25 October 2019

പ്രഭാത വാർത്തകൾ 2019 ഒക്‌ടോബർ 25 1195 തുലാം 8 വെള്ളിയാഴ്ച (പൂരം നാൾ)(വിഷൻ ന്യൂസ്‌ 25/10/2019)
(VISION NEWS 25 October 2019)           
         
 

🌀പാലായ്ക്കു പിറകേ, വട്ടിയൂര്‍ക്കാവും കോന്നിയും എല്‍ഡിഎഫ് പിടിച്ചെടുത്തു. അരൂരില്‍ യുഡിഎഫിന്റെ അട്ടിമറി വിജയം. ഉപതെരഞ്ഞെടുപ്പു നടന്ന അഞ്ചിടത്തെ മൂന്നു മണ്ഡലങ്ങളില്‍ യുഡിഎഫ് വിജയം. 

🌀വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫിന്റെ വി.കെ. പ്രശാന്തിനു 14,465 വോട്ടിന്റെ ഭൂരിപക്ഷം. കോന്നിയില്‍ എല്‍ഡിഎഫിന്റെ ജനീഷ്‌കുമാര്‍ നേടിയ ഭൂരിപക്ഷം 9,953 വോട്ട്. യുഡിഎഫ് സ്ഥാനാര്‍ഥികളായ ഷാനിമോള്‍ ഉസ്മാന്‍ അരൂരില്‍ 2,079 വോട്ടിന്റേയും ടി.ജെ. വിനോദ് എറണാകുളത്ത് 3,750 വോട്ടിന്റേയും കമറുദീന്‍ മഞ്ചേശ്വരത്ത് 7,923 വോട്ടിന്റേയും ഭൂരിപക്ഷം നേടി. 

🌀അധികാരത്തില്‍ വരുമ്പോള്‍ എല്‍ഡിഎഫിന് 91 എംഎല്‍എമാരാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ രണ്ടെണ്ണം വര്‍ധിച്ച് 93 ആയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിന്റെ ജനകീയാടിത്തറയും ജനപിന്തുണയും വര്‍ധിച്ചു. ജാതിമത സങ്കുചിത ശക്തികള്‍ക്കല്ല, മതനിരപേക്ഷ രാഷ്ട്രീയത്തിനാണു വിജയം. ആരുടെയും മുണ്ടിന്റെ കോന്തലയ്ക്കു കെട്ടിയവരല്ല ജനങ്ങള്‍. അവര്‍ക്ക് സ്വന്തമായ അഭിപ്രായമുണ്ടെന്നാണ് തെരഞ്ഞെടുപ്പ് ഫലം കാണിച്ചതെന്നും മുഖ്യമന്ത്രി. 

🌀മലപ്പുറം താനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. താനൂര്‍ അഞ്ചുടി സ്വദേശി ഇസഹാഖ് (38) ആണ് മരിച്ചത്. കൊലപാതകത്തിനു പിന്നില്‍ സിപിഎമ്മുകാരാണെന്നു മുസ്ലീം ലീഗ്. 

🌀മലപ്പുറം ജില്ലയിലെ തീരദേശ മേഖലകളില്‍ ഇന്നു യുഡിഎഫ് ഹര്‍ത്താല്‍. താനൂരിലെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി, പരപ്പനങ്ങാടി എന്നിവിടങ്ങളില്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

🌀ഹരിയാനയില്‍ തൂക്കുസഭ. മന്ത്രിസഭയുണ്ടാക്കാന്‍ ബിജെപിയും കോണ്‍ഗ്രസും പത്തു സീറ്റുള്ള ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാലയക്കു പിറകേ. 90 അംഗ സഭയില്‍ കേവല ഭൂരിപക്ഷത്തിനു 46 സീറ്റു വേണം. ബിജെപി നാല്‍പ്പത് സീറ്റില്‍ ജയിച്ചു. കോണ്‍ഗ്രസിനു 31 സീറ്റ്. ഏഴു സ്വതന്ത്രരും ഐഎന്‍എല്‍ഡി, ലോക്ഹിത് പാര്‍ട്ടി എന്നിവയ്ക്ക് ഓരോ അംഗങ്ങളും ജയിച്ചു കയറി.

