02 January 2020

തുടക്കം ഒരു കള്ളത്തില്‍ നിന്ന്...റോയിയുടെ മരണം മക്കള്‍ അറിയുന്നത് മുറ്റത്ത് പന്തല്‍ ഉയരുമ്പോള്‍(വിഷൻ ന്യൂസ്‌ 02/01/2020)
(VISION NEWS 02 January 2020)വടകര: റോയിയെ കൊലപ്പെടുത്തുന്നതിന് ജോളി ഏറെ മുന്നൊരുക്കം നടത്തിയിരുന്നതായി അന്വേഷണ സംഘം. അന്നേദിവസം ജോളി രണ്ടുമക്കളെയും വളരെ നേരത്തേ മുകൾനിലയിലേക്ക് കൊണ്ടുപോയി ഉറക്കി. പിന്നീട് റോയി അവശനിലയിലായപ്പോഴും ആൾക്കാരെത്തി ആശുപത്രിയിൽ കൊണ്ടുപോയപ്പോഴും കുട്ടികൾ വിവരമൊന്നുമറിഞ്ഞില്ല. രാവിലെ വീട്ടുമുറ്റത്ത് മരണാനന്തരച്ചടങ്ങുകൾക്കായി പന്തൽകെട്ടുമ്പോഴാണ് കുട്ടികൾ കാര്യം അന്വേഷിക്കുന്നതും അച്ഛൻ മരിച്ച വിവരം ജോളി അവരോട് പറയുന്നതും.  വൈകീട്ട് റോയി വീട്ടിലെത്തിയാലുടൻ ഭക്ഷണം കഴിച്ചില്ലെങ്കിലും ഒരു ഗ്ലാസ് വെള്ളം എന്തായാലും കുടിക്കും. അതിനാൽ വെള്ളത്തിലും കടലക്കറിയിലും സയനൈഡ് കലർത്തിവെച്ചു. ഇത് മക്കളെടുത്ത് കഴിക്കാതിരിക്കാനാണ് അവരെയും കൊണ്ട് നേരത്തേ തന്നെ മുകളിലത്തെ മുറിയിലേക്ക് പോയത്. ജോളിയും അവർക്കൊപ്പം കിടന്നുറങ്ങി.  രാത്രിയിൽ റോയി വന്നപ്പോൾ മക്കളെ കാണാൻ മുകൾനിലയിലേക്ക് പോവുകയും ചെയ്തു. ഉറങ്ങുന്ന മക്കളെക്കണ്ട് കള്ളയുറക്കമാണോ എന്ന് ചോദിക്കുകയും ചെയ്തു. ഇതിനുശേഷമാണ് താഴെയെത്തി വെള്ളം കുടിച്ചതും കടലക്കറിയും ചോറും കഴിച്ചതും. പിന്നീട് ബാത്ത്റൂമിൽ കുഴഞ്ഞുവീണ് അവശനിലയിലായി.  അപ്പോഴേക്കും ജോളി പാത്രവും ഗ്ലാസുമെല്ലാം കഴുകി വൃത്തിയാക്കിവെച്ചു. പിന്നീട് റോയിക്ക് ഹൃദയാഘാതമാണെന്ന് എല്ലാവരോടും വിളിച്ചുപറഞ്ഞു. റോയി ഒരു ജോലിക്കും പോകാത്തതിൽ ജോളിക്ക് അതൃപ്തിയുണ്ടായിരുന്നു. ഒരു പ്രയോജനവും റോയിയെക്കൊണ്ട് ഇല്ലെന്നും മറ്റൊരാളെ വിവാഹംചെയ്യണമെന്നും ചിലരോട് പറയുകയുംചെയ്തു.  ഭാര്യയുമായി പിണക്കത്തിലാണെന്നും ഇത് മാറ്റാൻ ആഭിചാരക്രിയ നടത്തണമെന്നും പറഞ്ഞ് റോയി ചിലരെ സമീപിച്ചിരുന്നു. ഇവർ റോയിയെ മടക്കി അയക്കുകയാണ് ചെയ്തത്.  തുടക്കം ഒരു കള്ളത്തിൽനിന്ന്...  റോയിയുടെ അമ്മ അന്നമ്മയോട് ജോളി തുടക്കത്തിൽ പറഞ്ഞ ഒരു കള്ളമാണ് പിന്നീടുള്ള എല്ലാ കൊലയിലേക്കും നയിച്ചതെന്ന് അന്വേഷണഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കല്യാണം കഴിഞ്ഞ് പൊന്നാമറ്റത്തെത്തിയ ശേഷം അന്നമ്മയോട് ജോളി പറഞ്ഞത് താൻ എം.കോം ബിരുദധാരിയാണെന്നാണ്. എന്നാൽ പ്രീഡിഗ്രി മാത്രമേ യോഗ്യത ഉണ്ടായിരുന്നുള്ളൂ. അന്നമ്മയെ വിശ്വസിപ്പിക്കാനാണ് വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കിയത്.  ജോലിക്കു ശ്രമിക്കണമെന്ന നിരന്തരമായ സമ്മർദം അന്നമ്മയുടെ ഭാഗത്തു നിന്ന് ഉണ്ടായപ്പോൾ യു.ജി.സി. നെറ്റ് ക്ലാസിനെന്നും പറഞ്ഞ് പലതവണ വീട്ടിൽനിന്നിറങ്ങി. പിന്നീട് ജോലി കിട്ടിയെന്നും പറഞ്ഞു ഒട്ടേറെത്തവണ പാലായിലേക്കും പോയി. പിടിച്ചുനിൽക്കാൻ കഴിയാതെ വന്നപ്പോഴാണ് അന്നമ്മയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് കണ്ടെത്തൽ.  എൻ.ഐ.ടിയിൽ പ്രൊഫസറാണെന്ന കള്ളവും ജോളിയെ കുടുക്കി. ജോളി വ്യാജമായി നിർമിച്ച എൻ.ഐ.ടി തിരിച്ചറിയൽ കാർഡ് കിട്ടിയില്ലെങ്കിലും ഇതിന്റെ ഫോട്ടോ ലഭ്യമായിട്ടുണ്ട്. മക്കളുടെ സ്കൂളിലും പള്ളിയിലും എൻ.ഐ.ടിയിൽ പ്രൊഫസറാണെന്നാണ് രേഖപ്പെടുത്തി നൽകിയത്. കൂടാതെ പാൻകാർഡിന് അപേക്ഷിക്കുമ്പോഴും ഇതേവിവരംതന്നെ നൽകി.  ഷാജുവിന് പങ്കില്ലെന്ന് പോലീസ്  റോയി വധക്കേസിൽ ജോളിയുടെ രണ്ടാംഭർത്താവ് ഷാജുവിന് പങ്കില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഷാജുവിന്റെ മൊഴി പലതവണ ശേഖരിച്ചിട്ടുണ്ട്. ഇതിൽനിന്നൊന്നും ഷാജുവിന്റെ പങ്കിനെക്കുറിച്ച് സൂചന കിട്ടിയിട്ടില്ല. മറ്റു കേസുകളിൽ പങ്കുണ്ടോ എന്ന ചോദ്യത്തിന് അതുസംബന്ധിച്ച് ഒന്നുംപറയാനാകില്ലെന്നായിരുന്നു മറുപടി. 

Post a comment

Whatsapp Button works on Mobile Device only