21 November 2019

പ്രഭാത വാർത്തകൾ 2019 നവംബർ 21 1195 വൃശ്ചികം 5 വ്യാഴാഴ്ച (പൂരം നാൾ)(വിഷൻ ന്യൂസ്‌ 21/11/2019)
(VISION NEWS 21 November 2019)🌀കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഉള്‍പ്പെടെ അഞ്ചു പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കാന്‍  കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഷിപ്പിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, കണ്ടെയ്നര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ്, ടെറി ഹൈഡ്രോ ഡെവലപ്മെന്റ് കോര്‍പറേഷന്‍ ഇന്ത്യാ ലിമിറ്റഡ് എന്നിവയുടെ ഓഹരികളാണ് വില്‍ക്കുന്നത്.

🌀എസി കാറുണ്ടെങ്കില്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കിട്ടില്ല. ആയിരം സിസിയില്‍ കൂടുതല്‍ ശേഷിയുള്ള കാറുള്ളവര്‍, രണ്ടായിരം ചതുരശ്രയടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍, ആധുനിക ഫ്ളോറിംഗുള്ള കോണ്‍ക്രീറ്റ് ചെയ്ത എസി വീടുള്ളവര്‍ തുടങ്ങിയവരും പെന്‍ഷന് അനര്‍ഹരാവും. വിവാഹിതരായ മക്കളുടെ വരുമാനം കുടുംബ വരുമാനത്തില്‍ ഉള്‍പ്പെടുത്തില്ല. അനര്‍ഹര്‍ ക്ഷേമപെന്‍ഷന്‍ വാങ്ങുന്നതു തടയാനാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കിയത്. 


🌀മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുമെന്ന് കോണ്‍ഗ്രസും എന്‍സിപിയും. സുസ്ഥിര സര്‍ക്കാര്‍ പ്രഖ്യാപനം രണ്ട് ദിവസത്തിനുളളില്‍ ഉണ്ടാകുമെന്നും ഗവര്‍ണറെ കാണുമെന്നും എന്‍സിപി-കോണ്‍ഗ്രസ് നേതാക്കള്‍. എന്‍സിപി നേതാവ് ശരത് പവാറിന്റെ ഡല്‍ഹിയിലെ വസതിയിലെ യോഗത്തിനുശേഷം ഇന്നലെ വൈകുന്നേരം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്. 

🌀മഹാരാഷ്ട്രയില്‍ എന്‍സിപിയും കോണ്‍ഗ്രസുമായി കൈകോര്‍ത്ത് സര്‍ക്കാരുണ്ടാക്കാനുള്ള നീക്കത്തിനെതിരേ ശിവസേനയിലെ 17 എംഎല്‍എമാര്‍. വിമതനീക്കം ഒഴിവാക്കാന്‍ എംഎല്‍എമാരെ റിസോര്‍ട്ടിലേക്കു മാറ്റുന്നു. ഇതിനായി നാളെ നിയമസഭാ കക്ഷിയോഗം വിളിച്ചു. അഞ്ചു ദിവസത്തേക്കുള്ള വസ്ത്രങ്ങളും തിരിച്ചറിയല്‍ കാര്‍ഡും കൈവശം വയ്ക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. 

🌀മഹാരാഷ്ട്രയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ എന്‍സിപി നേതാവ് ശരത് പവാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ കോണ്‍ഗ്രസിനു നീരസം. കര്‍ഷകപ്രശ്‌നങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടാണ് കൂടിക്കാഴ്ച നടത്തിയത്. 

