20 November 2019

പ്രഭാത വാർത്തകൾ 2019 നവംബർ 20 1195 വൃശ്ചികം 4 ബുധനാഴ്ച (മകം നാൾ)(വിഷൻ ന്യൂസ്‌ 20/11/2019)
(VISION NEWS 20 November 2019)

 


🌀ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റിലുള്ളവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധം. വിജ്ഞാപനം ഉടന്‍ പുറത്തിറക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്രമോട്ടോര്‍ വാഹന നിയമത്തിനെതിരെ സംസ്ഥാനസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി തിരുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

🌀ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുമെങ്കിലും പരിശോധന ഉടന്‍ കര്‍ശനമാക്കിയേക്കില്ല. കുട്ടികള്‍ക്കുള്‍പ്പെടെ ഹെല്‍മെറ്റ് നിര്‍ബന്ധമാണ്. പരിശോധന കര്‍ശനമാക്കിയാല്‍ ജനരോഷം ഉയരും. ഇതിനാലാണ് തത്കാലം പരിശോധനയും പിഴ ചുമത്തലും ഒഴിവാക്കുന്നത്.

🌀കേരള സര്‍വകലാശാല മോഡറേഷന്‍ മാര്‍ക്കു തട്ടിപ്പിനെക്കുറിച്ച് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. സൈബര്‍ സെല്ലിന്റെ സഹകരണത്തോടെ അന്വേഷണം നടത്താനാണ് ഡിജിപി കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. 2016 ജൂണ്‍ മുതല്‍ 2019 ജനുവരി വരെ 16 ഡിഗ്രി പരീക്ഷകളിലെ മാര്‍ക്ക് തിരുത്തിയെന്നാണു കണ്ടെത്തല്‍.

🌀കെഎസ്‌ യു സംസ്ഥാന വ്യാപകമായി ഇന്ന് വിദ്യാഭ്യാസ ബന്ത് നടത്തും. പോലീസിന്റെ ലാത്തയടിയിലും ജലപീരങ്കി പ്രയോഗത്തിലും ഷാഫി പറമ്പില്‍ എം.എല്‍.എ,  കെ.എം. അഭിജിത്ത് എന്നിവര്‍ക്കു പരിക്കേറ്റതില്‍ പ്രതിഷേധിച്ചാണ് സമരം.

🌀ശബരിമല ദര്‍ശനത്തിനായി ഓണ്‍ലൈനില്‍ ബുക്ക്‌ചെയ്തത് നാനൂറോളം യുവതികള്‍. 50 വയസില്‍ താഴെയുള്ള മലയാളി സ്ത്രീകളാരും ബുക്ക് ചെയ്തിട്ടില്ല. ആന്ധ്രാപ്രദേശില്‍നിന്ന് ഇരുനൂറോളം യുവതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍നിന്ന് നൂറ്റി എണ്‍പതോളം പേരും. മകരവിളക്ക് കാലത്തേക്കുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ആരംഭിച്ച് ഇതുവരെ 9.6 ലക്ഷം പേര്‍ ആകെ രജിസ്റ്റര്‍ ചെയ്തു.

🌀കാലിക്കട്ട് സര്‍വകലാശാല വൈസ് ചാന്‍സലറുടെ അധിക ചുമതല മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോളിനു നല്‍കി. ഡോ. കെ. മുഹമ്മദ് ബഷീര്‍ വൈസ് ചാന്‍സലര്‍ പദവി ഒഴിയുന്നതിനാലാണ് താത്കാലിക നിയമനം.

🌀യുഎപിഎ കേസില്‍ പോലീസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ലൈബ്രറികളില്‍ മഹാഭാരതവും, രാമായണവും മാത്രം പോരാ. രണ്ട് സിം കാര്‍ഡുള്ള ഫോണ്‍ മാരകായുധമല്ല. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ വെടിയുണ്ടകള്‍ കൊണ്ടല്ല നേരിടേണ്ടത്. ചീഫ് സെക്രട്ടറിയുടെ ലേഖനം കേരളത്തെ അപമാനിക്കുന്നതാണ്. കാനം കോഴിക്കോട് പറഞ്ഞു.

