29 November 2019

ഗോകുലത്തിന്റെ തിങ്ക് ടാങ്ക് കൊടുവള്ളിക്കാരൻ റജാഹ്റിസ്‌വാൻ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രഫഷനൽ ഫുട്ബോൾ ക്ലബ് മാനേജർ(വിഷൻ ന്യൂസ്‌ 29/11/2019)
(VISION NEWS 29 November 2019)







കൊടുവള്ളി:പ്ലസ്ടു കാലംവരെ കോഴിക്കോട് ടൗണിൽ വരുന്നതുതന്നെ ‘ലക്‌ഷ്വറി’ ആയിരുന്ന കൊടുവള്ളിക്കാരൻ പയ്യൻ,  6 വർഷത്തിനിപ്പുറം ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രഫഷനൽ ഫുട്ബോൾ ക്ലബ് മാനേജരാണ്. ടീമിന്റെ പ്രകടനം കീറിമുറിച്ചും രേഖാചിത്രം വരച്ചും വിശകലനം ചെയ്യുന്നു.. കരീബിയൻ ദ്വീപുകളിൽനിന്നുൾപ്പെടെ വിദേശ താരങ്ങളുടെ ട്രാൻസ്ഫറും വീസയും തയാറാക്കുന്നു.. ടീമിന്റെ യാത്രകൾ തീരുമാനിക്കുന്നു.. നാണം നിറഞ്ഞ ചിരി മാറാതെതന്നെ സംസാരിക്കുന്നതു മുഴുവൻ ‘ഇന്റർനാഷനൽ’ കാര്യങ്ങൾ.. ഗോകുലം കേരളയുടെ ‘തിങ്ക് ടാങ്ക്’ ആയി വളരുകയാണ് കൊടുവള്ളി കരുവൻപൊയിൽ സ്വദേശി ഇ.കെ.റജാഹ് റിസ്‌വാൻ (24).

∙ ഫുട്ബോൾ പ്രാന്തൻ

 ഫുട്ബോൾ പ്രാന്ത് മൂത്ത് ‘വഴിതെറ്റി’ പോയതാണ് റിസ്‌വാൻ. ഫുട്ബോളും വിശകലനവും ചെറുപ്പം മുതൽ രക്തത്തിൽ അലിഞ്ഞത്. സ്കൂൾ കാലത്ത് കൂട്ടുകാർക്ക് ഗ്രൗണ്ടിൽനിന്നു കയറിയാൽ അന്നത്തെ പന്തുകളി കഴിഞ്ഞു. റിസ്‌വാൻ പക്ഷേ പേപ്പറും പേനയുമെടുത്ത് കണക്കുകൂട്ടലാണ്.. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ആർസണലും ചെൽസിയും കളിച്ചതിൽ ഓരോരുത്തരും എത്ര പാസ്, അതിൽ എത്രയെണ്ണം ലക്ഷ്യം കണ്ടു. എഴുതി ബുക്കുകൾ നിറഞ്ഞപ്പോൾ പ്രാന്തുതന്നെ എന്ന കളിയാക്കൽ  കൂടിവന്നു.
 പ്ലസ്ടുവിൽ എത്തിയപ്പോൾ ഒന്ന് ഇരുത്തിച്ചിന്തിച്ചെന്ന് റിസ്‌വാൻ. ഫുട്ബോൾ താരമാകുന്നത് നടക്കില്ലെന്ന് അതോടെ തിരിച്ചറിഞ്ഞു. എന്നാൽപ്പിന്നെ കോച്ച് ആകാമെന്നായി.
ഗണ്ണേഴ്സ് എഫ്സി കരുവൻപൊയിൽ എന്ന ടീമുണ്ടാക്കി നാട്ടിലെ ഫൈവ‌്സ്, സെവൻസ് ടൂർണമെന്റുകൾ നടത്താൻ കൊണ്ടുനടന്നു. ഡിഗ്രിക്ക് സ്പോർട്സ് മാനേജ്മെന്റ് കോഴ്സ് പഠിക്കാൻ പുറത്തു പോകണമെന്ന ആഗ്രഹത്തിന് സാമ്പത്തികം പ്രശ്നമായി. അങ്ങനെ കോയമ്പത്തൂരിൽ ബിബിഎ (കംപ്യൂട്ടർ ആപ്ലിക്കേഷൻ) പഠിക്കാൻ പോയി.
  പിജിക്ക് ലണ്ടനിലോ മറ്റോ സ്പോർട്സ് മാനേജ്മെന്റ് പഠിക്കണമെന്ന ആഗ്രഹവും നടന്നില്ല. ഒടുവിൽ  കോച്ചിങ്ങിൽ ഡി ലൈസൻസ് എടുക്കാൻ മുംബൈയിലേക്ക്.
  ബ്യൂഐഎഫ്എയും  (വെസ്റ്റേൺ ഇന്ത്യ ഫുട്ബോൾ അസോസിയേഷൻ)  ‘സ്കിൽ എ നേഷൻ’ അക്കാദമിയും ചേർന്ന് നടത്തുന്ന കോഴ്സ് ആണ് രാജ്യത്തെ ഏറ്റവും മികച്ചതെന്നു മനസ്സിലാക്കിയാണ് മുംബൈയിലേക്ക് വണ്ടി കയറിയത്. അവർ ഫുട്ബോൾ മാനേജ്മെന്റ് കോഴ്സ് തുടങ്ങുന്ന സമയമായിരുന്നു. 2 ലക്ഷം രൂപയേ ചെലവുള്ളൂ. ഒരു വർഷംകൊണ്ട് കോഴ്സ് തീർത്ത് ഡി ലൈസൻസും ഐറിഷ് കമ്പനിയായ ഡാർട്ഫിഷിൽനിന്ന് പെർഫോമൻ് അനാലിസിസ് ടെക്നോളജി കോഴ്സും നേടി തിരികെ നാട്ടിലേക്ക്.
 കോച്ച് ആവുകയെന്ന മോഹം മുംബൈ പഠനകാലത്ത് ഉപേക്ഷിച്ചു. ടീമുകളുടെ പ്രകടനങ്ങളുടെ അനാലിസിസ്, ഡേറ്റ, നമ്പരുകൾ തുടങ്ങിയവയിലായിരുന്നു കൂടുതൽ താൽപര്യം. കോച്ച് എന്ന നിലയിൽ അതു വേണ്ടെന്ന് തീരുമാനിച്ചു.