🌀ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്യുന്ന ഇരുചക്ര വാഹന യാത്രക്കാരെ ഓടിച്ചിട്ട് പിടിക്കരുതെന്ന് ഹൈക്കോടതി. റോഡിനു നടുവില്‍നിന്ന് ഹെല്‍മറ്റ് ഇല്ലാത്തവരെ പിടിക്കാനോ പിന്തുടരാനോ പാടില്ല. ക്യാമറ അടക്കമുള്ള സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെയാണു നടപടിയെടുക്കേണ്ടതെന്നും ഹൈക്കോടതി. വാഹന പരിശോധനയ്ക്കിടെ അപകടത്തില്‍പ്പെട്ട മലപ്പുറം രണ്ടത്താണി സ്വദേശിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

🌀ശബരിമല ക്ഷേത്രത്തിനു മാത്രമായി പ്രത്യേക നിയമവും ഭരണസമിതിയും വേണമെന്ന് സുപ്രീം കോടതി. നാലാഴ്ചയ്ക്കകം നിയമം തയാറാക്കി സമര്‍പ്പിക്കണം. ജനുവരിയില്‍ കേസ് പരിഗണിക്കുമെന്നും കോടതി. യുവതീ പ്രവേശനം അനുവദിച്ച ഉത്തരവ് നിലനില്‍ക്കുന്നുണ്ടെന്ന് ജഡ്ജി ജസ്റ്റീസ് ബി.ആര്‍. ഗവായ് പറഞ്ഞു. 

🌀സിസ്റ്റര്‍ അഭയ തലയ്ക്കേറ്റ മാരക ക്ഷതം കൊണ്ടാണു മരിച്ചതെന്ന് ഫോറന്‍സിക് വിദഗ്ധന്‍ വി കന്തസ്വാമി തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയില്‍ മൊഴി നല്‍കി. അഭയ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തുവെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിഗമനം. എന്നാല്‍ ആത്മഹത്യയുടെ ലക്ഷണങ്ങളല്ലെന്നും കന്തസ്വാമി മൊഴി നല്‍കി. 

🌀വാളയാര്‍ കേസില്‍ വീഴ്ച വരുത്തിയ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ലതാ ജയരാജിനു പകരം അഡ്വ. പി. സുബ്രഹ്മണ്യനെ പാലക്കാട്ടെ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു. അപേക്ഷ ക്ഷണിക്കാതെ പഴയ പാനലില്‍നിന്നാണ് നിയമനം.

🌀കോട്ടയം ഉഴവൂരില്‍ പതിനൊന്നു വയസുള്ള മകളെ മനോവിഭ്രാന്തിയുള്ള അമ്മ കഴുത്തുഞെരിച്ച് കൊന്നു. ഉഴവൂര്‍ കാനത്തില്‍ എം.ജി കൊച്ചുരാമന്റെ മകള്‍ സൂര്യ രാമനെയാണ് (11) വാടക വീട്ടിലെ കിടപ്പുമുറിയില്‍ കഴുത്തില്‍ തോര്‍ത്ത് ചുറ്റി മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മ സാലിയെ കുറവിലങ്ങാട് പോലീസ് കസ്റ്റഡിയില്‍ എടുത്തു. 

🌀റോഡു നിര്‍മാണം തടസപ്പെടുത്തിയ പ്രാദേശിക നേതാക്കള്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി കേന്ദ്ര ഏജന്‍സികള്‍ക്കു കത്തയച്ചു. സിബിഐക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനുമാണ് കേന്ദ്രമന്ത്രി കത്തയച്ചത്. 

🌀ഈ വര്‍ഷം ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള നാലു മാസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഏഴ് വിദേശയാത്രകള്‍ നടത്തിയെന്നും ഒമ്പതു വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ലോക്‌സഭയില്‍ ചോദ്യത്തിനു മറുപടിയായി വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭൂട്ടാന്‍, ഫ്രാന്‍സ്, യുഎഇ, ബെഹ്റിന്‍, റഷ്യ, യു.എസ്, സൗദി അറേബ്യ, തായ്ലന്‍ഡ്, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഏഴ് വിദേശ രാജ്യങ്ങളും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആറ് വിദേശ രാജ്യങ്ങളും ഇക്കാലത്തു സന്ദര്‍ശിച്ചു. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും സഹമന്ത്രി വി മുരളീധരനും 16 രാജ്യങ്ങള്‍വീതമാണു സന്ദര്‍ശിച്ചത്.

