29 October 2019

പ്രഭാത വാർത്തകൾ 2019 ഒക്‌ടോബർ 29 1195 തുലാം 12 ചൊവ്വാഴ്ച (വിശാഖം നാൾ)(വിഷൻ ന്യൂസ്‌ 29/10/2019)
(VISION NEWS 29 October 2019)


  

🌀പാലക്കാട്ട് അഗളിയിലെ മഞ്ചക്കണ്ടി വനത്തില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മൂന്നു മാവോയിസ്റ്റുകളില്‍ ഒരു സ്ത്രീയും. ചിക്കമംഗളൂര്‍ സ്വദേശികളായ ശ്രീമതി, സുരേഷ്, തമിഴ്നാട് സ്വദേശി കാര്‍ത്തി എന്നിവരാണ് കൊല്ലപ്പെട്ടത്. ആദിവാസി ഊരിനു സമീപം മാവോയിസ്റ്റുകളുടെ ക്യാമ്പ് നടക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് തണ്ടര്‍ ബോള്‍ട്ട് സംഘം തെരച്ചില്‍ നടത്തിയത്. മാവോവാദികള്‍ വെടിയുതിര്‍ത്തതോടെ തിരികേ വെടിവയ്ക്കുകയായിരുന്നെന്നു പോലീസ്. 

🌀ഇന്നു കടകള്‍ തുറക്കില്ല. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കടകളടച്ചു സമരം ചെയ്യും. ഹോട്ടലുകളും തുറക്കില്ല. വ്യാപാരികള്‍ കളക്ടറേറ്റിലേക്കു മാര്‍ച്ചു ചെയ്യും. വാറ്റ് കുടിശികയുടെ പേരില്‍ വ്യാപാരികളെ വേട്ടയാടുന്നതില്‍ പ്രതിഷേധിച്ചാണു സമരം. 

🌀മലപ്പുറത്ത് ബയോഗ്യാസ് പ്ലാന്റിലുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. പത്തപ്പിരിയം റബര്‍ ഉത്പാദക സംഘത്തിന്റെ റബ്ബര്‍ പാല്‍ സംസ്‌കരണ കേന്ദ്രത്തിലെ  ബയോഗ്യാസ് പ്ലാന്റിലാണ് അപകടമുണ്ടായത്. പ്ലാന്റ് സ്ഥാപിച്ച കമ്പനിയിലെ തൊഴിലാളികളായ ചുങ്കത്തറ സ്വദേശി ജോമോന്‍, ഉപ്പട സ്വദേശി വിനോദ്, ബീഹാര്‍ സ്വദേശി അജയകുമാര്‍ എന്നിവരാണ് മരിച്ചത്.

🌀വാളയാര്‍ കേസില്‍ ആരോപണവിധേയനായ പാലക്കാട് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ അഡ്വ. രാജേഷിനെ മാറ്റി. കേസില്‍ വെറുതെ വിട്ട മൂന്നാം പ്രതി പ്രദീപ്കുമാറിനു വേണ്ടി ഹാജരായ രാജേഷിനെ ചെയര്‍മാനായി നിയമിച്ചതിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടയാണു പുറത്താക്കല്‍. 

🌀വാളയാര്‍ സംഭവത്തില്‍ പ്രതിഷേധിച്ച് പാലക്കാട്ട് നവംബര്‍ അഞ്ചിനു യുഡിഎഫ് ഹര്‍ത്താല്‍. 

🌀കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ നാലുപേരുടെ രഹസ്യമൊഴി മജിസ്ട്രേട്ടിന് മുന്നിലെത്തിച്ചു രേഖപ്പെടുത്തും. മുഖ്യപ്രതി ജോളിയുടെ രണ്ടു മക്കള്‍, ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു, മരിച്ച സിലിയുടെ സഹോദരന്‍ സിജോ എന്നിവരുടെ രഹസ്യ മൊഴിയാണു രേഖപ്പെടുത്തുക. കോടതിയില്‍ ഇതിനുള്ള അപേക്ഷ നല്‍കി. കേസിന്റെ വിചാരണ വേളയില്‍ കൂറുമാറാതിരിക്കാനുള്ള മുന്‍കരുതലായാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിനിടെ, ജോളിയുടെ സുഹൃത്തും ബിഎസ്എന്‍എല്‍ ജീവനക്കാരനുമായ ജോണ്‍സനെ അന്വേഷണസംഘം വീണ്ടും ചോദ്യംചെയ്തു.

