23 November 2019

പ്രഭാത വാർത്തകൾ 2019 നവംബർ 23 1195 വൃശ്ചികം 7 ശനിയാഴ്ച (അത്തം നാൾ)(വിഷൻ ന്യൂസ്‌ 23/11/2019)
(VISION NEWS 23 November 2019)🌀മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തില്‍ ത്രികക്ഷി സര്‍ക്കാര്‍ രൂപീകരിക്കുന്നതു സംബന്ധിച്ച പ്രഖ്യാപനം ഇന്ന്. ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും. ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തില്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉദ്ധവ് താക്കറെയുടെ പേര് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ നിര്‍ദേശിച്ചു.

🌀ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു കോടികള്‍ നല്‍കിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയ കമ്പനിയില്‍നിന്ന് ബിജെപി വന്‍തുക സംഭാവന സ്വീകരിച്ചു. തെരഞ്ഞെടുപ്പു കമ്മീഷനു സമര്‍പ്പിച്ച രേഖകളിലാണ് ഈ വിവരം. ദാവൂദ് ഇബ്രാഹിമിന്റെ സഹായി ഇക്ബാല്‍ മേമനുമായി ഇടപാടു നടത്തുന്ന ആര്‍കെഡബ്‌ള്യു ഡെവലപേഴ്‌സ് എന്ന കമ്പനിയില്‍നിന്നാണു പണം സ്വീകരിച്ചതെന്ന് 'ദ വയര്‍' റിപ്പോര്‍ട്ടു ചെയ്തു. 

🌀വിദ്യാര്‍ഥിനി ഷഹ്ല പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്കും ഡോക്ടര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. സര്‍വജന സ്‌കൂളിലെ പ്രിന്‍സിപ്പല്‍ കരുണാകരന്‍, വൈസ് പ്രിന്‍സിപ്പല്‍ മോഹനന്‍, അധ്യാപകന്‍ ഷജില്‍, ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ എന്നിവര്‍ക്കെതിരെയാണ് മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തത്. 

🌀ക്രിക്കറ്റ് കളിക്കിടെ ബാറ്റ് തലയുടെ പിന്നില്‍കൊണ്ട് വിദ്യാര്‍ഥി മരിച്ചു. ചാരുമ്മൂട് പുതുപ്പള്ളിക്കുന്ന് വിനോദ് ഭവനില്‍ നവനീത് (11) ആണ് മരിച്ചത്. മാവേലിക്കര ചുനക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് നവനീത്. ഭക്ഷണം കഴിച്ചതിനു ശേഷം കൈ കഴുകാന്‍ പൈപ്പിനു സമീപത്തേയ്ക്ക് നടക്കുന്നതിനിടെ തെറിച്ചുവന്ന ബാറ്റ് നവനീതിന്റെ തലയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു.

🌀കേരള സര്‍വകലാശാലയിലെ മോഡറേഷന്‍ തട്ടിപ്പില്‍ കമ്പ്യൂട്ടര്‍ സെല്‍ മേധാവി ഡോ. വിനോദ് ചന്ദ്രനെ സിന്‍ഡിക്കേറ്റ് സസ്‌പെന്‍ഡ് ചെയ്തു. സോഫ്റ്റ്‌വെയര്‍ പുതുക്കണമെന്ന് നിര്‍ദേശം പരിശോധിച്ചില്ലെന്ന പേരിലാണ് സസ്‌പെന്‍ഷന്‍. ബോധപൂര്‍വം കൃത്രിമം നടന്നിട്ടില്ലെന്നും സോഫ്റ്റ്‌വെയര്‍ പിഴവാണെന്നും ചൂണ്ടിക്കാട്ടി മുഖം രക്ഷിക്കാന്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഈ നടപടി. 

🌀കൂടത്തായി കൊലപാതക പരമ്പരയില്‍ സിപിഎം നേതാവായിരുന്ന മനോജിനെ അറസ്റ്റു ചെയ്തു. വ്യാജവില്‍പ്പത്രം തയാറാക്കാന്‍ സഹായിച്ചെന്ന കേസിലാണ് അറസ്റ്റ്. 

