17 November 2019

യൂത്ത് ലീഗ് ആരോപണം അടിസ്ഥാന രഹിതം കാരാട്ട് റസാഖ് MLA(വിഷൻ ന്യൂസ്‌ 17/11/2019)
(VISION NEWS 17 November 2019)കൊടുവള്ളി :താമരശ്ശേരി താലൂക്ക് ആശുപത്രിയുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മലയോര ജനതക്ക് ലഭിച്ച് കൊണ്ടിരിക്കുന്നതെന്നും യൂത്ത് ലീഗ് ആരോപണം അടിസ്ഥാന രഹിതമെന്നും  കാരാട്ട് റസാഖ് MLA.കഴിഞ്ഞ മൂന്നര വർഷക്കാലം താമരശ്ശേരി ഗവ: താലൂക്ക് ഹോസ്പിറ്റലിന്റെ വികസന കാര്യത്തിൽ പ്രത്യേകശ്രദ്ധ പതിപ്പിക്കുവാൻ എം.എൽ.എ എന്ന നിലയിൽ സാധിച്ചിട്ടുണ്ട്.കേരള സർക്കാറിന്റെ പ്രധാന  മിഷനുകളിൽ ഒന്നായ ആർദ്രം പദ്ധതിയിൽ നമ്മുടെ താലൂക്ക് ആശുപത്രിയെ ഉൾപെടുത്തുവാൻ സാധിച്ചു.അതിന്റെ ഭാഗമായി, അസിസ്റ്റ: ഡയറക്ടർ, ജൂനിയർ കൺസൾട്ടന്റ്, അനസ്തേഷ്യ, ഡയാലിസിസ് ടെക്നീഷ്യൻ, ഡെൻറൽ മെക്കാനിക്, ഫാർമസിസ്റ്റ് സ്റ്റോർ കീപ്പർ, ഫാർമസിസ്റ്റ്, ഒപ്റ്റോ മെട്രിസ്റ്റ് തുടങ്ങി പുതിയ 8 തസ്തികകൾ അനുവദിക്കുകയും ചെയ്തു. പൂട്ടി കിടന്ന കാരുണ്യ ഫാർമസി കേരള മെഡിക്കൽ കോർപറേഷൻ നേരിട്ട് ഏറ്റെടുത്ത് വീണ്ടും പ്രവർത്തനം ആരംഭിച്ചു. എന്റെ ആസ്തി ഫണ്ടിൽ 24.5 ലക്ഷം വകയിരുത്തി ആധുനിക രീതിയിലുള്ള കംപ്യൂട്ടറൈസ്ഡ് എക്സറേ യൂണിറ്റും അനുബന്ധ സൗകര്യങ്ങളും നിലവിൽ വന്നു. ആശുപത്രിയുടെ മുഖഛായ മാറുന്ന രീതിയിലുള്ള മാസ്റ്റർ പ്ലാനിന്റെ ആവശ്യത്തിലേക്ക് 13.70 കോടി രുപയുടെ പദ്ധതി നബാർഡ് മുഖേന അനുവദിച്ച് ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് പ്രവർത്തി ഏറ്റെടുക്കുന്നതിനുള്ള അനുമതിയും ലഭിച്ചു. മലയോര മേഖലയിൽ നിരന്തരം  കാലവർഷക്കെടുതി മൂലം ഉണ്ടാവുന്ന അപകടങ്ങൾക്ക് പരിഹാരമായി ട്രോമ കെയർ കാഷ്യാലിറ്റി സിസാസ്റ്റർ മാനേജ്മെന്റിന്റെ ഒരു യൂണിറ്റും അതിലേക്ക് 50 ലക്ഷം രൂപയുടെ ഉപകരണങ്ങൾക്കുമുള്ള അനുമതിയും നമ്മുടെ ആശുപത്രിക്ക് ലഭിച്ചു.പുതിയ അൾട്രാസൗണ്ട് സ്കാനിംഗ് മെഷീൻ അനുവദിച്ചു.കേരള സർക്കാറിന്റെ കനിവ് 108 ആംബുലൻസ് സേവനവും യാഥാർത്ഥ്യമായി. കേന്ദ്ര സർക്കാറിന്റെ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷ്യുറൻസ് സർട്ടിഫിക്കറ്റ് (NQAS) അവാർഡും നമ്മുടെ ആശുപത്രിക്ക് ലഭിച്ചു. അത് പ്രകാരം ബെഡ് ഒന്നിന് 10000 രൂപ ആശുപത്രിക്ക് ലഭിക്കും.