19 November 2019

പ്രഭാത വാർത്തകൾ 2019 നവംബർ 19 1195 വൃശ്ചികം 3 ചൊവ്വാഴ്ച (ആയില്യം നാൾ)(വിഷൻ ന്യൂസ്‌ 19/11/2019)
(VISION NEWS 19 November 2019)🌀മഹാരാഷ്ട്രയില്‍ അനിശ്ചിതാവസ്ഥ. വീണ്ടും നാടകീയ വിശേഷങ്ങള്‍. ശിവസേനയ്ക്കു ചാഞ്ചാട്ടം. രണ്ടു വര്‍ഷം മുഖ്യമന്ത്രി പദം തരാമെന്ന വാഗ്ദാനവുമായി എന്‍ഡിഎ ഘടകക്ഷി. ആര്‍പിഐ നേതാവും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്തെവാല ശിവസേന നേതാവ് സഞ്ജയ് റാവത്തുമായി കൂടിക്കാഴ്ച നടത്തി. സഞ്ജയ് റാവത്ത് അനുകൂലമായി പ്രതികരിച്ചെന്നാണ് കേന്ദ്ര മന്ത്രി അവകാശപ്പെട്ടത്.

🌀ശിവസേനയുമായി സഖ്യമില്ലെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍. ശിവസേനയും ബിജെപിയും എതിരാളികളാണ്. അങ്ങനെയാണ് തെരഞ്ഞെടുപ്പിൽ മല്‍സരിച്ചതും. പിന്നെയെങ്ങനെ ഞങ്ങള്‍ സഖ്യമുണ്ടാക്കുമെന്നും അദ്ദേഹം ചോദിച്ചു. ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് സഖ്യം മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കവേയാണ് നാടകീയ മലക്കം മറിച്ചിലുകള്‍. 

🌀കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എന്‍സിപി നേതാവ് ശരത് പവാര്‍ സന്ദര്‍ശിച്ചു വിഷയം ചര്‍ച്ച ചെയ്തു. മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ ചര്‍ച്ചകള്‍ തുടരാനാണു എന്‍സിപി -കോണ്‍ഗ്രസ് തീരുമാനം. പുതിയ നീക്കങ്ങളില്‍ ശിവസേന നിലപാടിനായി കാത്തിരിക്കുകയാണ് അവര്‍.

🌀ഫാത്തിമയുടെ മരണത്തില്‍ ആരോപണ വിധേയരായ മൂന്ന് അധ്യാപകരെ ക്രൈംബ്രാഞ്ച് പോലീസ് ഇന്നലെ രണ്ടര മണിക്കൂര്‍ ചോദ്യം ചെയ്തു. ഇന്നും ചോദ്യം ചെയ്യല്‍ തുടരും. ഇതേസമയം, ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് ഐഐടി വിദ്യാര്‍ഥികള്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. പോലീസ് അന്വേഷിക്കുന്നതിനാല്‍ അഭ്യന്തര അന്വേഷണം ഇല്ലെന്ന് മദ്രാസ് ഐഐടി നിലപാടെടുത്തതോടെയാണ് സമരം തുടങ്ങിയത്. ചിന്ത ബാര്‍ കൂട്ടായ്മ പ്രവര്‍ത്തകരായ അസര്‍, ജസ്റ്റിന്‍ എന്നീ വിദ്യാര്‍ഥികളാണ് നിരാഹാരം കിടക്കുന്നത്. 

🌀കേരള സര്‍വകലാശാലയിലെ മോഡറേഷന്‍ മാര്‍ക്കുദാന വിവാദത്തെക്കുറിച്ച് വൈസ് ചാന്‍സലറെ ഗവര്‍ണര്‍ വിളിച്ചുവരുത്തി വിശദീകരണം തേടി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വൈസ് ചാന്‍സലര്‍ ഡോ. മഹാദേവന്‍ പിള്ളയെ രാജ്ഭവനിലേക്കു വിളിപ്പിച്ചാണു വിശദീകരണം തേടിയത്. 

🌀കൂടത്തായി കൊലപാതകക്കേസില്‍ റീപോസ്റ്റുമാര്‍ട്ടം നടത്തിയെങ്കിലും മരിച്ചവരുടെ ശരീരത്തില്‍ സയനൈഡിന്റെ അംശം കണ്ടെത്താനായില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍. പ്രതി പ്രജികുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് അന്വേഷണസംഘം ഇക്കാര്യം അറിയിച്ചത്. മുഖ്യപ്രതി ജോളിയുടെ വീട്ടില്‍നിന്ന് സയനൈഡ് കിട്ടിയിട്ടുണ്ടെന്നും ഇതു നല്ല തെളിവാണെന്നും പൊലീസ് ഹൈക്കോടതിയില്‍ അവകാശപ്പെട്ടു.  