🌀ദാരിദ്ര്യം മറയ്ക്കാന്‍ വീട്ടുകാരണവന്മാര്‍ പുരപ്പുറത്ത് പട്ടുകോണകം ഉണക്കാനിടാറുള്ളതുപോലെ സര്‍ക്കാരിന്റെ പട്ടുകോണകമാണ് കിഫ്ബിയെന്ന് വി.ഡി. സതീശന്‍ നിയമസഭയില്‍. എന്തു പറഞ്ഞാലും കിഫ്ബി എന്നാണ് ധനമന്ത്രിയുടെ മറുപടി. മന്ത്രി ജലീല്‍ വന്ന് മാര്‍ക്കിട്ടാല്‍ പോലും സംസ്ഥാനത്തെ സാമ്പത്തിക തകര്‍ച്ചയില്‍നിന്നു കരകയറ്റാനാവില്ലെന്നും സതീശന്‍ പറഞ്ഞു.

🌀ഗവര്‍ണറെ കടത്തിവിടാന്‍ ഗതാഗതം നിയന്ത്രിച്ചപ്പോള്‍ ഡിജിപിയുടെ ഭാര്യ ഗതാഗതക്കുരുക്കിലായി. ഇതിന്റെ പേരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപിയുടെ ശകാരം. പോലീസുകാരുടെ ഈ ആക്ഷേപം ഡിജിപി നിഷേധിച്ചു.

🌀രാജസ്ഥാനില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 916 വാര്‍ഡുകളില്‍ വിജയം. ബിജെപി 737 ഇടങ്ങളില്‍ ലീഡ് ചെയ്യുന്നു. മൊത്തമുള്ള 2,105 വാര്‍ഡുകളില്‍ പകുതിയോളം സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു.  മൂന്ന് മുനിസിപ്പല്‍ കോര്‍പറേഷനുകള്‍, 18 നഗര പരിഷത്തുകള്‍, 28 നഗരപാലികകള്‍ എന്നിവ ഉള്‍പ്പെടെ 49 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കോണ്‍ഗ്രസിനാണു വിജയം.

🌀രാജ്യസഭയിലെ മാര്‍ഷല്‍മാരുടെ യൂണിഫോം പരിഷ്‌കാരം പുനഃപരിശോധിക്കുമെന്ന് ഉപരാഷ്ട്രപതിയും രാജ്യസഭാധ്യക്ഷനുമായ വെങ്കയ്യ നായിഡു. പരമ്പരാഗത ഇന്ത്യന്‍ വേഷമായിരുന്നു മാര്‍ഷല്‍മാരുടേത്. ഇതിനു പകരം സൈനിക ഉദ്യോഗസ്ഥരുടെ യൂണിഫോം പോലുള്ളതാണു പുതുതായി ഏര്‍പ്പെടുത്തിയത്. ഇതിനെതിരേ പരക്കേ വിമര്‍ശനം ഉയര്‍ന്നിരുന്നു.

🌀സമരം തുടരുന്ന ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ വീണ്ടും കേസെടുത്തു. സംഘം ചേരല്‍, ഗതാഗത തടസ്സം , പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള കുറ്റം ചുമത്തിയാണ് കേസ്. പൊലീസ് നടപടിക്കെതിരെ ജെഎന്‍യുവിലെ അധ്യാപക സംഘടനയും രംഗത്ത് വന്നു.  
🌀ഇന്ത്യ - നേപ്പാള്‍ അതിര്‍ത്തിയില്‍ ഭൂചലനം. 5.3 തീവ്രത രേഖപ്പെടുത്തി. ന്യൂഡല്‍ഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു.