🌀വാളയാര്‍ കേസിലെ പ്രോസിക്യൂട്ടര്‍ നിയമനം വിവാദത്തിലേക്ക്. സിപിഎം നോമിനിയായ അഭിഭാഷകന്റെ നിയമനം കേസ് വീണ്ടും അട്ടിമറിക്കപ്പെടാന്‍ വേണ്ടിയാണെന്ന് ആക്ഷേപം. ഇതുവരെ ഒരു പോക്‌സോ കേസ് പോലും കൈകാര്യം ചെയ്യാത്ത അഭിഭാഷകനെ നിയമിച്ചത് ദുരൂഹതയെന്നാണ് ആരോപണം.

🌀രാഷ്ട്രപതി രാമനാഥ് കോവിന്ദിന്റെ കേരള സന്ദര്‍ശനത്തിനിടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ സുരക്ഷാ വീഴ്ച. കിയാല്‍ ജീവനക്കാര്‍ അനുമതിയില്ലാതെ രാഷ്ട്രപതിയുടെ തൊട്ടരികില്‍ നില്‍ക്കുന്ന ഫോട്ടോ സഹിതം ഉളിക്കല്‍ സ്വദേശി ബ്രിജിത്ത് കൃഷ്ണ അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു. 

🌀ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം ഏറ്റുമാന്നൂരില്‍ അപകടത്തില്‍പ്പെട്ട് 16 പേര്‍ക്കു പരിക്ക്. അയ്യപ്പന്‍മാര്‍ സഞ്ചരിച്ച ടെമ്പോ ട്രാവലറും കെഎസ്ആര്‍ടിസി ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 14 അയ്യപ്പന്‍മാരും കെഎസ്ആര്‍ടിസി ഡ്രൈവറും ഒരു ബസ് യാത്രക്കാരനും ഉള്‍പ്പടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. തകര്‍ന്ന ട്രാവലര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. 

🌀മരട് ഫ്ളാറ്റ് ഉടമകള്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ സാവകാശം വേണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിനു കെ. ബാലകൃഷ്ണന്‍ നായര്‍ സമിതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി. ഫ്‌ളാറ്റുടമകളുടെ പുനഃപരിശോധനാ ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കും. ചീഫ് സെക്രട്ടറി ടോം ജോസിനെതിരേ മേജര്‍ രവി നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജി പിന്നീട് പരിഗണിക്കും.

🌀മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ ജനുവരി 11 നും 12 നുമായി പൊളിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. 11 ന് ഹോളി ഫെയ്ത്തും ആല്‍ഫ വെഞ്ചേഴ്‌സും 12 ന് ഗോള്‍ഡന്‍ കായലോരവും ജയിന്‍ കോറലും പൊളിക്കും. ഫ്‌ളാറ്റുടമകള്‍ക്ക് 25 ലക്ഷം രൂപ വീതം നല്‍കാന്‍ ഇതുവരെ 61 കോടി 50 ലക്ഷം രൂപ വിനിയോഗിച്ചെന്നും സര്‍ക്കാര്‍ അറിയിച്ചു.

🌀മരടിലെ ആല്‍ഫ സെറീന്‍ ഫ്‌ളാറ്റ് പൊളിക്കുന്നത് തല്‍ക്കാലം നിര്‍ത്തി. സ്വിമ്മിംഗ് പൂളിനോടു ചേര്‍ന്നുള്ള കെട്ടിടം പൊളിച്ചപ്പോള്‍ സമീപത്തെ വീടിന്റെ ചുമരില്‍ വിള്ളല്‍ വീണതാണു കാരണം. അയല്‍വീട്ടുകാരിയായ ഹര്‍ഷമ്മയുടെ വീടിന്റെ ചുമരിലേക്ക് പൊളിച്ച കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ തെറിച്ചുവീണു. കളക്ടറാണ് പൊളിക്കല്‍ നിര്‍ത്താന്‍ ഉത്തരവിട്ടത്. 

