29 November 2019

വടകര ബൈപ്പാസ് പെട്രോൾക്കുളമായി; തെന്നിമാറിയത് വൻദുരന്തം(വിഷൻ ന്യൂസ്‌ 29/11/2019)
(VISION NEWS 29 November 2019)



വടകര:  വടകര ബൈപ്പാസിൽ ആശ ആശുപത്രിക്കുസമീപം ടാങ്കർ ലോറി റോഡ്‌റോളറിലിടിച്ചുമറിഞ്ഞ് പന്ത്രണ്ടായിരം ലിറ്റർ പെട്രോൾ റോഡിലേക്ക് പരന്നൊഴുകി. അപകടസമയത്ത് തീപ്പൊരി ഉണ്ടാകാത്തതിനാൽ വൻദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. ഡ്രൈവറും ക്ലീനറും നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു.ഒട്ടേറെ വീടുകളും സ്ഥാപനങ്ങളും തൊട്ടരികെ ആശുപത്രിയും ഉള്ള പ്രദേശത്ത് ടാങ്കർ മറിഞ്ഞ് പെട്രോൾ പരന്നൊഴുകുന്നതായ വാർത്ത പ്രദേശത്തെ ഭീതിയിലാക്കി. അന്തരീക്ഷത്തിലും പെട്രോളിന്റെ ഗ്യാസ് അപകടരമായരീതിയിൽ തങ്ങിനിന്നു. അഗ്നിശമനസേനയും പോലീസും നാട്ടുകാരുമെല്ലാം കൈമെയ് മറന്ന് പെട്രോൾ ഒഴിവാക്കാൻ നേതൃത്വം നൽകി. ബണ്ടുകെട്ടി പെട്രോൾ തടഞ്ഞുനിർത്തിയശേഷം ബാരലുകളിലും മറ്റും കോരിയെടുത്ത് ചോറോട് മീത്തലങ്ങാടിയിൽ കടൽത്തീരത്തെ ആൾപ്പാർപ്പില്ലാത്ത പറമ്പിലേക്ക് ഒഴുക്കി. പെട്രോൾ ഒഴുകിയ വഴിയിലുടനീളം മണലും മണ്ണും വിതറി. പെട്രോളിനും ടാങ്കറിനും തീപിടിക്കാതിരിക്കാൻ അഗ്നിശമനസേന വെള്ളവും ദ്രാവക ഇന്ധനങ്ങളിലെ തീയണയ്ക്കാൻ ഉപയോഗിക്കുന്ന പതയും നിർത്താതെ ചീറ്റി. ആറുമണിക്കൂറിനുശേഷമാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായത്. ഇത്രയും സമയം ബൈപ്പാസിൽ ഗതാഗതവും മുടങ്ങി.വ്യാഴാഴ്ച പുലർച്ചെ 5.30-ഓടെയാണ് സംഭവം. എറണാകുളത്തുനിന്ന് കണ്ണൂർ കണ്ണപുരത്തേക്ക് പെട്രോളുമായി പോവുകയായിരുന്നു കെ.എൽ. 59 സി. 2426 നമ്പർ ടാങ്കർ ലോറി. ടാങ്കറിനു മുന്നിലുണ്ടായിരുന്ന റോഡ്‌റോളർ എതിരേവന്ന വാഹനത്തിന്റെ വെളിച്ചത്തിൽ കാണാതെ പോയതാണ് അപകടത്തിനിടയാക്കിയത്. നേരെ റോഡ്‌റോളറിന്റെ പിറകിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ലോറി ദേശീയപാതയ്ക്കുകുറുകെ മറിഞ്ഞു. 10 യൂണിറ്റ് അഗ്നിശമനസേനയും ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ എമർജൻസി റെസ്‌പോൺസ് വെഹിക്കിളും സ്ഥലത്തെത്തി. പോലീസ്, റവന്യൂ, കെ.എസ്.ഇ.ബി., ജല അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്തു. അപകടമുണ്ടായ ഉടൻ ഡ്രൈവർ കണ്ണൂർ കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്രീരാജും (33) ക്ലീനർ കണ്ണൂർ ചക്കരക്കലിലെ മാച്ചേരി ജിജീഷും (32) ഉടൻതന്നെ പുറത്തിറങ്ങി വിവരം ഫയർഫോഴ്‌സിനെ അറിയിച്ചു. നിസ്സാരപരിക്കേറ്റ ജിജീഷ് ആശ ആശുപത്രിയിൽ ചികിത്സ തേടി.

Post a comment

Whatsapp Button works on Mobile Device only