🌀കൊച്ചി വിമാനത്താവളത്തിന്റെ റണ്‍വെ നവീകരണ പദ്ധതി നാളെ ആരംഭിക്കും. അടുത്ത മാര്‍ച്ച് 28 വരെ ഇനി പകല്‍ സമയം വിമാനസര്‍വീസുകള്‍ ഉണ്ടാകില്ല. എല്ലാ ദിവസവും രാവിലെ പത്തിന് വിമാനത്താവള റണ്‍വെ അടയ്ക്കും വൈകീട്ട് ആറിന് തുറക്കും. മിക്ക സര്‍വീസുകളും വൈകീട്ട് ആറു മുതല്‍ രാവിലെ 10 വരെയുള്ള സമയത്തേയ്ക്കു പുന:ക്രമീകരിച്ചതിനാല്‍ അഞ്ചു വിമാന സര്‍വീസുകള്‍ മാത്രമാണ് റദ്ദാക്കപ്പെടുക.

🌀തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് അടിപിടി കേസില്‍ കസ്റ്റഡിയിലെടുത്തു വിട്ടയച്ച യുവാവ് തൂങ്ങിമരിച്ച നിലയില്‍. കരിമഠം കോളനിയിലെ ബിജുവാണു മരിച്ചത്. 

🌀മോഷണക്കേസില്‍ കോഴിക്കോട് പോലീസ് അറസ്റ്റു ചെയ്തയാള്‍ അത്യാസന്ന നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററില്‍. പുതുച്ചോല മാവാടി വീട്ടില്‍ അജേഷിനെ (35) റിമാന്‍ഡു ചെയ്തശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോലീസ് മര്‍ദിച്ചതാണു കാരണമെന്ന് ബന്ധുക്കള്‍. 

🌀പ്രളയക്കെടുതികള്‍ വിവരിച്ച് വിദ്യാര്‍ഥികളെഴുതിയ കത്ത് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജിയായി. റോഡും വാഹനങ്ങളും ചികിത്സാസൗകര്യവുമില്ലാതെ വലയുന്ന ഇടുക്കി വണ്ടിപ്പെരിയാര്‍ മ്‌ളാമല സെന്റ് ഫാത്തിമ സ്‌കൂളിലെ വിദ്യാര്‍ഥികളാണു കത്തെഴുതിയത്. കത്തു കിട്ടിയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് എ.എം. ഷെഫീഖും സര്‍ക്കാരിനു നോട്ടീസ് അയക്കാന്‍ തീരുമാനിച്ചു. 

🌀നെടുമ്പാശേരി അത്താണിയില്‍ യുവാവിനെ വെട്ടിക്കൊന്ന കേസില്‍ അഞ്ചുപേരെ പോലീസ് പിടികൂടി. അത്താണി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാ സംഘത്തിലെ അംഗങ്ങളാണിവര്‍. ബാറിലുണ്ടായ തര്‍ക്കത്തിന്റെ പേരിലാണു കൊലപാതകമെന്നു പോലീസ്. 

🌀കിഫ്ബിയില്‍ സമ്പൂര്‍ണ ഓഡിറ്റ് വേണമെന്ന സിഎജിയുടെ ആവശ്യം സര്‍ക്കാര്‍ വീണ്ടും തള്ളി. ഡിപിസി ആക്ടനുസരിച്ചുള്ള ഓഡിറ്റിന് സന്നദ്ധമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. സമ്പൂര്‍ണ ഓഡിറ്റിന് അനുമതി വേണമെന്ന സിഎജിയുടെ ആവശ്യം നിരാകരിച്ച് സര്‍ക്കാര്‍ കത്ത് നല്‍കി. സിഎജി നേരത്തെ അയച്ചിരുന്ന മൂന്നു കത്തുകള്‍ക്കും സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നില്ല. 

🌀ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ രണ്ടു യുവതികളെ പോലീസ് തിരിച്ചയച്ചു. ആന്ധ്ര സ്വദേശികളായ യുവതികളെ പ്രായം പരിശോധിച്ച ശേഷമാണ് പോലീസ് തിരിച്ചയച്ചത്.