🌀കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് 36 ദിവസം പ്രായമായ കുഞ്ഞുമായി ആംബുലന്‍സ് കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിയത് മൂന്നു മണിക്കൂറുകൊണ്ട്. കുഞ്ഞിന് മുലപ്പാല്‍ ശ്വാസകോശത്തിലേക്ക് ഇറങ്ങുന്ന രോഗമാണ്. ഇന്ന് എംആര്‍ഐ സ്‌കാന്‍ ചെയ്തശേഷമേ ചികില്‍സ ആരംഭിക്കൂ. പാലക്കാട് പുതുപരിയാരം സ്വദേശി സ്വനൂപിന്റെയും ഷംസിയുടെയും മകന്‍ മുഹമ്മദ് ഷിഹാബാണ് ഈ അപൂര്‍വ രോഗി. 

🌀സ്‌കൂളില്‍ വിദ്യാര്‍ഥികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന പരാതിയില്‍ കായികാധ്യാപകന്‍ അറസ്റ്റിലായി. കരകുളം സ്വദേശി ബോബി സി. ജോസഫിനെയാണ് അറസ്റ്റു ചെയ്തത്. 

🌀എസ്പിജി സുരക്ഷ ഇനി പ്രധാനമന്ത്രിക്കു മാത്രം. അടുത്തയാഴ്ച പാര്‍ലമെന്റില്‍ നിയമഭേദഗതി കൊണ്ടുവരും. കോണ്‍ഗ്രസ് നേതാക്കളായ സോണിയാഗാന്ധിയുടേയും രാഹുല്‍ഗാന്ധിയുടേയും എസ്പിജി സുരക്ഷ പിന്‍വലിച്ചതിനെതിരേ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഈ നീക്കം. 

🌀മഹാരാഷ്ട്രയില്‍ ശിവസേനയുമായി കൂട്ടുചേര്‍ന്ന് എന്‍സിപിയും കോണ്‍ഗ്രസും സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിനെതിരേ സുപ്രീം കോടതിയില്‍ ഹര്‍ജി. നിയമസഭാ തെരഞ്ഞെടുപ്പില്‍ എതിര്‍ ചേരികളില്‍ മല്‍സരിച്ചവര്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത് യഥാര്‍ഥ ജനവിധിക്കു വിരുദ്ധമാണെന്ന് ആരോപിച്ച് മുംബൈ സ്വദേശിയാണു ഹര്‍ജി നല്‍കിയത്. 

🌀ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരെ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ഇന്നു പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ പതിനൊന്ന് മണിക്ക് മണ്ഡി ഹൗസില്‍ നിന്ന് മാര്‍ച്ച് തുടങ്ങുമെന്ന് സംഘാടകര്‍ അറിയിച്ചു. സമരം ഇരുപത്തേഴാം ദിവസം പിന്നിട്ടു. 

🌀സുപ്രീം കോടതിയിലും പാമ്പു ഭീഷണി. കോടതി പരിസരത്ത് പാമ്പിനെ കണ്ടതിനെത്തുടര്‍ന്ന് സൂക്ഷിക്കണമെന്ന് അഡ്മിനിസ്‌ട്രേഷന്‍ മുന്നറിയിപ്പു നല്‍കി. പാമ്പിനെ പിടികൂടാന്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും പിന്നീടു കണ്ടെത്താനായില്ല. കോടതി വളപ്പിലെ പൊത്തുകള്‍ അടയ്ക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

🌀തമിഴ്‌നാട്ടിലെ രാമേശ്വരത്തുനിന്ന് 214 കുപ്പി അനധികൃത മദ്യവുമായി രണ്ടു പേര്‍ പിടിയിലായി. 

🌀ബംഗാളില്‍ പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് രണ്ടു പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. കൂച്ച്ബിഹാര്‍ ജില്ലയിലാണു സംഭവം. 