🌀ഗുഡ്‌വിന്‍ ജ്വല്ലറി ഗ്രൂപ്പിന്റെ മലയാളികളായ ഉടമകള്‍ക്കെതിരേ മഹാരാഷ്ട്രയിലെ താനെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. തൃശൂര്‍ ജില്ലയിലെ വട്ടണാത്ര സ്വദേശി എ.ജി. മോഹനന്റെ മക്കളായ എ.എം. സുനില്‍കുമാര്‍, സുധീഷ്‌കുമാര്‍ എന്നിര്‍ക്കെതിരേയാണു ലുക്കൗട്ട് നോട്ടീസ്. സ്വര്‍ണ നിക്ഷേപവും പണവും തിരിച്ചുതരുന്നില്ലെന്ന് ആരോപിച്ച് നിരവധി നിക്ഷേപകര്‍ പരാതി നല്‍കിയതോടെ പോലീസ് കേസെടുത്തിട്ടുണ്ട്. ജ്വല്ലറി ഷോറൂമുകള്‍ അടച്ചിട്ടിരിക്കുകയാണ്. കേരളത്തില്‍ തൃശൂരില്‍ മാത്രമാണ് ഇവര്‍ക്കു ഷോറൂമുള്ളത്. 

🌀കോട്ടയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു വര്‍ഷമായി അഞ്ചു പേര്‍ പതിമ്മൂന്നുകാരിയെ പീഡിപ്പിച്ചെന്നാണു കേസ്. ദേവസ്യ, റെജി, ജോബി, നാഗപ്പന്‍ എന്നിവരെയാണ് കിടങ്ങൂര്‍ പോലീസ് പിടികൂടിയത്. അഞ്ചാം പ്രതി ബെന്നി ഒളിവിലാണ്. 

🌀ടിക് ടോക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്നു പേരെ കണ്ണൂര്‍ കൂത്തുപറമ്പ് പോലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴ നൂറനാട്ട് സ്വദേശി എസ് അരുണ്‍ (20), മട്ടന്നൂര്‍ ശിവപുരം സ്വദേശികളായ എം. ലിജില്‍ (26), കെ. സന്തോഷ് (21) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. സ്‌കൂളില്‍നിന്നു വിനോദയാത്രയ്‌ക്കെന്നു പറഞ്ഞു വീട്ടില്‍നിന്നിറങ്ങിയ പെണ്‍കുട്ടിയെ ഒരാഴ്ചയായിട്ടും കാണാതായതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. 

🌀മാവോയിസ്റ്റുകളെന്നു സംശയിക്കുന്നവരെ വെടിവച്ചു കൊല്ലാമോയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം ആറു മാവോയിസ്റ്റുകളെയാണു വെടിവച്ചു കൊന്നത്. ചെന്നിത്തല പറഞ്ഞു.  

🌀അഗളിയില്‍ പോലീസ് മാവോയിസ്റ്റു വേട്ടയല്ല, നരനായാട്ടാണു നടത്തിയതെന്ന് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍ എംപി. വിചാരണയില്ലാതെ കൊല്ലാന്‍ ആരാണു പോലീസിനു ലൈസന്‍സ് നല്‍കിയത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതിനേക്കാള്‍ ഭീതിജനകമായ അവസ്ഥയാണു കേരളത്തിലെന്നും അദ്ദേഹം പറഞ്ഞു. 

🌀അഗളിയിലെ മാവോയിസ്റ്റ് വേട്ട വെറും യക്ഷിക്കഥയാണെന്നും ആരും വിശ്വസിക്കില്ലെന്നും സിപിഐ നേതാവ് ബിനോയ് വിശ്വം എംപി.