🌀രാജ്യമൊട്ടാകെ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍. ദേശീയ പൗരത്വ രജിസ്റ്ററുമായി ബംഗാളിലേക്ക് വരേണ്ടെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളിലെ ആരുടേയും പൗരത്വം ഒരാളും രേഖപ്പെടുത്താന്‍ പോകുന്നില്ല. വര്‍ഗീയ തരംതിരിവുകളുടെ പേരില്‍ ജനങ്ങളെ വിഭജിക്കാന്‍ അനുവദിക്കില്ലെന്ന് അവര്‍ ആവര്‍ത്തിച്ചു. 

🌀ജെഎന്‍യുവില്‍ പാര്‍ലമെന്റ് മാര്‍ച്ചിനിടെ വിദ്യാര്‍ത്ഥികളെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഡല്‍ഹി പൊലീസ് ആസ്ഥാനത്തേക്കു മാര്‍ച്ച് നടത്തിയ കാഴ്ചപരിമിതിയുള്ള വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്ധവിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചു. സമരം തുടരുമെന്ന് വിദ്യാര്‍ഥി നേതാക്കള്‍. 

🌀അയോധ്യ കോടതി വിധിയ്‌ക്കെതിരെയുള്ള നിയമനടപടികളില്‍ പിന്തുണ തേടി പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ് നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടു. ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ കോണ്‍ഗ്രസ് നിലപാടിലുള്ള അതൃപ്തി മുസ്ലീം ലീഗ് നേതാക്കള്‍ അറിയിച്ചു. 

🌀ഹൈദരാബാദിലെ നാഗോള്‍-ഹൈടെക്ക് സിറ്റി റൂട്ടില്‍  മെട്രോ ട്രെയിന്‍ സര്‍വീസ് വഴിയില്‍ നിന്നുപോയി. യാത്രക്കാര്‍ പെരുവഴിയിലായി. എമര്‍ജന്‍സി വാതിലിലൂടെ ട്രെയിനില്‍നിന്ന് പുറത്തിറക്കിയ യാത്രക്കാരെ പാളത്തിലൂടെ നടത്തിച്ചാണ് തൊട്ടടുത്ത അമീര്‍പേട്ട് സ്റ്റേഷനില്‍ എത്തിച്ചത്.   

🌀ദേശീയമൃഗം കടുവ ആയതിനാലാണ് രാജ്യത്തു തീവ്രവാദ പ്രവര്‍ത്തനം തുടരുന്നതെന്ന് ഉഡുപ്പി പേജാവര്‍ മഠത്തിലെ സ്വാമി വിശ്വേശ തീര്‍ഥ സ്വാമി. സ്‌നേഹത്തിന്റെയും നിഷ്‌കളങ്കതയുടെയും പ്രതീകമായ പശുവിനെ ദേശീയ മൃഗമാക്കിയിരുന്നെങ്കില്‍ ഒരു തീവ്രവാദിപോലും ജനിക്കില്ലായിരുന്നുവെന്നും സ്വാമി പറഞ്ഞു.

🌀സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു. അമിതാഭ് ബച്ചനാണ് മേള ഉദ്ഘാടനം ചെയ്തത്. സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നല്‍കുന്ന സുവര്‍ണ ജൂബിലി ഐക്കണ്‍ അവാര്‍ഡ് സൂപ്പര്‍താരം രജനീകാന്ത് ഏറ്റുവാങ്ങി.

🌀വാട്സ്ആപ്പിലെ വീഡിയോ ഫയലുകള്‍ വഴി വൈറസുകള്‍ മൊബൈല്‍ ഫോണുകളിലെത്തുന്നത് ഒഴിവാക്കാന്‍  പുതിയ പതിപ്പിലേക്ക് അപ്ഗ്രേഡ് ചെയ്യണമെന്ന് കേന്ദ്ര സൈബര്‍ സുരക്ഷാ ഏജന്‍സിയായ സെര്‍ട്-ഇന്‍. എം.പി 4 വീഡിയോ ഫയലുകള്‍ വഴി വൈറസുകള്‍ കടത്തിവിട്ട് മൊബൈലിലെ സ്വകാര്യ വിവരങ്ങള്‍ കടത്തുന്ന സംഭവങ്ങളുണ്ടായതിനാലാണ് ഈ നിര്‍ദേശം. 

