15 January 2020

ഇന്ന് മകരവിളക്ക്; പൂങ്കാവനം നിറഞ്ഞ് അയ്യപ്പന്‍മാര്‍, ഭക്തിസാന്ദ്രം ശബരീശ സന്നിധാനം(വിഷൻ ന്യൂസ്‌ 15/01/2020)
(VISION NEWS 15 January 2020)ശബരിമല: മകരവിളക്ക് തൊഴാനൊരുങ്ങി ശബരിമല സന്നിധാനം. ബുധനാഴ്ച വൈകീട്ട് 6.45-നാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി ദർശനം. മകരജ്യോതി കാണാവുന്ന ഇടങ്ങളിലെല്ലാം തീർഥാടകർ നിറഞ്ഞിരിക്കുകയാണ്. ശക്തമായ സുരക്ഷയൊരുക്കി പൊലീസും വമ്പിച്ച സജ്ജീകരണങ്ങളുമായി ദേവസ്വം ബോർഡും മകരവിളക്കിനൊരുങ്ങിക്കഴിഞ്ഞു.  പന്തളത്തുനിന്ന് തിങ്കളാഴ്ച പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര, ബുധനാഴ്ച വൈകീട്ട് 5.15-ന് ശരംകുത്തിയിലെത്തും. ദേവസ്വം ബോർഡ് ഭാരവാഹികൾ ഘോഷയാത്രയെ സന്നിധാനത്തേക്ക് സ്വീകരിച്ച് ആനയിക്കും. ക്ഷേത്രസന്നിധിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ തിരുവാഭരണ പേടകങ്ങൾ ഏറ്റുവാങ്ങും. തുടർന്ന് 6.30-ന് പൊന്നമ്പലവാസന് തിരുവാഭരണം ചാർത്തി മഹാദീപാരാധന നടത്തും.  ബുധനാഴ്ച ഒരുമണിക്ക് ക്ഷേത്ര നട അടയ്ക്കും. വൈകീട്ട് അഞ്ചുമണിക്ക് നട തുറക്കും.  ക്രമീകരണങ്ങൾ പൂർണമെന്ന് ദേവസ്വം ബോർഡ്  മകരവിളക്കിനെത്തുന്ന ഭക്തരുടെ സൗകര്യാർഥം സന്നിധാനത്ത് സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി. അപകടങ്ങൾ ഒഴിവാക്കാൻ ആവശ്യമായ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ.വാസു സന്നിധാനത്ത് ചേർന്ന ഉന്നതതല അവലോകനയോഗത്തിൽ അറിയിച്ചു.  തിരുമുറ്റത്തും പരിസരപ്രദേശങ്ങളിലും മകരജ്യോതി ദർശനത്തിനെത്തുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തും. തിരുമുറ്റത്തേക്ക് സ്റ്റാഫ് ഗേറ്റ് വഴി മാത്രമാകും പ്രവേശനം. പാസ് ലഭിച്ചവർക്ക് 5.15 വരെമാത്രം പ്രവേശനം നൽകും. കൊടിമരത്തിന് സമീപത്തും സോപാനത്തും നിൽക്കുന്നതിന് നിയോഗിക്കപ്പെട്ടവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അതിലുപരിയായി കൂടുതൽപേർക്ക് നിൽക്കാൻ സൗകര്യമില്ലാത്തതിനാൽ പട്ടികയിലില്ലാത്തവർ ഈ ഭാഗങ്ങളിലേക്ക് പ്രവേശനത്തിന് മുതിരരുതെന്ന് പോലീസ് സ്പെഷ്യൽ ഓഫീസർ അറിയിച്ചു. സർക്കാർ വകുപ്പുകളുടേയും ഏജൻസികളുടേയും ദേവസ്വം ബോർഡിന്റെയും പ്രവർത്തനം തൃപ്തികരമാണെന്ന് യോഗം വിലയിരുത്തി.  ദേവസ്വം ബോർഡ് അംഗങ്ങളായ കെ.എസ്.രവി, എൻ. വിജയകുമാർ, ദേവസ്വം കമ്മിഷ്ണർ ബി.എസ്. തിരുമേനി, ദേവസ്വംബോർഡ് ചീഫ് എൻജിനീയർ കൃഷ്ണകുമാർ, ദേവസ്വം വിജിലൻസ് എസ്.പി. ബിജോയ് പ്രഭാകർ, സന്നിധാനം പോലീസ് സ്പെഷ്യൽ ഓഫീസർ എസ്. സുജിത്ദാസ്, എൻ.ഡി.ആർ.എഫ്. ഡെപ്യൂട്ടി കമാൻഡന്റ് ജി. വിജയൻ, ആർ.എ.എഫ്. ഡെപ്യൂട്ടി കമാൻഡന്റ് എം. ദിനേശ്, സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റ് വി. വിജയമോഹനൻ, ശബരിമല എക്സിക്യുട്ടീവ് ഓഫീസർ വി.എസ്. രാജേന്ദ്രപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.  സുരക്ഷ  മകരവിളക്ക് കഴിഞ്ഞശേഷം ഭക്തർ തിരിച്ചിറങ്ങുമ്പോൾ ഉണ്ടാകുന്ന തിക്കും തിരക്കും നിയന്ത്രിക്കുന്നതിന് പോലീസും ദ്രുതകർമസേനയും എൻ.ഡി.ആർ.എഫും യോജിച്ച് പ്രവർത്തിക്കും. പാണ്ടിത്താവളം, ജീപ്പ് റോഡ്, വടക്കേ നട, മാളികപ്പുറത്തെ ഇറക്കം തുടങ്ങി വിവിധ ഇടങ്ങളിലും പർണശാലകൾക്ക് സമീപവും പ്രത്യേക നിരീക്ഷണത്തിലായിരിക്കും. ഫയർഫോഴ്സ് വിഭാഗവും ജാഗ്രതയോടെ രംഗത്തുണ്ട്.  മകരവിളക്ക് തൊഴുതിറങ്ങുന്ന പാണ്ടിത്താവളത്തു നിന്നുള്ള തീർഥാടകരെ അന്നദാന മണ്ഡപത്തിന് സമീപത്തുകൂടി ബെയ്ലി പാലം വഴിയും 108 പടി ഇറങ്ങുന്നവരെ ദേവസ്വം ഗസ്റ്റ് ഹൗസിന് പിന്നിലൂടെ കൊപ്രാക്കളത്തിന് സമീപത്തെ റോഡിലൂടെയും പമ്പയിലേക്ക് വിടും.

Post a comment

Whatsapp Button works on Mobile Device only