🌀കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിനു ശാശ്വത പരിഹാരമുണ്ടാക്കാന്‍ ഡ്രയിനേജ് മാപ്പ് തയാറാക്കും. ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ കര്‍മ്മ പരിപാടിയുടെ തുടര്‍നടപടികള്‍ വേഗത്തില്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു.

🌀കോതമംഗലം ചെറിയപള്ളിയില്‍ കയറാനാകാതെ ഓര്‍ത്തഡോക്സ് വിഭാഗം മടങ്ങി.  യാക്കോബായ വിഭാഗത്തിന്റെ ചെറുത്തുനില്‍പിനെ കൂസാതെ അകത്തേക്ക് ഇടിച്ചുകയറാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ശ്രമിച്ചതോടെ സംഘര്‍ഷാവസ്ഥയുണ്ടായി. വഴിയടച്ച് തിങ്ങിനിന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തോടു പിരിഞ്ഞുപോകാന്‍ പോലീസ് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് അവര്‍ മടങ്ങിയത്. കോടതിയെ സമീപിക്കുമെന്ന് ഓര്‍ത്തഡോക്സ് വിഭാഗം വൈദികര്‍ പറഞ്ഞു.

🌀വാളയാര്‍ കേസില്‍ കുറ്റമേല്‍ക്കാന്‍ പൊലീസ് പല തവണ മകനെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്‌തെന്ന് ആത്മഹത്യ ചെയ്ത പ്രവീണിന്റെ  അമ്മ. പ്രവീണിന്റെ തലയില്‍ കുറ്റം കെട്ടിവച്ച് പ്രതികളെ രക്ഷിക്കാനാണ് പോലീസ് ശ്രമിച്ചത്. കേസ് കോടതിയിലെത്തുമ്പോള്‍ രക്ഷപ്പെടുത്താമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, പ്രവീണ്‍ അതിന് വഴങ്ങിയില്ല. പോലീസ് മര്‍ദനം മൂലമാണ് പ്രവീണ്‍ ആത്മഹത്യ ചെയ്തതെന്നും അമ്മ ആരോപിച്ചു.

🌀വാളയാര്‍ കേസില്‍ കൊല്ലപ്പെട്ട രണ്ടാമത്തെ പെണ്‍കുട്ടി മൂത്ത സഹോദരിയുടെ കൊലപാതകത്തിന്റെ ദൃക്സാക്ഷിയാണെന്ന ആരോപണവുമായി യുവമോര്‍ച്ച. ഇളയ സഹോദരിയുടെ മൊഴി സ്ഥിരീകരിക്കാന്‍ ഇപ്പോള്‍ പോലീസ് തയ്യാറാകുന്നില്ല. എന്നാല്‍, ഇക്കാര്യം 2017 മേയ് മാസത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടെന്നും യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍ പറഞ്ഞു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പും യുവമോര്‍ച്ച പുറത്തുവിട്ടു.

🌀വാളയാര്‍ കേസില്‍ ഇടപെടുമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍. സംഭവം കമ്മീഷന്റെ ലീഗല്‍ സെല്‍ പരിശോധിക്കുമെന്ന് കമ്മീഷന്‍  ചെയര്‍പേഴ്‌സണ്‍ പ്രിയങ്ക് കനൂഖോ ട്വിറ്ററിലൂടെ പറഞ്ഞു. 

🌀തിരുച്ചിറപ്പള്ളി നടുകാട്ടുപ്പെട്ടിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരന്‍ മരിച്ചു.  
ഞായറാഴ്ച രാത്രിയോടെ കുഴല്‍ കിണറിനുള്ളില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. 