🌀മഹാരാഷ്ട്രയിലെ 288 അംഗ സഭയില്‍ ബിജെപി ശിവസേന സഖ്യത്തിന് 161 സീറ്റ്. ബിജെപി 105 സീറ്റിലും ശിവസേന 56 സീറ്റിലും ജയിച്ചു. കോണ്‍ഗ്രസ് -എന്‍സിപി സഖ്യം കഴിഞ്ഞ തവണത്തേക്കാള്‍ 15 സീറ്റ് കൂടുതല്‍ നേടി. 98 സീറ്റ്. കോണ്‍ഗ്രസിനു 44, എന്‍സിപിക്ക് 54.  

🌀കേരളത്തിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ നാലിടത്തു ബിജെപിക്കു വന്‍ വോട്ടുചോര്‍ച്ച. ബിജെപി പ്രതീക്ഷ പുലര്‍ത്തിയിരുന്ന വട്ടിയൂര്‍ക്കാവിലും കോന്നിയിലും രണ്ടാം സ്ഥാനത്തുപോലും എത്തിയില്ല. മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്ത് തുടര്‍ന്നതും 348 വോട്ട് വര്‍ധിച്ചതുമാണ് നേട്ടം. ശബരിമല വിഷയം പ്രചാരണായുധമാക്കിയിട്ടും കോട്ടമാണുണ്ടായത്. വട്ടിയൂര്‍ക്കാവില്‍ 27,453 വോട്ടാണു കിട്ടിയത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 50,709 വോട്ടും 2016 ല്‍ 43,700 വോട്ടും ബിജെപി നേടിയിരുന്നു. കോന്നിയില്‍ 39,786 വോട്ടുകളാണ് ബിജെപിക്കു ലഭിച്ചത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 45,506 വോട്ടുകള്‍ നേടിയിരുന്നു. 2016 ല്‍ 16,713 വോട്ടാണ് ബിജെപിക്ക് ലഭിച്ചത്.

🌀വിവാദ മാര്‍ക്കുദാനം എംജി സര്‍വകലാശാലയുടെ അടിയന്തര സിന്‍ഡിക്കറ്റ് പിന്‍വലിച്ചു. തുടര്‍ നടപടികള്‍ക്കു രജിസ്ട്രാറെ ചുമതലപ്പെടുത്തി. സര്‍വകലാശാല സംശയത്തിന്റെ നിഴലിലാകാതിരിക്കാനാണു നടപടിയെന്നു സിന്‍ഡിക്കറ്റ്. 

🌀അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത 12 മണിക്കൂറില്‍ ഇതൊരു അതിതീവ്ര ന്യൂനമര്‍ദമായി മാറും. 

🌀സിലിയെ കൊല്ലാന്‍ ഭര്‍ത്താവ് ഷാജു സഹായിച്ചെന്ന് കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി മൊഴി തന്നെന്ന് അന്വേഷണ സംഘം. ജോളിയെ ഇന്നലെ ഷാജുവിന്റെ പുലിക്കയത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തി. 

🌀മഹാരാഷ്ട്രയില്‍ അധികാരം തുല്യമായി വീതിക്കണമെന്ന് ബിജെപിയോട് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. 15 സ്വതന്ത്ര എംഎല്‍എമാരുടെ കൂടി പിന്തുണ എന്‍ഡിഎയ്ക്കുണ്ടെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ബിജെപി, ശിവസേന വിമതരായി മത്സരിച്ചവരാണ് ഇവരിലധികവും. കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകള്‍ ഒറ്റയ്ക്കു പിടിക്കാമെന്നായിരുന്നു ബിജെപി പ്രതീക്ഷിച്ചിരുന്നത്. 

