23 November 2019

കോഹ്‌ലിയുടെ മാസ്മരിക സെഞ്ചുറിയില്‍ സച്ചിന്റെ റെക്കോഡും പഴങ്കഥ (വിഷൻ ന്യൂസ്‌ 23/11/2019)
(VISION NEWS 23 November 2019)



ഇന്ത്യയുടെ പ്രതിസന്ധിഘട്ടങ്ങളിലെ റണ്‍മെഷീന്‍ താന്‍ തന്നെയെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചാണ് വിരാട് കോഹ്‌ലി കൊല്‍ക്കത്ത ടെസ്റ്റില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഇന്ത്യയുടെ ഒന്നാം ഇന്നിംങ്‌സ് സ്‌കോറായ 347/9ല്‍ കോഹ്‌ലി സഹതാരങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നേടിയത് 265 റണ്‍. കോഹ്‌ലിയില്ലാത്ത കൂട്ടുകെട്ടുകളിലൂടെ ഇന്ത്യന്‍ ഇന്നിംങ്‌സില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത് വെറും 82 റണ്‍. ഇതുമതി കൊല്‍ക്കത്ത ടെസ്റ്റില്‍ ഇന്ത്യ നേടിയ മുന്‍തൂക്കത്തിന്റെ ക്രഡിറ്റ് ആര്‍ക്കെന്ന് വ്യക്തമാകാന്‍.

ബംഗ്ലാദേശിനെതിരെ നേടിയ 136റണ്‍ പ്രകടനത്തോടെ കരിയറിലെ 70ആം അന്താരാഷ്ട്ര സെഞ്ചുറിയാണ് കോഹ്‌ലി നേടിയത്. ഇതിനായി കോഹ്‌ലിക്ക് വേണ്ടി വന്നത് 439 ഇന്നിംങ്‌സ്. ഓരോ ആറ് ഇന്നിംങ്‌സ് കൂടുമ്പോഴും സെഞ്ചുറി നേടുന്ന ഇന്ത്യന്‍ റണ്‍മെഷീനാണ് കോഹ്‌ലി.ഏറ്റവും വേഗത്തില്‍ 70 അന്താരാഷ്ട്ര സെഞ്ചുറികള്‍ നേടുന്ന താരമെന്ന റെക്കോഡും ഇതോടെ കിങ് കോഹ്‌ലി സച്ചിനില്‍ നിന്നും സ്വന്തം പേരിലാക്കി. 70 സെഞ്ചുറിക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന് വേണ്ടി വന്നത് 505 ഇന്നിംങ്‌സുകളായിരുന്നു. 70 അന്താരാഷ്ട്ര സെഞ്ചുറികള്‍ സ്വന്തം പേരിലുള്ള മറ്റൊരു കളിക്കാരനായ പോണ്ടിങിന് ഇതിന് 649 ഇന്നിംങ്‌സുകള്‍ കളിക്കേണ്ടി വന്നു.ടെസ്റ്റില്‍ 27ആം സെഞ്ചുറിയാണ് കോഹ്‌ലി കുറിച്ചത്. വേഗത്തില്‍ 27 ടെസ്റ്റ് സെഞ്ചുറിയെന്ന സച്ചിന്റെ(141) റെക്കോഡിനൊപ്പമെത്താനും 31കാരനായ കോഹ്‌ലിക്കായി. ഇന്ത്യയുടെ ആദ്യ പകല്‍ രാത്രി ടെസ്റ്റ് മത്സരത്തില്‍ സെഞ്ചുറിയടിച്ച് മറ്റൊരു ചരിത്ര നേട്ടവും വിരാട് സ്വന്തമാക്കി. കോഹ്‌ലിയുടെ റെക്കോഡ് സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ഇന്ത്യ കൊല്‍ക്കത്ത ടെസ്റ്റിന്റെ ആദ്യ ഇന്നിംങ്‌സില്‍ 241റണ്‍സിന്റെ മുന്‍തൂക്കമാണ് നേടിയത്.

Post a comment

Whatsapp Button works on Mobile Device only