🌀ആന്‍ഡമാനിലെ ഷഹീദ് ദ്വീപില്‍നിന്ന് ബോട്ടില്‍ യാത്ര പുറപ്പെട്ട അമൃത് കുജൂറിന്‌ 28 ദിവസത്തിനുശേഷം തീരത്തണിഞ്ഞിട്ടും സ്വന്തം ജീവന്‍ തിരിച്ചു കിട്ടിയെന്നു വിശ്വസിക്കാനായിട്ടില്ല. കടലില്‍ കപ്പലുകള്‍ക്കു പലചരക്കു സാധനങ്ങളും വെള്ളവും എത്തിച്ചുകൊടുക്കുന്ന പണിയാണ് ഇയാള്‍ സുഹൃത്തായ ദിവ്യരഞ്ജനുമൊത്ത് ചെയ്തിരുന്നത്. കൂറ്റന്‍ തിരകളില്‍പെട്ട്  ബോട്ട് ഭാഗികമായി തകര്‍ന്നു. ദിവ്യരഞ്ജന്‍ തെറിച്ചു കടലില്‍ വീണു. കഴിയ്ക്കാന്‍ ഭക്ഷണവും വെള്ളമില്ല. കടല്‍വെള്ളം മൊത്തിക്കുടിച്ചാണു ജീവിച്ചത്. 1300 കിലോമീറ്റര്‍ സഞ്ചരിച്ച് ബോട്ട് ഒഡീഷ തീരത്തണഞ്ഞപ്പോള്‍ തീരവാസികളാണ് ഇയാളെ രക്ഷപ്പെടുത്തിയത്. 

🌀ജമ്മു കാഷ്മീരിലെ സോപോരിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ 15 പേര്‍ക്കു പരിക്കേറ്റു. ശ്രീനഗറില്‍ സമാനമായ ആക്രമണത്തില്‍ ആറ് പട്ടാളക്കാര്‍ക്ക് പരിക്കേറ്റത് രണ്ടു ദിവസം മുമ്പാണ്. ബസ് കാത്തിരിപ്പു കേന്ദ്രത്തിലെ യാത്രക്കാര്‍ക്കു നേരെയായിരുന്നു ആക്രമണം.

🌀യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള 28 പാര്‍ലമെന്റ് അംഗങ്ങള്‍ ഇന്നു കാഷ്മീര്‍ സന്ദര്‍ശിക്കും. സംഘം ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനേയും സന്ദര്‍ശിച്ചിരുന്നു. ഇവരുടെ സന്ദര്‍ശനം ഇന്ത്യക്കു ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 

🌀അവിഹിതബന്ധ ആരോപണത്തില്‍ കുടുങ്ങിയ അമേരിക്കന്‍ പാര്‍ലമെന്റംഗം കാത്തി ഹില്‍ രാജിവച്ചു. ഹില്ലും ഭര്‍ത്താവും തമ്മിലുള്ള വിവാഹമോചന കേസ് നിലനില്‍ക്കേ സ്റ്റാഫംഗമായ യുവതിയുമായി അവിഹിത ബന്ധമുണ്ടെന്നാണ് ആരോപണം ഉയര്‍ന്നത്. 

🌀ബ്രെക്‌സിറ്റ് കാലാവധി നീട്ടണമെന്ന ബ്രിട്ടന്റെ ആവശ്യം യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചു. ജനുവരി 31 വരെയാണു കാലാവധി നീട്ടിയത്. 

🌀വിമാനത്തിന്റെ ടോയ്‌ലെറ്റില്‍ കാമറ സ്ഥാപിച്ച് കോക്പിറ്റില്‍ ലൈവ് സ്ട്രീമിംഗ് നടത്തിയ പൈലറ്റുമാര്‍ക്കെതിരെ നിയമനടപടി. 2017 ഫെബ്രുവരിയിലാണ് സംഭവം. അമേരിക്കയിലെ പിറ്റ്സ്ബര്‍ഗില്‍നിന്ന് ഫോണിക്സിലേയ്ക്കുള്ള സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിന്റെ വിമാനത്തിന്റെ പൈലറ്റുമാരായ ടെറി ഗ്രഹാം, റയാന്‍ റസ്സല്‍ എന്നിവര്‍ക്കെതിരെ ഫ്‌ളൈറ്റ് അറ്റന്‍ഡറുടെ പരാതിയിലാണു നടപടി. 

