെ സ്വപ്‌നം. അതങ്ങനെ സ്വപ്‌നം മാത്രമായി നിര്‍ത്താന്‍ ഉദ്ദേശമുണ്ടായിരുന്നില്ല.  ശ്രമിച്ചു, പഠിച്ചു, വിജയംകണ്ടു.  അവള്‍ പറത്തിയ വിമാനം ആകാശത്തിലൂടെ വട്ടമിട്ടു.  അതൊരു റെക്കോര്‍ഡ് പറക്കല്‍ ആയിരുന്നു.  ചരിത്രത്തിലെ ആദ്യത്തെ പൈലറ്റ്; ജന്മനാ കൈകള്‍ ഇല്ലാത്ത, തന്റെ രണ്ടുകാലുകള്‍ മാത്രം ഉപയോഗിച്ചായിരുന്നു ആ പറക്കല്‍.  അധികമായി നിലനിന്ന ഇച്ഛാശക്തി ഒന്നുമാത്രമാണ് ജെസീക്കയുടെ വിജയ രഹസ്യം.  എന്നാല്‍ ഈ കഥയിലെ ഹീറോ അവളുടെ അച്ഛന്‍ ആയിരുന്നു.  'ഞാനൊരിക്കലും അവളുടെ ഇല്ലാത്ത കൈകളെക്കുറിച്ചോര്‍ത്ത് കരഞ്ഞില്ല, അവളുടെ കാലുകള്‍കൊണ്ട് എല്ലാം സാധ്യമായിരുന്നു.  അതുകൊണ്ടുതന്നെ കൈകള്‍ ഇല്ലാത്ത കുട്ടി എന്ന ഒരു പരിഗണനയും അവള്‍ക്ക് നല്‍കിയില്ല.' അച്ഛന്‍ പറഞ്ഞു.  സത്യത്തില്‍ അതുകൊണ്ടുതന്നെ ആ കുറവിനെക്കുറിച്ച് അവളും ചിന്തിച്ചില്ല.  ഇല്ലാത്തതല്ല, ഉള്ളതാണ് നമ്മളെ നയിക്കുക.  ഇല്ലാത്ത ഒന്നിന്റെ പിറകെ നടന്ന് സങ്കടപ്പെടാനുള്ളതല്ല ജീവിതം.  ഉള്ളതിന്റെ മേന്മയില്‍ തിളങ്ങാൻ കഴിയട്ടെ നമുക്ക് - ശുഭദിനം

Post a comment

Whatsapp Button works on Mobile Device only