🌀അനധികൃത കുടിയേറ്റത്തിനു ശ്രമിച്ച 150 ഇന്ത്യക്കാരെ അമേരിക്ക നാടുകടത്തി. ഇവര്‍ ഇന്നലെ ഡല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചെത്തി. കഴിഞ്ഞ മാസം 18 ന് അനധികൃത കുടിയേറ്റത്തിനു ശ്രമിച്ച മുന്നൂറ് ഇന്ത്യക്കാരെ മെക്‌സിക്കോ തിരിച്ചയച്ചിരുന്നു. മെക്‌സിക്കോയില്‍നിന്ന് യുഎസിലേക്കു നുഴഞ്ഞുകയറാനായിരുന്നു ഇവരുടെ പരിപാടി. 

🌀ശ്രീലങ്കയില്‍ അനുജന്‍ പ്രസിഡന്റ്, ജ്യേഷ്ഠന്‍ പ്രധാനമന്ത്രി. നിലവിലുള്ള പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാജിവച്ചു. മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെ പ്രധാനമന്ത്രിയാകും. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഗോതാബായ രാജപക്സെയുടെ മൂത്ത സഹോദരനാണ് മഹിന്ദ രാജപക്സെ. 

🌀വെസ്റ്റിന്‍ഡീസിനെതിരായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്നു പ്രഖ്യാപിക്കും. രോഹിത് ശര്‍മയ്ക്കു വിശ്രമം നല്‍കുമോ, ശിഖര്‍ ധവാനെ പുറത്താക്കുമോ?  ചീഫ് സെലക്ടര്‍ എം.എസ്.കെ. പ്രസാദിന്റെ അധ്യക്ഷതയില്‍ ഇന്നു കൊല്‍ക്കത്തയിലാണു യോഗം. ഇന്നത്തെ യോഗത്തോടെ സെലക്ഷന്‍ സമിതിയുടെ കാലാവധി അവസാനിക്കും. 

🌀കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്മാരായതിനു ശേഷം തുടര്‍ച്ചയായി അഞ്ചു മല്‍സരങ്ങളില്‍ തോറ്റമ്പിയ ബ്രസീലിന് ഒടുവില്‍ ദക്ഷിണ കൊറിയക്കെതിരേ വിജയം. ടീമില്‍നിന്നു പുറത്തായിരുന്ന ഫിലിപ്പെ കൂടിഞ്ഞോയുടെ കരുത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിനാണു ബ്രസീലിന്റെ വിജയം. 

🌀യൂറോ ഫുട്‌ബോള്‍ യോഗ്യതാ മല്‍സരങ്ങളില്‍ ജമര്‍മനിക്കും ബല്‍ജിയത്തിനും വിജയം. ഒന്നിനെതിരേ ആറു ഗോളുകള്‍ക്ക് വടക്കന്‍ അയര്‍ലന്‍ഡിനെയാണ് ജര്‍മനി കീഴടക്കിയത്. ബല്‍ജിയം ഇതേ സ്‌കോറിനാണ് സൈപ്രസിനെ തകര്‍ത്തത്. 

🌀ചൈനീസ് ഓണ്‍ലൈന്‍ ഭീമന്‍ ആലിബാബ ഹോങ്കോങ് ഐപിഒയുമായെത്തുന്നു. 13 ബില്യണ്‍(1300 കോടി) ഡോളര്‍ സമാഹരിക്കുകയാണ് ലക്ഷ്യം. പത്തുവര്‍ഷം മുമ്പ് ഓഹരി വിപണിയിലെത്തി റെക്കോഡ് തുക സമാഹരിച്ച കമ്പനിയാണ് ഹോങ്കോങില്‍ ലിസ്റ്റ് ചെയ്യുന്നത്.  ഓഹരിയൊന്നിന് 176 ഡോളര്‍നിരക്കില്‍ 500 ദശലക്ഷം ഓഹരികള്‍ വില്‍ക്കാനാണ് ലക്ഷ്യമിടുന്നത്.