🌀ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കപ്പെടണമെങ്കില്‍ വാട്സാപ്പ് എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നു മെസേജിംഗ് സേവനമായ ടെലിഗ്രാം സ്ഥാപകന്‍ പാവെല്‍ ദുരോവ്. ചിത്രങ്ങളും വീഡിയോകളും സ്വകാര്യ വിവരങ്ങളും ചോര്‍ത്താന്‍ വാട്സാപ്പ് ഇനിയും നിരന്തരം ഉപയോഗിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

🌀ഇന്ത്യയിലെ ആദ്യത്തെ ഡേ- നൈറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്‌സിൽ ബംഗ്ലാദേശിനെ ഇന്ത്യ തകര്‍ത്തു. 106 റണ്‍സിനാണ് ബംഗ്ലാദേശിനെ ഓള്‍ഔട്ടാക്കിയത്. ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ മൂന്നിന് 174 റണ്‍സ് എന്ന നിലയിലാണ്. 68 റണ്‍സിന്റെ ലീഡ്. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശര്‍മയാണ് താരമായത്. മൂന്നു വിക്കറ്റ് ഉമേഷ് യാദവും രണ്ടു വിക്കറ്റ് മുഹമ്മദ് ഷമിയും വീഴ്ത്തി.

🌀ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്നു കഠിനമായ മല്‍സരം.  നിലവിലുള്ള ചാമ്പ്യന്മാരായ ബംഗളൂരുവിനെയാണു ബ്ലാസ്റ്റേഴ്‌സ് നേരിടുക. മല്‍സരം രാത്രി ഏഴരയ്ക്ക്. 

🌀ഇന്ത്യ- വെസ്റ്റിന്‍ഡീസ് ട്വന്റി 20 പരമ്പരയിലെ ആദ്യ മല്‍സരം മുംബൈയില്‍നിന്ന് ഹൈദരാബാദിലേക്കു മാറ്റി. ഡിസംബര്‍ ആറിനു നടക്കേണ്ടിയിരുന്ന മല്‍സരം സുരക്ഷാ പ്രശ്‌നങ്ങള്‍മൂലമാണു മാറ്റിയത്. ഡിസംബര്‍ 11 നു ഹൈദരാബാദില്‍ നടത്താനിരുന്ന മല്‍സരം മുംബൈയില്‍ നടത്തും.  

🌀പന്തു ചുരണ്ടല്‍ വിലക്കിനുശേഷം തിരിച്ചെത്തിയ ഡേവിഡ് വാര്‍ണറിന്റെ സെഞ്ചുറിയുടെ കരുത്തില്‍ ഓസ്‌ട്രേലിയ പാക്കിസ്ഥാനെതിരേ ശക്തമായ നിലയില്‍. രണ്ടാം ദിവസം ഒമ്പതു വിക്കറ്റ് കൈയിലിരിക്കേ ഓസീസിന് 72 റണ്‍സിന്റെ ലീഡ്.  

🌀രാജ്യത്ത് ഒക്ടോബറില്‍ മാത്രം 2.5 ലക്ഷം കോടി വായ്പ പൊതുമേഖലാ ബാങ്കുകള്‍ നല്‍കി. 2,52,589 കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകള്‍ വായ്പയായി വിതരണം ചെയ്തത്. ഇതില്‍ 60 ശതമാനവും പുതിയ വായ്പകളാണ്. കണക്കുകള്‍ പ്രകാരം കോര്‍പ്പറേറ്റ് വായ്പ 1.22 ലക്ഷം കോടിയും കാര്‍ഷിക വായ്പ 40504 കോടിയും ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്കുള്ള വായ്പ 37210 കോടിയുമാണ്. ഭവന വായ്പ വിഭാഗത്തില്‍ 12166 കോടിയും വാഹന വായ്പ വിഭാഗത്തില്‍ 7058 കോടിയും വിതരണം ചെയ്തു.

🌀വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളുടെ പേര് അതിരുവിട്ടാല്‍ സസ്‌പെന്റ് ചെയ്ത് ഉപയോക്താവിന് ആജീവനാന്ത വിലക്ക് തരും എന്നാണ് പുതിയ വാര്‍ത്ത. ഗ്രൂപ്പ് അഡ്മിന് മാത്രം ഗ്രൂപ്പിന്റെ പേരുമാറ്റാന്‍ സാധിക്കണം. സൂക്ഷിച്ചില്ലെങ്കില്‍ ആരെങ്കിലും ഗ്രൂപ്പിന്റെ പേര് മാറ്റിയെന്ന കാരണത്താല്‍ ഗ്രൂപ്പിലുള്ള എല്ലാവര്‍ക്കും വാട്സാപ്പിന്റെ ആജീവനാന്ത വിലക്ക് ലഭിക്കുമെന്ന നിലയിലേക്കാണ് എന്നാണ് റിപ്പോര്‍ട്ട്.