🌀ഫോണ്‍ ചോര്‍ത്താന്‍ പത്ത് ഏജന്‍സികള്‍ക്ക് മാത്രമാണ് അധികാരമുള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍. സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഇന്റലിജന്‍സ് ബ്യൂറോ എന്നിവ അടക്കമുള്ള ഏജന്‍സികള്‍ക്കാണ് ഫോണ്‍ ചോര്‍ത്താന്‍ അധികാരം. വ്യക്തിയുടെ ഫോണ്‍ നിരീക്ഷിക്കാന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ അനുമതി വേണമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി ലോക്സഭയെ അറിയിച്ചു.

🌀വോഡഫോണ്‍- ഐഡിയക്കും എയര്‍ടെലിനും പിറകേ, നിരക്കു വര്‍ധനയുമായി റിലയന്‍സ് ജിയോയും. ഡിസംബര്‍ മുതല്‍ വര്‍ധിപ്പിച്ച നിരക്ക് പ്രാബല്യത്തിലാകുമെന്ന് ജിയോയും അറിയിച്ചു.

🌀മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ പൊതു മിനിമം പരിപാടിക്ക് അന്തിമ രൂപം നല്‍കാന്‍ കോണ്‍ഗ്രസ് - എന്‍സിപി നേതാക്കളുടെ യോഗം ഇന്ന്. ഉച്ചയ്ക്കുശേഷം ന്യൂഡല്‍ഹിയിലാവും യോഗം. മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കും.

🌀മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍സിപിയും ചര്‍ച്ചകളുമായി നടക്കുമ്പോള്‍ ബിജെപി ക്യാമ്പിലേക്കു മടങ്ങാനുള്ള ആലോചനയുമായി ശിവസേന. മുഖ്യമന്ത്രിപദം പങ്കിടാമെന്ന വാഗ്ദാനവുമായി എന്‍ഡിഎ ഘടകകക്ഷി നേതാവ് മധ്യസ്ഥ ചര്‍ച്ച നടത്തിയിട്ടുണ്ട്.

🌀കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവുമായി സഖ്യത്തിനു തയാറെന്ന് രജനികാന്ത്. തമിഴ്നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

🌀മാവോയിസ്റ്റുകളുടെ ആശയത്തോട് യോജിപ്പില്ല, എന്നാല്‍ അവരുടെ പ്രവര്‍ത്തനമേഖലയിലെ സാമൂഹ്യസ്ഥിതി അവഗണിക്കരുതെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

🌀തന്റെ വിവാഹം മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു തടസമാവില്ലെന്ന് റായ്ബറേലിയിലെ കോണ്‍ഗ്രസ് എംഎല്‍എ അദിതി സിംഗ്. പഞ്ചാബില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ അംഗദ് സിംഗ് സൈനിയുമായുള്ള വിവാഹത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രതികരണം.

🌀റോഡില്‍ കുഴഞ്ഞുവീണ കുരങ്ങിനെ രക്ഷിക്കാന്‍ ആംബുലന്‍സ് അയച്ച് ബിജെപി നേതാവ് മേനകാ ഗാന്ധി. ന്യൂഡല്‍ഹിയിലെ പ്രസ് ക്ലബ് പരിസരത്തു കുരങ്ങു കുഴഞ്ഞുവീണ ചിത്രം സഹിതം മാധ്യമപ്രവര്‍ത്തക ട്വിറ്ററില്‍ കുറിപ്പിട്ടിരുന്നു. ഇതു കണ്ടാണ് മേനക ആംബലുന്‍സ് അയച്ച് കുരങ്ങിനെ രക്ഷിക്കാന്‍ നടപടിയെടുത്തത്.

🌀ശ്രീലങ്കയില്‍ പുതിയ പ്രസിഡന്റ് സ്ഥാനമേറ്റതിനു തൊട്ടുപിന്നാലെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ കൊളംബോയിലെത്തി. പ്രസിഡന്റ് ഗോതാബായ രാജപക്സെയെ സന്ദര്‍ശിച്ചു. മുന്‍കൂട്ടി നിശ്ചയിക്കാത്ത ഹ്രസ്വ സന്ദര്‍ശനമായിരുന്നു.