🌀ഐഎസ്എലില്‍ എഫ്‌സി ഗോവ നിലവിലുള്ള ചാമ്പ്യന്മാരായ ബംഗളൂരിവിനെ ഓരോ ഗോള്‍ വീതമുള്ള സമനിലയില്‍ തളച്ചു. മത്സരം അവശേഷിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ നേടിയ പെനാല്‍റ്റി ഗോളിലൂടെയാണ് ഗോവ ബംഗളൂരുവിന്റെ മുന്നേറ്റം തടഞ്ഞത്.

🌀ബംഗ്ലാദേശിലെ ഷെയ്ഖ് കമാല്‍ ഇന്റര്‍നാഷനല്‍ ക്ലബ് കപ്പ് ഫുട്ബോളിന്റെ സെമി ഫൈനലില്‍ ഗോകുലം കേരള എഫ്സിക്കു തോല്‍വി. ബംഗ്ലാദേശ് ക്ലബായ ചിറ്റഗോംഗ് അബഹാനി രണ്ടിനെതിരേ മൂന്നു ഗോളിനാണ് ഗോകുലത്തെ പരാജയപ്പെടുത്തിയത്. 

🌀പാരീസ് മാസ്റ്റേഴ്‌സ് ടെന്നീസില്‍നിന്ന് റോജര്‍ ഫെഡറര്‍ പിന്മാറി. നവംബറില്‍ നടക്കുന്ന എടിപി ഫൈനലിനുള്ള ഒരുക്കമെന്ന നിലയിലാണ് പിന്മാറിയത്. ബാസല്‍ ടെന്നീസ് കിരീടം നേടിയശേഷമാണ് ഈ തീരുമാനമെടുത്തത്. 

🌀ബംഗ്ലാദേശ് സമ്മതിച്ചാല്‍ കൊല്‍ക്കത്തയില്‍ ഡേ- നൈറ്റ് ടെസ്റ്റ്. ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി ഡേ- നൈറ്റ് ടെസ്റ്റിനു പച്ചക്കൊടി കാണിച്ചു. 

🌀അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ലോക കപ്പ് ട്വന്റി 20 മല്‍സരത്തില്‍ കളിക്കാന്‍ പാപുവ ന്യൂ ഗിനി യോഗ്യത നേടി.

🌀ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ലിവര്‍പൂള്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു ടോട്ടനത്തെ തോല്‍പിച്ചു. 

🌀ലോകത്തിലെ ഏറ്റവും വിപണിമൂല്യമുള്ള വാഹന കമ്പനിയെന്ന സ്ഥാനം ഇനി അമേരിക്കന്‍ ഇലക്ട്രിക്ക് വാഹനഭീമനായ ടെസ്‌ലയ്ക്ക്. ജനറല്‍ മോട്ടോഴ്‌സിനെ പിന്തള്ളിയാണ് ടെസ്‌ലയുടെ ഈ കുതിപ്പ്. കഴിഞ്ഞ ദിവസം കമ്പനിയുടെ ഓഹരി വില 17 ശതമാനം കുതിച്ചുയര്‍ന്നിരുന്നു. ഇതോടെയാണ് വിപണിമൂല്യത്തില്‍ ജനറല്‍ മോട്ടോഴ്സിനെ പിന്തള്ളി ടെസ്‌ല ഒന്നാമതെത്തിയത്. 

🌀പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് ജിഎസ്ടി നെറ്റ്‌വര്‍ക്കിലെ ഓഹരികള്‍ വിറ്റഴിക്കാനൊരുങ്ങുന്നു. ജിഎസ്ടി നെറ്റ്‌വര്‍ക്കിലുളള 10 ശതമാനം ഓഹരിയാണ് ഐസിഐസിഐ ബാങ്ക് വില്‍ക്കുന്നത്. 13 സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് ബാങ്ക് ഓഹരി കൈമാറുക. അസം സര്‍ക്കാരിന് 0.14 ശതമാനവും തെലുങ്കാന സര്‍ക്കാരിന് 0.81 ശതമാനം ഓഹരിയും ഐസിഐസിഐ ബാങ്ക് കൈമാറും. 

