29 November 2019

ദേശീയപാതയിലേക്ക് മരം പൊട്ടിവീണു; കാര്‍യാത്രികരായ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്(വിഷൻ ന്യൂസ്‌ 29/11/2019)
(VISION NEWS 29 November 2019)






കൊടുവള്ളി: ‘ഒരു സെക്കന്റ് വ്യത്യാസത്തിലാണ് ഞാനും എന്റെ കുടുംബവും രക്ഷപ്പെട്ടത്’. കാര്‍ യാത്രക്കാരനായ വാവാട് സ്വദേശി ഇഖ്ബാലിന്റെ വാക്കുകളിലെ അമ്പരപ്പ് അപ്പോഴും മാറിയിരുന്നില്ല.
ദേശീയപാതയിലേക്ക് പൊട്ടി വീണ മരത്തിനടിയില്‍പെടാതെ തലനാരിഴക്കാണ് കാര്‍യാത്രികരായ ഇഖ്ബാലും കുടുംബവും രക്ഷപ്പെട്ടത്. വെള്ളിയാഴ്ച്ച(29/11/2019) വൈകിട്ട് 4.15 ഓടെ കൊടുവള്ളി സഹകരണ ബാങ്കിന് മുന്‍വശത്താണ് സംഭവം.

ദേശീയ പാതയോരത്തുള്ള മരം അടിഭാഗം ദ്രവിച്ച് റോഡിലേക്ക് പൊട്ടിവീഴുകയായിരുന്നു. ഈ സമയം വാവാട് ഭാഗത്ത് നിന്ന് കാറില്‍ കൊടുവള്ളിയിലേക്ക് വരികയായിരുന്നു ഇഖ്ബാലും കുടുംബവും. ഇവര്‍ സഞ്ചരിച്ച കാറിന് താട്ടു മുന്നിലേക്കാണ് മരം പൊട്ടിവീണത്. ഉടന്‍ ബ്രേക്ക് ചെയ്തതിനാലാണ് ഇവര്‍ രക്ഷപ്പെട്ടത്. കാറിന്റെ മുന്‍വശത്തിന് കേടുപാടുകള്‍ പറ്റി. ഈ ഭാഗത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറും മരത്തിനടിയില്‍പ്പെട്ട് തകര്‍ന്നു. ഈ സമയം ദേശീയ പാതയില്‍ അധികം വാഹനങ്ങളില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.



ദേശീയപാതയില്‍ ഇത്തരത്തില്‍ അപകടാവസ്ഥയില്‍ ധാരാളം മരങ്ങളുണ്ടെന്നും ഇവ ഉടന്‍ മുറിച്ചുനീക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Post a comment

Whatsapp Button works on Mobile Device only