🌀കുവൈത്ത് പ്രധാനമന്ത്രിയായി ഷൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ്  സത്യപ്രതിജ്ഞ ചെയ്തു. അമീര്‍ ഷൈഖ് സബാഹ് അല്‍ അഹമദ് അല്‍ സബാഹ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

🌀യുഎഇയില്‍ ഇന്നും നാളേയും ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

🌀വീക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജെയ്ക്കെതിരായ ബലാല്‍സംഗക്കേസ് സ്വീഡന്‍ അവസാനിപ്പിച്ചു. തെളിവുകളില്ലാത്തതിനാലാണ് കേസ് അവസാനിപ്പിച്ചത്.

🌀സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ പാലക്കാട് ജില്ലയ്ക്കും കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിനും കിരീടം. എട്ടു സ്വര്‍ണവും ആറു വെള്ളിയും ആറു വെങ്കലവും അടക്കം 62.33 പോയിന്റോടെയാണ് മാര്‍ ബേസില്‍ കിരീടം നേടിയത്. നാലു സ്വര്‍ണവും 11 വെള്ളിയും ഏഴ് വെങ്കലവും നേടി 58.33 പോയിന്റോടെ കല്ലടി എച്ച് എസ് എസ് രണ്ടാം സ്ഥാനത്ത്. 18 സ്വര്‍ണവും, 26 വെള്ളിയും, 16 വെങ്കലവും നേടി 201.33 പോയന്റുമായാണ് പാലക്കാട് ജില്ല കിരീടം സ്വന്തമാക്കിയത്. 21 സ്വര്‍ണവും, 14 വെള്ളിയും 11 വെങ്കലവും സഹിതം 157.33 പോയന്റുള്ള എറണാകുളമാണ് രണ്ടാം സ്ഥാനത്ത്.  123.33 പോയന്റുമായി കോഴിക്കോട് മൂന്നാമതെത്തി. 14 സ്വര്‍ണം, ഏഴ് വെള്ളി, 18 വെങ്കലുവുമാണ് കോഴിക്കോട് നേടിയത്.

🌀ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഒമാന്‍ ഇന്ത്യയെ എതിരില്ലാത്ത ഒരു ഗോളിനു തോല്‍പിച്ചു. തോല്‍വിയോടെ ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടാമെന്ന ഇന്ത്യന്‍ സ്വപ്നങ്ങള്‍ ഏതാണ്ട് അവസാനിച്ചു. 33-ാം മിനിറ്റില്‍ ഇന്ത്യയുടെ പ്രതിരോധ പിഴവില്‍ നിന്ന് അല്‍ ഗസാനിയാണ് ഒമാന്റെ വിജയ ഗോള്‍ നേടിയത്.

🌀ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കുറയുമെന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക്സ് റിസര്‍ച്ച്. ജിഡിപി 4.9 ശതമാനം മാത്രമാകുമെന്നാണ് മുന്നറിയിപ്പ്. വളര്‍ച്ചയുമായി ബന്ധപ്പെട്ട വിവിധ ഏജന്‍സികളുടെ പ്രവചനങ്ങളില്‍ ഏറ്റവും താണ നിരക്കാണ് ഇത്.

🌀എല്‍ഐസി പോളിസികള്‍ പുതുക്കലിനുള്ള സമയപരിധി നീട്ടി. ഈ മാസം 30 വരെയാണ് സമയം നീട്ടിയിരിക്കുന്നത്. 2013 ഡിസംബര്‍ 31ന് ശേഷം സ്വന്തമാക്കിയ പോളിസികളിന്മേലാണ് ഇത് ബാധകമാവുക.

