28 October 2019

പ്രഭാത വാർത്തകൾ 2019 ഒക്‌ടോബർ 28 1195 തുലാം 11 തിങ്കളാഴ്ച (ചോതി നാൾ)(വിഷൻ ന്യൂസ്‌ 28/10/2019)
(VISION NEWS 28 October 2019)


🌀ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. സിറിയയില്‍ യു.എസിന്റെ സൈനിക നീക്കത്തിനിടെ ബാഗ്ദാദി ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു. ബാഗ്ദാദിയുടെ മൂന്നു മക്കളും കൊല്ലപ്പെട്ടു. ഇന്നലെ വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. 

🌀ബാഗ്ദാദിയുടെ മരണം ഒരു ഭീരുവിനെ പോലെയായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒരു നായയെ പോലെയാണ് അയാള്‍ മരിച്ചതെന്ന് ട്രംപ് പറഞ്ഞു. 
യുഎസ് സൈന്യം പിന്തുടരുന്നതറിഞ്ഞ ബാഗ്ദാദി അയാളുടെ മൂന്നുമക്കളോടൊപ്പം ഒരു ടണലിനുള്ളിലേക്ക് ഓടിക്കയറി. നിലവിളിച്ചും അലറിക്കരഞ്ഞും അയാള്‍ ഓടി. അതിനുള്ളില്‍വച്ചാണ് സ്വയം പൊട്ടിത്തെറിച്ചത്. 

🌀2010 ലാണ് ബാഗ്ദാദി ഭീകരസംഘടനയായ ഐസിസിന്റെ നേതാവായത്. പിന്നീട് അല്‍ഖ്വയ്ദ എന്ന ഭീകര സംഘടനയുമായി ലയിച്ചു. ബാഗ്ദാദിയെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ (60 കോടി രൂപ) പ്രതിഫലം നല്‍കുമെന്ന് അമേരിക്ക 2011 ല്‍ പ്രഖ്യാപിച്ചിരുന്നു.

🌀നിയമസഭാ സമ്മേളനം ഇന്നു മുതല്‍. 19 ദിവസം സഭ ചേരും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യും. നിയമനിര്‍മാണ നടപടികള്‍ക്കായാണു സഭ ചേരുന്നത്. 

🌀വാളയാര്‍ പീഡനകേസില്‍ ആവശ്യമെങ്കില്‍ പുനരന്വേഷണം നടത്തുമെന്ന് നിയമ മന്ത്രി എ.കെ. ബാലന്‍. പ്രോസിക്യൂഷനു വീഴ്ച സംഭവിച്ചോയെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. 

🌀വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെവിട്ട സംഭവത്തില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ലതാ ജയരാജിനെതിരെ പരോക്ഷ വിമര്‍ശനവുമായി പബ്ലിക് പ്രോസിക്യൂട്ടര്‍ വിനോദ് കായനാട്ട്. സെപ്ഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ മൂകസാക്ഷിയായാല്‍ സംശയത്തിന്റെ ആനുകൂല്യം പ്രതികള്‍ക്ക് കിട്ടും. ഇതിന് പ്രതിഭാഗത്തെ പഴിക്കേണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വിമര്‍ശിച്ചു. ഫെയ്സ്ബുക്കിലൂടെയാണു വിമര്‍ശനം.

🌀വാളയാര്‍ കേസിലെ പ്രതികളുടെ വക്കീലാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ തലപ്പത്തെന്നു ഷാഫി പറമ്പില്‍ എംഎല്‍എ. കോടതി ആദ്യം കുറ്റവിമുക്തനാക്കിയ പ്രദീപ്കുമാറിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ രാജേഷിനെ വിചാരണ വേളയില്‍ത്തന്നെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനാക്കായിത് വിവാദമായിരുന്നു. തുടര്‍ന്ന് അദ്ദേഹം കേസ് വേറെ അഭിഭാഷകര്‍ക്കു കൈമാറി.  കള്ളനെ താക്കോലേല്‍പ്പിക്കുന്നതിനു സമാനമാണ് ഇതെന്നും ഷാഫി പറമ്പില്‍. 

🌀വാളയാര്‍ കേസിലെ പ്രതികളെ വെറുതെ വിട്ടതില്‍ പ്രതിഷേധിച്ച് സംസ്ഥാന നിയമവകുപ്പിന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്തു. കേരള സൈബര്‍ വാരിയേഴ്‌സ് എന്ന പേരിലാണ് ഹാക്ക് ചെയ്തത്. 

