Wednesday, 8 January 2020

ലോകത്ത് അതിവേഗം വളരുന്ന നഗരമായി മലപ്പുറം; ആദ്യപത്തില്‍ കോഴിക്കോടും കൊല്ലവും(വിഷൻ ന്യൂസ്‌ 08/01/2020)





ഡൽഹി: ലോകത്തിൽ അതിവേഗം വളരുന്ന ആദ്യ പത്ത് നഗരങ്ങളിൽ കേരളത്തിൽ നിന്ന് മൂന്ന് നഗരങ്ങൾ ഇടംപിടിച്ചു. 44.1 ശതമാനം വളർച്ചയോടെ മലപ്പുറമാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. കോഴിക്കോട് നഗരം നാലാം സ്ഥാനത്തും കൊല്ലം പത്താം സ്ഥാനത്തും ഇടംപിടിച്ചു. ദി ഇക്കണോമിസ്റ്റ് മാസികയുടെ ഭാഗമായ ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് നടത്തിയ സർവേയിലാണ് കേരളത്തിൽനിന്ന് മൂന്ന് നഗരങ്ങൾ മികച്ച നേട്ടം കരസ്ഥമാക്കിയത്.  ഇന്ത്യയിൽനിന്ന് ആദ്യ പത്തിൽ ഇടംപിടിച്ച മൂന്ന് നഗരങ്ങളും കേരളത്തിൽ നിന്നാണെന്നതും പ്രത്യേകതയാണ്. 30.2 ശതമാനം മാറ്റത്തോടെ തൃശൂർ നഗരം പതിമൂന്നാം സ്ഥാനത്തുമുണ്ട്. പട്ടികയിൽ ഇടംപിടിച്ച ഇന്ത്യയിലെ മറ്റ് നഗരങ്ങൾ ഗുജറാത്തിലെ സൂറത്തും തമിഴ്നാട്ടിലെ തിരുപ്പൂരുമാണ്. ഗുജറാത്ത് ഇരുപത്തിയേഴാം സ്ഥാനത്തും തിരുപ്പൂർ മുപ്പതാം സ്ഥാനത്തുമാണ്.2015 മുതൽ 2020 വരെയുള്ളകണക്കുപ്രകാരമാണ് ഇക്കണോമിക്സ്റ്റ് ഇന്റലിജൻസ് യൂണിറ്റ് പട്ടിക തയ്യാറാക്കിയത്.    അതിവേഗം വളർച്ചയുള്ള നഗരമായ മലപ്പുറത്തിന് പിന്നിലായി രണ്ടാം സ്ഥാനത്ത് വിയറ്റ്നാമിലെ കാന്തോ നഗരമാണ്, 36.7 ശതമാനമാണ് ഈ നഗരത്തിലെ അതിവേഗ വളർച്ച. ചൈനയിലെ സുഖ്യാൻ (36.6%) നാലാം സ്ഥാനത്തുണ്ട്. നൈരീരിയയിലെ അബൂജ, ചൈനയിലെ സുഷോവു, പുറ്റിയൻ, യുഎഇയിലെ ഷാർജ, ഒമാനിലെ മസ്കറ്റ് എന്നിവയാണ് യഥാക്രമം അഞ്ച് മുതൽ ഒമ്പത് വരെയുള്ള സ്ഥാനങ്ങളിൽ ഇടംപിടിച്ചത്.  ലോകത്തെ വലിയ നഗരങ്ങളുടെ പട്ടികയിൽ ഡൽഹി രണ്ടാം സ്ഥാനത്തുണ്ട്, ജപ്പാനിലെ ടോക്യോയാണ് ഒന്നാമത്. മുംബൈ ആറാമതും. കൊൽക്കത്ത പതിനാലാം സ്ഥാനത്തും ഇടംപിടിച്ചു. ബെംഗളൂരു (27), ചെന്നൈ (31), ഹൈദരാബാദ് (36) എന്നിവയും ഈ പട്ടികയിലുണ്ട്. ലോകത്തെ ഗ്രാമീണ ജനസംഖ്യയിലും ഇന്ത്യയാണ് ഒന്നാമത്. ചൈന രണ്ടാം സ്ഥാനത്തും. അതേസമയം മികച്ച ജീവിത സൗകര്യമുള്ള നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് ഇടമില്ല. ഓസ്ട്രിയയിലെ വിയന്നയും ഓസ്ട്രേലിയയിലെ മെൽബണുമാണ് ഈ പട്ടികയിൽ ആദ്യ സ്ഥാനത്തുള്ളത്.

Post a Comment

Whatsapp Button works on Mobile Device only