🌀പൃഥ്വിരാജ് നിര്‍മ്മാതാവും നായകനുമാകുന്ന 'ഡ്രൈവിംഗ് ലൈസന്‍സിന്റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. ഹരീന്ദ്രന്‍ എന്നു പേരുള്ള സൂപ്പര്‍ സ്റ്റാറിന്റെ വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്.   ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തും. സംവിധായകന്‍ ലാലിന്റെ മകന്‍ ജീന്‍ പോളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലക്ഷ്വറി കാറുകളോട് ആഭിമുഖ്യമുള്ള സിനിമാതാരമായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ വേഷമാണ് സുരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.  ദീപ്തി സതി, മിയ ജോര്‍ജ് എന്നിവരാണ് നായികമാരായി എത്തുന്നത്.

🌀കേരളത്തില്‍ ഒരു തമിഴ് ചിത്രം നേടുന്ന എക്കാലത്തെയും ഉയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കി വിജയ് ചിത്രം 'ബിഗില്‍'. വിക്രം നായകനായ ഷങ്കര്‍ ചിത്രം 'ഐ'യുടെ റെക്കോര്‍ഡാണ് 'ബിഗില്‍' തകര്‍ത്തത്. ബോക്സ്ഓഫീസ് ട്രാക്കിംഗ് പോര്‍ട്ടലായ സിനിട്രാക്കിന്റെ കണക്കനുസരിച്ച് 'ബിഗില്‍' കേരളത്തില്‍ നേടിയിരിക്കുന്നത് 19.65 കോടി രൂപയാണ്.

🌀വൈദ്യുത സ്‌കൂട്ടറായ ചേതക്കിന്റെ പ്ലാറ്റ്‌ഫോമില്‍ പ്രീമിയം ബ്രാന്‍ഡുകളായ കെ ടി എമ്മിന്റെയും ഹസ്‌ക്വര്‍ണയുടെയും ഇരുചക്രവാഹനങ്ങളും പുറത്തിറങ്ങുമെന്നു ബജാജ് ഓട്ടോ. ഹസ്‌ക്വര്‍ണ ശ്രേണിയിലെ മോഡലുകള്‍ എതാനും മാസത്തിനകം ഇന്ത്യയിലെത്തുമെന്നാണു പ്രതീക്ഷ.

🌀മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനരചയിതാവും കവിയും സംവിധായകനും വിപ്ലവകാരിയുമെല്ലാമായ പി. ഭാസ്‌കരന്റെ ജീവിതവും കലയും, മാഷുടെ ഗാനങ്ങളെപ്പോലെ ലളിതവും സുന്ദരവുമായ ഭാഷയില്‍ ആവിഷ്‌കരിച്ചിട്ടുള്ള പുസ്തകം. 'ഉറങ്ങാത്ത തമ്പുരു'. പെരുമ്പുഴ ഗോപാലകൃഷ്ണന്‍. മാതൃഭൂമി ബുക്‌സ്. വില 315 രൂപ.

🌀മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ പുരുഷന്‍ പിന്നിലാണ്. അതുതന്നെയാണ് കടുത്ത സമ്മര്‍ദ്ദത്തിലേക്കും തുടര്‍ന്ന് ആത്മഹത്യയിലേക്കും പുരുഷനെ നയിക്കുന്നത്. എന്ത് പ്രശ്നം വന്നാലും എത്ര സമ്മര്‍ദ്ദത്തിലായാലും പുരുഷന്‍ കരയാന്‍ പാടില്ല. അല്ലെങ്കില്‍ അവനെ തകര്‍ന്ന നിലയില്‍ കാണാന്‍ പാടില്ല. കാരണം അത് പൗരുഷം എന്ന സങ്കല്‍പത്തിന് എതിരാണ്. ഈ കരച്ചില്‍ എന്ന് പറയുന്നത്, ഉള്ളിലെ പ്രശ്നങ്ങളുടെ ഒരു പുറന്തള്ളലാണ്. അത് മനുഷ്യന് ആവശ്യമാണ്. എന്നാല്‍ പുരുഷന് സമൂഹം ഈ ആവശ്യത്തെ അനുവദിച്ചുകൊടുക്കുന്നില്ല. അത് അപകടമാണ്. കരയാതെയും, ദുഖങ്ങളേയും പ്രശ്നങ്ങളേയും പുറത്തുകാണിക്കാതെയും പുരുഷന്‍ കടുത്ത സമ്മര്‍ദ്ദത്തിലെത്തുന്നു.  ആത്മഹത്യ ചെയ്യുന്ന പുരുഷന്മാരുടെ കണക്ക് സൂചിപ്പിക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ യുഎസിലും യുകെയിലുമെല്ലാം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സ്ത്രീകളെക്കാള്‍ മൂന്നിരട്ടി പുരുഷന്മാര്‍ ആത്മഹത്യ ചെയ്യുന്നുണ്ട് എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെയോ കേരളത്തിലെയോ അവസ്ഥയും മറിച്ചാകാന്‍ ഇടയില്ലെന്നാണ് മാനസികാരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. 