🌀കരമനയിലെ കൂടത്തില്‍ കുടുംബത്തിന്റെ ഭൂമി ആര്‍എസ്എസിനും ആര്‍എസ്എസ് നേതാക്കള്‍ക്കും ലഭിച്ചിട്ടുണ്ടെന്ന് ആരോപണം. കൂടത്തില്‍ കുടുംബത്തിന്റെ ബന്ധു ഹരികുമാറാണ് ആരോപണം ഉന്നയിച്ചത്. രവീന്ദ്രന്‍ നായരാണ് ഭൂമി പതിച്ചുനല്‍കിയതെന്ന് സിപിഎമ്മും ആരോപിച്ചു. കാലടിയിലെ ഭൂമി കൈമാറ്റങ്ങള്‍ക്ക് ആര്‍എസ്എസ് നേതാക്കളെയും ഗുണ്ടകളെയും ഉപയോഗപ്പെടുത്തിയെന്നും ആരോപണമുണ്ട്. 

🌀കരമന ദുരൂഹ മരണങ്ങളില്‍ ഒടുവില്‍ മരിച്ച ജയമാധവന്റെ സംശയകരമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉണ്ടായിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ആരോപണം. ആന്തരികാവയവങ്ങളുടെ  ശാസ്ത്രീയ പരിശോധന ഫലം വന്നാലേ മരണകാരണം വ്യക്തമാകൂവെന്നു റിപ്പോര്‍ട്ടിലുണ്ട്. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഈ റിപ്പോര്‍ട്ട് പൊലീസ് കൈപ്പറ്റിയിട്ടില്ല. ഇതേസമയം കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ക്കെതിരെ ജയമാധവന്റെ കൂടുതല്‍ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

🌀മകന്‍ ഐപിഎസ് ഓഫീസറും അമ്മ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറും ചമഞ്ഞ് തട്ടിപ്പ്. അമ്മ തലശേരി തിരുവങ്ങാട് മണല്‍വട്ടംകുനിയില്‍ ശ്യാമളയെ (58) ഗുരുവായൂര്‍ പോലീസ് അറസ്റ്റു ചെയ്തു. മകന്‍ വിപിന്‍ കാര്‍ത്തികിനെ (29) കോഴിക്കോട് ബിലാത്തിക്കുളത്തെ വീടു വളഞ്ഞ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഓടിരക്ഷപ്പെട്ടു. കാന്‍സര്‍ ചികില്‍സയ്‌ക്കെന്ന പേരില്‍ ഗുരുവായൂരിലെ ബാങ്ക് മാനേജര്‍ സുധയുടെ 97 പവന്‍ ആഭരണങ്ങളും 25 ലക്ഷം രൂപയും തട്ടിയെടുത്തെന്നാണ് ഇവര്‍ക്കെതിരായ കേസ്. വ്യാജ രേഖകള്‍ നല്‍കി 12 കാറുകള്‍ക്കു വായ്പയെടുക്കുകയും പിന്നീട് കാറുകള്‍ വില്‍ക്കുകയും ചെയ്തു.  

🌀സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ ദുഷ്പ്രചരണം നടത്തിയെന്നും മോശക്കാരിയാണെന്ന് വരുത്താന്‍ ശ്രമിച്ചുവെന്നും നടി മഞ്ജുവാര്യര്‍ പൊലീസിന് മൊഴി നല്‍കി.

🌀കൂടത്തായി കൊലപാതക കേസില്‍ ജോളി ആറുപേരേയും കൊലപ്പെടുത്തിയെന്നു അറസ്റ്റിനു മുമ്പായി പറഞ്ഞിരുന്നെന്നു ജോളിയുടെ പിതാവ് ജോസഫും ജോളിയുടെ സഹോദരങ്ങളും മൊഴി നല്‍കിയെന്നു പോലീസ്. അറസ്റ്റും കേസും വരുമ്പോള്‍ നിയമസഹായം പ്രതീക്ഷിച്ചാകാം അവസാന നിമിഷത്തില്‍ കുറ്റസമ്മതം നടത്തിയതെന്നും പോലീസ്.

🌀മലപ്പുറത്തെ ചെക്ക്‌പോസ്റ്റില്‍ ജലാറ്റിന്‍ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും അടക്കമുള്ള വന്‍ സ്‌ഫോടക വസ്തുശേഖരം പിടികൂടി. പച്ചക്കറി ലോറിയില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന സ്‌ഫോടക വസ്തുക്കളാണു പിടിച്ചത്. 