∙ അനാലിസിസ് പുലി

ചെസ് താരത്തിന്റെ ഏകാഗ്രതയോടെ മണിക്കൂറുകളെടുത്ത് കളി വിലയിരുത്തുകയാണ് റിസ്‌വാന്റെ പ്രധാന ഹോബി. നാട്ടിൽത്തന്നെ അതിന് അവസരമൊരുക്കി 2017തുടക്കത്തിൽ ഗോകുലം കേരളയുടെ കോഴിക്കോട്ടെ പ്രാക്ടീസ്. ഇന്റേൺഷിപ്പ് അവസരം തേടി ഗോകുലത്തിന്റെ ഒഫീഷ്യൽ ഫാൻ ഗ്രൂപ്പ് ആയ അൾട്രാസിൽ ഒരു മെസേജ് അയച്ചു. അവർ ടീമിന്റെ ടെക്നിക്കൽ ഡയറക്ടർ ബിനോ ജോർജിന്റെ നമ്പർ തന്നു. പണ്ടു മുതൽ സൂക്ഷിച്ചു വച്ച മാച്ച് അനാലിസിസ് റിപ്പോർട്ടുകൾ എല്ലാം ബിനോയ്ക്ക് അയച്ചുകൊടുത്തു.
 ‘ അങ്ങനെ ഗോകുലത്തിന്റെ ആദ്യത്തെ കെപിഎൽ കാലത്ത് ഒന്നര മാസത്തേക്ക് ഇന്റേണി ആയി വന്നു. അന്ന് മാച്ച് ഓപ്പറേഷൻസിന് 3 പേരാണ് ഉണ്ടായിരുന്നത്. നാലാമനായി ഞാനും.
എല്ലാ പ്രാക്ടീസ് സെഷനും ഞാൻ ഷൂട്ട് ചെയ്യും. മുംബൈയിൽ അനാലിസിസ് സോഫ്റ്റ്‌വെയറുകൾ പഠിച്ചിരുന്നെങ്കിലും ഇവിടെ അതുണ്ടായിരുന്നില്ല. വിശകലനങ്ങൾ പേപ്പറിൽ എഴുതി കോച്ചിനെ സഹായിച്ചായിരുന്നു തുടക്കം’
  ഇന്റേൺഷിപ് കഴിഞ്ഞും  ക്ലബിൽ തുടരാൻ നിർദേശം കിട്ടി.  ഗോകുലത്തിന്റെ ഓപ്പറേഷൻസ്, മാനേജ്മെന്റ്, ട്രാൻസ്ഫർ, കരാർ തുടങ്ങിയവയിലും സഹായിക്കാനുള്ള ചുമതല ഇതോടൊപ്പം ലഭിച്ചു. ഓപ്പറേഷൻസ് മാനേജർ എന്ന പോസ്റ്റായിരുന്നു ആദ്യം.
  ‘ ഇന്ത്യൻ ദേശീയ ടീമിന്റെ അസിസ്റ്റന്റ് മാനേജരായിരുന്ന എസ്.വി.സുമേഷ് ആയിരുന്നു ആദ്യസീസണിൽ ഗോകുലം മാനേജർ. അദ്ദേഹത്തിൽനിന്ന് ഒട്ടേറെ കാര്യങ്ങൾ പഠിച്ചു. ആദ്യ സീസണിൽ ചില മൽസരങ്ങൾക്ക് അദ്ദേഹത്തിനു പകരം ഞാൻ ടീമിനൊപ്പം പോയി.
ഇവിടെ ഐലീഗ് തുടങ്ങിയപ്പോൾ ജനറൽ കോൺട്രാക്റ്റ് വർക്ക് ഏറ്റെടുത്തു. ആ  സീസണിന്റെ അവസാനത്തോടെ സുമേഷ് ക്ലബ് വിട്ടപ്പോൾ എനിക്ക് മാനേജരായി നിയമനം കിട്ടി’
 സൂപ്പർ കപ്പിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോടുള്ള മൽസരത്തിലായിരുന്നു ആദ്യമായി  മാനേജരായത്. ജയന്റ് കില്ലേഴ്സ് എന്ന പേര് ക്ലബിനു കിട്ടിയത് ആ സൂപ്പർ കപ്പോടെയായിരുന്നു.
 ‘ക്ലബിന്റെ സിഇഒ ആയി ബി.അശോക് കുമാർ വന്നതോടെ പിന്നെയും കുറേ കാര്യങ്ങൾ പഠിച്ചു. ഉദാഹരണത്തിന് നേരത്തേ ഫോൺ ചെയ്താണ് ഹോട്ടൽ മുറി ബുക്ക് ചെയ്തിരുന്നതെങ്കിൽ അടുത്ത പടിയായി ഇമെയിൽ ചെയ്ത് ഉറപ്പുവരുത്തി ആക്കി. ഇപ്പോഴത് ഓരോ ഹോട്ടലുമായും കരാർ ഒപ്പുവയ്ക്കുന്നു. ഇങ്ങനെ ചെറിയ കാര്യങ്ങൾപോലും സിസ്റ്റത്തിന്റെ ഭാഗമാക്കുന്നു’ – റിസ്‍വാൻ പറയുന്നു.
∙∙