🌀നടനും സംവിധായകനുമായ ശ്രീനിവാസനെ വിമാനത്താവളത്തില്‍  ദേഹാസ്വാസ്ഥ്യമുണ്ടായതുമൂലം എറണാകുളം ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍.

🌀ഈ മാസം 22 മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. ബസുടമകളുടെ സംഘടനാ നേതാക്കളുമായി ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ ചർച്ച നടത്താന്‍ തയാറാണെന്ന് അറിയിച്ചതോടെയാണു സമരം മാറ്റിയത്. 

🌀ഓര്‍ത്തോഡോക്സ്-യാക്കോബായ സഭാതര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ പ്രവര്‍ത്തനം തടയാനാകില്ലെന്ന് സുപ്രീം കോടതി. സര്‍ക്കാരിന് ചര്‍ച്ചകളിലൂടെയും കോടതിവിധി നടപ്പാക്കാമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയും ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. വിധി നടപ്പാക്കാത്തതിന് ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങി ഇരുപതു പേര്‍ക്കെതിരെ  ഓര്‍ത്തോഡോക്സ് സഭ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി തള്ളി. 

🌀ശിശുദിനത്തോടനുബന്ധിച്ച് അംഗനവാടി കുട്ടികള്‍ നടത്തിയ റാലിയുടെ ബാനറില്‍ നെഹ്റുവിന്റെ ചിത്രത്തിനു പകരം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം. കായംകുളത്ത് 34-ാം വാര്‍ഡിലെ അംഗനവാടി സംഘടിപ്പിച്ച ശിശുദിന റാലിയിലാണ് കൗണ്‍സിലറും ബിജെപി ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായ ഡി. അശ്വനിദേവ് നെഹ്‌റുവിനെ വെട്ടിയത്. ഇതേച്ചൊല്ലി വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ അശ്വിനിദേവുമായി  തര്‍ക്കിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍.

🌀ബ്രസീല്‍ റിപ്പബ്‌ളിക് ദിനമായ ഇന്ന് ഡല്‍ഹിയിലെ ബ്രസീല്‍ എംബസി ഒരുക്കുന്ന അത്താഴവിരുന്നില്‍ വിളമ്പാന്‍ തൃശൂരില്‍നിന്നു ചക്ക. ബ്രസീലിലെ വിശിഷ്ട ഡെസേര്‍ട്ട് ചക്ക ഉപയോഗിച്ചാണു തയാറാക്കുന്നത്. രാജ്യം മുഴുവന്‍ ചക്ക തെരഞ്ഞ എംബസിക്കാര്‍, സീസണ്‍ അല്ലാത്ത കാലത്തും ചക്ക വിളയുന്ന തൃശൂര്‍ കുറുമാല്‍ക്കുന്നിലെ ആയുര്‍ജാക്ക് ഫാം ഉടമ വര്‍ഗീസ് തരകനെ സമീപിക്കുകയായിരുന്നു. 60 കിലോയോളം ചക്കയാണ് കയറ്റിയയച്ചത്. 

🌀പാര്‍ലമെന്റ് മാര്‍ച്ച് നടത്തിയ ജെഎന്‍യു വിദ്യാര്‍ഥികളില്‍ നൂറോളം പേരെ പോലീസ് അറസ്റ്റു ചെയ്തു. ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ട് വരാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. വിദ്യാര്‍ഥികളെ വലിച്ചിഴച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്, എസ്എഫ്‌ഐ കേന്ദ്ര കമ്മറ്റി അംഗം നിതീഷ് നാരായണന്‍ എന്നിവരും അറസ്റ്റിലായി. 

🌀ജെഎന്‍യു വിദ്യാര്‍ഥികളുടെ സമരം മൂലം ഡല്‍ഹിയിലെ നാല് മെട്രോ സ്റ്റേഷനുകള്‍ താത്കാലികമായി അടച്ചു. ഉദ്യോഗ് ഭവന്‍, പട്ടേല്‍ ചൗക്ക്, ലോക് കല്യാണ്‍ മാര്‍ഗ്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് സ്റ്റേഷനുകളുടെ പ്രവേശന കവാടങ്ങളാണ് അടച്ചത്. 