🌀കേരള വനിതാ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ ഷബീന ജേക്കബ് (62) അന്തരിച്ചു. 

🌀പ്രധാനമന്ത്രി നരേന്ദ്രമോദി കാഷ്മീര്‍ സന്ദര്‍ശിച്ചു. രജൗറി സെക്ടറിലും പത്താന്‍കോട്ട് വ്യോമതാവളത്തിലും സന്ദര്‍ശനം നടത്തി. എല്ലാവരും കുടുംബത്തോടൊപ്പമാണു ദീപാവലി ആഘോഷിക്കുന്നതെന്നും അതിനാലാണു താന്‍ കാഷ്മീരിലെ സൈനികരെ കാണാനെത്തിയതെന്നും അദ്ദേഹം പറഞ്ഞു. 

🌀ഹരിയാനയില്‍ ബിജെപി നേതാവ് മനോഹര്‍ലാല്‍ ഖട്ടാര്‍ മുഖ്യമന്ത്രിയായും ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇത് രണ്ടാം തവണയാണ് മനോഹര്‍ലാല്‍ ഖട്ടാര്‍ ഹരിയാന മുഖ്യമന്ത്രിയാകുന്നത്. 

🌀കര്‍ഷകര്‍ക്കു ന്യായവില ലഭ്യമാക്കാന്‍ നടപടി വേണമെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. താങ്ങുവിലയേക്കാള്‍ എട്ടു മുതല്‍ 37 വരെ ശതമാനം കുറഞ്ഞ നിരക്കിലാണു കാര്‍ഷികോല്‍പന്നങ്ങള്‍ വില്‍ക്കുന്നത്. ഇതുമൂലം കര്‍ഷകര്‍ക്ക് അമ്പതിനായിരം കോടി രൂപയുടെ നഷ്ടമുണ്ടായി. സോണിയ ചൂണ്ടിക്കാട്ടി. 

🌀ബിഹാറിലെ ബെത്തിയയില്‍ കോളജ് വിദ്യാര്‍ഥികള്‍ കോളജിനു പുറത്തെ തുറസായ സ്ഥലത്തിരുന്ന് കൂട്ടക്കോപ്പിയടിയോടെ പരീക്ഷയെഴുതിയ സംഭവം വിവാദമായി. പരസ്പരം സഹായിച്ച് ഉത്തരമെഴുതുന്ന ചിത്രങ്ങള്‍ പ്രചരിച്ചുകഴിഞ്ഞു. രണ്ടായിരം വിദ്യാര്‍ഥികള്‍ക്കു പരീക്ഷയെഴുതാനുള്ള സൗകര്യമേ കോളജിലുള്ളൂ. സര്‍വകലാശാല അയ്യായിരം പേരെയാണു പരീക്ഷ എഴുതാന്‍ അയച്ചത്. പരീക്ഷ ഈ രീതിയില്‍ നടത്തേണ്ടിവന്നതിന്റെ കാരണം ഇതാണെന്നു കോളജ് അധികൃതര്‍.

🌀പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൗദി അറേബ്യയിലേക്കു പോകുന്നതിനു പാക്കിസ്ഥാന്‍ വീണ്ടും വ്യോമപാത നിഷേധിച്ചു. ഇന്ത്യയുടെ അപേക്ഷ നിരസിച്ചെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയാണ്‌ അറിയിച്ചത്.

🌀11,500 അടി ഉയരത്തില്‍ കേദര്‍നാഥ് ഹെലിപാഡില്‍ തകര്‍ന്നുവീണ സ്വകാര്യ ഹെലിക്കോപ്റ്റര്‍ വ്യോമസേന ഹെലിക്കോപ്റ്ററുകളുടെ സഹായത്തോടെ സുരക്ഷിത മായെത്തിച്ചു. വ്യോമസേനയുടെ എംഐ 17 വി 5 ഹെലിക്കോപ്റ്ററുകള്‍ കേദര്‍നാഥിലെത്തി സ്വകാര്യ ഹെലിക്കോപ്റ്ററിനെ പൊക്കിയെടുത്തു പറന്നതിന്റെ വീഡിയോ ദൃശ്യം പുറത്ത്. 

