28 November 2019

നടി ആക്രമിക്കപ്പെട്ട കേസ്;മെമ്മറികാര്‍ഡിലെ ദൃശ്യങ്ങള്‍ക്കായുള്ള ദിലീപിന്റെ ഹര്‍ജിയില്‍ വിധി നാളെ(വിഷൻ ന്യൂസ്‌ 28/11/2019)
(VISION NEWS 28 November 2019)



ന്യൂഡൽഹി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാനതെളിവായ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ടു കൊണ്ടുള്ള നടൻ ദിലീപിന്റെ ഹർജിയിൽ സുപ്രീം കോടതി വെള്ളിയാഴ്ച വിധി പറയും.ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പറയുക. രാവിലെ പത്തരയ്ക്കാണ് വിധി പ്രസ്താവം. ജസ്റ്റിസ് ദിനേശ് മഹേശ്വരിയാണ് ബെഞ്ചിലെ മറ്റൊരു അംഗം.  മെമ്മറി കാർഡ് തൊണ്ടിമുതലാണോ അതോ കേസിന്റെ ഭാഗമായരേഖയാണോ എന്നതിനെ കുറിച്ച് കോടതിയിൽ വിശദമായ വാദം നടന്നിരുന്നു. ഇത് രേഖയാണെന്ന് സംസ്ഥാന സർക്കാർ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.ദൃശ്യങ്ങൾ രേഖയാണെന്നും അതുൾക്കൊള്ളുന്ന മെമ്മറി കാർഡ് തൊണ്ടിമുതലാണെന്നും സംസ്ഥാന സർക്കാർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.  രേഖയാണ് എന്നതിനാൽ നിയമപ്രകാരം തനിക്ക് അതിൽ അവകാശമുണ്ടെന്നാണ് ദിലീപിന്റെ വാദം. ദൃശ്യങ്ങൾ ചോരുമെന്ന ആശങ്കയുണ്ടെങ്കിൽ നിബന്ധനകളോടെ ദൃശ്യങ്ങൾ തനിക്ക് കൈമാറണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.കേസിലെ സുപ്രധാന രേഖയായ ദൃശ്യങ്ങളുടെ വിശ്വാസ്യത പരിശോധിക്കേണ്ടതുണ്ട് എന്നാണ് ദിലീപിന്റെ വാദം. ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നുദിലീപിന് വേണ്ടി ഹാജർ ആയ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി വാദിച്ചിരുന്നു.  എന്നാൽ മെമ്മറി കാർഡ് രേഖയാണെങ്കിൽ കൂടി ദിലീപിന് നൽകരുതെന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിരുന്നത്. ദൃശ്യങ്ങൾ ദിലീപിന് കൈമാറിയാൽ അവ ദുരുപയോഗം ചെയ്യാൻ സാധ്യത ഉണ്ടെന്നുംനടിയുടെ സ്വകാര്യതയെ അത് ബാധിക്കുമെന്നും സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു.  സ്വൈരജീവിതം നയിക്കാൻ തനിക്ക് അജ്ഞാതയായി തുടരണമെന്ന് കേസിൽ കക്ഷി ചേർന്ന നടി സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ദൃശ്യങ്ങൾ ദിലീപിന് കൈമാറുന്നത് തന്റെ സ്വകാര്യതയെ ബാധിക്കും. സ്വകാര്യത മൗലിക അവകാശമാണെന്ന് സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നിക്ഷ്പക്ഷമായ വിചാരണ പ്രതിയുടെ അവകാശമാണ്. എന്നാൽ തന്റെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിൽ ആകരുത് അത്. ദിലീപിനോ അദ്ദേഹം ചുമതലപ്പെടുത്തുന്നവർക്കോ ദൃശ്യങ്ങൾ കാണുന്നതിന് എതിർപ്പില്ല. എന്നാൽ പകർപ്പ് കൈമാറരുത് എന്നും നടി ആവശ്യപ്പെട്ടിരുന്നു.

Post a comment

Whatsapp Button works on Mobile Device only