🌀അധികാരത്തിന്റെ ധാര്‍ഷ്ഠ്യം ജനങ്ങള്‍ക്ക് ഇഷ്ടമല്ലെന്നാണു തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. കൂറുമാറ്റം ജനങ്ങള്‍ സ്വീകരിക്കില്ല. എന്‍സിപിയില്‍നിന്ന് ബിജെപിയിലേക്കും ശിവസേനയിലേക്കും കൂറുമാറിയ നേതാക്കള്‍ക്കെതിരേയായിരുന്നു പവാറിന്റെ പ്രതികരണം.

🌀തെരഞ്ഞെടുപ്പില്‍ നേരിട്ട അപ്രതീക്ഷിത തോല്‍വിക്കു പിറകേ, പൊട്ടിക്കരഞ്ഞ് മഹാരാഷ്ട്രയിലെ വനിതാ ശിശുക്ഷേമ മന്ത്രിയും പാര്‍ലി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ പങ്കജ മുണ്ടെ. ബന്ധുവും എന്‍സിപി സ്ഥാനാര്‍ത്ഥിയുമായ ധനഞ്ജയ് മുണ്ടെയോടാണ് പങ്കജ തോറ്റത്. 

🌀ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡല്‍ഹിയിലേക്കു വിളിപ്പിച്ചു. കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡയെ എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

🌀ബിജെപിയുടെ സിറ്റിംഗ് എംഎല്‍എയെ പരാജയപ്പെടുത്തി സിപിഎം മഹാരാഷ്ട്രയില്‍ ഒരു സീറ്റ് പിടിച്ചു. ദഹാനുവില്‍ സിപിഎമ്മിന്റെ വിനോദ് ഭിവ നികോളെ 4707 വോട്ടിന് വിജയിച്ചു. ശിവസേനയില്‍ നിന്ന് 50 പേര്‍ സിപിഎമ്മിലെത്തിയത് നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടാക്കാമെന്ന സിപിഎമ്മിന്റെ പ്രതീക്ഷ അസ്ഥാനത്തായില്ല. 

🌀ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രഫസര്‍ സയ്യിദ് അബ്ദുള്‍ റഹ്‌മാന്‍ ഗീലാനി അന്തരിച്ചു. 2001 ല്‍ പാര്‍ലമെന്റ് ആക്രമണ കേസില്‍ പ്രത്യേക കോടതി ഗീലാനിക്ക് വധശിക്ഷ വിധിച്ചെങ്കിലും പിന്നീട് സുപ്രീം കോടതി വെറുതെ വിട്ടിരുന്നു. ഹൃദ്രോഗം മൂലമാണു മരണമെന്നു കുടുംബം.

🌀ജമ്മു കാഷ്മീരിലെ ഷോപിയാനില്‍ രണ്ട് ട്രക്ക് ഡ്രൈവര്‍മാരെ ഭീകരര്‍ വധിച്ചു. ഒരു ഡ്രൈവര്‍ക്ക് പരിക്കേറ്റു. ആപ്പിള്‍ കൊണ്ടുപോകാന്‍ പഞ്ചാബില്‍നിന്നെത്തിയ ട്രക്കുകളുടെ ഡ്രൈവര്‍മാരെയാണ് ആക്രമിച്ചത്. ഇവരുടെ ട്രക്ക് ഭീകരര്‍ കത്തിച്ചുകളഞ്ഞു.

🌀ബംഗ്ലാദേശില്‍ പതിനാറുകാരിയെ തീ കൊളുത്തി കൊന്ന കേസില്‍ 16 പേര്‍ക്കു വധശിക്ഷ. പ്രധാന അധ്യാപകനെതിരേ ലൈംഗിക ആരോപണം ഉന്നയിച്ചതിനാണ് നുസ്രത്ത് ജഹാന്‍ റാഫി എന്ന പെണ്‍കുട്ടിയെ കൊന്നത്. പ്രധാന അധ്യാപകന്‍ ഉള്‍പ്പെടെ മൂന്നു അധ്യാപകരും പെണ്‍കുട്ടിയുടെ സഹപാഠികളും അടക്കമുള്ളവരാണു പ്രതികള്‍. 