🌀എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകന്‍ വെടിവെച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പുരിലാണ് സംഭവം. മോശമായ പെരുമാറ്റത്തിന് അധ്യാപകനെതിരെ പരാതി നല്‍കിയതിനാണ് അധ്യാപകനായ ഷൈലേന്ദ്ര രജ്പുത് വിദ്യാര്‍ഥിനിയ്ക്കു നേരെ വെടിയുതിര്‍ത്തത്.

🌀ഐഎസ്എലില്‍ മുംബൈ സിറ്റി എഫ്‌സിയെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ചെന്നൈയിന്‍ ആദ്യ പോയിന്റ് നേടി. ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ച മുംബൈയ്ക്ക് ചെന്നൈയിനോടു പൊരുതി ജയിക്കാനായില്ല. 

🌀ഇന്ത്യയുടെ പ്രധാന ഫുട്‌ബോള്‍ ലീഗായി ഐഎസ്എലിന് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ അംഗീകാരം. ഇതുവരെ ഐ ലീഗായിരുന്നു ഇന്ത്യയുടെ പ്രധാന ഫുട്‌ബോള്‍ ലീഗ്. 

🌀പാരീസ് ഓപ്പണ്‍ ബാഡ്മിന്റണിന്റെ പുരുഷ ഡബിള്‍സിന്റെ ഫൈനലില്‍ ഇന്ത്യന്‍ ജോഡികളായ സാത്വിക് സായ് രാജ് - ചിരാഗ് ഷെട്ടി സഖ്യം പരാജയപ്പെട്ടു. ഇന്തോനേഷ്യന്‍ താരങ്ങളോടാണ് ഇന്ത്യന്‍ താരങ്ങള്‍ തോറ്റത്. 

🌀സ്പാനിഷ് ലാ ലീഗയില്‍ അത്ലറ്റിക്കോ മാഡ്രിഡിന് ജയം. ഹോം മത്സരത്തില്‍ ബില്‍ബാവോയെ മടക്കമില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് അത്ലറ്റിക്കോ തോല്‍പിച്ചത്.

🌀കാറ്റലോണിയയിലെ ആഭ്യന്തര കലാപം ഭയന്ന് റയല്‍ മാഡ്രിഡും ബാഴ്സലോണയും തമ്മിലുള്ള ലാലീഗ പോരാട്ടം മാറ്റിവച്ചത് ഗ്രാനഡയ്ക്ക് തുണയായി. ഈ വര്‍ഷം ഒന്നാം ഡിവിഷനിലേയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ച അവര്‍ ബാഴ്സയെ മറികടന്ന് ലാലീഗ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി്. പത്തു കളികളില്‍നിന്ന് 20 പോയിന്റു നേടിയ റയലിന് ഒന്‍പത് മത്സരം കളിച്ച ബാഴ്സയേക്കാള്‍ ഒരു പോയിന്റ് മുന്നില്‍. ശനിയാഴ്ച  നടക്കേണ്ടിയിരുന്ന എല്‍ക്ലാസിക്കോ ഡിസംബര്‍ 18 ലേയ്ക്കാണു മാറ്റിയത്.

🌀ഇന്ത്യന്‍ മൂലധന വിപണിയിലേക്കുളള നിക്ഷേപത്തില്‍ വീണ്ടും വര്‍ധനവ്. ഒക്ടോബര്‍ മാസം ഇതുവരെ ഫോറിന്‍ പോര്‍ട്ട് ഫോളിയോ നിക്ഷേപകരില്‍ (എഫ്പിഐ) നിന്ന് 3,800 കോടിയിലധികമാണ് ഇന്ത്യന്‍ മൂലധന വിപണിയിലേക്ക് എത്തിയത്. ഇക്വിറ്റി വിപണിയിലേക്ക് 3,769.56 കോടി രൂപയും ഡെബ്റ്റ് സെഗ്മെന്റിലേക്ക് 58.4 കോടി രൂപയും നിക്ഷേപമായി എത്തി. ആകെ നിക്ഷേപമായി എത്തിയത് 3,827.9 കോടി രൂപയാണ്. 

🌀ഒരു മണിക്കൂര്‍ മുഹൂര്‍ത്ത വ്യാപാരത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം. ദീപാവലിയോടനുബന്ധിച്ച് നടന്ന മുഹൂര്‍ത്ത വ്യാപാരത്തില്‍ മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 192 പോയിന്റ് നേട്ടത്തോടെ 39,250 ലെത്തി വ്യാപാരം അവസാനിച്ചു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയില്‍ വ്യാപാരം 0.50 ശതമാനം ഉയര്‍ന്ന് 11,628 ലേക്ക് എത്തി. ടാറ്റാ മോട്ടോഴ്‌സ് ഓഹരികളാണ് ഏറ്റവും വലിയ നേട്ടം കൈവരിച്ചത്. 