🌀ഫ്രൈഡേ ഫിലിം ഹൗസ് എക്‌സ്പിരിമെന്റ്‌സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രം സുല്ലിന്റെ ട്രെയിലറിന് യൂട്യൂബില്‍ മികച്ച പ്രതികരണം.  ഭീതിയുടെയും ആശങ്കയുടെയും മുള്‍മുനയില്‍ പ്രേക്ഷകനെ എത്തിക്കുന്നതാണ് ട്രെയിലര്‍. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വിഷ്ണു ഭരദ്വാജാണ്. ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത് മാസ്റ്റര്‍ വാസുദേവാണ്. 

🌀ദീപാവലി ദിനത്തില്‍ പുതിയ ചിത്രം 'രാങ്കി'യുടെ ലുക്ക് പോസ്റ്റര്‍ പങ്കുവച്ച് തൃഷ. പോസ്റ്ററില്‍ തൃഷയുടെ തീവ്രമായ ലുക്കാണ് കാണാന്‍ സാധിക്കുക. തൃഷയുടെ മാസ് ആക്ഷന്‍ രംഗങ്ങളും സ്റ്റണ്ടുകളും രാങ്കിയില്‍ കാണാന്‍ സാധിക്കും. ചിത്രത്തിനായി ബുള്ളറ്റ് ഓടിക്കാന്‍ പഠിച്ചതായി തൃഷ നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 'എളുപ്പത്തില്‍ കീഴടക്കാന്‍ സാധിക്കാത്ത പെണ്‍കുട്ടി' എന്നാണ് രാങ്കി എന്ന തമിഴ് വാക്കിനര്‍ഥം.

🌀ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡിയുടെ  എ6 -സെഡാന്റെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടിയല്‍ ഔഡി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന ആദ്യ ഓള്‍-ന്യൂ മോഡലാണ് പുതിയ എ6. പുതിയ എ6 പ്രീമിയം പ്ലസ്, ടെക്‌നോളജി എന്നീ രണ്ട് വകഭേദങ്ങളിലാണ് ലഭ്യമാവുക. 54.20 ലക്ഷം മുതല്‍ 59.20 ലക്ഷം രൂപ വരെയാണ്  ഇന്ത്യയിലെ എക്സ് ഷോറൂം വില.

🌀ധ്യാനത്തിന്റെയും ആത്മീയതയും മനനത്തിന്റെയും ബൗദ്ധികതയും വെലിപാടിന്റെയും ഊര്‍ജ്ജ പ്രസരവും ഏകകാലത്ത് സന്നിഹമായ രചനകള്‍. 'ഭവസാഗരം'. ആഷ മേനോന്‍. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 128 രൂപ.

🌀ഫൈബര്‍ അഥവാ നാര് ധാരാളം അടങ്ങിയ ഭക്ഷണവും തൈരും ഡയറ്റയില്‍ ഉള്‍പ്പെടുത്തുന്നത് ശ്വാസകോശാര്‍ബുദം തടയാന്‍ സഹായിക്കുമെന്നാണ് പുതിയ ഒരു പഠനം പറയുന്നത്. യുഎസിലെ വാന്‍ഡര്‍ബില്‍റ്റ് യൂണിവേഴ്‌സിറ്റിയാണ് പഠനം നടത്തിയത്. ഫൈബറും തൈരും ഭക്ഷണത്തില്‍ എത്രത്തോളം കഴിക്കുന്നുണ്ട് എന്ന അളവിന്റെ അടിസ്ഥാനത്തില്‍ പല ഗ്രൂപ്പുകളാക്കിയാണ് പഠനം നടത്തിയത്. മറ്റുളളവരെ വെച്ച്   ഫൈബറും തൈരും ധാരാളമായി കഴിക്കുന്നവരില്‍ ശ്വാസകോശാര്‍ബുദം വരാനുളള സാധ്യത 33 ശതമാനം കുറവാണെന്നാണ് പഠനം പറയുന്നത്.  ജമ ഓങ്കോളജി ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

