തിരുവമ്പാടി:
മലയോരമേഖലയുടെ മുഖച്ഛായ മാറ്റുന്നതും വികസനത്തിന് ആക്കംകൂട്ടുന്നതുമായ റോഡ് വികസന പദ്ധതികൾ തിരുവമ്പാടി മണ്ഡലത്തിൽ യാഥാർഥ്യമാവുന്നു. വിവിധ പദ്ധതികളുടെ അവലോകനയോഗം ജോർജ് എം. തോമസ് എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്നു. പദ്ധതികളുമായി ബന്ധപ്പെട്ട ഉന്നതോദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
👉🏻ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാത പദ്ധതിയുടെ ഫയലിൽ മുഖ്യമന്ത്രി അനുകൂല തീരുമാനമെടുത്തതായി എം.എൽ.എ. അറിയിച്ചു. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനമുണ്ടാകും. ടേൺ കീ വ്യവസ്ഥയിൽ കൊങ്കൺ റെയിൽവേ കോർപ്പറേഷനാണ് തുരങ്കപാതയുടെ സാധ്യതാപഠനവും വിശദപദ്ധതി രൂപരേഖ തയ്യാറാക്കലും നിർമാണവും നടത്തുക. 1000 കോടിയോളം രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി കിഫ് ബി ധനസഹായത്തോടെയാണ് നടപ്പാക്കുന്നത്.
👉🏻മലയോര ഹൈവേയുടെ കോടഞ്ചേരി മുതൽ കക്കാടംപൊയിൽ വരെയുള്ള 33 കി.മീ. നീളം വരുന്ന പാതയുടെ റീച്ച് ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ഡിസംബർ ആദ്യവാരം ടെൻഡർ തുറക്കും. 160 കോടി രൂപയാണ് ചെലവ്. റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ആദ്യഘട്ടത്തിൽ തന്നെ കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാത ഉൾപ്പെടുത്തിയിട്ടുണ്ട്. ഡി.പി.ആർ. തയ്യാറാക്കുന്നതിന് ഫീഡ് ബാക്ക് ഇൻഫ്ര എന്ന കൺസൾട്ടൻസി കമ്പനിയുമായി കരാറായിട്ടുണ്ട്. ഈ പാത അത്യാധുനിക രീതിയിൽ പുനർനിർമിക്കുകയാണ് ചെയ്യുന്നത്. ആദ്യഘട്ടത്തിൽ തന്നെ ഓമശ്ശേരി-എരഞ്ഞിമാവ് ഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. 15 മീറ്റർ വീതിയിലാണ് റോഡ് നിലവിൽ വരിക. 2020 മാർച്ചോടെ വിശദ പദ്ധതി രൂപരേഖ അംഗീകരിച്ച് ജൂണിൽ പ്രവൃത്തിയാരംഭിക്കും.
👉🏻പൊതുമരാമത്ത് വകുപ്പിനുകീഴിലെ റോഡുകൾ, പാലങ്ങൾ, നാഷണൽ ഹൈവേ എന്നീ വിഭാഗങ്ങളുടെ തിരുവമ്പാടി മണ്ഡലതല അവലോകനയോഗമാണ് എം. എൽ.എ. ഓഫീസിൽ ചേർന്നത്. പ്രഖ്യാപിക്കപ്പെട്ടതും നടന്നുകൊണ്ടിരിക്കുന്നതുമായ പദ്ധതികൾ വേഗത്തിലാക്കാനും കിഫ് ബി യിൽ നിന്ന് ഇനിയും അംഗീകാരം ലഭിക്കാനുള്ള പദ്ധതികളുടെ അനുമതി വേഗത്തിൽ ലഭ്യമാക്കാനും തീരുമാനിച്ചു. മണ്ഡലത്തിലെ മുഴുവൻ റോഡുകളുടെയും അറ്റകുറ്റപ്പണികൾ ഡിസംബറിനകം പൂർത്തിയാക്കാനും 2020-ലെ ബജറ്റ് നിർദേശങ്ങൾ സമർപ്പിക്കുന്നതിനും യോഗത്തിൽ തീരുമാനമായി.