🌀വിനയന്‍ ഒരുക്കുന്ന ഹൊറര്‍ ത്രില്ലര്‍ ആകാശഗംഗ 2 വിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു. 'തീ തുടികളുയരെ...' എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിരങ്ങിയത്. സിത്താര കൃഷ്ണകുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജിപാല്‍ സംഗീതം പകര്‍ന്നിരിക്കുന്നു.

🌀മലയാളി പ്രേക്ഷകരുടെ പ്രിയ താരം ജയറാമും തെലുങ്കിലെ സ്‌റ്റൈലിഷ് താരം അല്ലു അര്‍ജുനും ഒന്നിക്കുന്ന ചിത്രത്തിന്റെ ദീപാവലി പോസ്റ്റര്‍ പുറത്ത്. 'അല വൈകുന്തപുറംലോ' എന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ അല്ലുവിനോടൊപ്പം സ്‌റ്റൈലിഷ് ലുക്കില്‍ എത്തിയ ജയറാമും ശ്രദ്ധ നേടുന്നുണ്ട്. ചിത്രത്തില്‍ അല്ലു അര്‍ജുന്റെ അച്ഛനായാണ് ജയറാം എത്തുന്നത്.

🌀മലയാള സിനിമയില്‍ ജി വാഗണ്‍ സ്വന്തമാക്കുന്ന ആദ്യ താരമായി ആസിഫ് അലി. മെഴ്സിഡീസ് ബെന്‍സിന്റെ ജി 55 എഎംജിയാണ് താരം സ്വന്തമാക്കിയത്. ഗുരുഗ്രാം ആസ്ഥാനമായുള്ള പ്രീമിയം യൂസ്ഡ് കാര്‍ ഡീലര്‍ഷിപ്പായ ബിഗ്‌ബോയ് ടോയിസില്‍ നിന്നാണ് 2012 മോഡല്‍ ജി വാഗണ്‍ നടന്‍ ആസിഫ് സ്വന്തമാക്കിയത്.

🌀പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കു വായിച്ചു രസിക്കാന്‍ പറ്റിയ മുപ്പതു കഥകളാണ് ഈ സമാഹാരത്തിലുള്ളത്. 'ആമയും അരയന്നങ്ങളും'. സത്യന്‍ താന്നിപ്പുഴ. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 70 രൂപ.

🌀മുടി കഴുകുമ്പോള്‍ വീര്യം കുറഞ്ഞതും ഗുണമേന്മയുള്ളതുമായ ഷാമ്പൂ ഉപയോഗിക്കുക. ഷാമ്പൂ ഇട്ട ശേഷം മുടിയില്‍ നിര്‍ബന്ധമായും കണ്ടീഷ്ണര്‍ ഇടേണ്ടതുണ്ട്. ഷാമ്പൂ പ്രയോഗിക്കേണ്ടത് പ്രധാനമായും തലയോട്ടിയിലാണ്.  എന്നാല്‍ കണ്ടീഷ്ണറാകട്ടെ മുടിയുടെ അറ്റങ്ങളിലുമാണ് തേക്കേണ്ടത്. ഇടയ്ക്കിടെ മുടിയില്‍ എന്തെങ്കിലും ഒരു മാസ്‌ക് ഇട്ടുകൊടുക്കുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതും ഉപയോഗിക്കേണ്ട കൃത്യമായ രീതിയില്‍ തന്നെ ഉപയോഗിക്കുക. മുടി കഴുകുമ്പോള്‍ ഇടയ്ക്ക്, ഇളം ചൂടുള്ള വെള്ളത്തില്‍ ഒന്നുരണ്ട് തവണ കഴുകുന്നത് നല്ലതാണ്.  ഡ്രൈയര്‍ സ്ഥിരമായി ഉപയോഗിക്കുന്നത് മുടിക്ക് അല്‍പം ഹാനികരമായ ശീലം തന്നെയാണ്. മീഡിയം ചൂടിലോ കുറവ് ചൂടിലോ ഡ്രൈയര്‍ സെറ്റ് ചെയ്ത ശേഷം ഉപയോഗിക്കുന്നത് പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ ഉപകാരപ്പെടും.  നനഞ്ഞ മുടി ചീപ്പുപയോഗിച്ച് ഒരിക്കലും ചീകരുത്. നന്നായി ഉണങ്ങിയ ശേഷം മാത്രം ചീകുകയോ കെട്ടിവയ്ക്കുകയോ ആവാം.