*ജീവിതപാഠം*
കവിത കണ്ണൻ

അപ്രിയ സത്യങ്ങൾ പറയരുത് - സത്യം പറയാൻ പ്രേരിപ്പിച്ചവർ തന്നെ അപ്രിയ സത്യങ്ങൾ പറയരുത് എന്നും പറയുന്നു. സത്യം പറയുകയും വേണം, പക്ഷെ അത് തനിക്കോ മറ്റാർക്കുമോ ദോഷം വരാതെ ആവുകയും വേണം.. ഇതൊരു പഴയ കഥയാണ്.  ചെമ്പകശ്ശേരി രാജാവിന്റെ ഗുരുസ്ഥാനീയൻ ആയിരുന്നു 'കൈപ്പുഴ ' നമ്പൂതിരി.  രാജപ്രീതി വേണ്ടുവോളം ഉള്ളത് കൊണ്ട് ധിക്കാരം കൂടപ്പിറപ്പായി.  ആരും ചോദിക്കാനും ഇല്ല.  ഒരിക്കൽ രാജാവും നമ്പൂതിരിയും ഒപ്പം നടന്നു വരും വഴി എതിരെ വന്ന സാക്ഷാൽ കുഞ്ചൻ നമ്പ്യാർ തന്റെ കയ്യിലിരുന്ന പാത്രം താഴേക്കിട്ടു.  എന്തെന്ന ചോദ്യഭാവത്തോടെ നിന്ന രാജാവിനോട് കുഞ്ചൻ നമ്പ്യാർ പറഞ്ഞു.  "കൈപ്പിഴ മൂലം ഗ്രഹപ്പിഴ ആയി " എന്ന്.  സരസമായ ആ സംവാദത്തിന്റെ അർത്ഥം രാജാവിന് മനസ്സിലായി.  മറ്റൊരിക്കൽ പത്മനാഭ സ്വാമിക്ഷേത്രത്തിലെ 'നമ്പി ' (പൂജാരി ) കുഞ്ചൻ നമ്പ്യാരെ കണ്ട് "നീയാര്" എന്ന് ചോദിച്ചു.  ചോദ്യം അത്ര ഇഷ്ടപ്പെടാതെ വന്ന കുഞ്ചൻ 'നമ്പിയാര് ' എന്ന മറുചോദ്യം ഉയർത്തി. ഇത്  ആക്ഷേപമായി തോന്നിയ നമ്പി, സംഭവം കൊട്ടാരത്തിൽ എത്തിച്ചു.  രാജാവിന്റെ മുൻപിൽ നമ്പ്യാർ ഈ സംഭവം അവതരിപ്പിച്ചത് 4 വരി കവിത കൊണ്ടായിരുന്നു. 

" നമ്പിയാരെന്നു ചോദിച്ചു / നമ്പിയാരെന്നു ചൊല്ലിനേൻ / നമ്പിക്കേട്ടഥ കോപിച്ചു / തമ്പുരാനെ പൊറുക്കണേ / 

'നമ്പ്യാർ ' എന്നത് ഈണത്തിൽ അവതരിപ്പിച്ചു എന്നായിരുന്നു കവിതയുടെ സാരം.   രാജാവ് ഇതിലെ നർമ്മം ആസ്വദിച്ചു സഭ പിരിച്ചു വിട്ടു.  - രണ്ടിടത്തും രൂക്ഷവും ഗൗരവകരവുമായ കാര്യങ്ങളെയാണ് നമ്പ്യാർ കൈകാര്യം ചെയ്തത്.  ' കമ്മ്യൂണിക്കേഷൻ' നടന്നു.  പക്ഷെ വലിയ പ്രശ്നങ്ങളിലേക്ക് പോയതുമില്ല,  പരിഹാരം ആവുകയും ചെയ്തു.   ഇവിടെ നമുക്കും പലപ്പോഴും വേണ്ടത് പരിഹാരം തന്നെയല്ലേ.  അനാവശ്യമായ അപ്രീതിയും ശിക്ഷണവും ഒഴിവാക്കി, പരിഭവത്തിനു ഇടനൽകാതെ പറയുവാനുള്ളത് പറയാൻ നമുക്കും ശീലിക്കാം - ശുഭദിനം 

🌀➖🌀➖🌀➖🌀➖🌀

Post a comment

Whatsapp Button works on Mobile Device only