ആസ്വദിച്ച് ജോലി

കളിക്കാരുടെ ട്രാൻസ്ഫർ, കരാർ തയാറാക്കൽ തുടങ്ങിയവ ആസ്വദിച്ച് ചെയ്യുന്ന കാര്യങ്ങളാണെന്ന് റിസ്‌‌വാൻ. ഓരോ താരവും ഏജന്റ്സും വിലപേശൽ നടത്തുന്നത് ഓരോ വിധത്തിലാകും. കഴിഞ്ഞ 3 വർഷത്തിനിടെ ഗോകുലത്തിൽ വന്ന 50–60 വിദേശ താരങ്ങളുടെ വീസ പ്രോസസിങ് ഉൾപ്പെടെ ചെയ്യാൻ അവസരം കിട്ടി. ഓരോ രാജ്യത്തെയും വീസ സിസ്റ്റം വർക് ചെയ്യുന്നതെങ്ങനെ തുടങ്ങിയവ പഠിച്ചെടുക്കാൻ പറ്റി.
  ‘എന്റെ പ്രായവും പരിചയവും വച്ച് ഇപ്പോൾ ലഭിക്കുന്ന പ്രതിഫലം മികച്ചതാണ്. നാട്ടിൽത്തന്നെ ജീവിക്കാൻ കഴിയുന്നതും ഭാഗ്യം.  പ്ലസ്ടു പഠിക്കുന്ന കാലംവരെ കൊടുവള്ളിക്കു പുറത്ത് പരിചയമുണ്ടായിരുന്ന മൂന്നേമൂന്നു സ്ഥലം ഫോക്കസ് മാൾ, ബീച്ച്, അൽബേക്ക് എന്നിവയായിരുന്നു’– ചിരിയോടെ റിസ്‌വാൻ പറയുന്നു.
  കൊടുവള്ളി കരുവമ്പൊയിൽ കുനിയിൽ വീട്ടിൽ അബ്ദുൽ ഗഫൂർ, തസ്നി ബാനു ദമ്പതികളുടെ മകനാണ് റജാഹ്. സഹോദരങ്ങൾ: ഫയാസ് മുഹമ്മദ്, യസീൻ അഹമ്മദ്, യഹ്‌യ അഹമ്മദ്, ഫർഷ, ഫാത്തിമ റുഷ്ദ. അൽഇസ്‌ലാഹ് ചേന്നമംഗലൂർ, ഓമശ്ശേരി പ്ലസന്റ് ഇംഗ്ലീഷ് സ്കൂൾ,  കരുവാൻപൊയിൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
(കടപ്പാട് :മലയാള മനോരമ )

Post a comment

Whatsapp Button works on Mobile Device only