🌀ബ്രഹ്മാണ്ഡ ചിത്രം 'ബാഹുബലി 2'വിന് ശേഷം എസ്എസ് രാജമൗലി ഒരുക്കുന്ന ചിത്രമാണ് 'ആര്‍ആര്‍ആര്‍'. 300 കോടി ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. റെയ് സ്റ്റീവന്‍സന്‍ ആണ് ആര്‍ആര്‍ആറില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. ഹോളിവുഡ് നടിമാരായ ഒലിവിയ മോറിസ്, അലിസന്‍ ഡൂഡി എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്. 

🌀സ്റ്റാന്‍ഡപ്പ് കൊമേഡിയന്റെ കഥ പറയുന്ന വിധു വിന്‍സെന്റ് ചിത്രം 'സ്റ്റാന്‍ഡ് അപ്പ്' തീയേറ്ററുകളിലേക്ക് എത്തുന്നു. നിമിഷ സജയനും രജിഷ വിജയനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം നവംബര്‍ 29 ന് തീയേറ്ററുകളിലെത്തും. സ്റ്റാന്റപ്പ് കോമേഡിയനായ കീര്‍ത്തിയുടേയും സുഹൃത്തുക്കളുടെയും സൗഹൃദത്തിനിടയില്‍ സംഭവിക്കുന്ന ചില സംഭവങ്ങളാണ് സിനിമ അനാവരണം ചെയ്യുന്നത്.

🌀ഇലക്ട്രിക് വാഹന ഭീമന്മാരായ ടെസ്ലയുടെ ആദ്യത്തെ പിക്കപ്പ് ട്രക്ക് അവതരിപ്പിച്ചു. സൈബര്‍ ട്രക്ക് എന്ന പേരിലുള്ള പിക്കപ്പ് ട്രക്കിന് ഒറ്റചാര്‍ജില്‍ 500 മൈല്‍ (804 കിമീറ്റര്‍) ദൂരം സഞ്ചരിക്കാന്‍ സാധിക്കും. 39,900 മുതല്‍ 69,900 ഡോളര്‍ വരെയാണ് (28.6350.16 ലക്ഷം രൂപ) വില. 

🌀അനവധി വ്യാഖ്യാനങ്ങള്‍ക്കും പുനര്‍ വായനകള്‍ക്കും വിധേയമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന രാമായണത്തിലെ സീതയുടെ മൗനങ്ങളെ വ്യാഖ്യാനിക്കുന്ന നോവലാണ് 'ഞാന്‍ സീത'. അനന്യ ജി. ചിന്ത പബ്‌ളിക്കേഷന്‍സ്. വില 110 രൂപ.