കേന്ദ്ര സർക്കാറിന്റെ മറ്റൊരു ഗുണനിലവാരമായ കായകൽപം അവാർഡിന് കേരളത്തിൽ രണ്ടാം സ്ഥാനവും നമ്മുടെ താലൂക്ക് ആശുപത്രിക്കാണ് ലഭിച്ചത്. എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച ലോ മാസ്റ്റ് ലൈറ്റ്, ആശുപത്രിയിലെ വൈദ്യുതിക്ഷാമത്തിന്  പരിഹാരമായി സർക്കാറിന്റെ 31 ലക്ഷം രൂപ അനുവദിച്ച് പുതിയ ട്രാൻസ്ഫോമർ സ്ഥാപിക്കുന്നതിനുള്ള നടപടിക്രമവും അന്തിമഘട്ടത്തിലാണ്.
താലൂക്ക് ആസ്ഥാനമായ താമരശ്ശേരിയിൽ തന്നെ ഹെഡ്ക്വാർട്ടേർസ് ആക്കുന്നതിനുള്ള ആവശ്യമായ ഇടപെടൽ എം.എൽ.എ എന്ന നിലയിൽ മുഖ്യമന്ത്രിയുടെയും, ആരോഗ്യ മന്ത്രിയുടെയും ശ്രദ്ധയിൽ കൊണ്ട് വരികയും, പാർട്ടി എന്ന നിലയിൽ സി.പി.ഐ എം ന്റെ ജില്ലാ സെക്രട്ടറിയും അടിയന്തിര ഇടപെടലുകൾ ഈ വിഷയത്തിൽ നടത്തിയിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിൽ മുസ്ലീം ലീഗിന്റെ താമരശ്ശേരിക്കാരായ എം.എൽ.എമാർ ഉണ്ടായിട്ടും താലൂക്ക് ആശുപത്രിയുടെ വികസന കാര്യങ്ങളിൽ ആത്മാർത്ഥമായ ഇടപെടലുകൾ നടത്തുവാൻ സാധിക്കാത്തതിന്റെ ജാള്യത മറച്ച് വെക്കുവാൻ വേണ്ടിയുള്ള സമര നാടകം നല്ലവരായ ജനങ്ങൾ തിരിച്ചറിയുന്നതാണ്.കഴിഞ്ഞ വി.എസ് സർക്കാറിന്റെ കാലത്ത് അന്ന് തിരുവമ്പാടി എം.എൽ.എ ആയിരുന്ന സ: ജോർജ് എം.തോമസിന്റെ ഇടപെടലിന്റെ ഭാഗമായാണ് താലുക്ക് ആശുപത്രി ആയി ഉയർത്തിയത്.താലൂക്ക് ഹെഡ്ക്വാർട്ടേസ്  ആവശ്യവുമായി യു.ഡി.എഫ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഭരണസമിതി അംഗങ്ങളും എം.എൽ എ എന്ന നിലയിൽ എന്നെ സമീപിക്കുകയും ആരോഗ്യ മന്ത്രിയെ കണ്ട്നിവേദനം നൽകുകയും, പരിഗണിക്കാമെന്ന ഉറപ്പ് നൽകുകയും ചെയ്തതാണ്.വസ്തുതകൾ ഇതായിരിക്കെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള യൂത്തന്മാരുടെ തൊലിക്കട്ടി ഒന്നു വേറെ തന്നെ.... 
ഓമശ്ശേരി, കട്ടിപ്പാറ, മടവൂർ പ്രൈമറി ഹെൽത്ത് സെന്ററുകൾ ആർദ്രം പദ്ധതിയിൽ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റി.കനിവ് 108 ആംബുലൻസ് മടവൂർ പി.എച്ച്.സി യിലും അനുവദിച്ചു.
നമ്മുടെ താമരശ്ശേരി താലൂക്ക് ആശുപത്രി കേരളത്തിനു തന്നെ മാതൃകയാകുന്ന രൂപത്തിലുള്ളതായി മാറുന്നതിനു വേണ്ടി തുടർന്നും എല്ലാ പ്രവർത്തനങ്ങൾക്കും മുൻകൈ എടുക്കുകയും ചെയ്യുന്നതാണെന്നും MLA പറഞ്ഞു

Post a comment

Whatsapp Button works on Mobile Device only