25 October 2019

കംഫർട്ട് സ്റ്റേഷനിലെ അനധികൃത പിരിവ് അപലപനീയം: എല്‍.ഡി.എഫ്(വിഷൻ ന്യൂസ്‌ 25/10/2019)
(VISION NEWS 25 October 2019)


കൊടുവള്ളി :കംഫർട്ട് സ്റ്റേഷന്റെ മറവിൽ ബിനാമിയെ വെച്ച് അനധികൃത പിരിവിന് നേതൃത്വം നൽകിയ മുനിസിപ്പൽ ഭരണ സമിതിയിലെ ഉന്നതരുടെ നടപടി അപലപനീയമാണെന്ന് എൽ.ഡി.എഫ് കൊടുവള്ളി മുനിസിപ്പൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

ഇക്കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ മുനിസിപ്പൽ ചെയർ പേർസൺ ഉദ്ഘാടനം ചെയ്ത കംഫർട്ട് സ്റ്റേഷനിലാണ് മുനിസിപ്പൽ സെക്രട്ടറിയോ ഭരണ സമിതിയോ അറിയാതെ പണപ്പിരിവ് നടത്തിവന്നിരുന്നത്. ഇക്കാര്യം ശ്രദ്ധയിൽ പെട്ട മുനിസിപ്പൽ സെക്രട്ടറി അനധികൃതമായി പണപ്പിരിവ് നടത്തിയ വ്യക്തിയിൽ നിന്ന് താക്കോൽ കൈപ്പറ്റുകയും കംഫർട്ട് സ്റ്റേഷൻ അടച്ചു പൂട്ടുകയും ചെയ്തിരിക്കയാണ്.

നൂറുകണക്കിനാളുകൾ നിത്യേന വന്നു പോവുന്ന കൊടുവള്ളി ബസ് സ്റ്റാന്റിൽ ഒരു കംഫർട്ട് സ്റ്റേഷൻ ഇല്ലാത്തത് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും ഇടയാക്കിയതിനെത്തുടർന്നാണ് കമ്മ്യൂണിറ്റി ഹാളിൽ നിർമ്മിച്ച ടോയ്ലറ്റുകൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ അയൽ വീടുകളെയായിരുന്നു പ്രാഥമിക ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തിയിരുന്നത്. അഞ്ച് ക്ലോസറ്റിനും മൂത്രപ്പുരക്കുമായി ഒൻപത് ലക്ഷം രൂപ ചെലവഴിച്ചതായി മുനിസിപ്പൽ ഭരണ നേതൃത്വം അവകാശപ്പെട്ടിരുന്നു. ഉദ്ഘാടനം ചെയ്ത് ദിവസങ്ങൾക്കകം കക്കൂസ് ടാങ്കിൽ നിന്ന് റോഡിലൂടെ മലിനജലം ഒഴുകിയത് വലിയ  വിവാദങ്ങൾൾക്കിടയാക്കിയിരുന്നു. അഴിമതിയിൽ മുങ്ങിക്കുളിച്ച ഭരണ നേതൃത്വത്തിന്റെ ഇത്തരം കൊള്ളരുതായ്മകളെപ്പറ്റി മാധ്യമങ്ങളും പൊതു സമൂഹവും ചർച്ച ചെയ്യുന്നതിനിടയിലാണ് അനധികൃത പണപ്പിരിവിന്റെ പേരിൽ കംഫർട്ട് സ്റ്റേഷൻ അടച്ചു പൂട്ടിയിരിക്കുന്നത്. 

കംഫർട്ട് സ്റ്റേഷൻ നിർമ്മാണത്തിന്റെ പേരിൽ ലക്ഷങ്ങൾ വെട്ടിക്കുകയും അനധികൃത പിരിവ് നടത്തുന്നതിന് ബിനാമിയെ ഏർപ്പെടുത്തുകയും ചെയ്ത ഭരണ നേതൃത്വത്തിന്റെ ചെയ്തികൾക്കെതിരിൽ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ പൊതുസമൂഹം ഒരുമിച്ചു നിൽക്കേണ്ട സമയമാണിതെന്നും പ്രസ്താവനയിൽ തുടർന്നു പറഞ്ഞു.

സി.പി അബ്ദുള്ളകോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. വി രവീന്ദ്രൻ, ഒ.പി.ഐ കോയ, ഫൈസൽ കാരാട്ട്, പി.ടി.സി ഗഫൂർ, കെ.ടി സുനി, സി.എം ബഷീർ, മാതോലത്ത് അബ്ദുള്ള,  കെ.സി.എൻ അഹമ്മദ്കുട്ടി സംസാരിച്ചു. കെ. ബാബു സ്വാഗതവും ഒ.പി റഷീദ് നന്ദിയും പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only