07 January 2020

മകള്‍ക്ക് ഇപ്പോള്‍ നീതി ലഭിച്ചുവെന്ന് നിര്‍ഭയയുടെ അമ്മ(വിഷൻ ന്യൂസ്‌ 07/01/2020)
(VISION NEWS 07 January 2020)



ന്യൂഡൽഹി: തന്റെ മകൾക്ക് ഇപ്പോൾ നീതി ലഭിച്ചുവെന്ന് നിർഭയയുടെ അമ്മ ആശാ ദേവി. നിർഭയ കേസിലെ നാലു പ്രതികളുടെയും വധശിക്ഷ ഈ മാസം 22 ന് രാവിലെ ഏഴിന് നടപ്പാക്കുന്നത് സംബന്ധിച്ച കോടതിവിധി വന്നതിന് പിന്നാലെയാണ് ആശാ ദേവിയുടെ പ്രതികരണം.  നാലുപേരുടെയും വധശിക്ഷ നടപ്പാക്കുന്നത് രാജ്യത്തെ സ്ത്രീകളെ ശാക്തീകരിക്കും. രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസം വർധിപ്പിക്കുമെന്നും അവർ പ്രതികരിച്ചു. ആശാദേവി നടത്തിയ നിയമ യുദ്ധത്തിന്റെ ഫലമായാണ് ഏഴ് വർഷത്തിനുശേഷം കോളിളക്കം സൃഷ്ടിച്ച കേസിലെപ്രതികൾക്ക് ഒടുവിൽ തൂക്കുമരം ഉറപ്പായത്. പ്രതികളിൽ ഒരാൾ പുനഃപരിശോധനാ ഹർജി സമർപ്പിച്ചതിനെ എതിർത്ത് ആശാദേവി 2019 ഡിസംബറിൽ സുപ്രീം കോടതിയെവരെ സമീപിച്ചിരുന്നു.  അതിനിടെ നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കുന്നത് രാജ്യത്തെ ജനങ്ങളുടെ വിജയമാണെന്ന് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ പ്രതികരിച്ചു. ഏഴ് വർഷമായി മകൾക്ക് നീതി ലഭിക്കുന്നതിനുവേണ്ടി പോരാടുന്ന നിർഭയയുടെ അമ്മയെ സല്യൂട്ട് ചെയ്യുന്നു. പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കിയ ന്യായാധിപനെ അഭിനന്ദിക്കുന്നുവെന്നും അവർ പറഞ്ഞു.  2012 ഡിസംബർ 16-നാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. ഈ സംഭവമാണ് പിന്നീട് നിർഭയ കേസ് എന്നറിയപ്പെട്ടത്. ഡൽഹിയിൽ ഓടുന്ന ബസിൽവെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി പിന്നീട് മരിച്ചു. കേസിലെ പ്രതികളായ മുകേഷ്, പവൻ, വിനയ് ശർമ, അക്ഷയ് കുമാർ സിങ് എന്നിവർക്കാണ് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. ഹൈക്കോടതി ഇത് ശരിവെയ്ക്കുകയും ചെയ്തു.  കേസിലെ മുഖ്യപ്രതിയും ബസ് ഡ്രൈവറുമായിരുന്ന രാംസിങ് വിചാരണക്കാലയളവിൽ ജയിലിൽ ആത്മഹത്യചെയ്തു. മറ്റൊരുപ്രതിക്ക് പ്രായപൂർത്തിയാവാത്തതിനാൽ ജുവനൈൽ കോടതിയിലാണ് വിചാരണ നടന്നത്. മൂന്നുവർഷത്തെ തടവിനുശേഷം ഇയാൾ പുറത്തിറങ്ങി. തെലങ്കാനയിൽ മൃഗഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ നിർഭയ കേസിലെ പ്രതികളെ ഉടൻ തൂക്കിലേറ്റണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നുയർന്നിരുന്നു.  അതിനിടെ,നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാൻ സന്നദ്ധത അറിയിച്ച് രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ളവർ രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര ഷൂട്ടിങ് താരം വർത്തിക സിങ് അടക്കമുള്ളവരാണ് പ്രതികളെ തൂക്കിലേറ്റാൻ തയ്യാറാണെന്ന് അറിയിച്ച് രംഗത്തെത്തിയത്. വർത്തിക സിങ് ഇക്കാര്യം അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതുകയും ചോരകൊണ്ടെഴുതിയ കത്ത് മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.

Post a comment

Whatsapp Button works on Mobile Device only