26 November 2019

എയര്‍ ഇന്ത്യയുമായി ധാരണയായി:പ്രവാസി മലയാളികളുടെ മൃതദേഹം ഇനി സൗജന്യമായി നാട്ടിലെത്തിക്കാനാകും(വിഷൻ ന്യൂസ്‌ 26/11/2019)
(VISION NEWS 26 November 2019)


തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിൽവച്ച് മരണമടയുന്ന പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ തൊഴിൽ ഉടമയുടേയോ, സ്പോൺസറുടെയോ, എംബസിയുടേയോ സഹായം ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുള്ള നോർക്കയുടെ പദ്ധതി നടത്തിപ്പിന് എയർ ഇന്ത്യയുമായി ധാരണയായി. നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എയർ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ കാർഗോയുമാണ് ധാരണാപത്രത്തിൽ ഒപ്പവച്ചത്.
വിദേശ രാജ്യങ്ങളിൽ മരണപ്പെടുകയും മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം ലഭിക്കാതെവരികയും ചെയ്യുന്ന സാഹചര്യങ്ങളിൽ നിരാലംബർക്ക് ആശ്വാസം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിമാനത്താവളങ്ങളിൽ എത്തിക്കുന്ന മൃതദേഹം നോർക്ക റൂട്ട്സിന്റെ നിലവിലുള്ള എമർജൻസി ആംബുലൻസ് സർവീസ് മുഖേന മരണമടയുന്ന പ്രവാസി മലയാളികളുടെ വീടുകളിൽ സൗജന്യമായി എത്തിക്കും.

ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസി മലയാളികളുടെ ബന്ധുക്കൾ/സുഹൃത്തുക്കൾ എന്നിവർക്ക് പദ്ധതിയിൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷ ഫാറവും വിശദവിവരങ്ങളും നോർക്ക റൂട്ട്സ് വെബ് സൈറ്റായ www.norkaroots.org -ൽ ലഭിക്കുമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ നോർക്ക റൂട്ട്സ് ടോൾ ഫ്രീ നമ്പരായ 1800 425 3939, (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്ത് നിന്നും മിസ്ഡ് കാൾ സേവനം), നമ്പരുകളിൽ നിന്നും ലഭിക്കും.

Post a comment

Whatsapp Button works on Mobile Device only