Wednesday, 8 January 2020

ഇനി ഞാൻ ഒഴുകട്ടെ പദ്ധതി കൊടുവള്ളി നഗരസഭയിലും നടപ്പാക്കുന്നു(വിഷൻ ന്യൂസ്‌ 08/01/2020)


 

 കൊടുവള്ളി:ഹരിതകേരള മിഷൻറെ നേതൃത്വത്തിൽ നീർച്ചാലുകളുടെ പുനരുജ്ജീവനത്തിന് വേണ്ടി ആവിഷ്കരിച്ച ‘ഇനി ഞാൻ ഒഴുകട്ടെ’പദ്ധതി കൊടുവള്ളി നഗരസഭയിലും നടപ്പാക്കുന്നു. പദ്ധതിയുടെ ഭാഗമായി നഗരസഭ പരിധിയിലെ കൊടുവള്ളി - കായങ്ങൽ - കീപ്പൊയിൽ തോട് പൊതുജന പങ്കാളിത്തത്തോടെ ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ നഗരസഭ ചെയർപേഴ്സൺ ഷരീഫ കണ്ണാടിപ്പൊയിൽ ഉദ്ഘാടനം ചെയ്തു.

ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. പ്രകാശൻ, പി.എം. സുനി, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ പി. അബ്ദുൽ ഖാദർ, കൗൺസിലർമാരായ സറീന റഫീഖ്, വിമലാ ഹരിദാസൻ, ഫിഷറീസ് പ്രമോട്ടർ കെ. സന്തോഷ് എന്നിവർ നേതൃത്വം നൽകി.

പൊതു ജനങ്ങളും നഗരസഭ കണ്ടിൻജൻറ് തൊഴിലാളികളും ചേർന്നാണ് ശുചീകരണ പ്രവൃത്തി നടപ്പാക്കുന്നത്. കൊടുവള്ളി ടൗൺ മുതൽ കായങ്ങൽ, കീപ്പൊയിൽ തോട് തുടങ്ങി പുഴവരെയുള്ള ശുചീകരണ പ്രവത്തനത്തിനാണ് തുടക്കം കുറിച്ചത്. ഏകദേശം മൂന്ന് കിലോമീറ്ററോളം ദൈർഘ്യമുള്ള ഈ തോട് കാടും പ്ലാസ്റ്റിക് മാലിന്യവും നിറഞ്ഞു നിൽക്കുകയാണ്. തോടിൻറെ സുഗമമായ ഒഴുക്ക് തടസ്സപ്പെടുന്നതിനാൽ ചെറിയ മഴപെയ്താൽപ്പോലും വെള്ളക്കെട്ട് ഉണ്ടാകുന്ന അവസ്ഥയാണ്. ഈ തോട്ടിലേക്ക് മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിൻറെ ഭാഗമായി ബോധവത്കരണം നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. തോട് വൃത്തിയാക്കിയതിന് ശേഷവും തോട്ടിലേക്ക് പ്ലാസ്റ്റിക് മാലിന്യവും മറ്റും വലിച്ചെറിയുന്നവർക്കെതിരേ കർശന നിയമ നടപടികൾ സ്വീകരക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ ഷരീഫ കണ്ണാടിപ്പൊയിൽ അറിയിച്ചു

Post a Comment

Whatsapp Button works on Mobile Device only