ജീവിതപാഠം
കവിത കണ്ണൻ

തെളിച്ച വഴി നടന്നില്ലെങ്കില്‍ നടന്ന വഴിയേ തെളിക്കാം.  അതായിരുന്നു വില്‍റ്റ ചേംബര്‍ലൈയ്ന്‍ എന്ന കായികതാരത്തിന്റെ ജീവിത്തില്‍ നടന്നത്.  അമേരിക്കയിലെ നാഷ്ണല്‍ ബാസ്‌കറ്റ് ബോള്‍ അസോസിയേഷന്‍ ചരിത്രത്തില്‍ എക്കാലത്തേയും മികച്ചൊരു റെക്കോര്‍ഡ് ഉടമയായിരുന്നു ചേംബര്‍ലെയ്ന്‍.  ഒരൊറ്റ ഗെയിമില്‍ സ്വന്തമായി നൂറിലേറെ പോയിന്റുകള്‍ നേടുക!  അസാധ്യം എന്ന് കരുതിയ കാര്യം സാധ്യമാക്കിയ പ്രതിഭ.  പക്ഷെ, ചേംബര്‍ ലെയ്‌നിന്റെ പോരാട്ടവീര്യവും, മികവും അസോസിയേഷന് എന്നും തലവേദനയായിരുന്നു.  കോര്‍ട്ടില്‍ വിജയം അല്ലാതെ മറ്റൊന്നും ചേംബര്‍ലെയ്‌നിനെ സംബന്ധിച്ച് ഇല്ലായിരുന്നു.  1962 മാര്‍ച്ച് 2 അന്നായിരുന്നു ചേംബര്‍ലെയ്ന്‍ ഇതിഹാസം രചിച്ച മാച്ച് നടന്നത്.  100 പോയിന്റുകള്‍, 36 ഷോട്ടുകള്‍, 28 ഫ്രീത്രോകള്‍ പകരം വെയ്ക്കാന്‍ മറ്റൊരു പേരില്ലാത്ത 'ഇടിവെട്ട് ' മാച്ച്.  അവിടെ തുടങ്ങി അസോസിയേഷന്റെ ചില നടപടികള്‍.  അജയ്യനായ ചേംബറിനെ തളക്കണം.  അതിന് ചേംബറിനെ നിയന്ത്രിക്കുക അസാധ്യം. ഇനി ഒരു വഴിമാത്രമേ ബാക്കിയുള്ളൂ.  കളിയിലെ നിയമങ്ങള്‍ മാറ്റുക! ഒന്നല്ല, അനവധി തവണ അസോസിയേഷന്‍ കളി നിയമങ്ങള്‍ മാറ്റി എഴുതി പക്ഷേ ചേംബര്‍ ആ പുതിയ നിയമങ്ങളെയും 'തട്ടി വലയിലിട്ടു'.  ഒടുവില്‍ 1973 ല്‍ അദ്ദേഹം 'കളി ' മതിയാക്കി വിടവാങ്ങി.  ചേംബറിനെ തളയ്ക്കാന്‍ പലവഴികള്‍ നോക്കിയ അസോസിയേഷന്‍ ചരിത്രത്തില്‍ ഇങ്ങനെ അദ്ദേഹത്തെ വിശേഷിപ്പിച്ചു.  'ഏററവും വിലയേറിയ കളിക്കാരന്‍ ' - തുടരുക, നമുക്ക് സാധ്യമായതിന്റെ പരമാവധി മികവോടെ തുടരുക - ഒന്നിനുവേണ്ടിയും കോംപ്രമൈസ് ചെയ്യപ്പെടേണ്ടതല്ല നമ്മുടെ മികവ് - കാരണം നമ്മളുടെ വീഴ്ചകള്‍ക്ക് ആരും കയ്യടിക്കാറില്ല.. കൈയ്യടികള്‍ ജയത്തിന് മാത്രം.  ജയത്തിനായി നമ്മുടെ യാത്രകള്‍ തുടരാം - ശുഭദിനം 


Post a comment

Whatsapp Button works on Mobile Device only