🌀ലണ്ടന്‍ നഗരത്തില്‍ ശീതീകരിച്ച കണ്ടെയ്നര്‍ ട്രക്കില്‍ കണ്ടെത്തിയ 39 മൃതദേഹങ്ങള്‍ ചൈനീസ് പൗരന്മാരുടേതാണെന്നു തിരിച്ചറിഞ്ഞു. ട്രക്കില്‍ ഒളിച്ചു യൂറോപ്പിലേക്കു കുടിയേറാന്‍ ശ്രമിച്ചവരാണ് മരിച്ചതെന്നാണു സംശയിക്കുന്നത്. ഇരുപത്തഞ്ചുകാരനായ ട്രക്ക് ഡ്രൈവറെ ചോദ്യം ചെയ്തു വരികയാണ്. 

🌀കേരള ബ്ലാസ്റ്റേഴ്‌സിന് അപ്രതീക്ഷിത തോല്‍വി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിലെ രണ്ടാം മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സി ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ചത്. എണ്‍പത്തിരണ്ടാം മിനിറ്റില്‍ ടുണീഷ്യന്‍ താരം അമിനെ ഷെര്‍മിറ്റിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ സ്വപ്നം തകര്‍ത്തത്. 

🌀സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യയുടെ ട്വന്റി 20 ടീമില്‍. ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിലാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ സഞ്ജു ഇടം പിടിച്ചത്. മറ്റൊരു വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാനായ ഋഷഭ് പന്തും ടീമിലുണ്ട്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കു വിശ്രമം അനുവദിച്ചു. പകരം രോഹിത് ശര്‍മ ടീമിനെ നയിക്കും. ശിഖര്‍ ധവാനും കെ.എല്‍. രാഹുലുമാണ് ഓപ്പണര്‍മാര്‍. 

🌀ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന്റെ ഫിക്സ്ചര്‍ തയാര്‍. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ന്യൂസീലന്‍ഡ്, ശ്രീലങ്ക, ജപ്പാന്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ്. ജപ്പാന്റെ കന്നി ലോകകപ്പാണിത്. ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും വെസ്റ്റിന്‍ഡീസിനുമൊപ്പം ഗ്രൂപ്പ് ബിയില്‍ ഇടം പിടിച്ച നൈജീരിയയാണ മറ്റൊരു പുതുമുഖം. ഈസ്റ്റ് ഏഷ്യാ പെസഫിക്, ആഫ്രിക്ക മേഖലകളില്‍ നിന്ന് യോഗ്യത നേടിയാണ് ഇരുടീമുകളും ലോകകപ്പിനെത്തിയത്. കാനഡ, യു.എഇ, സ്‌കോട്ട്ലന്‍ഡ് എന്നിവയാണ് വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്ന് യോഗ്യത നേടിയെത്തിയ ടീമുകള്‍.

🌀ദേശീയ ജൂണിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനു കിരീടം. ചത്തീസ്ഗഡിനെയാണു പരാജയപ്പെടുത്തിയത്. 

🌀ഐഎസ്എലില്‍ ഇന്നു രാത്രി എടികെ- ഹൈദരാബാദ് മല്‍സരം. 

🌀സെപ്റ്റംബര്‍ പാദത്തിലെ മാരുതിയുടെ മൊത്ത ലാഭത്തില്‍ വന്‍ ഇടിവ് നേരിട്ടു. 2019- 20 സാമ്പത്തിക വര്‍ഷത്തിലെ സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ കമ്പനിയുടെ മൊത്ത ലാഭം 1,358.6 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തെക്കാള്‍ 39.4 ശതമാനത്തിന്റെ കുറവാണ് ലാഭത്തിലുണ്ടായത്. 2018- 19 സാമ്പത്തിക വര്‍ഷത്തെ മൊത്ത ലാഭം 2,240.4 കോടി രൂപയായിരുന്നു. 

