22 November 2019

ക്ലാസ്മുറിയിലും മരത്തണലിലും ഇരുന്ന് കഴിക്കണ്ട; സ്‌കൂളുകളില്‍ ഊണുമുറികള്‍ വരുന്നു.(വിഷൻ ന്യൂസ്‌ 22/11/2019)
(VISION NEWS 22 November 2019)





എടപ്പാൾ: ഉച്ചഭക്ഷണവിതരണമുള്ള വിദ്യാലയങ്ങളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാൻ ഇനി ഡൈനിങ് ഹാളുകൾ. ഭക്ഷണം വാങ്ങി ക്ലാസ്മുറികളിലും മരത്തണലിലും കഷ്ടപ്പെട്ടിരുന്ന് കഴിക്കുന്ന അവസ്ഥയ്ക്ക് ഇതോടെ പരിഹാരമാകും.  ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട സർക്കാർ, എയിഡഡ് വിദ്യാലയങ്ങളിലെ കുട്ടികൾക്ക് സുഖമായിരുന്ന് ഭക്ഷണം കഴിക്കാനുതകുംവിധം ഹാളുകൾ നിർമ്മിക്കാനാണ് തീരുമാനം.എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടി(എം.പി.എൽ.എ.ഡി.)ൽനിന്ന് ഇതിന് പണം കെണ്ടത്താൻ സർക്കാർ അനുവാദം നൽകി.  കെ.ഇ.ആർ. നിബന്ധനകൾ പാലിച്ചും പ്രവേശന കവാടം ഭിന്നശേഷി സൗഹൃദമായുമുള്ള ഹാളുകളാണ് നിർമിക്കേണ്ടത്. രണ്ട് വാതിലുകളുള്ളതും ബലമേറിയ അടിത്തറയും ചുമരുമുള്ളതും ആവശ്യത്തിന് ജനലുകളുള്ളതുമായ കെട്ടിടങ്ങളുടെ മുകൾഭാഗം കോൺക്രീറ്റ് ചെയ്തോ ജി.ഐ. ഷീറ്റുകൊണ്ടോ പി.വി.സി. ഷീറ്റ് കൊണ്ടോ വേണം നിർമ്മിക്കാൻ. തറയിൽ സിറാമിക് അല്ലെങ്കിൽ വിട്രിഫൈഡ് ടൈലുകൾ പാകുകയും വേണം.  കോൺക്രീറ്റല്ലാത്തവയ്ക്ക് ഗുണമേന്മയുള്ള സീലിങ് നിർമിക്കണം. 20-കുട്ടികൾക്ക് ഒന്നെന്ന നിലയിൽ കൈകഴുകാനുള്ള വാഷ്ബേസിനുകളും ആവശ്യത്തിന് ഫാനുകളും വേണമെന്നും നിർദ്ദേശമുണ്ട്.  50-ൽ താഴെ കുട്ടികളുള്ളിടത്ത് 42-ച.മീറ്റർ വിസ്തൃതി വേണം. 50-100: 78 ച.മീ., 100-150: 100 ച.മീ, 150-200: 140-ച.മീ, 200-500: 300-ച.മീ., 500-ൽ കൂടുതൽ 350-ച.മീറ്റർ എന്നിങ്ങനെയാണ് ഡൈനിങ് ഹാളിന് നിശ്ചയിച്ചിട്ടുള്ള അളവുകൾ.ഈ മാനദണ്ഡങ്ങൾ പാലിച്ചുള്ള അപേക്ഷകൾ 25-നകം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മുഖേന ജില്ലാകളക്ടർക്ക് നൽകണം.

Post a comment

Whatsapp Button works on Mobile Device only