🌀ക്രമം തെറ്റിയ ആഹാര ശീലങ്ങളും മാറിയ ജീവിതശൈലികളുമാണ് രക്തസമ്മര്‍ദ്ദത്തിന്റെ പ്രധാന കാരണങ്ങളായി ചൂണ്ടി കാണിക്കപ്പെടുന്നത്. മരുന്നുകളുടെ സഹായമില്ലാതെ തന്നെ ചില മാര്‍ഗ്ഗങ്ങളിലൂടെ അമിത രക്തസമ്മര്‍ദ്ദത്തെ പ്രതിരോധിക്കാം. ദിവസവും 30 മിനിറ്റ് വ്യായാമത്തിനായി നീക്കി വയ്ക്കുക. വ്യായാമം പതിവാക്കുന്നതോടെ ശരീരത്തിലെ രക്തചംക്രമണം സുഗമമാകുകയും ഹൃദയം കൂടുതല്‍ കരുത്തുള്ളതാകുകയും ചെയ്യും. രക്തസമ്മര്‍ദ്ദമുള്ളവര്‍ ഉപ്പ് അധികമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഒഴിവാക്കിയേ തീരൂ. ദിവസവും 6 ഗ്രാമില്‍ താഴെ മാത്രം ഉപ്പ് ഉപയോഗിക്കുക. മദ്യപിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം കൂടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. മദ്യത്തോടൊപ്പം സാധാരണ കഴിക്കുന്ന ആഹാരങ്ങള്‍ പലപ്പോഴും ഉപ്പ് കൂടുതല്‍ ഉള്ളതായിരിക്കും. ടെന്‍ഷന്‍ ഉള്ളവരില്‍ രക്തസമ്മര്‍ദ്ദം കൂടാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇത് മൂലം രക്തക്കുഴലുകളില്‍ സമ്മര്‍ദ്ദം അനുഭവപ്പെടുന്നു. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ അമിതവണ്ണം തടയേണ്ടത് ആവശ്യമാണ്. പുകവലി രക്തസമ്മര്‍ദ്ദം കൂട്ടുന്നതിന് കാരണമാകും. 

ജീവിതപാഠം
കവിത കണ്ണൻ

ഗുരു തെരുവിൽ നിന്ന്‌ ഉറക്കെ ചിരിക്കുകയായിരുന്നു.  വഴിപോക്കൻ ചോദിച്ചു താങ്കൾ എന്ത് കണ്ടിട്ടാണ് ചിരിക്കുന്നത്?  ഗുരു പറഞ്ഞു : വഴിയുടെ നടുക്കുള്ള ആ കല്ല് കണ്ടോ.. ഈ വഴി കടന്നുപോയ പത്തോളം ആളുകൾ ആ കല്ലിൽ തട്ടി വീണിട്ടുണ്ട്.  പക്ഷെ, ഒരാൾ പോലും അത് എടുത്ത് മാറ്റിയില്ല.  ആരെങ്കിലും ആ കല്ല് മാറ്റിയിരുന്നെങ്കിൽ പിന്നീട് വന്നവർ വീഴില്ലായിരുന്നു.  ആ പോയവരുടെ കൂട്ടത്തിൽ സാമൂഹിക പരിഷ്കരണത്തെ കുറിച്ച് ഗവേഷണം നടത്തുന്നയാളും കുട്ടികളെ ജീവിത മര്യാദ പഠിപ്പിക്കുന്ന വ്യക്തിയും ഉണ്ടായിരുന്നു !! വലിയ കാര്യങ്ങളുടെ തമ്പുരാക്കന്മാരും വീരകൃത്യങ്ങളുടെ ചക്രവർത്തിമാരുമാകാനാണ് എല്ലാവർക്കും ഇഷ്ടം. സ്വയം മാറാൻ തയ്യാറാകാതെ നാട് പരിഷ്കരിക്കാൻ ഇറങ്ങുന്നവരുടെ അഹന്ത കൊണ്ടും അമിത പ്രകടനങ്ങൾ കൊണ്ടുമാണ് സത്യത്തിൽ നാട് നശിക്കുന്നത്.  പഠിപ്പിക്കുന്നവർ പാഠമാകാത്തിടത്തോളം കാലം, പഠിതാക്കൾ നിർജീവമായി തുടരും.  പ്രബന്ധം അവതരിപ്പിക്കാൻ അറിയുന്നവരല്ല, പ്രയോഗത്തിൽ വരുത്തുവാൻ അറിയുന്നവരാണ് ഗുരുക്കന്മാരാകേണ്ടത്.   വേരില്ലാത്ത ഒരു മരവും മുകളിലേക്കു വളരില്ല.  ചെറിയ കാര്യങ്ങളിലെ സത്യസന്ധതയും ക്രിയാത്മകതയുമാണ് വലിയ ആളുകളെ സൃഷ്ടിക്കുന്നത്.  ആ സത്യസന്ധത നമുക്കും പുലർത്താൻ കഴിയട്ടെ - ശുഭദിനം

🌀➖🌀➖🌀➖🌀➖🌀

Post a comment

Whatsapp Button works on Mobile Device only