🌀വായ്പ വിതരണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെതുടര്‍ന്ന് പ്രവര്‍ത്തനം മരവിപ്പിച്ച പഞ്ചാബ് ആന്റ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് ബാങ്കില്‍നിന്ന് നിക്ഷേപകര്‍ക്ക് ഒരു ലക്ഷം രൂപവരെ പിന്‍വലിക്കാം. ചികിത്സാസംബന്ധിയായ അടിയന്തര സാഹചര്യംവന്നാലാണ് ഒരു ലക്ഷം രൂപവരെ പിന്‍വലിക്കാന്‍ അനുവദിക്കുക. 

🌀ഫ്രൈഡേ ഫിലിം ഹൗസ് എക്‌സ്പിരിമെന്റ്‌സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രം സുല്ലിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ഈ മാസം 22- ന് തിയേറ്ററുകളിലെത്തും. ത്രില്ലര്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിഷ്ണു ഭരദ്വാജാണ്. മാസ്റ്റര്‍ വാസുദേവാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. ഫ്രൈഡേ ഫിലിംസ് അവതരിപ്പിക്കുന്ന പന്ത്രണ്ടാമത്തെ പുതുമുഖ സംവിധായകനാണ് വിഷ്ണു. 

🌀വലിയ സിനിമകളുടെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ക്ക് മലയാള സിനിമാലോകം ഏറെ സാക്ഷ്യം വഹിച്ചിട്ടുണ്ട്. മുന്തിരി മൊഞ്ചന്‍ അതില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നതു ഒരു കൊച്ചു സിനിമയുടെ മാര്‍ക്കറ്റിംഗ് എന്ന നിലയിലാണ്. പരശുരാമന്റെ (പരശുറാം എക്‌സപ്രസ്) തോളിലേറിയാണ് മുന്തിരി മൊഞ്ചന്റെ പരസ്യ കുതിപ്പ്. ഡിസംബര്‍ 6 ന് തിയേറ്ററുകളില്‍ എത്തും. യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗത സംവിധായകന്‍ വിജിത്ത് നമ്പ്യാര്‍ ഒരുക്കുന്ന മ്യൂസിക്കല്‍ റൊമാന്റിക് കോമഡി ചിത്രമാണിത്. 

🌀ചെറു എസ്യുവി സെഗ്മെന്റിലേക്ക് മാരുതി സുസുക്കി അവതരിപ്പിച്ച എസ്-പ്രെസോക്ക് മികച്ച വില്‍പ്പനയെന്ന് കമ്പനി.  2019 ഒക്ടോബറില്‍ എസ്-പ്രസോയുടെ 10,634 യൂണിറ്റുകളാണ് വിറ്റു പോയതെന്ന് മാരുതി സുസുക്കി. 3.69 ലക്ഷം മുതല്‍ 4.91 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ ദില്ലി എക്സ്ഷോറൂം വില.

🌀മികച്ച അധ്യാപകനുള്ള അവാര്‍ഡ് നേടിയ എഴുത്തുകാരനും കൗണ്‍സലറുമായ എന്‍.പി. ഹാഫിസ് മുഹമ്മദിന്റെ ഈ കൈപ്പുസ്തകം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ പ്രയോജനപ്രദമാണ്. 'പഠിക്കാനും പരീക്ഷ എഴുതാനും പഠിക്കാം'. മാതൃഭൂമി ബുക്‌സ്. വില 108 രൂപ.