🌀ഇന്ത്യയുടെ ഫെഡറല്‍ ഘടനയുടെ ആത്മാവാണ് രാജ്യസഭയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയുടെ 250-ാം സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പങ്കാളികളാകാത്തവര്‍ക്ക് രാജ്യത്തിന്റെ വികസന ചര്‍ച്ചകളില്‍ പങ്കുവഹിക്കാനുള്ള അവസരമാണ് രാജ്യസഭാംഗത്വം. ഫെഡറലിസത്തിന്റെ ആത്മാവിനെ കൂടുതല്‍ പോഷിപ്പിക്കാന്‍ രാജ്യസഭയ്ക്കു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

🌀സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞ് മഞ്ഞിനടിയില്‍ കുടുങ്ങിയ നാല് സൈനികരും രണ്ട് പോര്‍ട്ടര്‍മാരും മരിച്ചു. മഞ്ഞിനടിയില്‍ കുടുങ്ങിയ എല്ലാവരെയും ഹെലിക്കോപ്റ്ററില്‍ സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആറുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല.

🌀ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ ഈ മാസം 24 ന് നടത്താനിരുന്ന അയോധ്യ സന്ദര്‍ശനം റദ്ദാക്കി. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപവത്കരണം വൈകുന്ന സാഹചര്യത്തിലാണ് ഉദ്ധവ് സന്ദര്‍ശനം മാറ്റിവച്ചത്. 

🌀ഉത്തര കൊറിയ 2017 ല്‍ നടത്തിയ ആണവ പരീക്ഷണം ഹിരോഷിമയില്‍ നടന്ന അണ്വായുധ വിസ്ഫോടനത്തേക്കാള്‍ 17 മടങ്ങ് ശക്തിയുള്ളതായിരുന്നെന്ന് റിപ്പോര്‍ട്ട്. ഐഎസ്ആര്‍ഒ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. 

🌀വെള്ളപ്പൊക്കത്തില്‍ വെനീസ് നഗരത്തിന്റെ മുക്കാല്‍ ഭാഗത്തോളം മുങ്ങി.  അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലോകചരിത്രത്തിലെ പൈതൃകകേന്ദ്രങ്ങളുടെ പട്ടികയില്‍ പ്രമുഖസ്ഥാനമാണ് വെനീസിന്. ഒരാഴ്ചയ്ക്കിടെ ഇവിടെ ഉണ്ടായ മൂന്നാമത്തെ വെള്ളപ്പൊക്കമാണിത്. 

🌀യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ സഹോദരന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു. യുഎഇയില്‍ മൂന്നുദിവസത്തെ ദുഖാചരണം. 

🌀സംസ്ഥാന സ്‌കൂള്‍ കായികോത്സവം മൂന്നാം ദിനം പിന്നിടുമ്പോള്‍ 153.33 പോയിന്റുമായി പാലക്കാട് ജില്ല മുന്നേറ്റം തുടരുന്നു. 129.33 പോയിന്റുമായി എറണാംകുളം രണ്ടാം സ്ഥാനത്ത്. 75 ഇനങ്ങള്‍ പൂര്‍ത്തിയായി. മികച്ച സ്‌കൂള്‍ ആകാനുള്ള മത്സരത്തില്‍ പാലക്കാട് കല്ലടി സ്‌കൂള്‍ 48.33 പോയിന്റുമായി മുന്നില്‍. എറണാംകുളത്തെ മാര്‍ ബേസില്‍ 46.33 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. 

🌀സ്‌കൂള്‍ കായികോല്‍സവത്തില്‍ ട്രിപ്പിള്‍ സ്വര്‍ണവുമായി മണിപ്പൂരി താരം. തൃശൂര്‍ ഇരിങ്ങാലക്കുട എന്‍എച്ച്എസ്എസിലെ വിദ്യാര്‍ഥി വാങ് മയൂം മുഖ്റം ആണു മൂന്നാം സ്വര്‍ണം നേടിയത്. സബ് ജൂനിയര്‍ 100 മീറ്റര്‍ ഓട്ടത്തിലും ലോംഗ് ജമ്പിലും സ്വര്‍ണം നേടിയിരുന്ന മുഖ്റം ഇന്നലെ 80 മീറ്റര്‍ ഹര്‍ഡില്‍സിലും ഒന്നാമതെത്തി. 

🌀ലോക കപ്പ് ഫുട്‌ബോള്‍ യോഗ്യതാ മല്‍സരത്തില്‍ ഇന്ത്യക്ക് ഇന്ന് നിര്‍ണായക പോരാട്ടം. റാങ്കിംഗില്‍ മുന്നിലുള്ള മാനുമായാണ് ഇന്നത്തെ മല്‍സരം. കഴിഞ്ഞ നാലു മല്‍സരങ്ങളിലും ഇന്ത്യക്കു ജയിക്കാനായില്ല. 

