02 December 2019

മേട്ടുപ്പാളയത്ത് വീടുകള്‍ക്കുമേല്‍ മതിലിടിഞ്ഞു വീണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 17 മരണം(വിഷൻ ന്യൂസ്‌ 02/12/2019)
(VISION NEWS 02 December 2019)




കോയമ്പത്തൂർ: കനത്ത മഴയിൽ മേട്ടുപ്പാളയത്ത് മതിലിടിഞ്ഞുവീണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 17 പേർ മരിച്ചു. മതിലിടിഞ്ഞ് വീടുകൾക്കുമേൽ വീണ് നാലു വീടുകൾ തകർന്നാണ് ദുരന്തമുണ്ടായത്. 12 സ്ത്രീകളും മൂന്ന് പുരുഷൻമാരും രണ്ട് കുട്ടികളുമാണ് മരിച്ചത്.  മേട്ടുപ്പാളയത്തിനടത്ത് നാഡൂരിൽ എഡി കോളനിയിൽതിങ്കളാഴ്ച പുലർച്ചെ 5.30ഓടെയാണ് സംഭവം നടന്നത്. പുലർച്ചെ3.30 ഓടെ ആരംഭിച്ച കനത്ത മഴയിൽ മതിൽ വീടുകൾക്ക് മേൽ ഇടിഞ്ഞുവീഴുകയായിരുന്നു. ആറരയടി ഉയരമുള്ള കരിങ്കൽ മതിലാണ് ഇടിഞ്ഞുവീണത്.  ഗുരു (45), രാമനാഥ് (20), അനന്ദകുമാർ (40), ഹരിസുധ (16), ശിവകാമി (45), ഓവിയമ്മാൾ (50), നാദിയ (30), വൈദേഗി (20), തിലഗവതി (50), അറുകാണി (55), രുക്കുമണി (40), നിവേത (18), ചിന്നമ്മാൾ (70), അക്ഷയ (7), ലോഗുറാം (7) എന്നിവരാണ് മരിച്ചത്. രണ്ടു പേരുടെ പേരുകൾ ലഭ്യമായിട്ടില്ല.  കൂടുതൽ പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. തിരച്ചിൽ തുടരുകയാണ്.  തമിഴ്നാടിന്റെയും പുതുച്ചേരിയുടെയും പല പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. പലയിടത്തും വെള്ളം പൊങ്ങി ജനജീവിതം താറുമാറായിട്ടുണ്ട്. നിരവധി ഇടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഊട്ടി മേട്ടുപ്പാളയം റൂട്ടിൽ മരപ്പാലത്തിനു സമീപം മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു.  അടിയന്തിര സാഹചര്യം നേരിടുന്നതിന് എല്ലാവിധ തയ്യാറെടുപ്പുകളുംനടത്തിയിട്ടുണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ചെന്നൈയിൽ 176 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ആവശ്യംവന്നാൽ ഉപയോഗിക്കുന്നതിന് ബോട്ടുകളും വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് 630 പമ്പുകളും ശുചീകരണ യന്ത്രങ്ങളും തയ്യാറാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Post a comment

Whatsapp Button works on Mobile Device only