🌀കേരളത്തില്‍ ഒരു ഡ്രൈ ചില്‍ കോള്‍ഡ് സ്റ്റോറേജ് ലോജിസ്റ്റിക് പാര്‍ക്ക് ആരംഭിക്കുന്നതിന് പ്രമുഖ ലോജിസ്റ്റിക്സ് സംരംഭമായ സെല്ല സ്പേസ് ലിമിറ്റഡിന് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. കൊച്ചിയിലെ എടയാര്‍ വ്യവസായ മേഖലയിലാണ് പാര്‍ക്ക് ആരംഭിക്കുക. 60 കോടി രൂപയാണ് മുതല്‍മുടക്ക്. 

🌀സൂപ്പര്‍ഹിറ്റ് ചിത്രമായ 'ഉടയോനി'ന് ശേഷം ഭദ്രന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ലോറി ഡ്രൈവറായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ഇന്ത്യ മുഴുവന്‍ കറങ്ങി നടക്കുന്നൊരു ലോറി ഡ്രൈവറായാണ് മോഹന്‍ലാല്‍ എത്തുക. ഇന്ത്യയിലെ എല്ലാ ഭാഷയും സംസാരിക്കുന്ന അമ്പത്തിയേഴ് വയസുള്ള കഥാപാത്രം. 

🌀ടൊവീനോ തോമസ് നായകനാകുന്ന പുതിയ ചിത്രം ഫോറന്‍സികിന് തുടുക്കമായി. കുറ്റാന്വേഷണത്തിന്റെ ഭാഗമാകുന്ന ഫോറന്‍സിക് ഡോക്ടറുടെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ടൊവീനോ അവതരിപ്പിക്കുന്നത്. അഖില്‍ പോളും അനസ്ഖാനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. മമ്താ മോഹന്‍ദാസാണ് ചിത്രത്തില്‍ നായിക. 

🌀ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡി പുതിയ എ6 ലക്ഷ്വറി സെഡാന്‍ ഇന്ത്യയില്‍ പുറത്തിറക്കി. എട്ടാംതലമുറ എ6 മോഡലാണിത്. 54.20 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. എ6  പ്രീമിയം പ്ലസ്, ടെക്നോളജി എന്നീ രണ്ട് വകഭേദങ്ങളിലാണ് ലഭ്യമാവുക. 

🌀മനുഷ്യരുടെ സ്വാര്‍ത്ഥതകളും അരികുവല്ക്കരിക്കപ്പെട്ട ജീവിതങ്ങളുടെ വിഹ്വലതകളും ഇഴചേരുന്ന ഈ കഥകള്‍ പുതിയ കാലത്തിന്റെ സൂക്ഷ്മതകളെ ആലേഖനം ചെയ്യുന്നു. 'പാപികളുടെ പട്ടണം'. ജോസഫ് അതിരുങ്കല്‍. ചിന്ത പബ്‌ളിക്കേഷന്‍സ്. വില 110 രൂപ. 

🌀ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും അനുയോജ്യമായ ഭക്ഷണമാണ് പേരയ്ക്ക. ഡയറ്റ് ചെയ്യുന്നവര്‍ നിര്‍ബന്ധമായും ദിവസവും രണ്ടോ മൂന്നോ പേരയ്ക്ക കഴിക്കാവുന്നതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാന്‍ വളരെ നല്ലതാണ് പേരയ്ക്ക. പേരയ്ക്കയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മലബന്ധം പ്രശ്‌നം അകറ്റാനും സഹായിക്കുന്നു.  പേരയ്ക്കയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. അണുബാധകള്‍ക്കും രോഗങ്ങള്‍ക്കും എതിരെ സ്വാഭാവിക സംരക്ഷണം നല്‍കുന്നു. പേരയ്ക്ക കഴിച്ചാല്‍ വൃക്കയില്‍ കല്ലുണ്ടാകുന്നതിനുള്ള സാധ്യത കുറയുന്നു.