🌀യൂറോ യോഗ്യതാ മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ എതിരില്ലാത്ത രണ്ടു ഗോളിന് ലക്‌സംബര്‍ഗിനെ പരാജയപ്പെടുത്തി. പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്നലെ ഒരു ഗോള്‍കൂടി നേടിയതോടെ ഇന്റര്‍നാഷണല്‍ ഗോള്‍ 99 ആയി. 

🌀മൊബൈല്‍ കമ്പനികളെ രക്ഷിക്കാന്‍ മിനിമം ചാര്‍ജ് ഏര്‍പ്പെടുത്തുന്നതിന് ആലോചന. സംസാരത്തിനും ഡേറ്റയ്ക്കും വെവ്വേറെ നിരക്കുണ്ടാകും. ഏഴു ലക്ഷം കോടി രൂപയാണ് ടെലികോം മേഖലയുടെ മൊത്തം കടം.

🌀സംവിധായകന്‍ ഭദ്രന്റെ പുതിയ ചിത്രമാണ് ജൂതന്‍. സൗബിനെ നായകനാക്കി ഒരുക്കുന്ന ചിത്രം ഒരു സൈക്കോളജിക്കല്‍ മിസ്റ്ററി ത്രില്ലറായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ ചിത്രത്തില്‍ നായികയായി നിശ്ചയിച്ചിരുന്ന റിമ കല്ലിങ്കലിനെ മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. പകരം മംമ്ത മോഹന്‍ദാസ് ചിത്രത്തില്‍ നായികയാവും. ഒരു യഥാര്‍ത്ഥ സംഭവ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന.  ജോജു ജോര്‍ജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

🌀അജയ് ദേവ്ഗണ്‍ നായകനാകുന്ന പുതിയ സിനിമയാണ് തനാജി: ദ അണ്‍സംഗ് വാരിയര്‍. ചിത്രത്തില്‍ സ്വാതന്ത്ര്യസമര സേനാനിയായി തനാജി മലുസരെയായിട്ടാണ് അജയ് ദേവ്ഗണ്‍ അഭിനയിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ നായികയായ സാവിത്രി മലുസരെയായിട്ട് എത്തുന്ന കാജോളിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നു.
വേറിട്ട ഒരു കഥാപാത്രമായിട്ടുതന്നെയാണ് കാജോള്‍ ചിത്രത്തില്‍ എത്തുന്നത്.

🌀ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ മികച്ച ഓഫറുകളുമായി ജീപ്പ്. ജനപ്രിയ എസ്യുവിയായ കോംപസിന്റെ വിവിധ വകഭേദങ്ങള്‍ക്ക് 1.5 ലക്ഷം രൂപ വരെയാണ് ഇളവു നല്‍കുന്നത്. ഈ മാസം അവസാനം വരെയാണ് ഇവ ലഭ്യമാകുക..

🌀ഭാരതം എന്ന നമ്മുടെ മഹാരാജ്യത്തിന്റെ അനന്ത വൈവിധ്യവും അനുപമവുമായ സാംസ്‌കാരിക പൈത്യകവും പ്രകൃതി ഭംഗി വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ്. 'വാക്കുകള്‍ പൂക്കുന്ന വഴികള്‍'. പി.കെ. സുധാകരന്‍. ഹരിതം ബുക്‌സ്. വില 155 രൂപ.

🌀നിര്‍ത്താതെയുളള അതിഭയങ്കരമായ ചുമ നിസാരമായി കാണരുത്. അതും ചിലപ്പോള്‍ ശ്വാസകോശാര്‍ബുദത്തിന്റെയാവാം. ചുമയ്ക്കുമ്പോള്‍ രക്തം വരുന്നത് പ്രത്യേകം ശ്രദ്ധിക്കണം. തുപ്പുമ്പോള്‍ നിറവ്യത്യാസം ഉണ്ടെങ്കിലും പരിശോധന നടത്തണം. ശ്വസിക്കാനുളള ബുദ്ധിമുട്ടാണ് ശ്വാസകോശാര്‍ബുദത്തിന്റെ മറ്റൊരു ലക്ഷണം. ചെറുതായിട്ട് ഒന്ന് നടക്കുമ്പോള്‍ പോലും ഉണ്ടാകുന്ന കിതപ്പ് പ്രത്യേകം ശ്രദ്ധിക്കണം. ശ്വാസതടവും ചുമയും മൂലം നെഞ്ചുവേദന ഉണ്ടാകുന്നതും ശ്വാസകോശാര്‍ബുദത്തിന്റെ ഒരു ലക്ഷണമാണ്. ഒരു കാരണവും ഇല്ലാതെ ശരീരഭാരം പെട്ടെന്ന് കുറയുന്നതും രോഗ ലക്ഷണമാകാം. ശബ്ദത്തിന് പെട്ടെന്ന് മാറ്റം വരുന്നതും ശ്രദ്ധിക്കാതെ പോകരുത്. എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതും ശ്രദ്ധിക്കണം. 