ജീവിതപാഠം
കവിത കണ്ണൻ

ഏവരിലും നന്മ മാത്രം കാണുന്ന ഒരു പുരോഹിതൻ ഉണ്ടായിരുന്നു.  ആശ്രമത്തിലെ ഉപവാസ ദിനമായ വെള്ളിയാഴ്ച ഒരു കപ്പ്‌ ചായ മാത്രമാണ് അനുവദനീയം. അന്ന് പുറത്ത് പോയ പുരോഹിതൻ ഒരു കടയിൽ ചായ കുടിക്കാൻ കയറി.  തൊട്ടടുത്തുള്ള മേശയിൽ ആശ്രമത്തിലെ ഒരു യുവാവ് മാംസാഹാരം കഴിക്കുന്നത്‌ കണ്ടു. യുവാവ് ചോദിച്ചു : ഞാനിതു കഴിക്കുന്നത് കൊണ്ട് താങ്കൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ. ഇന്ന് ഉപവാസമാണെന്നു താങ്കൾ മറന്നു കാണുമല്ലേ... പുരോഹിതൻ തിരിച്ചു ചോദിച്ചു. ഇല്ല എന്നായിരുന്നു അയാളുടെ മറുപടി.  എങ്കിൽ എന്തെങ്കിലും അസുഖം ഉണ്ടായിരിക്കും. അതുകൊണ്ട് ഡോക്ടർ നല്ല ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചിരിക്കും. അയാൾ പറഞ്ഞു : ഏയ്‌, അതൊന്നുമല്ല...  അപ്പോൾ ആ പുരോഹിതൻ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു : ഈ യുവജനങ്ങൾ എത്ര നല്ലവരാണ്.. അവർ ഒരിക്കലും നുണ പറയുന്നില്ലല്ലോ.... ശരിയാണ് ലോകം തെറ്റുകൾ മാത്രം ഉള്ളതല്ലല്ലോ... ശരിയും ഉണ്ടല്ലോ... ഒരാളുടെ ശരികളെ കണ്ടെത്താനും അഭിനന്ദിക്കാനും തയ്യാറാകാത്തവർക്കു അയാളുടെ തെറ്റുകളിലേക്ക് ചൂഴ്ന്നിറങ്ങാൻ എന്താണ് അവകാശം.  ദിനാചരണങ്ങൾക്കു ഒരു പഞ്ഞവും ഇല്ലാത്ത നാടാണിത്.  ആരുടെയും കുറ്റം കണ്ടു പിടിക്കാതെ എല്ലാവരുടെയും നന്മ അന്വേഷിക്കുന്ന ഒരു ദിവസം ഉണ്ടായിരുന്നെങ്കിൽ..  മറ്റുള്ളവരിലെ നന്മ തേടുന്ന ഒരു വാർഷികദിനാചരണം !! മറ്റുള്ളവരുടെ തെറ്റുകൾ മറന്നു, അവരിലെ നന്മ കാണുന്ന ഒരു ഒരു ദിനം നമ്മിലും ഉണ്ടാകട്ടെ   - ശുഭദിനം

🌀➖🌀➖🌀➖🌀➖🌀

Post a comment

Whatsapp Button works on Mobile Device only