🌀മത്തന്‍ കുരുവിലടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം എല്ലുകളുടെ ബലത്തിന് അവശ്യം വേണ്ട ഘടകമാണ്. അതിനാല്‍ മത്തന്‍ കുരു കഴിക്കുന്നതോടെ എല്ലുകളെ ബലപ്പെടുത്താനും എല്ല് തേയ്മാനത്തെ പ്രതിരോധിക്കാനും കഴിയും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറ്ക്കാനും ഇതിന് കഴിവുണ്ട്. അടുത്തിടെ നടന്ന ഒരു പഠനത്തിലാണ് ഇത്തരമൊരു കണ്ടെകത്തല്‍ നടന്നത്. ഫ്ളാക്സ് സീഡുകളും മത്തന്‍ കുരുവും രക്തത്തിലെ ഷുഗര്‍ കുറയ്ക്കുമെന്നായിരുന്നു പഠനഫലം. ധാരാളം ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമായതിനാല്‍ മത്തന്‍ കുരു ഹൃദയാരോഗ്യത്തിനും ഉത്തമം ആണ്. വണ്ണം കുറയ്ക്കാന്‍ ശ്രമം നടത്തുന്നവര്‍ക്ക് ധൈര്യമായി കഴിക്കാവുന്ന ഒരു സ്നാക്ക് ആണിത്. രാത്രിയില്‍ ഉറക്കം കിട്ടാതിരിക്കുന്ന അവസ്ഥയുണ്ടെങ്കില്‍ അത്തരക്കാര്‍ക്കും നല്ലതാണ് മത്തന്‍ കുരു. 

ജീവിതപാഠം
കവിത കണ്ണൻ

1855ൽ അമേരിക്കയിൽ ജനനം, വളർന്നപ്പോൾ ഒരു സെയിൽസ് മാൻ ആയി, എന്നും വൃത്തിയായി നടന്നാൽ മാത്രമേ കച്ചവടം കിട്ടുകയുള്ളു. അതിന് എന്നും ഷേവ് ചെയ്യണം, കനം കൂടിയ പഴഞ്ചൻ കത്തി കയ്യിൽ പിടിച്ചു ആ യുവാവ് ഓരോന്ന് ആലോചിച്ചു നിന്നു, പേര് കിങ് കാംപ് ജില്ലെറ്റ്‌. എന്തെങ്കിലും കണ്ടുപിടിക്കുന്നതിൽ ആയിരുന്നു അയാളുടെ മിടുക്ക്. ദീർഘകാലം ഉപയോഗിക്കാൻ സാധിക്കാത്ത, അങ്ങനെ ഡിമാന്റ് കൂടിയ ഒരു ഷേവിങ് ഉപകരണം വേണം, പക്ഷെ ആരും സഹായിക്കാൻ മുന്നോട്ടു വന്നില്ല. ഒടുവിൽ വില്ല്യം എമേറി നികേഴ്സൺ ചങ്ങാതിയായി എത്തി, അദ്ദേഹം ആദ്യത്തെ ബ്ലേഡ് കണ്ടുപിടിച്ചു. ജില്ലെറ്റ്‌ അങ്ങനെ ആദ്യത്തെ ഷേവിങ് സെറ്റ് പുറത്തിറക്കി. വിറ്റുപോയത് ആകെ 51എണ്ണം, തലപുകഞ്ഞ ജില്ലെറ്റ്‌ ഒരാശയം പുറത്തെടുത്തു, മിഷ്യന് വില വളരെ കുറച്ചു, ജനം ആവേശത്തോടെ അതു വാങ്ങിക്കൂട്ടി പക്ഷെ ബ്ലേഡ് ഇല്ല, ബ്ലേഡ് വാങ്ങാൻ ചെന്നപ്പോൾ ആണ് യന്ത്രത്തിന് കുറച്ച വില, ബ്ലേഡിന് കൂട്ടി ഇട്ടിരിക്കുന്നു, വാങ്ങാതെ പറ്റില്ലല്ലോ, ജില്ലറ്റ് എന്ന ഗ്ലോബൽ ബ്രാൻഡ്‌ അവിടെ പിറവിയെടുത്തു. 

പ്രയോഗികതയാണ് പ്രധാനം. അതിനു സാധ്യമല്ലെങ്കിൽ പരാജയം ആണ് ഫലം. വിജയത്തിന്റെ പടികൾ ചവിട്ടുമ്പോൾ പ്രായോഗികതയുടെ കൈവരികളിൽ മുറുകെ പിടിക്കുക, ചെന്നെത്തുന്നത് വിജയത്തിന്റെ ഉയരങ്ങളിൽ ആയിരിക്കും -ശുഭദിനം.

🌀➖🌀➖🌀➖🌀➖🌀

Post a comment

Whatsapp Button works on Mobile Device only