ജീവിതപാഠം
കവിത കണ്ണൻ

ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായ ശേഷം, നെൽസൺ മണ്ടേല തന്റെ സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ ഇരിക്കുകയാണ്.  ഇഷ്ടഭക്ഷണങ്ങൾ ഓർഡർ ചെയ്തു അവർ സംസാരിച്ചിരുന്നു.  അപ്പോഴാണ് തന്റെ സീറ്റിന് എതിർ വശത്തു ഒരാൾ ഭക്ഷണം ഓർഡർ ചെയ്തു കാത്തിരിക്കുന്നത് മണ്ടേല കണ്ടത്.   അയാളെ കൂടി തന്റെ മേശയിലേക്കു വിളിക്കാൻ തന്റെ സുരക്ഷാ ഉദ്യാഗസ്ഥരോട് അദ്ദേഹം ആവശ്യപ്പെട്ടു. അയാൾ മണ്ടേലയുടെ മേശയിൽ വന്നിരുന്നു.  ഭക്ഷണം വന്നു.  എല്ലാവരും ഭക്ഷണം കഴിക്കാൻ തുടങ്ങി.  ഭക്ഷണം കഴിക്കുമ്പോൾ ആ വ്യക്തിയുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു.  ഭക്ഷണം കഴിച്ച്‌ ഒന്നും മിണ്ടാതെ തലകുനിച്ചു ഒരു നന്ദി വാക്കുപോലും പറയാതെ അയാൾ നടന്നു പോയി.  ഇത് കണ്ടു സുരക്ഷ ഉദ്യാഗസ്ഥർ മണ്ടേലയോട് പറഞ്ഞു: അയാൾ അസുഖബാധിതനാണെന്നു തോന്നുന്നു.   ശരീരമാസകലം അയാൾ വിറക്കുന്നുണ്ടായിരുന്നു...  അപ്പോൾ മണ്ടേല പറഞ്ഞു:  അയാൾ എന്റെ  ജയിലറായിരുന്നു.  അക്കാലത്തു എന്നും അയാൾ പല വിധത്തിൽ എന്നെ  പീഡിപ്പിക്കാറുണ്ട്‌.  ക്ഷീണിച്ചു വെള്ളം ചോദിച്ചാൽ മൂത്രമാണ് കുടിക്കാൻ തരാറുണ്ടായിരുന്നതെന്നും മണ്ടേല പറഞ്ഞു.  ഇപ്പോൾ ഞാൻ അയാളോട് പ്രതികാരം ചെയ്യുമെന്ന് അദ്ദേഹം ചിന്തിച്ചിട്ടുണ്ടാകും.  അതാണ് അദ്ദേഹം ആകെ വിറച്ചിരുന്നത്.  എന്നാൽ,  അങ്ങനെ പ്രതികാരമനോഭാവത്തിൽ     പ്രവർത്തിക്കുന്നതിൽ ഒരു ജയവും ഞാൻ കാണുന്നില്ല... മണ്ടേല പറഞ്ഞു നിർത്തി.  സ്വയം നഷ്ടപ്പെടുത്തിയിട്ടു നേടുന്ന ജയത്തെ വിജയം എന്ന് പറയാനാകുമോ...  മനുഷ്യർ എല്ലാ വീട്ടിലും ജനിക്കുന്നുണ്ട്.   പക്ഷെ, മനുഷ്യത്വം വളരെ കുറച്ചു പേർക്ക് മാത്രം അവകാശപ്പെട്ടതാണ്.   മനുഷ്യത്വം, അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറട്ടെ... - ശുഭദിനം. 

Post a comment

Whatsapp Button works on Mobile Device only