ജീവിതപാഠം
കവിതകണ്ണൻ

'നിക്കോളാസ് മാക്‌സിം സ്‌പെഷല്‍ അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ് ഇന്‍ മാനുസ്‌ക്രിപ്റ്റ് പെന്‍മാന്‍ഷിപ്പ് ' ഒന്നൊന്നര നീളമുള്ളൊരു പേര്!  ഇതൊരു ദേശീയ പുരസ്‌കാരത്തിന്റെ പേരാണ്.  അമേരിക്കയില്‍ തുടര്‍ച്ചയായി നടത്തുന്ന മത്സരമാണിത്.  ചുരുക്കി പറഞ്ഞാല്‍ കൈയ്യക്ഷര മത്സരം.  2016 ലെവിജയി , അമേരിക്ക വിര്‍ജീനിയയിലുള്ള ' അനയ എലിക് ' എന്ന ഏഴുവയസ്സുകാരിയായിരുന്നു.  ആദ്യ കാലം മുതല്‍ അനയ തന്റെ കൈയ്യക്ഷരം നന്നാക്കുന്നതില്‍ ശ്രദ്ധിച്ചിരുന്നു.  ചിലപ്പോഴൊക്കെ നിന്നുകൊണ്ട് എഴുതിയാലെ കൂടുതല്‍ മികവാര്‍ന്ന കയ്യക്ഷരം വരികയുള്ളൂ ഈ കൊച്ചുമിടുക്കിക്ക്!  7-മത്തെ വയസ്സിലാണ്‌ അനയ ഈ ദേശീയ പുരസ്‌കാരം നേടുന്നത്.  അനയയുടെ അമ്മയുടെ വാക്കുകള്‍ക്ക് നമുക്ക് ശ്രദ്ധകൊടുക്കാം.  ' ഞാനവള്‍ക്ക് ഒരു സഹായവും ചെയ്തു കൊടുക്കുന്നില്ല.  എല്ലാം അവള്‍ തനിയെ ശീലിച്ചു.  കൂടാതെ ഈ ചെറിയ പ്രായത്തില്‍ തന്നെ വസ്ത്രം മാറാനും, ഷൂസുകള്‍ തയ്യാറാക്കി കാലില്‍ ഇട്ട് കെട്ടുന്നതും അവള്‍ തന്നെയാണ്. ' കയ്യക്ഷരത്തില്‍ മിടുക്ക് കാണിച്ച അനയയെ നമുക്ക് ഒന്നുകൂടി കാണാം - ജന്മനാ രണ്ടു കൈപ്പത്തികളും ഇല്ലാതെയാണ് അവള്‍ ജനിച്ചത്!  അതുകൊണ്ടുതന്നെ  അവള്‍ ചെയ്യുന്നതെല്ലാം നേട്ടങ്ങളുടെ പട്ടികയില്‍ നമുക്ക് പെടുത്തിയേ മതിയാകൂ.  കാരണം അവള്‍ക്കറിയാം തന്റെ കാര്യങ്ങളുടെ തമ്പുരാന്‍ താന്‍ തന്നെയാണെന്ന്.  ഓര്‍ക്കുക, ചായാന്‍ ഇടമുണ്ടാകുമ്പോള്‍ തളര്‍ച്ച കൂടും... നമുക്ക് നമ്മില്‍ വിശ്വസിക്കാം, നിവര്‍ന്ന് നിന്ന് പ്രതിസന്ധികളെ നേരിടാം, വിജയം നമ്മോടൊപ്പം വരുന്ന ഒരു പുലരിയെ വരവേല്‍ക്കാം - ശുഭദിനം  
 


Post a comment

Whatsapp Button works on Mobile Device only